Friday, December 21, 2018

തത്ത്വമസിയുടെ പൊരുൾ.
കാലത്തിന് അടയാളപ്പെടുത്താനാകാത്ത അത്രയും പഴക്കമുണ്ട് ഭാരതീയ തത്വ ചിന്തകൾക്ക്. ഞാനാര് എന്ന ചോദ്യത്തിൽ നിന്ന് എങ്ങനെ ഈ പ്രപഞ്ചം ഉണ്ടായി എന്ന് വരെ എത്തുന്ന ഗഹനമായ ചിന്തകൾ. എല്ലാത്തിനും ഇന്നാട്ടിലെ ഋഷീശ്വരൻമാർ ഉത്തരം കണ്ടെത്തി. അറിവിന്റെ ആ വിശേഷജ്ഞാനത്തെ ആത്മവിദ്യ, ആത്മതത്വം, ബ്രഹ്മജ്ഞാനം, ബ്രഹ്മവിദ്യ എന്നെല്ലാം വിശേഷിപ്പിച്ചു. ആത്മതത്വം തേടി അനേകായിരങ്ങൾ മുൻഗാമികൾ നയിച്ച പാതയിലൂടെ പിന്നെയും മുന്നേറി. ഞാൻ ആര്? ലക്ഷ്യം എന്ത്? ജീവിത ഉദ്ദേശം എന്ത്? തുടങ്ങിയ അടിസ്ഥാന ചോദ്യങ്ങൾ മുതൽ ജീവിതത്തിനു ശേഷം എന്ത്, മരണം എന്ത്‌, ജന്മം എന്ത്, ജീവനനെന്തു, ജീവിതമെന്തു? വിധിയെന്ത്? നിയോഗമെന്തു ? ആത്മാവെന്ത്‌ ? ഈശ്വരൻ എന്ത്? തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് അവർ ഉത്തരം തേടി. ചോദ്യങ്ങളുടെ മഹാസഞ്ചാരത്തിൽ ശൂന്യവാദമായും, അദ്വൈതമായും, ദ്വൈതമായും, സാംഖ്യമായും അവരുടെ മഹത് ദർശനങ്ങൾ ഇവിടെ ഇതൾ വിരിഞ്ഞു.
അതിനൊക്കെ എറെ മുമ്പേ തുടങ്ങിയതാണ് നമ്മുടെ സംസ്കൃതിയുടെ ഉദയം. അന്നൊരുനാൾ ഏതാണ്ട് അയ്യായിരം വർഷങ്ങൾക്ക് മുമ്പ് സരസ്വതി നദിക്കും സിന്ധു നദിക്കും ഇടയിൽ വാസമുറപ്പിച്ച ഒരു സമൂഹം കുറേ അറിവുകൾ സമ്പാദിച്ചു. അവയെല്ലാം അവരുടെ ചിന്തകളാകാം, വെറും മന്ത്രിക്കലുമാകാം. പക്ഷേ അവ ലോകത്തിനു ഉൾക്കാഴ്ച്ചയും അർത്ഥവും, ജീവിതത്തിനു ഉദ്ദേശ്യവും നൽകി. ആദിയിൽ അവ കേട്ടവർ, അതിന്റെ പ്രചാരകരായി. അവർ അതിനെ അറിവിന്റെ ഭണ്ഡാകാരമെന്ന അർത്ഥത്തിൽ വേദം എന്ന് പേർ നൽകി. അതിനെ അടിസ്ഥാനമാക്കി ആ ഋഷിമാർ ഒരു സമൂഹം കെട്ടിപ്പടുത്തു. അവർ ഗാന വീചികളായി വേദത്തെ പിൻ തലമുറകൾക്ക്‌ പകർന്ന് കൊടുത്തു. വർഷങ്ങൾ ഏറെ കഴിഞ്ഞപ്പോൾ വലിയൊരു വരൾച്ചയുണ്ടായി. സരസ്വതീ നദി വറ്റി വരണ്ടു. നീണ്ടകാലത്തെ വരൾച്ചയിൽ സമൂഹം വലഞ്ഞു. അവർ സിന്ധുവിനെ പൂർണ്ണമായും ആശ്രയിച്ചു. പക്ഷേ സിന്ധുവൊരുന്നാൾ രാക്ഷസ രൂപം പൂണ്ടു. വെള്ളപ്പൊക്കത്തിൽ നഗരം നശിച്ചു. നാട്‌ നശിച്ചു. സമൂഹം ശിഥിലമായി. വേദവും ചിതറിപ്പോയി.
വർഷങ്ങൾക്ക്‌ ശേഷം കൃഷ്ണദ്വൈപായനൻ എന്ന ഒരു മുനി ആ വേദങ്ങളെ ക്രോഡീകരിച്ചു. അതുവരെ ലഭ്യമായ വേദത്തെ രണ്ടായി പകുത്തു. ആദ്യം മൂല വേദത്തിൽ നിന്ന് മന്ത്രങ്ങളുടേയും സൂക്തങ്ങളുടേയും കൂട്ടത്തെ വേർപ്പെടുത്തി ഋഗ്‌ വേദം എന്ന പേരിൽ ഋക്കുകളുടെ ഒരു സമാഹാരമുണ്ടാക്കി. പിന്നെ യ്ജ്ഞപ്രധാനമായ (കർമ്മ പ്രധാനമായ) ശേഷിച്ച ഭാഗത്തിനു യജുർവ്വേദം എന്ന് പേർ നൽകി. അതും കഴിഞ്ഞ്‌ അതിൽ നിന്ന് ഗാന ശീലുകളെ അടർത്തിമാറ്റി സാമവേദമെന്ന പേർ നൽകി. ഏറ്റവുമൊടുവിൽ ശേഷിച്ച ഭാഗത്തിനു അധർവ്വ വേദമെന്ന് കൂടി പേർ നൽകി. (അഥർവ്വണൻ എന്ന മഹർഷിയാണു അധർവ വേദത്തിന്റെ കർത്താവ് എന്നൊരു വാദവും പ്രബലമാണ്.) എന്തായാലും വേദത്തെ നാലായി വ്യസിച്ച അല്ലെങ്കിൽ പകുത്ത (എഡിറ്റ്‌ ചെയ്ത) കൃഷ്ണദ്വൈപായനനു വേദങ്ങളുടെ എഡിറ്റർ എന്ന അർത്ഥത്തിൽ വേദ വ്യാസൻ എന്ന പേർ സിദ്ധിച്ചു. എന്തായാലും അറിവിന്റെ ഭണ്ഡാകാരങ്ങളാണ് വേദങ്ങൾ. പുരാതന മനുഷ്യൻ തന്റെ ജീവിത വ്യവഹാര ചുറ്റുപാടുകൾക്കിടയിൽ ആർജ്ജിച്ചെടുത്ത അറിവുകളുടെ ക്രോഡീകരണം.
ആ ഘട്ടത്തിലാണ് ഞാനാരെന്നത് തൊട്ടുള്ള പ്രപഞ്ചസൃഷ്ടിയുടെ പരമ തത്വം വരെയുള്ള രഹസ്യങ്ങൾ നമ്മുടെ പൂർവ്വികർ ആരാഞ്ഞ് തുടങ്ങിയത്. അതി ഗഹനമായ ആ ചിന്തകളുടെ സമാഹാരമാണ് വാസ്തവത്തിൽ വേദാന്തമെന്ന് കൂടി പറയുന്ന ഉപനിഷത്തുക്കൾ. അത്യഗാഥമായ വേദത്തിന്റെ അർത്ഥവും പൊരുളും നിർണ്ണയമായി ഉണ്ടായിട്ടുള്ള അതിന്റെ തുടർച്ചയാണ് ഉപനിഷത്തുക്കൾ. അത് കൊണ്ടാണ് ഉപനിഷത്തുക്കളെ വേദാന്തം എന്ന് കൂടി വിളിക്കുന്നത്. വേദാന്തം സ്വതന്ത്ര ശാഖയാണ് എന്നും അത് വേദങ്ങളുടെ തുടർച്ചയല്ല എന്നെല്ലാം ചിലർ അഭിപ്രായം പറയാറുണ്ട് എന്നാൽ അത് തെറ്റാണ്. വേദമില്ലാതെ വേദാന്തമില്ല. പരസ്പരം അഭേദ്യമായ ഒരു ഐക്യപ്പെടൽ അവയ്ക്കിടയിൽ ഉണ്ട്. വേദം എന്നാൽ ജ്ഞാനം എന്നാണ് പൊതുവിൽ അർത്ഥമെങ്കിലും വേദങ്ങൾ കർമ്മകാണ്ഡങ്ങളാണ് എന്നതാണ് വാസ്തവം. ജ്ഞാന കാണ്ഡം വേദാന്തഭാഗമായ ഉപനിഷത്തുക്കൾ ആണ്. വേദാന്തം എന്ന വാക്കിന് സാമാന്യമായി ജ്ഞാനത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള നിഗമനങ്ങൾ എന്ന അർത്ഥം കൽപ്പിക്കാം. വേദങ്ങളിൽ എല്ലാം അറിയപ്പെടേണ്ട വസ്തുക്കളെക്കുറിച്ചും, അനുഷ്ഠിക്കേണ്ട കർമ്മങ്ങളെക്കുറിച്ചും ഉള്ള ചർച്ചകൾ ആണ് കാണുക. എന്നാൽ ഉപനിഷത്തുക്കളിൽ ആ അറിവ് സമ്പാദിക്കുന്നവന്റെ സ്വരൂപത്തെക്കുറിച്ച്, അസ്തിത്വത്തെക്കുറിച്ചാണ് പ്രതിപാദ്യം. എന്നാൽ ഇത് ഒരുമാനം മാത്രമാണ്. അതിനെക്കാൾ വിശാലമായ തലത്തിൽ പ്രപഞ്ച കാരണമായ ഏകമായ ഒരു സത്ത അഥവാ ബ്രഹ്മം എന്ന ഒന്ന് ഉണ്ട് എന്നും ആ സത്ത തന്നെയാണ് എന്നിലും നിന്നിലും കുടികൊള്ളുന്ന ഉൺമ എന്നും, "ഞാൻ ആര് " എന്ന അടിസ്ഥാന ചോദ്യത്തിന്റെ ഉത്തരവും ആ സത്തയെ അഥവാ ബ്രഹ്മത്തെ കണ്ടത്തുമ്പോൾ മാത്രം തെളിയുന്നതാണ് എന്നുമാണ് വേദാന്തങ്ങളുടെ സാമാന്യമായ ചിന്ത.
ഓരോ വേദശാഖകൾക്കും നിരവധി ഉപനിഷത്തുക്കൾ ഉണ്ട്. നാല് വേദങ്ങൾക്കും കൂടി ആദിയിൽ ആകെ 1180 വേദശാഖകൾ ഉണ്ടായിരുന്നു എന്നും അത്ര തന്നെ ഉപനിഷത്തുക്കളും ഉണ്ടായിരുന്നു എന്നുമാണ് പറയപ്പെടുന്നത്. എന്നാൽ കാലക്രമത്തിൽ സർവ്വവും നശിച്ചു. വിരലിലെണ്ണാവുന്ന ശാഖകളും ഏതാണ്ട് 108 ഉപനിഷത്തുക്കളും മാത്രം ബാക്കിയായി. അവയിൽ കൈകാര്യം ചെയ്യപ്പെട്ട വിഷയങ്ങളുട ഗാംഭീര്യം കണക്കിലെടുത്ത് 10 ഉപനിഷത്തുക്കളെ പരമപ്രധാനമായും കണക്കാക്കുന്നു. സാമാന്യമായി ഇവ ഓരോന്നും കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ പലതാണ് എന്നാലും എല്ലാ ഉപനിഷത്തുക്കളും കൈകാര്യം ചെയ്യുന്ന അടിസ്ഥാന ചിന്ത; ശുദ്ധമായ ചൈതന്യ സ്വരൂപത്തെക്കുറിച്ച് ആണ്. അതാകട്ടെ ജീവന്റെ സ്വരൂപമാണ്. കുറച്ച് കൂടി തെളിച്ച് പറഞ്ഞാൽ ഈ പ്രപഞ്ചമാകെ നിറഞ്ഞ് നിൽക്കുന്ന പരമമായ സത്യമാണ് താൻ എന്നും, സർവ്വ ചരാചരങ്ങളും ഈശ്വരനും ഒന്നും അവനവനിൽ നിന്ന് വ്യത്യസ്ഥനല്ല എന്നും ഉള്ള കാഴ്ചപ്പാടാണ് സകല ഉപനിഷത്തുക്കളും സാമാന്യമായി പ്രതിപാദിക്കുന്നത്. ഇവിടെ ഈ ലേഖനത്തിന്റെ വിഷയമായ തത്ത്വമസിയുടെ പൊരുൾ തേടുമ്പോൾ ഇത്രയുമെങ്കിലും അടിസ്ഥാനമായി ഗ്രഹിക്കേണ്ടതുണ്ട്.
മുകളിൽ പ്രസ്താവിച്ച പ്രകാരം ജീവന്റെയും ബ്രഹ്മത്തിന്റെയും ഐക്യപ്പെടലിനെക്കുറിച്ചുള്ള ഉപനിഷത്തുക്കളുടെ സാരാംശത്തെ ഒറ്റ വാചകത്തിൽ പ്രതിപാദിക്കുന്ന നിരവധി വേദാന്ത വാക്യങ്ങളെ നമുക്ക് ഉപനിഷത്തുക്കളിൽ പലയിടത്തായി കാണാം. എന്നാൽ ഇവയിൽ സകല ഉപനിഷത്തുക്കളുടേയും സാരാംശത്തെ പ്രതിഫലിപ്പിക്കാൻ പ്രാപ്തമായ നാല് വേദാന്ത വാക്യങ്ങളെയാണ് ആചാര്യൻമാർ
ലക്ഷണ യുക്തമായ വേദാന്ത വാക്യങ്ങളായി ആചാര്യന്മാർ തെരഞ്ഞെടുത്തിട്ടുള്ളത്. അവയെയാണ് മഹാവാക്യങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. "തത്ത്വമസി", "പ്രജ്ഞാനം ബ്രഹ്മ", "അഹം ബ്രഹ്മാസ്മി", "അയമാത്മാ ബ്രഹ്മ" എന്നിവയാണ് സകല ഉപനിഷത്തുക്കളുടെയും സമ്പൂർണ തത്വം ഉൾക്കൊള്ളുന്ന ലക്ഷണ യുക്തങ്ങളായ മഹാവാക്യങ്ങൾ. ഋഗ്വേദത്തിലെ ഐതരേയ ശാഖയിൽ ഉള്ള ഐതരേയ ഉപനിഷത്തിലാണ് "പ്രജ്ഞാനം ബ്രഹ്മ " എന്ന മഹാവാക്യം. ശുക്ലയജുർവേദത്തിൽ ശതപഥ ബ്രാഹ്മണത്തിലെ ബൃഹദാരണ്യകോപനിഷത്തിൽ ആണ് "അഹം ബ്രഹ്മാസ്മി" എന്ന മഹാവാക്യം. "അയമാത്മാ ബ്രഹ്മ" എന്ന മഹാവാക്യം അഥർവ്വവേദത്തിലെ മാണ്ഡൂക്യോപനിഷത്തിൽ നിന്നാണ്.
ഇനി ഈ ലേഖനത്തിന്റെ പ്രതിപാദ്യ വിഷയമായ തത്ത്വമസി എന്ന മഹാവാക്യത്തെക്കുറിച്ച് വിചാരം ചെയ്യാം. സാമവേദശാഖയിൽ പെട്ട ഉപനിഷത്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉപനിഷത്ത് ആയ ഛാന്ദോഗ്യോപനിഷത്തിലാണ് തത്ത്വമസി എന്ന മഹാവാക്യം ഉൾക്കൊള്ളുന്നത്. തത്ത്വമസി എന്ന വാക്യത്തിന് അത് നീ തന്നെയാകുന്നു എന്ന് സാമാന്യ അർത്ഥം പറയാം. എന്നാൽ അതിന്റെ ആന്തരിക പൊരുൾ ആരായുമ്പോൾ അത് അതി ഗഹനവും ഞാൻ ആര് എന്ന ഉപനിഷത്ത് പ്രശ്നത്തിനുള്ള ഉത്തരവുമാണത് എന്ന് വ്യക്തമാവും. തത്ത്വമസി എന്ന മഹാവാക്യത്തിനോട് ഏറെ സാദൃശ്യമുള്ളതും ഏതാണ്ട് അതേയർത്ഥം പ്രദാനം ചെയ്യുന്നതുമായ മറ്റൊരു വാക്യമുണ്ട് ശുക്ലയജുർവേദത്തിലെ ഈശോവാസ്യോപനിഷത്തിൽ. "സോഹമസ്മി" എന്ന വാക്യം തത്ത്വമസിക്ക് തുല്യമാണ്. സ: അഹം അസമി; അതായത് അവൻ ഞാൻ തന്നെയാകുന്നു. ഒരേ അർത്ഥം പ്രതിഫലിപ്പിക്കുന്ന തത്ത്വമസിക്കും സോഹമസ്മിക്കും അന്തരം കുറവാണ് എങ്കിലും എന്ത് കൊണ്ടായിരിക്കാം സോഹമസ്മിയെക്കാൾ പ്രാധാന്യം തത്വമസിക്ക് കൈവന്നിരിക്കുക..? ഭാരതീയ വിജ്ഞാന സ്രോതസായ വൈദീക ചിന്താപദ്ധതി പ്രകാരം പുരുഷനും സ്ത്രീക്കും ദേവതാ സങ്കൽപ്പത്തിൽ ഭേദമില്ല. ഇവിടെ സോഹമസ്മി എന്നതിനർത്ഥം അവൻ ഞാനാകുന്നു എന്നാണ്. "സ:" എന്നാൽ അവൻ. അങ്ങിനെ വരുമ്പോൾ പരമ തത്വം എന്നതിനെ അവൻ എന്ന് അഭിസംബോധന ചെയ്യുക വഴി പരമാത്മാവ് അഥവാ ഈശ്വരനെന്നത് പുരുഷൻ ആണ് എന്നൊരു ധ്വനി വരുന്നുണ്ട് അപ്പോൾ. അത്തരമൊരു വൈജാത്യം പ്രതിഫലിപ്പിക്കാത്ത വാക്യങ്ങളെയാണ് ലക്ഷണ യുക്തമായ മഹാവാക്യങ്ങളായി പരിഗണിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ തത്ത്വമസി എന്ന മഹാവാക്യത്തിന് പ്രാമുഖ്യത കൈവന്നു.
ഛാന്ദോഗ്യോപനിഷത്തിലെ ആറാമത്തെ അദ്ധ്യായത്തിലാണ് തത്ത്വമസിയെ വിചാരം ചെയ്യുന്നത്. ഗുരുകുല വിദ്യാഭ്യാസം പൂർത്തിയാക്കി സർവ്വവും പഠിച്ചു എന്ന് അഭിമാനിച്ച് തിരിച്ചെത്തിയ ശ്വേതകേതുവിനെ അദ്ദേഹത്തിന്റെ പിതാവ് ഉദ്ദാലകൻ യഥാർത്ഥ വിദ്യ നീയിതു വരെയും അഭ്യസിച്ചിട്ടില്ല എന്ന് തിരുത്തിക്കൊണ്ടാണ് തത്ത്വമസിയുടെ വിചാരം ആരംഭിക്കുന്നത്. ഏതൊരു സത്യത്തെ അറിഞ്ഞാൽ സർവ്വജഗത്തിന്റെ സത്യവും അറിഞ്ഞതിന് തുല്യമാകുമോ ആ അറിവ് നീ ഗുരുവിൽ നിന്ന് അഭ്യസിച്ചുവോ എന്നാണ് ഉദ്ദാലകൻ മകനോട് ആരായുന്നത്. എല്ലാ പഠിച്ചവനെന്നഭിമാനിച്ചിരുന്ന ശ്വേതകേതു വാസതവത്തിൽ അങ്ങിനെയൊരു അറിവിനെപ്പറ്റി കേട്ടിട്ട് പോലും ഇല്ലായിരുന്നു. മഹത്തായ ആ വിദ്യ തനിക്ക് ഉപദേശിച്ച് തരുവാൻ ശ്വേതകേതു അച്ഛനോടപേക്ഷിക്കുന്നു. തുടർന്നാണ് പരമ തത്വത്തിന്റെ രഹസ്യമായ തത്ത്വമസി എന്ന മഹാ വാക്യവും അതിന്റെ പൊരുളും ഉദ്ദാലകൻ മകന് ഉപദേശിക്കുന്നത്. തുടർന്നങ്ങോട്ട് 16 ഖണ്ഡങ്ങളിലൂടെ ''തത് " എന്നാൽ എന്ത് എന്നും "ത്വം" എന്നത് എന്താണെന്നും ഇത് രണ്ടും വിഭിന്നമല്ല എന്നുമുള്ള മഹാതത്വവും സവിസ്തരം ഛാന്ദോഗ്യോപനിഷത്തിൽ പ്രതിപാദിക്കുന്നു. അല്ലയോ പുത്രാ; നീ പരമമായ സത്യത്തെ അന്വേഷിച്ചില്ലേ, ആ സത്യം നീ തന്നെയാണ്. എന്ത് കൊണ്ടെന്നാൽ; ഉണ്മ രണ്ടില്ല, സത്യം രണ്ടില്ല; ഏകമാണ്, അദ്വിതീയമാണ് സത്യം. അതാണ് തത്ത്വമസിയുടെ സാരം.
ഭക്ത കോടി മനസുകളിൽ ശബരിമലയെന്ന് കേൾക്കുമ്പോൾ ആദ്യം വരുന്ന ഒരു ചിത്രം ആയിരിക്കും തത്ത്വമസി എന്ന മഹാവാക്യം. ശബരിമലയിൽ എന്ന് മാത്രമല്ല കേരളീയമായ ക്ഷേത്ര പദ്ധതികളുടെയെല്ലാം അടിസ്ഥാന തത്വവും ആ മഹാ തത്വം തന്നെയാണ് എന്ന് കൂടി നമ്മൾ മനസിലാക്കേണ്ടതുണ്ട്. ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞ് നിൽക്കുന്ന പരമാത്മ ചൈതന്യത്തെ, തന്ത്രവിധാനത്തിലൂടെ വിഗ്രഹമെന്ന ഉപാധിയിലേക്ക് സമ്മേളിപ്പിക്കുന്നതാണ് ക്ഷേത്ര തന്ത്രത്തിന്റെ പൊരുൾ. അതായത് എന്റെയും നിന്റെയും സ്വരൂപത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടികളാണ് ക്ഷേത്രങ്ങൾ. ശ്രീ ശങ്കരാചാര്യരുടെ അദ്വൈത ദർശനവും, ശ്രീ നാരായണ ഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠയും ഇതേ തത്വത്തെ പ്രതിഫലിപ്പിക്കുന്നവയാണ്. ക്ഷേത്രങ്ങളിൽ നിങ്ങൾ തേടിപ്പോകുത് നിങ്ങളെ തന്നെയാണ് എന്ന പരമമായ തത്വത്തെയാണ് തത്ത്വമസി കാട്ടിത്തരുന്നത്. നിങ്ങളും ഈശ്വരനും ഭിന്നമല്ല എന്ന മഹാ തത്വത്തെ.
തത്ത്വമസിയിലെ "തത് " എന്നത് ഈശ്വരനെ സൂചിപ്പിക്കുന്നു. "ത്വം" എന്നത് ജീവനേയും കുറിക്കുന്നു. എന്നാൽ അത് ആരുടെ ജീവൻ എന്ന ഒരു തുടർ ചോദ്യത്തിനുള്ള സാധ്യത കൂടി തത്ത്വമസി തുറന്നിടുന്നുണ്ട്. ആരാണ് ഞാൻ എന്ന് ഓരോ ഭക്തനും ചിന്തിക്കേണ്ടതുണ്ട്. ഇവിടെ ത്വം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് അവിടെയെത്തുന്ന ഭക്തന്റെ കേവലമായ ഭൗതീക ശരീരത്തെക്കുറിച്ച് മാത്രമല്ല. ക്ഷേത്രത്തിലെത്തുന്ന രാമനെന്നോ, കൃഷ്ണനെന്നോ ഉള്ള പേരുള്ള വ്യക്തികളെയല്ല ഇതിലെ 'ത്വം' എന്ന വാക്ക് പ്രതിനിധാനം ചെയ്യുന്നത്. നമ്മൾ ഓരോരുത്തരുടേയും ഭൗതീക ശരീരത്തെയല്ല പകരം ആത്മീയ സ്വരൂപത്തേയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അതായത് എല്ലാവരിലും ഉള്ള, ഭിന്നനല്ലാത്ത 'തത്' അഥവാ ഈശ്വരൻ എന്ന വാക്കിനെ തന്നെയാണ് എന്ന് സാരം. ആ പരസ്പര്യമാണ് തിരിച്ചറിയേണ്ടത്. ആ തിരിച്ചറിവാണ് പരമാത്മ പദത്തിലേക്ക് നയിക്കുന്നത്; ഒരു ജീവനെ മോക്ഷത്തിലേക്ക് നയിക്കുന്നത്.
മോക്ഷം എന്ന വാക്ക് വിശ്വാസികൾക്ക് ഒഴിച്ച് കൂട്ടാനാകാത്ത ഒന്നാണ്. വിശേഷിച്ചും ശബരിമലയിലേക്ക് ദർശനത്തിനായി വ്രതമെടുത്ത് പോകുന്ന ഭക്തൻമാർ പലപ്പോഴും പ്രയോഗിക്കാറുണ്ട്. ശരണം വിളിയിൽ പോലും മോക്ഷം എന്നതാണ് ലക്ഷ്യം എന്ന് വ്യക്തമാകുന്നുണ്ട്.
" കെട്ടും കെട്ടി...? ശബരിമലയ്ക്ക്..!
ആരെക്കാണാൻ...? സ്വാമിയെക്കാണാൻ..!
സ്വാമിയെക്കണ്ടാൽ...? മോക്ഷം കിട്ടും..! "
എന്താണ് മോക്ഷം..? മോക്ഷം എന്ന് വച്ചാൽ മോചനം, മുക്തി എന്നെല്ലാമാണ് അർത്ഥം. അതായത് എല്ലാതരം അജ്ഞാനങ്ങളിൽ നിന്നുമുള്ള ശാശ്വതമായ മുക്തിയാണ് മോക്ഷം. ശാശ്വതമായ പരമാനന്ദാവസ്ഥയാണ് അത്.
"യത്രാനന്ദാശ്ച മോദാശ്ച മുദഃ പ്രമുദ ആസതേ കാമസ്യ യത്രാപ്താ: കാമാസ്തത മാമമൃതം കൃധീന്ദ്രായേന്ദോ പരിസ്രവ.. II (ഋഗ്വേദം: 7-5-27)
അല്ലയോ ഈശ്വരാ പരമാനന്ദപ്രദവും സൗഖ്യ പ്രദവുമായ ആ അമൃത്വാവസ്ഥയിൽ എന്നെ എത്തിച്ചാലും.
മോക്ഷം എന്ന അമൃതാവസ്ഥയാണ് എന്നും നിത്യപരമാനന്ദാവസ്ഥയാണ് എന്നും വെളിവാക്കുന്ന വേദഭാഗമാണ് ഇത്. ഏതൊരു ആത്മീയ അന്വേഷണത്തിന്റേയും പരമമായ ലക്ഷ്യവും മോക്ഷപ്രാപ്തിയാണ്. സൽപ്രവർത്തി, ഭക്തി അല്ലെങ്കിൽ ഈശ്വരനുമായുള്ള സഹവാസം, ഒപ്പം പരമമായ ജ്ഞാനം എന്നിവയുടെ സമഞ്ജസ സമന്വയം കൊണ്ടാണ് ഇത്തരം നിത്യ പരമാനന്ദാവസ്ഥ പ്രാപ്തമാകുന്നത് എന്ന് വ്യക്തം. അതായത് പരമമായ ജ്ഞാനം എന്നത് തന്നെയാണ് മോക്ഷം എന്നും ഭക്തിപൂർവ്വമുള്ള ഈശ്വരസേവകളിലൂടെ ആ മോക്ഷ പദം ആർജ്ജിക്കാനാകും എന്നും വ്യക്തമാകുന്നു. അപ്പോൾ പരമമായ ജ്ഞാനം എന്നത് തത് ത്വം അസി എന്ന അറിവാണ്; ഞാൻ ഈശ്വരനിൽ നിന്ന് ഭിന്നനല്ല എന്ന വിശേഷമായ ജ്ഞാനം തന്നെയാണ് എന്ന് കൂടി സ്പഷ്ടമാകുന്നു. ആ തിരിച്ചറിവ് തന്നെയാണ് മോക്ഷവും. അതെ; അത് തന്നെയാണ് പൊരുൾ ഞാനും, നിങ്ങളും, ഈ സർവ്വ ചരാചരങ്ങളും, ഭൂമിയും, സൂര്യനും, ചന്ദ്രനും, സൗരയൂഥവും, നക്ഷത്ര സമൂഹങ്ങളും, ഈ കാണുന്ന പ്രപഞ്ചമൊട്ടാകെയും ഒന്ന് തന്നെയാണ്. ഒരേ ചൈതന്യം വിളങ്ങുന്ന വിവിധ രൂപങ്ങൾ മാത്രമാണ് നമുക്കിടയിലെ വൈജാത്യം. അത് തന്നെയാണ്, അത് മാത്രമാണ്
തത്ത്വമസി പറയുന്നത്.
Pudayoor Jayanarayanan

1 comment:

  1. വിശദമായി പറഞ്ഞു തന്നതിന് പ്രണാമം

    ReplyDelete