നാം ഉണര്‍ന്നിരിക്കുന്ന സമയങ്ങളിൽ പല തരത്തിലുള്ള സ്ഥിതിവിശേഷങ്ങളെയും അനുഭവിക്കുമ്പോൾ, നാം വളരെ അധികം ചവറ് ശേഖരിച്ചുകൂട്ടുന്നു. ചിന്തയോ വാക്കോ പ്രവൃത്തിയോ, വികാരത്തോട് കൂടുമ്പോള്‍ കര്‍മ്മം ഉണ്ടാകുന്നു. അതുകൊണ്ട്, അതതു ദിവസം സംഭരിക്കുന്ന വികാരങ്ങളെ അന്നന്നുതന്നെ നശിപ്പിക്കേണ്ടതുണ്ട്. നാം എങ്ങനെയാണ് അത് ചെയ്യുക? സംഭവങ്ങളെ പുനശ്ചിന്തനത്തിന് വിധേയമാക്കി, മാപ്പ് നല്‍കിയും, ധ്യാനിച്ചും, മന്ത്രങ്ങള്‍ ജപിച്ചും, ഭജനകളിലും, പൂജകളിലും പങ്കെടുത്തും അത് സാധിക്കാം. അതുകൊണ്ടാണ്, പരമ്പരാഗതമായി, ദിവസത്തിന്റെ ഏറ്റവും ശുഭപ്രദമായ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ (രാവിലെ 3 മുതല്‍ 6 വരെ) എഴുന്നേറ്റ്, യോഗാഭ്യാസം, മന്ത്രജപം, ധ്യാനം മുതലായവ നാം പതിവാക്കിയിരുന്നത്. അത് മനസ്സിനെ ശക്തിപ്പെടുത്തുകയും, ദൃഢീകരിക്കുകയും, വികാരങ്ങള്‍ക്ക് നമ്മുടെ ഉള്ളിൽ, ആധിപത്യം സ്ഥാപിക്കുവാന്‍ കഴിയാതാക്കുകയും ചെയ്യുന്നു. നാം അങ്ങനെ ചെയ്യുമ്പോള്‍, ദിവസംതോറും വികാരപരമായ ചവറുകള്‍ അധികം കുന്നുകൂടുകയില്ല. ഉറങ്ങാന്‍ കിടക്കുന്നതിനുമുമ്പ്, മറ്റുള്ളവരുടെ തെറ്റുകള്‍ പൊറുക്കുകയും, മറക്കുകയും, തന്റെ ചിന്തകളും, വാക്കുകളും, പ്രവൃത്തികളും ദൈവത്തിന്റെ കാല്ക്കല് സമര്‍പ്പിക്കുകയും വേണം. അപ്പോള്‍ നാം വികാരപരമായി ശുദ്ധീകരിക്കപ്പെടുന്നു. ഇത് ഒരു ആന്തരികമായ കുളിയാണ്, ശുദ്ധീകരണമാണ്. സാധാരണ ജീവിതത്തില്‍ നാം വികാരങ്ങളെ അനിയന്ത്രിതമായി വിഹരിക്കുവാന്‍ അനുവദിക്കുന്നു. വൈകാരികജീവിതം നയിക്കുന്നതുകൊണ്ട്, നാം അറിയാതെതന്നെ, കുറെയധികം പാഴ്വസ്തുക്കള് സൃഷ്ടിക്കപ്പെടുന്നു. അവയെ ഇല്ലാതാക്കുന്നതും അത്രതന്നെ പ്രാധാന്യമുള്ള കാര്യമാണ്. ഇത് പതിവായി ശുദ്ധീകരിച്ചില്ലെങ്കില്‍, നാം കുളിക്കാതിരുന്നാല്‍ ദുര്‍ഗന്ധം വമിക്കുന്നതുപൊലെ, വൈകാരികമാലിന്യംകൊണ്ട് നമ്മുടെ മനസ്സ് മലീമസമാക്കപ്പെടുന്നു. ഇത് നമ്മുടെ കര്‍മ്മത്തെ വര്‍ദ്ധിപ്പിക്കുകയും, മഹാവിപത്തുകള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. കൂടാതെ, ഇത് നമ്മുടെ ജീവിതത്തിലും കുഴപ്പം ഉറപ്പാക്കുന്നു. അതുകൊണ്ട്, ഓരോ ദിവസവും, എല്ലാ വികാരങ്ങളെയും ഇല്ലായ്മ ചെയ്ത്, നമ്മെ ആന്തരികമായി ശുദ്ധീകരിക്കുക എന്നത് പ്രധാനമാണ്.