മാതൃദേവോ ഭവ, പിതൃദേവോ ഭവ” എന്നീ രണ്ടുവരികളുടെ അര്‍ത്ഥം വ്യക്തമാണ്. നാം ജന്മം നല്‍കിയ കുട്ടികള്‍ക്ക്, ആ ഒരൊറ്റക്കാരണത്താല്‍, നാം ഈശ്വരതുല്യരാണ്. അവരുടെ ശാരീരികവും, ബുദ്ധിപരവും, മാനസികവും ആത്മീയവുമായ സമഗ്രവികസനം നമ്മുടെ ഉത്തരവാദിത്വമാണ്. ശരീരാഭിവൃദ്ധി ഭക്ഷണത്തിലൂടെ സാധിക്കും. ജ്ഞാനാഭിവൃദ്ധി പുസ്തകങ്ങളിലൂടെയും ഉപകരണങ്ങളിലൂടെയും. എന്നാല്‍ മാനസികവും ആത്മീയബന്ധവും ചേര്‍ന്ന് ധാര്‍മ്മീക വളര്‍ച്ച ഉപകരണങ്ങളിലൂടെയോ, ഔഷധത്തിലൂടെയോ സാധ്യമല്ല തന്നെ. സ്വന്തം കുഞ്ഞുങ്ങളില്‍ സന്തോഷം, സുഖം, ഭക്തി, സ്നേഹം, ദയ എന്നീ നന്മനിറഞ്ഞ വികാര-വിചാരങ്ങളുണ്ടാക്കാന്‍ സാധിക്കണം. അതേപോലെ ഭയം, അസൂയ, വാശി, വൈരാഗ്യം, ദുഃഖം എന്നിവ തിളച്ചുമറിയുന്ന ലോകത്തില്‍ വേദനകള്‍ക്ക് സാധിക്കുന്നത്രയും കുറവുണ്ടാക്കണം. അതിന് ഔഷധങ്ങളില്ല, ധാര്‍മ്മികമൂല്യങ്ങളെയുള്ളൂ.
ജീവിത വിജയത്തെ ഭൗതികസുഖമായി മാത്രം കാണുന്ന അവസ്ഥയിലാണ് നാം. അതിന്റെ പരിണിതഫലം ഏറെ അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാത്തിനോടും പുച്ഛം, സംഘര്‍ഷം, ഭയം, വാശി, ആത്മഹത്യാപ്രവണത എന്നിവ നിഷ്കളങ്കമനസ്സുകളില്‍പോലും നിറയുന്നു. മക്കളുടെ സംതൃപ്തമായ ഭാവിജീവിതത്തിന് അവരുടെ മാനസീകാവസ്ഥ സമഗ്രമായി ലാളിത്യത്തോടെ പഠിക്കണം.
ധാരാളം സമ്പത്ത്, ഉയര്‍ന്ന വിദ്യാഭ്യാസം, സമ്പൂര്‍ണ്ണ ഭൗതികസുഖം, ഇതുകൊണ്ടുമാത്രം സംതൃപ്തമായ ജീവിതം സാധ്യമാകുമോ? ഇവയെല്ലാം ആസ്വദിക്കണമെങ്കില്‍ അതിനനുയോജ്യമായ മനസ്സുകൂടി വേണ്ടതല്ലേ? അത് ചെറുപ്പത്തിലെ കുട്ടികളില്‍ മുളപ്പിക്കണം. വളരാനനുവദിക്കണം, ജീവിതസംതൃപ്തി കണ്ടെത്താനുള്ള മാനസീകാവസ്ഥ കുഞ്ഞുങ്ങളിലുണ്ടാക്കേണ്ട സമ്പൂര്‍ണ്ണ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കാണ്. അവരെ അനുഗ്രഹിക്കേണ്ടതും ഇവര്‍ തന്നെ. അവരുടെ മനസ്സില്‍ ആജീവനാന്തം മാതാപിതാക്കളുടെ ചിത്രം നിറപ്പകിട്ടാര്‍ന്ന് നിലനില്‍ക്കണമെങ്കില്‍ അവരില്‍ മാനസീകവും ധാര്‍മ്മികവും ആത്മീയവുമായ വളര്‍ച്ച പ്രദാനം ചെയ്യണം. അമ്പതും അറുപതും കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ ഓരോ കുട്ടിയുടെയും സമഗ്രവളര്‍ച്ചക്കാവശ്യമായതെല്ലാം ചെയ്തെന്നുവരില്ല. പുസ്തകത്തിലുള്ളതുപോലും പഠിപ്പിച്ചുതീര്‍ക്കുവാനും പ്രതിദിനം ടെസ്റ്റം നടത്താനുംപോലും സമയം തികയാത്ത വിദ്യാലയങ്ങളില്‍ ധര്‍മ്മബോധനപഠനം സാധ്യമാണെന്ന് ധരിക്കരുത്. സാധ്യമായാല്‍ തന്നെ അത് യാന്ത്രികമായിരിക്കുകയും ചെയ്യും. നല്ല വിദ്യാഭ്യാസം കൊടുക്കുമ്പോള്‍ നന്മനിറഞ്ഞ ധാര്‍മ്മികബോധം നമ്മുടെ മക്കളിലെത്തിക്കാന്‍ നാം ശ്രമിക്കണം. സാധിക്കുന്നത്രയും നമ്മുടെ പ്രായോഗിക ജീവിതത്തില്‍ പഠിച്ചും പഠിപ്പിച്ചും നമുക്ക് മാതൃക കാട്ടാം. ജീവിതചര്യയില്‍ അതനുസരിച്ച് മാറ്റം വരുത്താം. നാം തന്നെ മാതൃകയാകാം. rajeev kunnehatt