വ്യാസൻ പറഞ്ഞു. യജ്ഞയൂപത്തിൽ ബന്ധനത്തിൽക്കിടക്കുന്ന ബാലൻ ദയനീയമായി കരയുന്നതു കണ്ട് മനസ്സലിഞ്ഞ വിശ്വാമിത്രൻ അവന്റെ അരികിലെത്തി ഇങ്ങിനെ പറഞ്ഞു: ‘ഞാൻ നിനക്ക് വരുണമന്ത്രം ഉപദേശിച്ചു തരാം. അത് വരുണദേവനെ സ്മരിച്ച് കൊണ്ടു് ജപിക്കുക. നിനക്കതു കൊണ്ട് സൗഖ്യമുണ്ടാവും.'
ഹൃദയവ്യഥയോടെയാണെങ്കിലും ശുനഃശേപൻ ആ മന്ത്രം നല്ല സഫുടതയോടെ ജപിച്ചു തുടങ്ങി. ദീനനായ ബാലന്റെ മന്ത്രജപത്താൽ പ്രസന്നനായ വരുണൻ പെട്ടെന്നവിടെ പ്രത്യക്ഷപ്പെട്ടു. സദസ്യർ വരുണനെ സ്തുതിച്ചു. വ്യാധിയാൽ വലഞ്ഞിരുന്ന രാജാവ് വരുണനെ നമസ്ക്കരിച്ചു.
ഹരിശ്ചന്ദ്രൻ പറഞ്ഞു. ‘ഞാൻ അതി മൂഢനും പാപിയുമാണെങ്കിലും അങ്ങ് എന്നോടു് ദയവു കാണിച്ച് ഇവിടെ വന്നിരിക്കുന്നു. എന്റെ തെറ്റുകളെ പൊറുത്തിരിക്കുന്നു. പുത്രവാത്സല്യത്താൽ അങ്ങയെ ഞാൻ കബളിപ്പിച്ചു. എന്റെ തെറ്റുകളെ പൊറുത്ത് മാപ്പു തന്നാലും. കാര്യം നേടാൻ പാപകർമ്മങ്ങൾ പോലും അനുഷ്ഠിക്കാൻ മനുഷ്യർ തയ്യാറാണ്. നരക ഭയത്താലാണ് ഞാൻ ഒരു പുത്രനെ കിട്ടാനായി അർത്ഥിച്ചത്. ആ പുത്രനെ നഷ്ടപ്പെടുമെന്നായപ്പോൾ ഞാൻ അങ്ങയെപ്പോലും വഞ്ചിക്കാൻ തുനിഞ്ഞു. പ്രഭോ വിവരമില്ലാത്തവൻ ചെയത ഒരു നിന്ദമാത്രമായി എന്റെ പ്രവൃത്തികളെ കണക്കാക്കി എനിക്ക് രോഗശമനം വരുത്തിയാലും. മകൻ എന്നെ വഞ്ചിച്ചു കടന്നുകളഞ്ഞതിനാൽ ഈ ബാലനെ വിലയ്ക്ക് വാങ്ങി ഞാന്‍ യജ്ഞപശുവാക്കിയതാണ്. എന്റെ മകൻ പ്രാണഭീതികൊണ്ട് കാട്ടിലെവിടെയോ ഒളിച്ചു കഴിയുകയാണ്. അങ്ങയുടെ ദർശനം കൊണ്ടു തന്നെ എന്നെ ബാധിച്ചിരുന്ന ജലോദരം എന്ന ഹീന രോഗത്തിനു ശമനമായി.’
കുമാരന്റെ സ്തുതിയില്‍ പ്രസന്നനായ വരുണൻ രാജാവിനോട് പറഞ്ഞു: 'ഈ പാവം വിപ്രകുമാരനെ മോചിപ്പിക്കുക. അങ്ങയുടെ യജ്ഞം പൂർത്തിയായിരിക്കുന്നു. അങ്ങയുടെ രോഗത്തിന് ശമനമുണ്ടാവട്ടെ.’
വരുണൻ സദസ്യർ കാൺകെ രാജാവിന്റെ അസുഖം മാറ്റി. ശൂന:ശേഫൻ ബന്ധനത്തിൽ നിന്നും സ്വതന്ത്രനായി. സദസ്യരിൽ നിന്നും ജയ ജയ ശബ്ദം മുഴങ്ങി.
ശൂന:ശേഫൻ കൈകൂപ്പിക്കൊണ്ടു് സദസ്യരോടു് ചോദിച്ചു.'ഇതെന്‍റെ പുതു ജന്മമാണ്. ഇനി മുതൽ ഞാൻ ആരുടെ മകനാണ്? നിങ്ങൾ ധർമ്മനീതികൾ അറിയുന്നവരാണല്ലോ.’
സദസ്യർ പറഞ്ഞു: ‘അജീഗർത്തന്റെ പുത്രൻ തന്നെയാണ് നീ. ഇത്രയും നാൾ സ്നേഹത്തോടെ പോറ്റി വളർത്തിയ അജീഗർത്തനിൽ നിന്നുമാണ് നിന്റെ അംഗങ്ങൾ ഓരോന്നുമുണ്ടായത്. അതുകൊണ്ട് സംശയത്തിനവകാശമില്ല.’
അപ്പോൾ വരുണദേവൻ പറഞ്ഞു. ‘ധനമോഹം നിമിത്തം അവനെയാ പിതാവ് വിറ്റതാണല്ലോ. അതുകൊണ്ടു് വില കൊടുത്ത് വാങ്ങിയ രാജാവിന്റെ പുത്രനാവും ഇവൻ.'
'അല്ലെങ്കിൽ അവനെ മുക്തനാക്കിയ വരുണൻ തന്നെയാവാം അവന്റെ പിതാവിന്‍റെ സ്ഥാനത്ത്. ആഹാരം,അഭയം, വിദ്യ, ധനം, ജന്മം എന്നിവ നൽകുന്ന അഞ്ചു പേരും പിതാക്കൻമാരാണെന്ന് ശാസ്ത്രം പറയുന്നു.' സദസ്യരിൽ വീണ്ടും ചർച്ച തുടർന്നു. ചിലർ അജീഗർത്തനുവേണ്ടിയും മറ്റു ചിലർ രാജാവിനു വേണ്ടിയും ഇനിയും ചിലർ വരുണനു വേണ്ടിയും വാദിച്ചു.
'അല്ലെങ്കിൽ അവനെ മുക്തനാക്കിയ വരുണൻ തന്നെയാവാം അവന്റെ പിതാവിന്‍റെ സ്ഥാനത്ത്. ആഹാരം,അഭയം, വിദ്യ, ധനം, ജന്മം എന്നിവ നൽകുന്ന അഞ്ചു പേരും പിതാക്കൻമാരാണെന്ന് ശാസ്ത്രം പറയുന്നു.' സദസ്യരിൽ വീണ്ടും ചർച്ച തുടർന്നു. ചിലർ അജീഗർത്തനുവേണ്ടിയും മറ്റു ചിലർ രാജാവിനു വേണ്ടിയും ഇനിയും ചിലർ വരുണനു വേണ്ടിയും വാദിച്ചു.
തർക്കം തുടരവേ വസിഷ്ഠമുനി എഴുന്നേറ്റു നിന്ന് സദസ്യരെ അഭിസംബോധന ചെയ്തു.
‘മഹാത്മാക്കളേ, ഇക്കാര്യത്തില് ശ്രുതിസമ്മതമായ കാര്യം ഞാൻ പറയാം. എപ്പോഴാണോ അച്ഛൻ മകനെ വിറ്റത്, അപ്പോൾത്തന്നെ ആ പിതൃപുത്ര ബന്ധം അറ്റുപോയി. അന്നു മുതൽ ഇവൻ ഹരിശ്ചന്ദ്രന്റെ ക്രീതപുത്രനാണ്. എന്നാൽ ബലി കൊടുക്കാനായി ബാലനെ യജ്ഞയൂപത്തിൽ ബന്ധിച്ചപ്പോൾ ആ ബന്ധവും അറ്റു. യജ്ഞയൂപത്തിൽ ബന്ധനസ്ഥനായ ഇവൻ സ്തുതിച്ചു പ്രീതനാക്കിയാണ് വരുണൻ വന്ന് അവനെ രക്ഷിച്ചത്. അതിനാൽ പാശിക്കും ശൂന:ശേഫന്റെ പിതൃസ്ഥാനം നൽകാൻ സാധിക്കില്ല. സ്തുതിച്ച് സന്താഷിപ്പിച്ചാൽ ധനവും പ്രാണനും ഭൂമിയും പശുവും മറ്റും നൽകുന്ന ദേവൻമാർ അനേകമുണ്ടു്. എന്നാൽ ഉചിതമായ സമയത്ത് വന്ന് അതിഭയങ്കരമായ ആ അവസ്ഥയെ അതിജീവിക്കാനുള്ള ശ്രേഷ്ഠമായ വരുണമന്ത്രം ഉപദേശിച്ചത് മഹർഷി വിശ്വാമിത്രനാകയാൽ അദ്ദേഹമാണ് ഇനി ഇവന്റെ പിതാവ്.'
സദസ്യർ മഹർഷിയുടെ വാക്കുകൾ സഹർഷം അഗീകരിച്ചു. വിശ്വാമിത്രൻ ബാലന്റെ കൈ പിടിച്ച് ‘മകനേ എന്റെ ആശ്രമത്തിലേയ്ക്ക് പോന്നാലും' എന്ന് പറഞ്ഞ് അവനെ കൂട്ടിക്കൊണ്ടുപോയി. വരുണനും മറ്റ് സദസ്യരും സഭയിൽ നിന്നു പോയി. രാജാവ് രോഗവിമുക്തനായി പ്രജകളെ പരിപാലിച്ചുകൊണ്ടു് ധർമ്മിഷ്ഠനായി ശേഷകാലം കഴിഞ്ഞു.
അച്ഛന്റെ വൃത്താന്തങ്ങൾ മനസ്സിലായ രോഹിതാശ്വന്‍ വനത്തിൽ നിന്നു മടങ്ങി. രാജാവ് അവനെ സ്വീകരിക്കാൻ ചെന്നു. രോഹിതൻ നിറകണ്ണുകളോടെ അച്ഛനെ നമസ്ക്കരിച്ചു. അച്ഛൻ മകനെ ആലിംഗനം ചെയ്ത് സ്വീകരിച്ചു. നരബലിയുടെ കാര്യമെല്ലാം രാജാവ് മകനോടു പറഞ്ഞു.
രാജാവ് വസിഷ്ഠനെ ഹോതാവാക്കി രാജസൂയം നടത്തി. യജ്ഞം പൂർത്തിയാക്കിയ മഹർഷി അങ്ങിനെ പരമസംപൂജ്യനായി. അദ്ദേഹം ഇന്ദ്രഭവനത്തിലേയ്ക്ക് പോയപ്പോൾ വിശ്വാമിത്രനും അവിടെയെത്തി. വസിഷ്ഠന് ദേവസദസ്സിൽ ഇത്ര സമാരാധ്യമായ സ്ഥാനം എങ്ങിനെ കിട്ടി എന്ന് വിശ്വാമിത്രൻ വിസ്മയം പൂണ്ടു.
വസിഷ്ഠന്‍ പറഞ്ഞു: ‘അതിപ്രതാപവാനായ ഹരിശ്ചന്ദ്ര മഹാരാജാവ് യജമാനനായ യാഗത്തിന്റെ ഹോതാവ് ഞാനായിരുന്നു. എന്റെയാ ശിഷ്യൻ രാജസൂയം നടത്തി പ്രഖ്യാതനായി. സത്യധർമ്മ ദാനാദി കാര്യങ്ങളിൽ ഹരിശ്ചന്ദ്രനോളം പുകൾപെറ്റ ആരുണ്ടീ ലോകത്ത്? ആ മഹാരാജാവ് ചെയ്ത യജ്ഞത്തിന്റെ മാഹാത്മ്യമാണ് എനിക്കീ ആദരവും സ്ഥാനവും നേടിത്തന്നത്. സത്യവാദിയും ദാനശീലനുമായി ഹരിശ്ചന്ദ്രനോളം പോന്ന മറ്റൊരു രാജാവും ഭൂമിയിൽ ഇല്ല തന്നെ.’
വസിഷ്ഠൻ തന്റെ സ്വന്തം ശിഷ്യനെയിങ്ങിനെ പുകഴ്ത്തിയതു കേട്ട് കൗശികൻ ക്രുദ്ധനായി. 'എന്ത്? കള്ളം പറയുന്ന ആ കപട സത്യവാദിയെ നിങ്ങൾ പുകഴ്ത്തുന്നു. വരം വാങ്ങിയ ശേഷം വാക്കുപാലിക്കാതെ അയാൾ വരുണനെ വഞ്ചിച്ചില്ലേ? അയാളുടെ കാപട്യം ഞാൻ ഇനിയും കാണിച്ചു തരാം. ഞാനിതുവരെയാർജിച്ച എല്ലാ തപ: ശക്തികളും വാതുവച്ച് ഞാനിതാ പറയുന്നു അയാളെയൊരു കള്ളനായും ദാനം നൽകാൻ മടിയുള്ളവനായും നമുക്ക് ഇനിയും കാണാൻ കഴിയുമെന്ന്. അങ്ങയുടെ ആർജിത പുണ്യങ്ങളുമെല്ലാം വാതുവയ്ക്കുക. എനിക്ക് അയാളുടെ തനിനിറം കാണിച്ചു തരാൻ കഴിഞ്ഞില്ലെങ്കിൽ എന്നിലെ എല്ലാ പ്രാഭവങ്ങളും നഷ്ടമായിക്കൊള്ളട്ടെ. അല്ല, ഞാൻ പറഞ്ഞത് സത്യമായി വന്നാൽ അങ്ങയുടെ തപ: ശക്തികൾ മുഴുവനും ഇല്ലാതാകട്ടെ.’
ഇങ്ങിനെ വാതുവച്ചു കോപത്തോടെ രണ്ടു മുനിപുംഗവന്മാരും സ്വർഗ്ഗത്തിൽ നിന്നും മടങ്ങി അവരവരുടെ ആശ്രമങ്ങളിൽ ചെന്നു ചേർന്നു.APSukumar