Tuesday, September 06, 2016

വാസനകളും കർമ്മവും മുക്തിയും
ജീവന്മുക്തിയാണ് ഓരോ ജീവന്റെയും പരമമായ ലക്‌ഷ്യം. അനേക വാസനകളും കൊണ്ടാണ് ഒരു ജീവൻ ജന്മമെടുക്കുന്നത്. സ്വസ്വരൂപത്തെ മറച്ചിരിക്കുന്ന വാസനകൾ നീങ്ങാതെ ഉള്ളിൽ മറഞ്ഞുകിടക്കുന്ന മുക്തിസ്ഥിതി കൈവരുകയില്ല. വാസനകൾ നീങ്ങണമെങ്കിൽ വിഹിത കർമ്മങ്ങൾ ചെയ്യാതെ മാർഗ്ഗമില്ല. കർമ്മം ചെയ്യുമ്പോൾ ഫലത്തെക്കുറിച്ച് സ്വാഭാവികമായും ആഗ്രഹമുണ്ടാകും. ആഗ്രഹം പുതിയ പുതിയ വാസനകളെ ഉണ്ടാക്കി സ്വരൂപത്തെ പിന്നെയും മറയ്ക്കും.
ഉള്ള വാസനകൾ പോവുകയും വേണം, പുതിയ വാസനകൾ ഉണ്ടാവാനും പാടില്ല. ഇങ്ങനെയായാൽ മാത്രമേ മുക്തിപദത്തിലെത്തൂ. ഒരു കുളം വൃത്തിയാക്കുമ്പോൾ അതിൽ നിന്നും പായലും ചണ്ടിയും ചെളിയും മറ്റു മലിനവസ്തുക്കൾ നീക്കം ചെയ്യുന്നപോലെ വാസനകൾ അതിനനുസരിച്ചുള്ള കർമ്മം ചെയ്ത തുടച്ചുനീക്കേണ്ടിയിരിക്കുന്നു. പുതിയ വാസനകൾ ഉണ്ടാവാതിരിക്കാണമെങ്കിൽ ലോകവ്യവഹാരം ചെയ്യുമ്പോൾ അതീവശ്രദ്ധചെലുത്തുകയും പുതിയ വാസനകൾ ഉള്ളിലേക്ക്‌കയറാതെ മനസ്സിനു ചുറ്റും ഒരു കോട്ടകെട്ടി സംരക്ഷിക്കുകയും വേണം. അതിനാണ് ഷഡ്‌സമ്പത്തികളും, യമനിയമാദികളും, ജപയോഗസാധനകളും ഭക്തിമാർഗ്ഗവുമെല്ലാം. ഇതാണ് ശരിയായ നാരായണകവചം. ഇതനുസരിച്ചാണ് ജീവിതക്രമമെങ്കിൽ രക്ഷപ്പെടും; തീർച്ച! ഈ ജന്മത്തിൽ സാധ്യമായില്ലെങ്കിലും തുടർജന്മത്തിൽ അതിനനുകൂലമായ സാഹചര്യത്തിൽ ജനിച്ച് ജീവൻ പരിപക്വതാവസ്ഥയിലെത്തും. മുക്തമാവാതെ (ജീവ-പരമാത്മാ ലയനം) ജീവന് അടങ്ങിയിരിക്കാൻ സാധ്യമല്ല.
ശരീരമാകുന്ന വള്ളം ലോകമാകുന്ന ജലസാഗരത്തിൽ ഇറക്കിയേ മതിയാവൂ. പക്ഷെ വള്ളം വെള്ളത്തിൽ കയറാതെ നോക്കുകയും വേണം; അല്ലെങ്കിൽ വള്ളം മുങ്ങിപ്പോകും. കർമ്മം ചെയ്യുകയും അതോടൊപ്പം വാസനകൾ ബാധിക്കാതിരിക്കുകയും ചെയ്യുന്നതിന് ഭഗീരഥപ്രയത്നം തന്നെ ആവശ്യമാണ്. പ്രസംഗമല്ല, ഇതിനായിക്കൊണ്ടുള്ള ചിട്ടയായ പദ്ധതികളും പ്രവർത്തനരീതികളുമാണ് വേണ്ടത്. ഇതിൽ പൂർണ്ണമായും ശ്രദ്ധ പതിപ്പിച്ച ജീവന് ഈശ്വരകൃപ അനുസ്യൂതം ഉണ്ടാവുകയും ചെയ്യും. "താൻ പാതി-ദൈവം പാതി" എന്നത് ഇക്കാര്യത്തിലാണ് ഭംഗിയായി പ്രാവർത്തികമാവുക. എല്ലാറ്റിനുമുപരിയായി "ഈശ്വരകൃപ" എന്ന അത്ഭുതം പ്രവർത്തിച്ചാൽ മാത്രമേ ജീവന് ഏതു പ്രതിബന്ധങ്ങളെയും കടന്ന് മുന്നേറാൻ സാധിക്കൂ. അതിനാൽ ഭഗവദ്ഭക്തി ഇക്കാര്യത്തിൽ ഏറ്റവും അത്യന്താപേക്ഷിതമായ ഒരു സംഗതിയാകുന്നു.