- ക്യാമ്പസ്സില്‍ ആദ്യപാദപരീക്ഷകള്‍ നടക്കുന്ന ദിവസങ്ങള്‍. ഇന്നലെ വൈകീട്ട് എട്ടുമണിയോടെ കുട്ടികളുടെ 'സ്റ്റഡി ടൈം' കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് പൂര്‍ണ്ണവതി ദാദിയുടെ മരണവാര്‍ത്ത ഞാനറിഞ്ഞത്. കുറച്ചു ദിവസങ്ങളായി അതു പ്രതീക്ഷിച്ചിരുന്നുവെങ്കിലും, അവരുടെ അയല്പക്കത്തെ രാകേശ് പറഞ്ഞറിയുമ്പോള്‍ കുറച്ചു നേരം എന്തുകൊണ്ടോ, ഞാന്‍ തരിച്ചിരുന്നു പോയി. ക്വാര്‍ട്ടറില്‍ എത്തി ഭക്ഷണമുണ്ടാക്കി കഴിക്കുമ്പോഴും ഉറക്കം വരാതെ കിടക്കുമ്പോഴുമെല്ലാം ദാദിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു. രണ്ടര മാസം മുന്‍പ് പൂര്‍ണ്ണവതി യെക്കുറിച്ച് എഴുതിയ ബ്ലോഗ് വീണ്ടും തുറന്നു അര്‍ദ്ധരാത്രിയില്‍ ഞാന്‍ വായിക്കാനിരുന്നു.
http://anilnambudiripad.blogspot.in/2016/07/blog-post.htmlമരണവിവരം അറിഞ്ഞയുടനെ സഹാധ്യാപകനായ വാജിദ് അലിയെ ഞാന്‍ ഫോണില്‍ വിളിച്ചു കാര്യമറിയിച്ചു. വാജിദ് അലി നിത്യവും പാല് വാങ്ങാന്‍ പോയിരുന്ന വീട്ടിലെ മുത്തശ്ശിയാണ്പൂര്ണ്ണവതി . കുറെ മാസങ്ങളായി അയാളുടെ കൂടെ ഞാനും മലയാളാധ്യാപികയായ നിമ്മിയും ആ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നു. സന്തോഷമുള്ള ദിവസങ്ങളില്‍ പാട്ടുപാടും, എഴുന്നേല്ക്കാന് വിഷമമുണ്ടെങ്കിലും ഇരുന്നുകൊണ്ട് 'ബാംഗഡ'യുടെ നൃത്തതാളങ്ങള്‍ തീര്‍ക്കും. മനസ്സില്‍ വിഷമമുണ്ടെങ്കില്‍ തികഞ്ഞ ദാര്‍ശനികതയോടെ ആകാശത്തേയ്ക്ക് അവര്‍ കൈകള്‍ പൊക്കി നീട്ടിപ്പാടും."ലേ ചല്, ലേ ചല് സബ് കര്ത്തേസംഗ് ചലേ നാ കോയീ,ഇസ് സേ പഹ് ലേ ജ്യാദാ പരേശാനീ ഹോഹേ, ഈശ്വര്‍ ! മുജ്ഹെ അപ്നേ പാസ് ബുലാലോ!വൈകുന്നേരങ്ങളില്‍ എന്നും പാടത്തിനരികെയുള്ള മകന്റെ വീട്ടിലെ ഗേറ്റിനു മുന്നില്‍ അവര്‍ ഞങ്ങളെയും കാത്തിരിക്കും. പോകുമ്പോള്‍ അവര്‍ക്ക് കൊറിക്കാനായി എന്തെങ്കിലും ഞങ്ങള്‍ കരുതും. പേരയ്ക്കയും എന്തെങ്കിലും മധുരപലഹാരങ്ങളോ നല്കി അവര്‍ ഞങ്ങളെയും സന്തോഷിപ്പിക്കും. പൂര്‍ണ്ണവതി ദാദി ഞങ്ങളോട് പറയാത്ത കഥകളില്ല, ജീവിതാനുഭവങ്ങളില്ല. അവരുടെ കുടുംബ പശ്ചാത്തലവും പെരുമാറ്റരീതികളും ദിനചര്യകളുമെല്ലാം കഴിഞ്ഞ മാസങ്ങളില്‍ ഞങ്ങള്‍ക്ക് ഹൃദിസ്ഥമാണ്. 'കേരള് വാലേ പണ്ഡിത് ഔര്‍ ലട്ക്കി' അവരുടെ ഉള്ളിലെ ഒരു വിദേശസാന്നിധ്യം പോലെയായിരുന്നു. കേരളത്തിലെ വീട്ടുകാര്യ ങ്ങളും നാട്ടുനടപ്പുകളും എല്ലാം അവര്‍ ആകാംക്ഷയോടെ ചോദിച്ചറിഞ്ഞു. 'അടുത്ത തവണ കേരളത്തിലേയ്ക്ക് പോകുമ്പോള്‍ തന്നെയും വിമാനത്തില്‍ കൊണ്ടുപോകണം, അടുത്ത ജന്മത്തിലെങ്കിലും...' എന്ന് അവര്‍ പറയാറുണ്ടായിരുന്നു. ഒരിയ്ക്കലും നടക്കാത്ത ഒരു സ്വപ്നമായി അവരതു മനസ്സില്‍ സൂക്ഷിച്ചു.ചുറ്റുമുള്ള പച്ചപ്പാടങ്ങള്‍ നോക്കി പരമാത്മാവിനോട് 'അനായാസേന മരണം' പ്രാര്‍ത്ഥിച്ചുകൊണ്ട് അവര്‍ ഇരിക്കും. മക്കളും പേരക്കുട്ടികളും അവരുടെ മക്കളും നാലുപുറവും കുടുംബശാഖകള്‍ തീര്‍ക്കുമ്പോള്‍, തൊണ്ണൂറു വയസ്സിനോടടുത്ത അവര്‍ക്ക് മറ്റൊന്നും പ്രാര്‍ത്ഥിക്കാനുണ്ടായിരുന്നില്ല, നേടാനുമുണ്ടായിരുന്നില്ല. ഒരിയ്ക്കല്‍ അവരുടെ വീട്ടില്‍ വെച്ച് നടത്തിയിരുന്ന 'ജാഗരണ്‍' പൂജയ്ക്ക് ഞങ്ങളെയും ക്ഷണിച്ചിരുന്നു. സ്കൂളിലെ ഡ്യൂട്ടികളുടെ വട്ടം കറങ്ങലുകള്ക്കിടയില് ഞങ്ങള്‍ക്ക് അന്ന് പോകാനുമായില്ല. പൂജ കഴിയുന്നത് വരെ വീട്ടിലുള്ള രണ്ടു സോഫകളില്‍ ആരെയും ഇരുത്താന്‍ കൂട്ടാക്കാതെ അവര്‍ കാത്തിരുന്നുവത്രേ! പിറ്റേന്ന് വൈകീട്ട് ആ വഴി പോയപ്പോള്‍ ദേഷ്യവും ദു:ഖവും നിറഞ്ഞ മനസ്സോടെ പൂര്‍ണ്ണവതി മുഖം കനപ്പിച്ചു കൊണ്ട് ഞങ്ങളെ നോക്കാതെ അലക്ഷ്യമായി ദൂരെ നോക്കിയിരുന്നു. ആ പരിഭവം അല്പ്പനേരത്തിനകം തീരുകയും ചെയ്തു. ഭാഷയും സംസ്കാരവും ചുറ്റുപാടുകളുമെല്ലാം വേറെയെങ്കിലും ഒരമ്മയുടെ സ്നേഹവായ്പ്പും സംരക്ഷണവും പൂര്‍ണ്ണവതി ദാദിയുടെ സാമീപ്യത്തില്‍ ഞങ്ങളറിഞ്ഞു.ഒട്ടും പ്രതീക്ഷിക്കാതെ ഒരു നാള് അവര്‍ വലതു വശം തളര്‍ന്നു വീണപ്പോള്‍ വാജിദ് അലിയുടെ കൂടെ ഞാന്‍ ദാദിയെ കാണാന്‍ പോയിരുന്നു. എഴുന്നേറ്റിരിക്കാനാവാതെ ചൂടിക്കട്ടിലില്‍ കുഴഞ്ഞു കിടക്കുമ്പോഴും അവരെല്ലാം തിരിച്ചറിഞ്ഞിരുന്നു. പാതിതുറന്ന ഒരു കണ്‍കോണിലൂടെ അവരെന്നെ നോക്കി മന്ദമായി പറഞ്ഞു, "പണ്ഡിത്, പണ്ഡിത്.. സ്കൂള്‍ സേ..." രണ്ടു ദിവസം നഗരത്തിലെ ആശുപത്രിയില്‍ കിടന്നു മരുന്നിന്റെ മയക്കത്തിലും അവര്‍ വാജിദിനെ തിരിച്ചറിഞ്ഞു. ഏഴുവര്‍ഷം കഴിഞ്ഞ് കാത്തിരുന്ന നിധി പോലെ വാജിദിന് ഒരു മകനുണ്ടായപ്പോള്‍ അവരേറെ സന്തോഷിച്ചു. അന്ന് അവരാവശ്യപ്പെട്ട പ്രകാരം ഒരു ചൂരിദാര്‍ ദാദിക്ക് കൊടുത്തിരുന്നു. ഒരു വശം തളര്‍ന്നു കിടക്കുമ്പോഴും, ഊര്‍ന്നിറങ്ങിയ കണ്ണീരോടെ തനിക്ക് ചൂരിദാര്‍ തന്ന കാര്യം തപ്പിത്തടഞ്ഞു സൂചിപ്പിക്കുകയും ചെയ്തിരുന്നു.ആ കിടപ്പ് ഒരാഴ്ച വരെ നീണ്ടു നിന്നു. ആരോടും പരിഭവമില്ലാതെ, ഒന്നും പറയാതെ പൂര്‍ണ്ണവതി യാത്രയായി, പരമാത്മാവിന്റെ തിരു സന്നിധിയിലേ യ്ക്ക്!ദാദിയുടെ മരണവൃത്താന്താമറിഞ്ഞു ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഞങ്ങളും പോയിരുന്നു. ശുഭ്രവസ്ത്രധാരികളായ കുറെ ഗ്രാമീണര്‍ അവിടെ അനുശോചനങ്ങളുമായി ഒത്തു കൂടിയിരുന്നു. നാട്ടുപ്രമാണികളും നേതാക്കന്മാരും എല്ലാം വിശാലമായ മുറ്റത്ത് വിരിച്ച കാര്പ്പറ്റിലിരു ന്ന് പൂര്‍ണ്ണവതി ദാദിയുടെ ഇച്ഛാശക്തിയെക്കുറിച്ചും തന്റേടത്തെക്കുറിച്ചും വാചാലരാകുന്നുണ്ടായിരുന്നു. ജനിമൃതികള്‍ക്കിടയില്‍ സഫലമായ ഒരു യാത്രയുടെ തിരുശേഷിപ്പുകള്‍ അവരുടെ ആ ഓര്‍മ്മകളിലൂടെ സജീവമായി.അകത്തെ മുറിയില്‍ ദാദിയുടെ ഒഴിഞ്ഞ ചൂടിക്കട്ടില്‍. ദു:ഖത്തില്‍ പങ്കു ചേര്‍ന്ന് കട്ടിലിനു താഴെ തല താഴ്ത്തി ഒച്ചയുണ്ടാക്കാതെ അവരുടെ വെളുത്ത പട്ടി. ചുമരില്‍ എന്നും എന്തിനും മൂകസാക്ഷികളായി പൂര്‍ണ്ണവതി ദാദിയുടെ ധീരനും സുമുഖനുമായ പട്ടാളക്കാരന് ഭര്‍ത്താവും ആദര്‍ശധീരനായ ഏതോ ആത്മീയ ഗുരുവും. അവരുടെ 'ബഹു' (മകന്റെ ഭാര്യ) വിനു ചുറ്റും തലയും മുഖവും മറച്ച് കൂനിക്കൂടിയിരിക്കുന്ന കുറെ സ്ത്രീകളും ഗ്രാമവാസികളും. കാത്തിരിക്കാന്‍ ഒരു ദാദിയില്ലാത്ത ആ വീട്ടിലേയ്ക്ക് ഇനിയുള്ള സന്ധ്യകളില്‍ പോകേണ്ട ആവശ്യമില്ല എന്ന തിരിച്ചറിവില്‍ ഞങ്ങളുടെ നിശ്ശബ്ദമായ മടക്കയാത്ര.ഗ്രാമത്തിലെ പൊതുശ്മശാനത്തിലെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും മനസാ ഞങ്ങളും ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു വന്നു. സ്വന്തം കുടുംബത്തിലെ തല മൂത്ത ഒരാളുടെ വേര്‍പാടിന്റെ വേദനകളുമായി. ഗ്രാമത്തിലെ ഓരോരോ കുടുംബത്തില്‍ നിന്നും കൊണ്ടുവന്ന ചാണകവരളി കള്‍ വിറകിനോടൊപ്പം വെച്ച് ഗ്രാമസമൂഹത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ യോടെ, പൂര്‍ണ്ണവതി ദാദിക്ക് അന്ത്യയാത്ര. വാജിദ്ദിനു ഒരു മകനുണ്ടായ സന്തോഷത്തോടെ നല്കിയ അതേ പുതുവസ്ത്രമുടുത്ത് കൊണ്ട് തിരിച്ചു വരാത്ത ഒരു യാത്ര. പൌര്‍ണ്ണമി ദിനത്തില്‍ പിറന്ന പൂര്ണ്ണവതിക്ക് മറ്റൊരു പൌര്‍ണ്ണമി ദിനപ്പിറ്റെന്ന് തിരിച്ചുവന്നിടാനാകാത്ത ഒരു യാത്ര!ഓര്‍മ്മകളില്‍ ബാക്കിയാവുന്ന നന്മയുടെ പ്രതീകമായി, തലേന്ന് മറഞ്ഞു പോയ പൌര്‍ണ്ണമിയുടെ പിന്നിലാവിന് നിറശോഭയോടെ... പൂര്‍ണ്ണവതി ദാദി !---------------------------------------------------------------------------------------------
28th SEPTEMBER 2016 WEDNESDAY3View comments
-
-
- അവസാന നിമിഷത്തില്‍ എങ്കിലും സ്വരൂപം അറിഞ്ഞു ഓംകാരത്തെ സ്വീകരിക്കുന്നവന് മുക്തന് ആകുന്നു ."അല്ലയോ ജീവത്മാവേ ,അങ്ങ് ചെയ്തത് എന്ത് എന്ന് ഓര്‍ത്താലും .ഭസ്മം ആയി തീരുന്ന ഈ ഉടലിനെ അഗ്നി ദഹിപ്പിക്കുന്നതിന് മുന്‍പ് അങ്ങ് "ഓം 'കാരത്തെ സ്വീകരിച്ചാലും .അങ്ങയുടെ കര്‍മങ്ങള്‍ സ്മരിക്കുക .ശരീരം നശ്വരവും ആത്മാവ് അനശ്വരവും എന്ന് മനസ്സില്‍ ആക്കുക " അങ്ങ് പുനരാവര്‍ത്തി ഇല്ലാത്ത പരമ പദം പൂകും -യജുര്‍വേദം .4O-15ReplyDelete
-
- പാതിയടഞ്ഞ കണ്ണുകളില്‍ സൂര്യപ്രകാശം പതിച്ചപ്പോള്‍ കനം തൂങ്ങുന്ന കണ്പോളകള് അയാള്‍ മെല്ലെ തുറന്നു. വറ്റി വരണ്ട തൊണ്ടയില്‍ കയ്പ്പുരസം തങ്ങി നിന്നിരുന്നു. ചുറ്റും നോക്കുമ്പോള്‍ താന്‍ കിടക്കുന്നത് ഒരാശുപത്രിയുടെ അത്യാഹിതവിഭാഗത്തിലാണെന്ന് അയാള്‍ക്ക് മനസ്സിലായി. സ്ഥലകാലബോധം തിരിച്ചു കിട്ടുമ്പോള്‍ തനിക്ക് ചുറ്റുമുള്ള കട്ടിലുകളില്‍ കിടക്കുന്ന രോഗികളുടെ ഞെരക്കവും തേങ്ങലുകളും അയാളെ വല്ലാതെ അലോസരപ്പെടുത്തി.
നെറ്റിയിലും ഇടതുകയ്യിലും ഉള്ള തുന്നിക്കെട്ടലുകള്ക്കിടയില് ചുളുചുളാ കുത്തിക്കയറുന്ന വേദന. പ്ലാസ്റ്ററിട്ട ഇടതുകാലിന്റെ പെരുവിരല്‍ മുതല്‍ ശരീരമാസകലം അസ്ഥികള്‍ കോച്ചിക്കയറുന്ന പ്രതീതി. ഒരാരാശുപത്രിക്കിടക്ക യില്‍ ഇങ്ങനെയോരവസ്ഥയില് താനെപ്പോഴാണ് വന്നെത്തിയത്?
സമീപമെത്തിയ സിസ്റ്റര്‍ തീരാറായ 'ഡ്രിപ്പ്' നിര്‍ത്തി ട്യൂബ് കയ്യില്‍ നിന്നും മാറ്റുമ്പോള്‍ അയാള്‍ അവരോടിത്തിരി വെള്ളം ചോദിച്ചു. തണുത്ത ദാഹജലം ശരീരത്തിനകത്ത് ഒരു കുളിരായി സിരകളില്‍ പടരുമ്പോള്‍ തലേന്ന് സംഭവിച്ച കാര്യങ്ങള്‍ അയാളുടെ ഓര്‍മ്മയില്‍ തെളിഞ്ഞു വരികയായിരുന്നു.
ഇന്നലെ പതിവിലും നേരത്തെ കുളിച്ചു കുറിയിട്ട് ഓഫീസിലേക്ക് പോകുമ്പോള്‍ ഒരു പാട് ആശങ്കകള്‍ ഉണ്ടായിരുന്നു. പോകും മുന്‍പ് ശതാഭിഷേകം കഴിഞ്ഞ അമ്മയോട് പ്രത്യേകം പറഞ്ഞു, " അമ്മ പുറത്തൊന്നും ഇറങ്ങി നടക്കേണ്ട! കാലം വളരെ മോശമാണ്, ഈ പ്രായത്തില്‍ എവിടെയെങ്കിലും ഒന്നു വീണാല്‍ പിന്നെ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാന്‍ കഴിയില്ല". അരികെയുള്ള ഭാര്യയോടും അമ്മയെ നല്ലപോലെ ശ്രദ്ധിക്കണമെന്നു പറയാനും മറന്നില്ല.
രണ്ടു ദിവസത്തിനകം ഓഡിറ്റിംഗിനായി തയ്യാറാക്കേണ്ട ഫയലുകളും കെട്ടുപാടുകളും ഒരു വശത്ത്. രാപ്പകലില്ലാതെ പണിയെടുത്താലും തീരാത്ത ഔപചാരികമായ ഒരു നൂറുകാര്യങ്ങള്‍. ഉറക്കമില്ലാതെ കിടന്നിരുന്ന രാത്രികളില്‍ അതിലുപരി അയാളെ വേട്ടയാടിയിരുന്നത് കഴിഞ്ഞ ഞായറാഴ്ച്ച ചാനലിലെ 'ജ്യോതിഷപംക്തി' യില്‍ കേട്ട സ്വന്തം വാരഫലമാണ്.
"ഈ നാളില്‍ പിറന്നവര്‍ക്ക് ഏറെ അസ്വസ്ഥതകളുടെ വാരമാണ്ഇത്. സ്വന്തം മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. അപ്രതീക്ഷിതമായി വന്നു ചേരുന്ന അപകടം മൂലം ഒരു ആശുപത്രിവാസ ത്തിനു കൂടി യോഗം കാണുന്നു..."
ഞായറാഴ്ച്ചപ്രഭാതങ്ങളില് പതിവായി കാണുന്ന ജ്യോതിഷപംക്തി കഴിഞ്ഞയുടനെ അടുത്ത ചാനലിലെ "വാരഫലം" കേള്‍ക്കാനുള്ള ആകാംക്ഷയായി. അതിലെങ്കിലും തനിക്ക് ആശ്വാസത്തിനു വക നല്കുന്ന എന്തെങ്കിലും കേള്‍ക്കാന്‍ കഴിയുമെന്ന് അയാള്‍ ആശിച്ചു. കസവുമുണ്ടും ഭസ്മക്കുറിയുമുള്ള സുപ്രസിദ്ധജ്യോതിഷി ആധികാരികസ്വരത്തില്‍ തന്മയത്വത്തോടെ അയാളുടെ ജന്മനാളിന്റെ വാരഫലം വിവരിച്ചു, " ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ അവരുടെ മാതാപിതാക്കളെ വളരെ ശ്രദ്ധയോടെ പരിപാലിക്കേണ്ടതാണ്. അറിയാതെ വന്നുചേരുന്ന അപകടം മൂലം രക്ഷിതാക്കള്‍ക്ക് ദുരിതമനുഭവിക്കേണ്ട യോഗം ഈ വാരത്തില്‍ അനുഭവത്തില്‍ വന്നു ചേരാനും സാധ്യത കാണുന്നു."
ആ വാരഫലം പൂര്‍ണ്ണമായും കേള്‍ക്കാനുള്ള മനസ്സില്ലാതെ അസ്വസ്ഥതയോടെ അയാള്‍ ഒഴിവുദിനത്തിലും ഓഫീസ് പണികളില്‍ മുഴുകി.
പിറ്റേന്ന് ഓഫീസിലെ തിരക്കുകളില്‍ മുഴുകിയിരിക്കുമ്പോഴാണ് യാദൃച്ഛികമായി മൊബൈലില്‍ ഭാര്യയുടെ പേരും ചിത്രവും തെളിഞ്ഞു വന്നത്. മറുപുറത്ത് ഭാര്യയുടെ പതറിയ സ്വരം, " അമ്മ ഉമ്മറത്ത് കാല് തെറ്റിയൊന്നു വീണു! ശരീരമാസകലം വേദനിക്കുന്നുണ്ടെന്നു പറഞ്ഞ് ഇപ്പോള്‍ ഒരേ കിടപ്പാണ്. കരയുന്നുമുണ്ട്, എനിക്കാകെ പേടി തോന്നുകയാണ് ".
ഉടന്‍ തന്നെ ഒരു ടാക്സി പിടിച്ചു പട്ടണത്തിലെ ആശുപത്രിയില്‍ അമ്മയെക്കൂട്ടി വരാന്‍ ഭാര്യയോടു പറഞ്ഞു. ഓഫീസിലെ തിരക്കുകള്‍ ഒഴിവാക്കി കൂടെയുള്ളവരോട് കാര്യം പറഞ്ഞ് വേഗം ആശുപത്രിയിലേയ്ക്ക് അയാള്‍ കുതിച്ചു. നിരനിരയായി കിടക്കുന്ന വാഹനങ്ങള്ക്കിടയില്പ്പെട്ടു കിടക്കുമ്പോഴും അവയുടെ ആരവങ്ങള്‍ക്കിടയിലും തലേന്ന് കേട്ട വാരഫലം ഉള്ളില്‍ മുഴങ്ങിക്കൊണ്ടേയി രുന്നു. " സ്വന്തം മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. അപ്രതീക്ഷിതമായ അപകടം മൂലമുള്ള ആശുപത്രിവാസത്തിനു കൂടി യോഗം കാണുന്നു..."
വര്‍ദ്ധിച്ച നെഞ്ചിടിപ്പോടെ എങ്ങനെയോ തിരക്കുള്ള ആശുപത്രിയിലെത്തി. ഫോണിലൂടെ ഭാര്യ പറഞ്ഞ പ്രകാരം നാലാം നിലയിലെ 'എല്ലുരോഗ ചികില്സാവിഭാഗ' ത്തിലേയ്ക്ക് സര്‍വ്വ ദൈവങ്ങളേയും പ്രാര്‍ത്ഥിച്ചു കൊണ്ട് വിറയ്ക്കുന്ന കാല്‍വെയ്പ്പുകളോടെ കുതിച്ചു.
മുകളില്‍ കയറാനുള്ള നാല് ലിഫ്റ്റുകള്‍ക്കു മുന്നിലും അക്ഷമരായി കാത്തു നില്ക്കുന്ന അനേകം രോഗികളും അവരുടെ ബന്ധുക്കളും. അവിടെ ആ തിരക്കില്‍ കാത്തുനില്ക്കാനുള്ള ക്ഷമയില്ലാതെ മുന്നില്‍ കണ്ട കോണി പ്പടികളിലൂടെ അയാള്‍ ഓടിക്കയറി. നിമിഷം പ്രതി കൂടുന്ന ഹൃദയമിടിപ്പി നിടയില്‍ വേഗം ചലിക്കുന്ന കാലെവിടെയോ ഒന്ന് തട്ടിത്തടഞ്ഞു. തലയടിച്ച് വീണതു മാത്രം ഓര്‍മ്മയുണ്ട്. കുറച്ചു മുന്‍പ് കണ്ണ് തുറക്കുമ്പോള്‍ ആശുപത്രിയിലെ മനം മടുപ്പിക്കുന്ന മരുന്നിന്റെ രൂക്ഷഗന്ധം. ചുറ്റുമുള്ള നിശ്ശബ്ദതയില്‍ മുഴങ്ങുന്ന നീണ്ട ഞെരക്കങ്ങളും ദീര്‍ഘനിശ്വാസങ്ങളും!
അപ്പോള്‍ അടച്ചു വെച്ച ചില്ലുവാതില്‍ പാളികള്‍ തുറന്ന് ചില അവ്യക്തരൂപ ങ്ങള് അടുത്തേയ്ക്ക് വരുന്നതു പോലെ അയാള്‍ക്ക് തോന്നി. ഒരു ഡോക്ടറോ ടോത്ത് വന്ന മറ്റു രണ്ടുപേര്‍ അയാളുടെ അമ്മയും ഭാര്യയുമാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു.
ചുവന്നു തുടുത്ത മുഖത്തോടെ ദു:ഖിതയായ അമ്മ. അരികെ കരഞ്ഞു കലങ്ങിയ മിഴികളോടെ ഭാര്യയും! വിറയ്ക്കുന്ന കൈകള്‍ കൊണ്ട് നെറ്റിയില്‍ തലോടി അമ്മ പറഞ്ഞു, " ഒന്നു വീണെങ്കിലും ഈശ്വരാധീനം കൊണ്ട് എനിക്കൊന്നും സംഭവിച്ചില്ല. എങ്കിലും... നിന്റെ കാര്യമോര്‍ക്കുമ്പോള്‍ ...."
കഴിഞ്ഞ ഒരു ദിവസത്തിലധികമായി അമ്മയ്ക്ക് വരാനിരിക്കുന്ന അപകടത്തെക്കുറിച്ചായിരുന്നു മുഴുവന്‍ ആശങ്കകളും. ആ പരിഭ്രമത്തിന് ഇത്രത്തോളം വില നല്‍കേണ്ടി വരുമെന്ന് കരുതിയില്ല. 'കണ്ണില്‍ കൊള്ളേണ്ടത് പുരികത്തില്‍ കൊണ്ട പോലെ' ... അറം പറ്റിയപോലെ, ഒരു വാരഫലം.
അമ്മയോട് മറുപടി നല്കാനില്ലാതെ, നിസ്സഹായതയോടെ നിശ്ശബ്ദമായി മന്ദഹസിക്കുമ്പോഴും വാരഫലം മനസ്സിന്റെ ഉള്ളറകളില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
Images Courtesy : Google Images
------------------------------------------------------------------------------------------------------------6View comments
- " കഴിഞ്ഞ വര്‍ഷം ഒരു നീണ്ട ശസ്ത്രക്രിയയിലൂടെ എന്റെ പിത്താശയം നീക്കം ചെയ്യേണ്ടതായി വന്നു. ഏറെക്കാലം എനിക്ക് കിടക്കയില്‍ തന്നെ അനങ്ങാതെ കിടക്കേണ്ടിയും വന്നു. ഷഷ്ടിപൂര്‍ത്തിയിലെത്തിയ എനിക്ക് ദീര്‍ഘകാലസേവനത്തില്‍ നിന്ന് വിരമിക്കേണ്ടി വന്നതും പ്രിയപ്പെട്ട ഉദ്യോഗം കൈവിടേണ്ടി വന്നതും ഇതേവര്ഷത്തിലാണ്. എനിക്കെന്റെ പിതാവിന്റെ മരണാനന്തര ക്രിയകള്‍ ചെയ്യേണ്ടി വന്നതും ഇക്കഴിഞ്ഞ വര്‍ഷം തന്നെയാണ്. മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന ഏകമകനു കാറപകടം മൂലം പരീക്ഷയെഴുതാന്‍ കഴിഞ്ഞിരുന്നില്ല. അപകടത്തില്‍ പെട്ട ഞങ്ങളുടെ കാറാകട്ടെ നിശ്ശേഷം തകര്‍ന്ന നിലയിലാവുകയും ചെയ്തു. എന്തുകൊണ്ടും ഇതെന്നെ സംബന്ധിച്ചിടത്തോളം വളരെ മോശപ്പെട്ട ഒരു വര്‍ഷമായിരുന്നു."ഒരു പത്രലേഖകന് സ്വയം വിലയിരുത്തി തന്റെ മുന്നില്‍ എഴുതി വെച്ച ഒരു വര്ഷാന്ത്യക്കുറിപ്പാണ് ഇത്.ഇതിനിടയില്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ദു:ഖിതനായിരിക്കുന്ന ഭര്‍ത്താവിന്റെ പിറകില്‍ വന്നു നിന്ന് ആ കുറിപ്പ് സവിസ്തരം വായിച്ചു. ഒന്നുംമിണ്ടാതെ അവര്‍ ആ മുറിയില്‍ നിന്നും പുറത്തിറങ്ങി. അല്പ്പനേരത്തിനു ശേഷം മറ്റൊരു കടലാസുതുണ്ടില്‍ എഴുതിയ ഒരു കുറിപ്പ് ഭര്‍ത്താവെഴുതിയ കുറിപ്പിനരികെ അവര്‍ കൊണ്ടുവെച്ചു." ഏറെക്കാലം പിത്താശയത്തിന്റെ തകരാറു മൂലം ഞാന്‍ അനുഭവിച്ചിരുന്ന വിഷമതകള്‍ ഈ വര്‍ഷം നടത്തിയ ശസ്ത്രക്രിയയാല്‍ ദൂരീകരിക്കപ്പെട്ടു. ഷഷ്ടിപൂര്‍ത്തിയുടെ നിറവില്‍ സംതൃപ്തമായ ദീര്‍ഘകാല സേവനത്തിനു ഞാന്‍ പരിസമാപ്തി കുറിച്ചു. ഇനി ശേഷകാലം എത്രയും പ്രിയപ്പെട്ട എഴുത്തിന്റെ ലോകത്ത് മുഴുവന്‍ സമയവും ചെലവഴിക്കുവാന്‍ എനിക്ക് ഭാഗ്യമുണ്ടാകും. നൂറു വയസ്സു തികയാറായ പ്രിയപ്പെട്ട അച്ഛന് പരസഹായമോ ആശുപത്രിവാസമോ കൂടാതെ ഈശ്വരസമക്ഷം പൂകി. ഈ വര്‍ഷം, ഒരു കാറപകടത്തിലൂടെ എന്റെ മകന് സര്വ്വേശ്വരന് രക്ഷയേകി. കാറ് നിശ്ശേഷം തകര്‍ന്നുവെങ്കിലും എന്റെ മകന് രക്ഷപ്പെട്ടതു മഹാഭാഗ്യ മായി. ശക്തി ചോരാത്ത കൈകാലുകളുമായി ജീവിതസോപാനത്തിലെ പടികള്‍ ഓരോന്നായി കയറാന്‍ അവനു കഴിയുകയും ചെയ്യും. ഭഗവാന്റെ പരിപൂര്‍ണ്ണമായ കൃപയോടെ, ഈ വര്‍ഷം എനിക്ക് വളരെ നല്ല കാലമായിരുന്നു."വ്യത്യസ്ത പരിസ്ഥിതികളില്‍ സകാരത്മകവും നിഷേധാത്മകവുമായി ചിന്തിക്കുന്ന ഒരു പറ്റം മനുഷ്യരുടെ വേറിട്ട ചിന്തകള്‍ തികച്ചും വ്യക്തിനിഷ്ഠമാണെന്ന് ഇന്നത്തെ അനുഭവപാഠം .(ആശയാനുവാദം : :സച്ചി ശിക്ഷ" എന്ന ഹിന്ദി മാസികയില്‍ വന്ന ഒരു ചെറു കുറിപ്പ്)
Images Courtesy : Google Images
28th AUGUST 2016 SUNDAY16View comments
- ഒരിക്കല്‍ ഭഗവാനോട് അദ്ദേഹത്തിന്റെ പ്രിയഭക്തന് ഇപ്രകാരം പറഞ്ഞു, " ഭഗവാനേ! അങ്ങ് ഇത്രയും കാലം ഒരേ സ്ഥലത്ത് നിന്ന് നിന്ന് തളര്‍ന്നു കാണും. ഒരു ദിവസം അങ്ങയുടെ സ്ഥാനത്ത് ഞാന്‍ വിഗ്രഹരൂപേണ നിന്നുകൊള്ളാം. അങ്ങ് എന്റെ രൂപഭാവങ്ങളില്‍ ചുറ്റിലും കറങ്ങി കണ്ടു വന്നു കൊള്ളുക!"ഭക്തന് പറഞ്ഞ കാര്യം ഭഗവാന് രസകരമായി തോന്നി. ഭക്തനെ നോക്കി പുഞ്ചിരിച്ച് ഭഗവാന് ഒരു നിബന്ധനയോടെ ആ പ്രാര്‍ത്ഥന അംഗീകരിച്ചു. " ആര് തന്നെ മുന്നില്‍ വന്നാലും അവരുടെ പ്രാര്‍ത്ഥന ക്ഷമയോടെ കേള്‍ക്കണം. ഒരിക്കലും ഒന്നും സംസാരിക്കാന്‍ പാടില്ല. ഞാന്‍ ഓരോരോ വ്യക്തിക്കും ഓരോന്ന് വിധിച്ചിട്ടുണ്ട്. ദൈവഹിതം നടക്കണം, നടക്കും എന്ന കാര്യം ഒരിക്കലും വിസ്മരിച്ചു കൂടാ! " ഭക്തന് അത് സമ്മതിക്കുകയും ചെയ്തു.
അന്ന് ആദ്യമായി ക്ഷേത്രത്തിലെത്തിയത് ഒരു വ്യാപാരിയായിരുന്നു. " സ്വാമീ, ഞാനൊരു പുതിയ ഫാക്ടറി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്റെ ഉദ്യമം സഫലമാക്കി തരണേ!" പ്രാര്‍ത്ഥനയുടെ ഒടുവില്‍ അദ്ദേഹം സാഷ്ടാംഗം പ്രണമിച്ചു. തത്സമയം അദ്ദേഹത്തിന്റെ കീശയില്‍ നിന്നും ഒരു കനമുള്ള പേഴ്സ് താഴെ വീണു. അതറിയാതെ, അദ്ദേഹം ക്ഷേത്രത്തില്‍ നിന്നും പുറത്ത് കടന്നു പോവുകയും ചെയ്തു.താഴെ വീണ പേഴ്സ് അയാള്‍ക്ക് എടുത്തു കൊടുക്കുവാന്‍ ഭക്തന് മുന്നോട്ടാഞ്ഞുവെങ്കിലും ഭാഗവാനോടുള്ള ശപഥമോര്ത്ത് അദ്ദേഹം ശ്രീകോവിലിനകത്ത് തന്നെ നിലകൊണ്ടു.അതിനിടയില്‍ ഒരു പാവപ്പെട്ട മനുഷ്യന് ആ വഴി വന്നു പ്രാര്‍ത്ഥിച്ചു. " ഈ ശ്വരാ! വീട്ടില്‍ മുഴുപ്പട്ടിണിയാണ്. എന്റെ ഭാര്യയും കുട്ടികളും ഒരു നേരത്തെ ഭക്ഷണത്തിനായി കാത്തിരിക്കയാണ്, എന്നെ എങ്ങനെയെങ്കിലും അങ്ങു സഹായിക്കണേ! "പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ താഴെ വീണു കിടക്കുന്ന കനമുള്ള പേഴ്സ് അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. ആരും തന്നെ കാണുന്നില്ലെന്ന തിരിച്ചറിവില്‍ അത് തന്ന ഭഗവാനോട് നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഉടനടി അയാള്‍ വീട്ടിലേയ്ക്ക് കുതിച്ചു.മൂന്നാമത് വന്നയാള്‍ ഒരു യുവനാവികനായിരുന്നു. അദ്ദേഹം വന്നുനിന്നു പ്രാര്‍ത്ഥിച്ചു, " പതിനഞ്ചു നാള് നീണ്ടു നില്ക്കുന്ന ഒരു സമുദ്രയാത്രയ്ക്ക് ഞാന്‍ തയ്യാറെടുത്തു നില്ക്കയാണ്. യാത്രയ്ക്കിടയില്‍ ഒരു തരത്തിലും ഉള്ള വൈഷമ്യങ്ങള്‍ ഉണ്ടാവരുതേ! ദൈവമേ!"നാവികന് പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ പേഴ്സ് നഷ്ടപ്പെട്ട ആ വ്യാപാരി രണ്ടു പോലീസുകാരുമായി ക്ഷേത്രത്തിലെത്തി. തനിക്കു ശേഷം ക്ഷേത്രദര്‍ശനത്തിനു വന്നത് ആ യുവനാവികനാണെന്നും അയാള്‍ തന്റെ പേഴ്സ് മോഷ്ടിച്ചിരിക്കു മെന്നും അയാള്‍ ഉറപ്പിച്ചു പറഞ്ഞു.യുവനാവികനെ പോലീസ് പിടിച്ചു കൊണ്ടുപോകുന്ന മാത്രയില്‍ നിവൃത്തിയില്ലാതെ ദൈവമായി നിന്ന ഭക്തന് അവരറിയാതെ പിന്നിലൂടെ ചെന്ന് നടന്ന കാര്യങ്ങള്‍ ഒരു ദൃക്സാക്ഷിയെപ്പോലെ വിശദീകരിച്ചു കൊടുത്തു. വാസ്തവം തിരിച്ചറിഞ്ഞ അവര്‍ നാവികനെ വെറുതെ പറഞ്ഞു വിടുകയും പാവപ്പെട്ട ആ മനുഷ്യനെ തേടിപ്പിടിച്ചു ജെയിലില്‍ അടയ്ക്കുകയും ചെയ്തു.രാത്രിയോടെ ഭഗവാന് അമ്പലത്തില്‍ തിരിച്ചെത്തി. ഭക്തന് നടന്ന കാര്യങ്ങള്‍ അതീവ സന്തോഷത്തോടെ വിവരിച്ചു. അത് കേട്ട ഭഗവാന് കാര്യങ്ങള്‍ തീരെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അദ്ദേഹം ഭക്തനോട് പറഞ്ഞു, " ഇത് മഹാകഷ്ട മായിപ്പോയി. നീ ആരുടേയും കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിച്ചില്ല. മറിച്ച്, ഓരോരുത്തരുടെയും കണക്കുകൂട്ടലുകള്‍ തകിടം മറിക്കുകയും ചെയ്തു.വരാനിരിക്കുന്ന കാര്യങ്ങളെന്തും മുന്കൂട്ടികാണുന്ന ഭഗവാന് പറയുന്ന കാര്യങ്ങള്‍ മനസ്സിലാകാതെ നില്ക്കുന്ന ഭക്തനോട് അദ്ദേഹം പറഞ്ഞു, " ആദ്യം വന്ന ആ വ്യാപാരി അഴിമതിവീരനാണ്. കയ്യിലുള്ള പേഴ്സ് നഷ്ടപ്പെട്ടാലും അയാള്‍ക്ക് ഒന്നും സംഭവിക്കുമായിരുന്നില്ല. അതിലുപരി ആ പണം പാവപ്പെട്ട മനുഷ്യന്റെ ഒരു നേരത്തെ ആഹാരത്തിനായെങ്കില് അയാളുടെ പാപം ഇത്തിരിയെങ്കിലും കുറയുമായിരുന്നു. അയാളുടെ ഭാര്യയും മക്കളും വിശന്നു മരിക്കുമായിരുന്നില്ല!അതെപോലെ തന്നെയാണ് യുവനാവികന്റെയും അവസ്ഥ. സമുദ്രയാത്രയ്ക്ക് തയ്യാറെടുത്ത അയാളുടെ കപ്പല്‍ കൊടുങ്കാറ്റില്‍ നശിക്കാനുള്ളതായിരുന്നു. ചെയ്യാത്ത തെറ്റിന് ജെയിലില്‍ അടയ്ക്കപ്പെട്ടിരുന്നു എങ്കില്‍ അയാളുടെ ജീവന് രക്ഷപ്പെടുമായിരുന്നു. നാവികന്റെ ഭാര്യയ്ക്ക് വൈധവ്യം നേരിടേണ്ടി വരുമായിരുന്നില്ല.അതെ, ഭക്താ! നീ എല്ലാവരുടെയും കണക്കുകൂട്ടലുകളാണ് തകിടം മറിച്ചത് ! "നമ്മുടെ ജീവിതത്തില്‍ പലപ്പോഴും പ്രശ്നങ്ങള്‍ കടന്നു വരും. അപ്പോഴെല്ലാം നമുക്ക് തന്നെ വന്നതെന്തെന്നു നാം പരിതപിക്കുകയും ചെയ്യും. സംഭവിക്കാ നിരിക്കുന്ന കാര്യങ്ങള്‍ക്ക് പിന്നിലുള്ള ഭഗവാന്റെ കണക്കു കൂട്ടലുകള്‍ സാധാരണക്കാരായ നമുക്ക് തിരിച്ചറിയാന്‍ സാധിക്കാറില്ല എന്നതാണ് വാസ്തവം. അതിനാല്‍ പ്രശ്നങ്ങള്‍ വരുമ്പോള്‍ നാം ഉദാസീനരാകാതെ ഇക്കഥ വീണ്ടും ഓര്‍ക്കുക, വരുന്നതെന്തും നല്ലതിനാണ് എന്ന് സമാധാനിക്കുക."പരിത്രാണായസാധൂനാംവിനാശായച ദുഷ്കൃതാംധര്മ്മസംസ്ഥാപനാര്ത്ഥായസംഭവാമി യുഗേ യുഗേ "
ആശയം : ക്ലാസ്സിലെ കൂട്ടുകാര്‍ക്ക് പറഞ്ഞു കൊടുക്കാനായി ഒമ്പതാം ക്ലാസിലെ അങ്കിത് എന്ന ഉത്തരേന്ത്യന്‍ ശിഷ്യന് പറഞ്ഞു തന്ന മിനിക്കഥ.--------------------------------------------------------------------------------------------21st AUGUST 2016 SUNDAY2View comments
- കാലം എത്ര വേഗത്തിലാണ് ഓടുന്നത്? പലപ്പോഴും നിമിഷങ്ങളും മണിക്കൂറുകളും ദിവസങ്ങളും ഓരോരോ വിഷമാവസ്ഥകളില്‍ തട്ടിത്തടയുമ്പോള്‍ വര്‍ത്തമാനവും ഭാവിയും ആശങ്കകളിലാകുന്നു. എന്തും അതിജീവിച്ചു കഴിഞ്ഞാല്‍ ഓര്‍മ്മകളിലെ അപൂര്‍വ്വാനുഭവങ്ങള്‍ ആയി എല്ലാം മാറുന്നു. കാലചക്രത്തിന്റെ കറക്കത്തില്‍ കണ്ണിലും കരളിലും വേണ്ടപ്പെട്ടവരുടെ വിയോഗം നല്കിയ ഒരു പിടി കണ്ണീര്പ്പൂക്കളുടെ ഒരിയ്ക്കലും മായാത്ത നനുത്ത കണങ്ങള്‍ ബാക്കിയാകുന്നു.ഇത്തിരി നേരം മനസ്സൊന്നു പിറകോട്ടു സഞ്ചരിക്കുമ്പോള്‍ എന്തൊക്കെയോ നേടിയെടുത്ത പ്രതീതി. കൈവിട്ടു പോയ സൌഭാഗ്യങ്ങളെക്കാള് കൈവന്ന നേട്ടങ്ങള്‍ വിലയിരുത്തുന്നതാണ് ജീവിതയാത്രയില്‍ നമുക്ക് മുന്നേറുവാനുള്ള പ്രചോദനമാകുന്നത് എന്ന തിരിച്ചറിവോടെ ആരും ഉണരാത്ത ഈ ഒഴിവുദിന പ്രഭാതത്തില്‍ മനോരാജ്യങ്ങളുടെ കലവറയുമായി ഞാനിരിക്കുന്നുഈ അവധിദിനത്തില്‍ ഹോസ്റ്റലുകള്‍ ഇനിയും ഉണര്‍ന്നിട്ടില്ല. പുറത്ത് ചെറുതായി ചാറുന്ന മഴ. കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടികള്‍ക്ക് ആദ്യയൂണിറ്റ് പരീക്ഷകള്‍ ആയിരുന്നു. മുന്നില്‍ മേശപ്പുറത്തിരിക്കുന്ന ഉത്തരക്കടലാസുകള്‍. ഓരോ പരീക്ഷാക്കാലമെത്തുമ്പോഴും ഉത്തരക്കടലാസുകള്‍ കാണുമ്പോഴും ഞാന്‍ ചരണ്‍സിംഗിനെ ഓര്‍ക്കും. കാല്‍ശതാബ്ദം മുന്‍പുള്ള നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളോടെ ചരണ്‍സിംഗ് !ഈ പേര് കേള്‍ക്കുമ്പോള്‍ ആരും ഓര്‍ക്കുന്നത് ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്ന ചൗധരി ചരൺസിംഗ് എന്ന വ്യക്തിയെയായിരി ക്കും. മൊറാര്‍ജി ദേശായിക്കും ഇന്ദിരാഗാന്ധിക്കും ഇടയില്‍, 1979-80 കാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. ജനതാസഖ്യത്തിൽ അംഗമായ ഭാരതീയലോക്ദൾ എന്ന പാർട്ടിയുടെ തലവനായിരുന്ന ചരണ്‍സിംഗ് ഗ്രാമീണ സോഷ്യലിസം എന്ന ആശയത്തിന്റെ വക്താവു മായിരുന്നു. ഉത്തരേന്ത്യന്‍ ജാട്ട് സമുദായത്തില്‍ പിറന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയമണ്ഡലം പശ്ചിമ ഉത്തര്‍പ്രദേശും ഹരിയാണയും ആയിരുന്നു.പക്ഷെ എന്റെയുള്ളില്‍ ഉണരുന്ന മുഖം മറ്റൊരാളുടെതാണ്. 1989-90 കാലത്ത് ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയിലെ നവോദയാ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്ന ചരണ്‍സിംഗ്. ഒരു ഉത്തരേന്ത്യന്‍ വംശജന് ഒട്ടും വഴങ്ങാത്ത മലയാളഭാഷ എനിക്കു മുന്നിലിരുന്നു ആയാസപ്പെട്ട് പഠിച്ചിരുന്ന, കറുത്തു ഉയരം കുറഞ്ഞ ആണ്‍കുട്ടി. കൌമാരം പിന്നിട്ടു കഴിഞ്ഞ ഭാവം. കുറ്റിത്താടിയും മീശയും വൃത്തിയില്ലാത്ത വേഷഭൂഷാദി കളും. കഠിനമായ ജീവിതസാഹചര്യങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന അവജ്ഞയും വിരക്തിയും അലക്ഷ്യഭാവവും.ബുലന്ദ്ശഹര്‍ ജില്ലയിലെ നവോദയാ വിദ്യാലയം തനി കുഗ്രാമത്തിലാണ്. ചുറ്റും വിശാലമായ പാടശേഖരത്തില്‍ ഗോതമ്പും കടുകും കരിമ്പും മറ്റു കൃഷികളും. അവിടെനിന്നും നാലഞ്ചു കിലോമീറ്റര്‍ ഉള്ളിലേയ്ക്കു സഞ്ചരിച്ചാല്‍ ഗംഗാനദിയുടെ കൈവഴിയൊഴുകുന്ന ബസ്സി എന്ന ഗ്രാമമുണ്ട്. വിദ്യാഭ്യാസമോ പൊതുസൌകര്യങ്ങളോ പരിഷ്ക്കാരങ്ങളോ തൊട്ടു തീണ്ടാത്ത ഉത്തര്‍പ്രദേശിലെ ആ ഗ്രാമം ഇന്നും ഒരാശ്ചര്യമായി ഉള്ളിലുണ്ട്. അവിടെയാണ് ചരണ്‍സിംഗ് താമസിക്കുന്നത്.നന്മകളാല് സമൃദ്ധമെങ്കിലും ആ നാട്ടിന്‍പുറം ദാരിദ്ര്യത്തിന്റെയും പരാധീനതകളുടെയും കേദാരമാണ്. ബാല്യത്തിലെ അച്ഛന് നഷ്ടപ്പെട്ട ചരണ്‍സിംഗിന്റെ കുടുംബത്തില്‍ അമ്മയും നാല് സഹോദരിമാരും ആണ് ഉണ്ടായിരുന്നത്. വിവാഹിതരായ രണ്ടു സഹോദരിമാരും വിദ്യാര്‍ത്ഥി നികളായ മറ്റു രണ്ടു പേരും, കൂലിപ്പണിക്കാരിയായ അമ്മയും. വിശപ്പ് തീരാത്ത അവരുടെ പിന്‍ബലം സര്‍ക്കാര്‍ വിദ്യാലയത്തിലെ സൌജന്യ ഭക്ഷണമായിരുന്നു. ആറാം ക്ലാസ്സു മുതല്‍ സൌജന്യവിദ്യാഭ്യാസവും താമസവും നല്കുന്ന ചരണ്‍സിംഗിന്റെ നവോദയാ വിദ്യാലയ പ്രവേശനം അവര്‍ക്കൊരു 'ലോട്ടറി' കിട്ടിയ പ്രതീതിയായിരുന്നു. പഠനത്തേക്കാള്‍ യഥാസമയം ഭക്ഷണം കിട്ടുമല്ലോ എന്ന ആശ്വാസം.സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നും വന്ന ഒരു കൂട്ടം കൂട്ടുകാര്‍ക്കിടയില്‍ ഒരപകര്‍ഷതാബോധം തുടക്കം മുതല്ക്കു തന്നെ അവനില്‍ പ്രകടമായിരുന്നു. എപ്പോഴും ഒറ്റപ്പെടുന്ന മനസ്സുമായി ആള്‍ക്കൂട്ടത്തില്‍ തനിയെ അവനിരിപ്പായി. ആദ്യം മുതല്ക്കു തന്നെ പരീക്ഷകള്‍ ഓരോന്നും ചരണ്‍സിംഗിന് വലിയ കടമ്പകളായിരുന്നു. ഒന്നില്‍പ്പോലും വിജയിക്കാനാ കാതെ നിസ്സഹായനാകുമ്പോള്‍ അവനു നേരിടേണ്ടി വന്നത് അധ്യാപകരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ഉള്ള നിന്ദയും പരിഹാസവും മാത്രം!മൂന്നു വര്‍ഷങ്ങളില്‍ ഏറെ കഷ്ടപ്പെട്ടാണ് അവന് ക്ലാസുകള്‍ ഓരോന്നും കയറിപ്പറ്റിയത്. താങ്ങാന്‍ കഴിയാത്ത കണക്കും സയന്‍സും അതിലുപരി ഇംഗ്ലീഷും അവനു തീരാത്ത തലവേദന സൃഷ്ടിച്ചു. താല്കാലിക കെട്ടിടത്തില്‍ തിക്കിയും തിരക്കിയും താമസിക്കുന്ന കുട്ടികളും അധ്യാപകരും. സ്ഥിരം ക്ലാസ്സ് മുറികളുടെ അഭാവത്തില്‍ ഗ്രൗണ്ടില്‍ കെട്ടിയുണ്ടാക്കിയ ആറു ടെന്റുകളിലാ യിരുന്നു ക്ലാസുകള്‍ നടന്നിരുന്നത്.അന്ന് ആദ്യയൂണിറ്റ് പരീക്ഷയുടെ രണ്ടാം ദിവസമായിരുന്നു. ചരണ്‍സിംഗ് ഇരുന്നിരുന്ന ടെന്റില്‍ ഞാനായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. എനിക്കു മുന്നില്‍ ചോദ്യപ്പേപ്പറില്‍ പകച്ചു നോക്കിയിരുന്ന അവന് ആദ്യത്തെ അരമണിക്കൂറില്‍ ഒരു വരി മാത്രം കുത്തിക്കുറിച്ചിരുന്നു. ഒന്നര മണിക്കൂര്‍ ദൈഘ്യമുള്ള പരീക്ഷ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. എട്ടു പുറമുള്ള ഉത്തരക്കടലാസില്‍ ചരണ്‍സിംഗ് ഒന്നൊഴിയാതെ എഴുതിയിരിക്കുന്നു! പത്തുപതിനഞ്ചു നിമിഷങ്ങള്‍ക്കകം ഇതെങ്ങനെ സംഭവിച്ചു? അവന്റെ ഉത്തരക്കടലാസ് മേടിച്ചു നോക്കുമ്പോള്‍ എനിക്കൊരു കാര്യം ബോധ്യമായിരുന്നു. സ്കൂള്സീലുള്ള ഉത്തരക്കടലാസ് തലേന്ന് മോഷ്ടിച്ചു സയന്‍സ് നോട്ടുപുസ്തകത്ത്തില് നിന്നും പകര്‍ത്തി എഴുതി യിരിക്കുന്നു. ഞാന്‍ കാണാതെ, വളരെ സമര്‍ത്ഥമായി പരീക്ഷക്കിടയില്‍ അവന് അത് മാറ്റിയിരിക്കുന്നു! അപ്പോള്‍ ഒരുവരി മാത്രം കുത്തിക്കോറിയ ആ ഉത്തരക്കടലാസ് എവിടെ?സംശയം തോന്നിയ ഉടനെ ഞാന്‍ ചരണ്‍സിംഗിനെ ക്രോസ്സ്-വിസ്താരം ചെയ്തു നോക്കി. താന്‍ കോപ്പിയടിച്ചതല്ലെന്ന ഉറച്ച നിലപാടില്‍ നില്ക്കുന്ന അവന്റെ പോക്കറ്റിലും മറ്റും ഞാന്‍ സൂക്ഷ്മമായി പരിശോധിച്ചു. ഒന്നും തെളിയിക്കാന്‍ കഴിയാതെ നില്ക്കുന്ന എന്നെ നോക്കി അവന് ദയനീയമായി പുഞ്ചിരിച്ചു. അതിനിടയില്‍ ആ വഴി വന്ന സയന്‍സ് അധ്യാപകനായിരുന്ന ഗ്യാനേന്ദ്രകുമാറി നോട് ഞാനെന്റെ സംശയം വിസ്തരിച്ചു പറഞ്ഞു. ചരണ്‍സിംഗിനു നേരെ ചെന്നയുടനെ ഗ്യാനേന്ദ്ര കുമാര്‍ നന്നായി രണ്ടടി കൊടുത്തു. നിമിഷങ്ങള്‍ക്കകം ചരണ്‍സിംഗ് കൈകൂപ്പി, തന്റെ അടിവസ്ത്രത്തിനിടയില്‍ ഒളിപ്പിച്ചു വെച്ച, ഒരു വരി മാത്രം കുത്തിക്കുറിച്ച ആ ഉത്തരക്കടലാസെടുത്ത് അദ്ദേഹത്തിനു നേരെ നീട്ടി. ചെയ്ത തെറ്റിന് മാപ്പപേക്ഷിച്ചു കൊണ്ട് ചരണ്‍സിംഗ് എഴുതിയ അപേക്ഷ പ്രിന്‍സിപ്പാളിനു നല്കി. ആളുകള്‍ക്കിടയില്‍ സ്വയം അപഹാസ്യ നായ അവന് പിന്നീടുള്ള ദിവസങ്ങളില്‍ തീരെ മൂകനും ദു:ഖിതനുമായിരുന്നു.അതിനിടയ്ക്കാണ് 'രക്ഷാബന്ധന് ' വന്നെത്തിയത്. രണ്ടു ദിവസത്തെ അവധിക്കായി കുട്ടികളെ വീടുകളിലേയ്ക്ക് പറഞ്ഞയച്ചു. അവധി കഴിഞ്ഞു ചരണ്‍സിംഗ് വന്നില്ല. അവന് എന്തോ അസുഖമാണ് എന്ന് മാത്രം അതെ ഗ്രാമത്തിലെ കുട്ടികള്‍ വന്നു പറഞ്ഞു. ആഴ്ചകള്‍ നീങ്ങി മാസം ഒന്ന് കഴിഞ്ഞപ്പോള്‍ ഒരു ദിവസം അവന്റെ ഗ്രാമത്തില്‍ നിന്നും മറ്റൊരു രക്ഷിതാവ് സ്കൂളില്‍ വന്നു. ദൈന്യത കലര്‍ന്ന മുഖഭാവത്തോടെ അയാള്‍ പ്രിന്‍സിപ്പാളി നോട് പറഞ്ഞു, " ഇവിടെ പഠിക്കുന്ന ഒമ്പതാം ക്ലാസ്സിലെ ചരണ്‍സിംഗ് ഇന്ന് രാവിലെ ജില്ലാ ആശുപത്രിയില്‍ വെച്ച് അന്ത്യശ്വാസം വലിച്ചു. കുറെ നാളുകളായി അവന് 'മസ്തിഷ്ക്കരോഗ'മായിരുന്നുവത്രേ! ഒരാഴ്ച മുമ്പാണ് രോഗം കൂടുതലായതും ആശുപത്രിയില്‍ കൊണ്ടുപോയതും. അപ്പോഴേയ്ക്കും അവന് തിരിച്ചു വരാത്ത നിലയില്‍ ആയിരുന്നു"ചരണ്‍സിംഗിന്റെ മരണവാര്‍ത്ത അറിഞ്ഞയുടനെ വിദ്യാലയത്തില്‍ നിന്നും ഞാനടക്കമുള്ള അധ്യാപകരും സഹപാഠികളും അവന്റെ ഗ്രാമത്തിലേയ്ക്ക് അന്ത്യദര്‍ശനത്തിനായി പോയിരുന്നു. കൂട്ടുകാരുടെ നിറയുന്ന മിഴികളിലും അധ്യാപകരുടെ കനത്ത മുഖത്തും നോക്കാതെ ചരണ്‍സിംഗ് കിടന്നു. ഗ്യാനേന്ദ്രകുമാര്‍ അവനെ കാണാന്‍ കഴിയാതെ വീട്ടിനു പുറത്തുള്ള ചൂടിക്കട്ടിലില്‍ തലതാഴ്ത്തിയിരുന്നു. ഗ്രാമത്തിലെ ആ ചെറ്റപ്പുരയില്‍ അലമുറയിട്ട് കരയുന്ന അമ്മയുടെയും സഹോദരിമാരുടെയും മറുവാക്ക് കേള്‍ക്കാന്‍ തയ്യാറാകാതെ, നാല് നേര്സഹോദരിമാരും സ്നേഹപൂര്‍വ്വം കെട്ടിക്കൊടുത്ത 'രാഖി'കളുമായി അവന് തിരിച്ചു വരാത്ത ഏതോ ലോകത്തേയ്ക്ക് യാത്രയായി.വര്‍ഷങ്ങള്‍ കാല് നൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു. ഇന്നും പരീക്ഷകള്‍ വരുമ്പോള്‍, ഉത്തരക്കടലാസുകള്‍ കാണുമ്പോള്‍ ഞാന്‍ ചരണ്‍സിംഗിനെ ഓര്‍ക്കും, ഒരു തേങ്ങലോടെ! വാക്കുകള്‍ക്കും വികാരങ്ങള്‍ക്കും പകുത്തു നല്കാന് കഴിയാത്ത മനോവ്യഥകള്ക്കിടയില് ചരണ്‍സിംഗ് ഇന്നും ... ഒരു വരി മാത്രം കുത്തിക്കുറിച്ച ആ ഉത്തരക്കടലാസുമായി എന്റെ മുന്നില്‍ ഇടയ്ക്കിടെ വരാറുണ്ട്, ദയനീയമായ ഒരു പുഞ്ചിരിയോടെ !---------------------------------------------------------------------------------------------14th AUGUST 2016 SUNDAY11
View comments
- രണ്ടു മാസത്തെ വേനലവധി തുടങ്ങിയതും അവസാനിച്ചതും വരാനിരിക്കുന്ന സ്ഥലമാറ്റത്തെക്കുറിച്ചുള്ള ആശങ്കകളോടെയായിരുന്നു. പത്ത് വര്‍ഷത്തില്‍ അധികം ഒരേ സ്കൂളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേറൊരാള് വന്നാല്‍ സ്വസ്ഥാനം നഷ്ടപ്പെടുമെന്ന ചിന്തയാല്‍ തനിക്ക് ഉചിതമെന്ന് തോന്നിയ സ്ഥലങ്ങളിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു എല്ലാവരും കാത്തിരിപ്പ് തുടര്‍ന്നു.അവധി കഴിഞ്ഞു സ്കൂള്‍ തുറക്കുന്ന ദിവസങ്ങളിലാണ് ഓരോരോ വിഷയങ്ങളുടേയും വരാനിരിക്കുന്ന സ്ഥലമാറ്റത്തിന്റെ നീണ്ട ലിസ്റ്റ് 'വല'യില്‍ പ്രത്യക്ഷപ്പെട്ടത്. പത്തും ഇരുപതും വര്‍ഷങ്ങളായി ഒരേ ക്യാമ്പസ്സില്‍ സ്വന്തം വീടുപോലെ കഴിഞ്ഞവര്‍ക്ക് കൂട് വിട്ടു പോകാനുള്ള വൈമനസ്യം. ഗത്യന്തരമില്ലാത്ത അവസ്ഥയില്‍ ശേഷകാലം മറ്റൊരു ക്യാമ്പസിലെ 'വീടാംകൂട്' തേടിയുള്ള നീണ്ട കാത്തിരിപ്പ്. പഴയ കൂട് വിട്ടു മറ്റൊരു കൂട് കെട്ടിയുണ്ടാക്കാനുള്ള ചിന്തകളോടെയിരിക്കുമ്പോള് അവരില്‍ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടം ശക്തമായ സാന്നിധ്യമായി.
വേനലവധി കഴിഞ്ഞ് ട്രാന്‍സ്ഫര്‍ ലിസ്റ്റ് വന്ന ഒരു ദിവസം ഇടവേളയില്‍ സ്റ്റാഫ്റൂമില്‍ ഞങ്ങള്‍ ഒത്തുചേര്‍ന്നു. ചായ കുടിക്കുന്നതിനിടയില്‍ ആ വാര്‍ത്ത ഹിന്ദി അധ്യാപകനായ വിജയ് കുമാര്‍ ഝ അവതരിപ്പിച്ചു. അദ്ദേഹത്തിനു പകരം ഉത്തരാഖണ്ഡിലെ മലമടക്കുകളിലെ വിദ്യാലയത്തില്‍ നിന്നും മറ്റൊരാള്‍ വരുന്നു. പേര് ഡിംപിള്‍ ശര്‍മ്മ. എന്തും വളരെ നാടകീയവും ഗൌരവതരവുമായി വളച്ചു കെട്ടി അവതരിപ്പിക്കാന്‍ ബീഹാറിയായ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാവഹാവാദികളില്‍ നിന്നും വിവരണങ്ങളില്‍ നിന്നും ക്യാമ്പസ്സില്‍ വരുന്നത് ഒരു അധ്യാപികയാണ് എന്ന് ആര്‍ക്കും മനസ്സിലാകുമായിരുന്നു. പേര് കേട്ട മാത്രയില്‍ ചുറ്റുമിരുന്നിരുന്ന അധ്യാപകരുടെ മുഖത്ത് ഒരു ശൃംഗാരച്ചിരി പടര്‍ന്നു, പെരുമഴക്കാലത്തെ ഇളംവെയില്‍ പോലെ!
തുടര്‍ന്നുള്ള ദിവസങ്ങളില്‍ എല്ലാവരും ഡിംപിള്‍ ശര്‍മ്മയെ അനുനിമിഷം പ്രതീക്ഷിച്ചിരുന്നു. ഈ ആവാസീയവിദ്യാലയത്തിലെ എല്ലാവരും സകുടുംബം ക്വാര്‍ട്ടെഴ്സുകളില്‍ ആണ് താമസം. വിരലില്‍ എണ്ണാവുന്ന അധ്യാപികമാര്‍ മാത്രമുള്ള ക്യാമ്പസ്സില്‍ ഓരോ വര്‍ഷവും സ്ഥലംമാറ്റകാലത്ത് സ്ത്രീകഥാപാത്രങ്ങളെ കാത്തിരിക്കാറുണ്ട്, കുട്ടികളും മറ്റു സ്റ്റാഫംഗങ്ങളും ആകാംക്ഷയോടെ. വിശിഷ്യ, അവരില്‍ ചിലര്‍ കൂടുതല്‍ ഉത്സാഹത്തോടെ ഒരു സ്ത്രീരൂപം കണ്ടാല്‍ അവര്‍ പുതിയ അധ്യാപികയായിരിക്കണേ എന്നു മനസാ പ്രാര്ത്ഥിച്ചുമിരുന്നിരുന്നു. ദിവസങ്ങള്‍ ആഴ്ചകളായി കടന്നു പോയപ്പോള്‍ പലര്‍ക്കും നിരാശ കൂടിക്കൂടി വന്നു. ചിലര്‍ ഡിംപിള്‍ ശര്‍മ്മയെ മനസ്സില്‍ നിന്നും മാറ്റി നിര്‍ത്തി. മറ്റു ചിലര്‍ എന്തായാലും ഡിംപിള്‍ വരാതിരിക്കില്ല എന്നാശിച്ചു. സുപ്രസിദ്ധ ഹിന്ദി നടിയായ ഡിംപിള്‍ കപാഡിയയുടെ തനിപ്പകര്‍പ്പാകും ഈ ഹിന്ദി അധ്യാപിക എന്ന് മോഹിച്ചു കാത്തിരുന്ന, സ്ഥിരം ശൃംഗാരഭാവമുള്ള സഹാധ്യാപകനു മനസ്സ് മടുത്തു. തലേന്നു തന്റെ മകളെ കാണാനെത്തിയ ഒരു സ്ത്രീയോട് അദ്ദേഹം 'ഡിംപിള്‍ ശര്‍മ്മയാണോ?" എന്ന് ചോദിച്ചിരുന്നുവത്രേ!
ദിവസങ്ങള്‍ ഏറെക്കഴിഞ്ഞു. അന്നൊരു ശനിയാഴ്ചയായിരുന്നു. അന്ന് രാവിലെ തന്നെ വിജയ് കുമാര്‍ ഝ സാര്‍ വീണ്ടും ഒരു പ്രസ്താവനയിറക്കി. "ഡിംപിള്‍ ശര്‍മ്മ ഇന്ന് സന്ധ്യയോടെ ക്യാമ്പസ്സില്‍ വന്നു ചേരും!" വിവരം ഒരാളില്‍ നിന്ന് മറ്റുള്ളവരിലേക്ക് കാറ്റില്‍ പടരുന്ന അഗ്നി പോലെ ക്യാമ്പസ്സിന്റെ മുക്കിലും മൂലയിലും എത്തി. അന്ന് രാവിലെ എല്ലാം കെട്ടിപ്പൂട്ടി രാജസ്ഥാനിലെ മറ്റൊരു ക്യാമ്പസിലേയ്ക്ക് പോകാനൊരുങ്ങുന്ന ഭരദ്വാജ് സാര്‍ പറഞ്ഞു, "ഇത്രയൊക്കെ ആയ അവസ്ഥയില്‍, സ്ഥലമാറ്റം കിട്ടി പോകുന്നതിനു മുന്‍പ് ഞാന്‍ ഡിംപിള്‍ ശര്‍മ്മയെ നേരില്‍ കാണുമെന്ന് മോഹിച്ചിരുന്നു, ഭാഗ്യമില്ല!" കഴിഞ്ഞ രണ്ടു വര്‍ഷമായി ഭരദ്വാജ് സാര്‍ എന്റെ തൊട്ടു താഴെയുള്ള ക്വാര്‍ട്ടറില്‍ ആയിരുന്നു കുടുംബസമേതം പാര്‍ത്തിരുന്നത്.
പതിവുപോലെ ശനിയാഴ്ച്ച വൈകീട്ട് കുട്ടികള്‍ അത്താഴത്തിനു ശേഷം ഡൈനിങ്ങ് ഹാളില്‍ സിനിമയും കാണാന്‍ പോയപ്പോള്‍ ഞാന്‍ എന്റെ ദിനചര്യപോലെ പത്തര മണിയോടെ ഉറങ്ങാന്‍ കിടന്നു. ചെറിയൊരു ഉറക്കം കഴിഞ്ഞിരിക്കണം, താഴെ നിന്നും നിരന്തരമായ ശബ്ദവും ആരവങ്ങളും. ഉറക്കം തടസ്സപ്പെട്ട വിഷമത്തോടെ കതകു തുറന്ന് ബാല്‍ക്കണിയില്‍ നിന്നും ഞാന്‍ ആ കാഴ്ച കണ്ടു. വലിയൊരു ലോറിയില്‍ വീട്ടുസാധനങ്ങള്‍ കൊണ്ട് വന്നിരിക്കുന്നു. സീനിയര്‍ ആണ്‍കുട്ടികള്‍ അവയോരോന്നായി ബഹളത്തോടെ താഴെയിറക്കി ഒഴിഞ്ഞ ക്വാര്‍ട്ടറിലേയ്ക്ക് കയറ്റി വെയ്ക്കുന്നു. ശാന്തമായിരുന്ന ക്യാമ്പസ്സിലെ രാത്രി ശബ്ദായമാനമായിത്തീര്ന്നിരിക്കുന്നു.
സ്വന്തം താവളത്തിനു താഴെ വന്ന പുതുമുഖം ആരെന്നറിയാനുള്ള വ്യഗ്രതയില്‍ താഴെ നിന്നിരുന്ന വാച്ച്മാന് റോഷന് ഭായിയെ വിളിച്ചു ഞാന്‍ ആരാഞ്ഞു, " ങ്ഹാ... റോഷന് ഭായീ, യേ നയാ കോന്‍ ആയേ ഹേ?" ചിരിച്ചു കൊണ്ട് അയാള്‍ മറുപടി തന്നു, "പിതോറഗഡ് സേ ഹിന്ദി ടീച്ചര്‍ ആയേ ഹേ!" അര്‍ദ്ധരാത്രിയില്‍ പോയി ലോഗ്യം ചോദിക്കാനോ പരിചയപ്പെടാനോ ഉള്ള മര്യാദയൊന്നും ഇല്ലാതെ ഞാന്‍ കിടന്നു, മനസ്സില്‍ ഒരു കൂട്ടം സംശയങ്ങളുമായി.
പിതോറഗഡ് വിദ്യാലയത്തില്‍ നിന്നും ഇങ്ങോട്ട് വരുന്ന ഹിന്ദി ടീച്ചര്‍ ഡിംപിള്‍ ശര്‍മ്മയല്ലാതെ മറ്റാരുമല്ല. അവരെങ്ങനെ ആണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ക്ക് സമീപത്തെ ക്വാര്‍ട്ടറില്‍ വന്നു? പുതിയതായി ചാര്‍ജ് എടുത്ത പ്രിന്‍സിപ്പാളിനു ഇത്രയും ബോധമില്ലാതെ വരുമോ? അവര്‍ കുടുംബത്തോടെ ആയിരിക്കണം, അല്ലെങ്കില്‍ ഇത്രയും വീട്ടുസാധനങ്ങള്‍ എന്തിനാണ്? അവര്‍ക്ക് ഭര്‍ത്താവും കുട്ടികളും ഉണ്ടാവാതിരിക്കില്ല. ഉറക്കം നഷ്ടപ്പെട്ടു കിടന്നപ്പോള്‍ ബഹളം നിലക്കാത്ത താഴെ പോയി ഒന്നും മുഖം കാണിച്ചാലോ എന്ന് സംശയിച്ചു. അതിര് കടന്ന ആകാക്ഷ ആപത്താണെന്ന് മനസ്സാക്ഷി സ്വയം നിയന്ത്രിച്ചപ്പോള്‍ പുലരും വരെ മയങ്ങിയും ഉണര്‍ന്നും ഒരു രാത്രി കഴിച്ചു കൂട്ടി.എല്ലാ ഞായറാഴ്ചകളിലും ചെയ്യുന്ന പോലെ നേരത്തെയുണര്‍ന്നു വിട്ടു മാറാത്ത ഉറക്കച്ചടവോടെ ഞാന്‍ ദിനചര്യകളില്‍ മുഴുകി. ബാല്‍ക്കണിയില്‍ നിന്നും പുറത്തേയ്ക്ക് നോക്കിയപ്പോള്‍ ഹോസ്റ്റലുകളെല്ലാം കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു. തൊട്ടു താഴെ ഒരു മോട്ടോര്‍സൈക്കിളും കുട്ടികളുടെ രണ്ടു സൈക്കിളുകളും കൂളര്‍, മേശ, കസേരകള്‍ തുടങ്ങി ചില വീട്ടുസാമഗ്രികളും കിടപ്പുണ്ടായിരുന്നു. അര്‍ദ്ധരാത്രിയില്‍ വന്ന അതിഥി ആരെന്നറിയാതെ അപ്പോഴും അസ്വസ്ഥത ബാക്കിയായി. ഹോസ്റ്റലിനു മുന്‍വശത്തുള്ള വാട്ടര്‍ കൂളറില്‍ നിന്നും വെള്ളമെടുക്കാനായി ഞാനിറങ്ങി. ഒട്ടും പ്രതീക്ഷിക്കാതെ താഴെയുള്ള ക്വാര്‍ട്ടറിന്റെ വാതില്‍ തുറന്ന് സുമുഖനായ ഒരാള്‍ എന്നെ നോക്കി 'നമസ്തേ!' പറഞ്ഞു. പ്രത്യഭിവാദനം ചെയ്യുമ്പോള്‍, 'ഡിംപിള്‍ ശര്‍മ്മ മാഡത്തിന്റെ ഭര്‍ത്താവ്' എന്ന് മനസ്സ് മന്ത്രിച്ചു.
ചെറുപുഞ്ചിരിയോടെ അഞ്ചരയടിയുള്ള വെളുത്ത് തടിച്ച രൂപം അടുത്തു വന്നു. കറുത്ത ബര്‍മുഡ ട്രൗസറും മഞ്ഞ ടീഷര്‍ട്ടും ചുവന്നു തുടുത്ത കവിളുകളും. ഞാന്‍ പരിചയപ്പെടും മുന്‍പേ അദ്ദേഹം സ്വയം പരിചയപ്പെടുത്തി, " മേരാ നാം ഡിംപിള്‍ ശര്‍മ്മ, ഹിന്ദി അധ്യാപക്, പിതോറഗഡ് സേ ട്രാന്‍സ്ഫര്‍ ലേക്കെ ആയാ ഹും. മേരേ സാത്ത് അപ്നീ വൈഫ് ഓര് ദോ ബേട്ടെ ഭി ആയാ ഹേ!" ("എന്റെ പേര് ഡിംപിള്‍ ശര്‍മ്മ, ഹിന്ദി അദ്ധ്യാപകന്, പിതോറഗഡ് നിന്നും ട്രാന്‍സ്ഫര്‍ മേടിച്ചു വന്നതാണ്. എന്റെ കൂടെ ഭാര്യയും രണ്ടു മക്കളുമുണ്ട്")
ഹസ്തദാനത്തിനു നീട്ടിയ തുടുത്ത കൈകളോടെ ഡിംപിള്‍ ശര്‍മ്മ. പുലരും മുന്‍പ് ഞാന്‍ കണ്ടത് സ്വപ്നമോ സത്യമോ എന്നറിയാതെ ഞാന്‍. എന്നെക്കുറിച്ച് ഞാന്‍ പറയുമ്പോഴും ചഞ്ചലമായ എന്റെ മനസ്സിലെ അമ്പരപ്പ് മനസ്സിലാക്കി അദ്ദേഹം പറഞ്ഞു, "ഡോണ്ട് വറി.. ഐ കാന്‍ അണ്ടര്‍സ്റ്റാന്‍ഡ് യുവര്‍ കണ്ഫ്യൂഷന്... അയാം ഡിംപിള്‍ ശര്‍മ്മ!"
---------------------------------------------------------------------------------------------
24th JULY 2016 SUNDAY14View comments
- "ലേ ചല്, ലേ ചല് സബ് കര്ത്തേസംഗ് ചലേ നാ കോയീ,ഇസ് സേ പഹ് ലേ ജ്യാദാ പരേശാനീ ഹോ
ഹേ, ഈശ്വര്‍ ! മുജ്ഹെ അപ്നേ പാസ് ബുലാലോ!"
പരന്നു കിടക്കുന്ന പാടത്തിനരികെയുള്ള വീടിനു മുന്നിലെ ഗേറ്റിനടുത്തിരുന്ന് ആ മുത്തശ്ശി നീട്ടിപ്പാടി. പ്രായാധിക്യം കൊണ്ട് സ്വരം സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ ഇരുകൈകളും ആകാശ നീലിമയിലേയ്ക്ക് ചൂണ്ടി. പരമാത്മാവായ ജഗദീശ്വരനോടുള്ള പ്രാര്‍ത്ഥനയായിരുന്നു അത്. നൂറു മീറ്ററിനപ്പുറം പ്രധാനപാതയില്‍ ഇടതടവില്ലാതെ പാഞ്ഞു പോകുന്ന വാഹനങ്ങളുടെ അവസാനിക്കാത്ത ആരവം. സ്വാധീനം നഷ്ടപ്പെടുന്ന ശരീരഭാരത്തോടെ, കയ്യിലുള്ള നീണ്ട മുട്ടന്‍ വടിയുടെ സഹായത്താലാണ് അവര്‍ നടന്നു നീങ്ങുന്നത്. മങ്ങിയ കണ്ണുകളില്‍ നിറയുന്ന അശ്രുക്കള്‍ സമ്മിശ്രവികാരങ്ങളുടെ ബാക്കിപത്രം മാത്രം. ശുദ്ധമായ ഹരിയാന്‍വി ഭാഷയില്‍ ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ച് മങ്ങാത്ത ഓര്‍മ്മകളുടെ ഭാണ്ഡമഴിച്ച് അവര്‍ ഞങ്ങളെ നോക്കി നീട്ടിപ്പാടി.കഴിഞ്ഞ ഒന്നര വര്‍ഷമായി എന്റെ സഹാദ്ധ്യാപകനായ വാജിദ് അലിയുടെ കൂടെ വൈകുന്നേരം നടന്ന് ഞാന്‍ ഈ മുത്തശ്ശിയുടെ അരികിലെത്തുന്നു. ശുദ്ധമായ പശുവിന് പാല് കണ്മുന്നില് വെച്ച് കറന്നു തരുന്ന അവരുടെ മകനും മരുമകളും തനി നാട്ടിന് പുറത്തെ നന്മയുടെ പര്യായങ്ങള്‍. വാജിദ് അലിയുടെ കൂടെ എന്നെ ആദ്യമായി കണ്ട ദിവസം പാതി തുറക്കാത്ത അവരുടെ കണ്ണുകളില്‍ സംശയം നിഴലിച്ചു. ഞാനൊരു കേരളീയനായ അദ്ധ്യാപകന് ആണെന്നറിഞ്ഞപ്പോള്‍ അവരുടെ ശബ്ദം ഉറക്കെയായി. "കടലിന്റെ അടുത്ത് നിന്നും ഇത്ര ദൂരം വന്ന് ജോലി ചെയ്യുന്ന നിങ്ങള്‍ക്ക് വലിയൊരു തുക ശമ്പളമായി കിട്ടും, അല്ലേ?" എന്ന് നിഷ്കളങ്കമായി ആ ഗ്രാമീണമനസ്സ് ആരാഞ്ഞു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഞാന്‍ ആ മുത്തശ്ശിയെ കൂടുതല്‍ മനസ്സിലാക്കുകയായിരുന്നു; അവര്‍ എന്നെയും. നിവൃത്തിയുണ്ടെങ്കില്‍ ഒരു ദിവസം പോലും ഞാന്‍ വാജിദ് അലിയുടെ കൂടെ സായാഹ്നസഞ്ചാരത്തിന് പോകാതിരിക്കാറില്ല. തണുപ്പുകാലം വന്നപ്പോള്‍ പല ജീവികള്‍ക്കും ശീതകാലനിദ്ര അഥവാ 'ഹൈബെര്‍നേഷന്‍' പതിവുള്ള പോലെ മുത്തശ്ശിയെ പുറത്ത് കാണാതായി. തണുപ്പില്‍ പുറത്ത് വരാന്‍ കഴിയാത്ത അവര്‍ കമ്പിളിവസ്ത്രങ്ങള്ക്കുള്ളില് കിടന്ന്, പരമാത്മാവായ ജഗദീശ്വരനോട് 'അനായാസേന മരണം' പ്രാര്‍ത്ഥിച്ചു. വെയില് പരക്കാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ഉത്സാഹവതിയായി സന്ധ്യയുടെ നിറവില്‍ അസ്തമിക്കാന്‍ വെമ്പുന്ന ചുവന്ന സൂര്യനെ നോക്കിയിരുന്നു, സ്വന്തം ജീവിതസായാഹ്നത്തിന്റെ അസ്വസ്ഥതകളും വേവലാതികളുമായി.ഒരു സന്ധ്യയില്‍ അവരുടെ പേരും വയസ്സും ചോദിച്ച എന്നോടവര്‍ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് വാചാലയായി. മുത്തശ്ശിയുടെ അച്ഛനമ്മമാര്‍ക്ക് പന്ത്രണ്ടുമക്കള്‍ ഉണ്ടായിരുന്നു. അവരില്‍ ഏറ്റവും ഇളയവളായി പൌര്ണ്ണമിദിനത്തില് പൂര്ണ്ണവളര്ച്ചയില്ലാതെ ഒരു കുഞ്ഞുമകള്‍ പിറന്നു. ഒരു കുഞ്ഞു മാംസപിണ്ഡമായി ആദ്യദിനം മുതല്‍ ജീവന് നിലനില്ക്കാന് പ്രയാസപ്പെട്ടിരുന്ന ആ കുഞ്ഞിനെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ അമ്മയും ഗ്രാമവാസികളും നന്നേ പാടുപെട്ടു. എങ്കിലും പൌര്‍ണ്ണമി ദിവസം പിറന്ന ആ കുട്ടിയെ അവര്‍ പൂര്‍ണ്ണവതി എന്ന് പേരിട്ടു വിളിച്ചു.പൂര്‍ണ്ണവതി വളര്‍ന്നതോടെ തന്റെ പൂര്‍ണ്ണാരോഗ്യം വീണ്ടെടുത്തു. മനസ്സും ശരീരവും ഒരു പോലെ ശക്തമായി. പന്ത്രണ്ടാം സന്തതി മറ്റുള്ള സഹോദരങ്ങളേക്കാള്‍ എല്ലാ അര്‍ത്ഥത്തിലും മുന്നിലായി. ഗ്രാമവാസികളുടെ യും ബന്ധുക്കളുടെയും പ്രിയപ്പെട്ട പൂര്‍ണ്ണയായി. അന്നത്തെ നാട്ടു നടപ്പ് പോലെ പന്ത്രണ്ടാം വയസ്സില്‍ പൂര്ണ്ണവതിക്കും മംഗല്യഭാഗ്യമുണ്ടായി. ഇരുപതു തികയാത്ത, ചുവന്നു തുടുത്ത പട്ടാളക്കാരനായ പുതുമണവാളന് കുതിരപ്പുറത്ത് വന്ന് പൂര്‍ണ്ണവതിയുടെ മനംകവര്‍ന്നു. ആ ദീഘകാലദാമ്പത്യത്തില് എട്ടുമക്കളുണ്ടായി. മൂന്ന് പെണ്ണും അഞ്ചാണും. അറുപതു വര്‍ഷത്തെ ദീഘകാലദാമ്പത്യജീവിതശേഷം ഭര്‍ത്താവും യാത്രയായി. കൂടപ്പിറപ്പുകള്‍ ഓരോരുത്തരായി കാലനൂര് പൂകി. അവരൊന്നും പോയതില്‍ ധൈര്യശാലിയായ ആ മുത്തശ്ശിക്ക് ദു:ഖമില്ല, മരണം വന്ന് വിളിച്ചാല്‍ ആരായാലും, എപ്പോഴായാലും പോകാതെ വയ്യല്ലോ? എങ്കിലും എട്ടു വയസ്സ് തികഞ്ഞ തന്റെ കുഞ്ഞുമകന് ഗ്രാമാതിര്‍ത്തിയിലുള്ള കുളത്തില്‍ മുങ്ങി മരിച്ചതു മാത്രം കണ്ണീരൊഴുക്കാതെ അവര്‍ക്ക് പറയാന്‍ കഴിഞ്ഞിരുന്നില്ല.കാലം പോലെ തന്റെ പെണ്മക്കളെ ഏറെ ദൂരെയല്ലാത്ത ഗ്രാമങ്ങളിലേയ്ക്ക് വിവാഹം കഴിച്ചയച്ചു. ആണ്മക്കളില് എഴുപതു കഴിഞ്ഞ മകന്റെയും 'ബഹു'വിന്റേയും കൂടെ അവര്‍ തന്റെ വാര്‍ദ്ധക്യം ഒന്നിച്ചാഘോഷിക്കുക യാണിപ്പോള്‍. ചുറ്റുമുള്ള വിശാലമായ പാടങ്ങള്‍ അവരുടെ കുടുംബത്തിന്റെ പൈതൃകസ്വത്താണ്. അതുകൂടാതെ രണ്ട് ആണ്മക്കള്ക്കും പാതവക്കില്‍ സ്വന്തമായി കെട്ടിടസാമഗ്രികളുടെ നല്ല ബിസിനസ്സും. ഗ്രാമത്തില്‍ നിന്നും വേറിട്ട് പാതയോരത്ത് രണ്ടുമക്കള്‍ ഉയര്‍ത്തിക്കെട്ടിയ കോണ്‍ക്രീറ്റ് കെട്ടിടത്തിനു ചുറ്റും ധാന്യകൂമ്പാരത്തിനൊപ്പം എരുമകളുടെയും പശുക്കളുടെയും സമൃദ്ധി. അവിടവിടെയായി കിടക്കുന്ന രണ്ടു ട്രാക്ടറുകളും കാറുകളും എല്ലാം ഉണ്ടെങ്കിലും അവിടെയുള്ള മുത്തശ്ശിയുടെ മക്കള്‍ക്കും ചെറുമക്കള്‍ക്കുമെല്ലാം അഹങ്കാരം തൊട്ടുതീണ്ടാത്ത നാട്ടിന്‍പുറത്തിന്റെ നല്ല മനസ്സ്. അവര്‍ക്കെല്ലാം താങ്ങായി പൂര്‍ണ്ണവതിയുടെ ശക്തമായ അമ്മ മനസ്സും.പൂര്‍ണ്ണവതിയുടെ വയസ്സു ചോദിച്ചപ്പോള്‍ ഒരു നിമിഷം ചിന്തിച്ചു അവര്‍ പറഞ്ഞു, "മാര്‍ക്കാട്ട് കേ സമയ് മേ സത്രാ സാല് കി ലോണ്ടീ ഥി" ("അടിപിടിക്കാലത്ത് ഞാന്‍ പതിനേഴു കഴിഞ്ഞ പെണ്ണായിരുന്നു"). മാര്‍ക്കാട്ട് അഥവാ അടിപിടി ഏതെന്നു സംശയിച്ചപ്പോള്‍ വാജിദ് സ്വാതന്ത്ര്യം കിട്ടിയ കൊല്ലത്തെ ക്കുറിച്ചാണ് അവര്‍ പറയുന്നതെന്ന് വിശദീകരിച്ചു തന്നു. കണക്കു കൂട്ടി നോക്കുമ്പോള്‍, എത്രയായെന്ന് ചോദിച്ച അവരോടു ഞാന്‍ പറഞ്ഞു, "മേരി മമ്മി ക്കി ബരാബര്‍ ഹേ ആപ്പ്" ("താങ്കള്‍ എന്റെ അമ്മയുടെ അതെ പ്രായമാണ്") അത് കേട്ട ദിവസം മുതല്‍ അവരെന്നെ ഒരു മകനോടുള്ള സ്വാതന്ത്ര്യത്തോടെ സംസാരിക്കാനും തുടങ്ങി. ഇടയ്ക്കിടെ 'അരേ പണ്ഡിത്, യേ സുന്..." എന്നു പറഞ്ഞു ഒരല്പം പരിഹസിക്കാനും മറന്നില്ല. ഇന്ത്യ-പാക്കിസ്ഥാന് വിഭജനകാലവും ജാതീയമായ വേര്‍തിരിവുകളും തുടര്‍ന്ന് ഇന്ദിരാഗാന്ധിയുടെ കാലത്തുണ്ടായ അടിയന്തരാവസ്ഥയും എല്ലാമെല്ലാം കുടുംബത്തില്‍ ഏറെ പട്ടാളക്കാരുള്ള പൂര്ണ്ണവതിമുത്തശ്ശിക്ക് മാത്രം സ്വന്തം. വായിക്കാനോ എഴുതാനോ അറിയില്ലെങ്കിലും പറഞ്ഞു കേട്ട ചരിത്രസത്യങ്ങള്‍ അവരുടെ ഒളിമങ്ങാത്ത ഓര്‍മ്മകളില്‍ സജീവം.ഞാനോര്‍ക്കുകയായിരുന്നു. പൂര്‍ണ്ണവതി മുത്തശ്ശിയും എന്റെ അമ്മയും സമകാലികരാണ്. എങ്കിലും ജീവിതസാഹചര്യങ്ങളുടെ വ്യത്യസ്തതകളില്‍ രണ്ട് പേരുടെയും പെരുമാറ്റവും അനുഭവങ്ങളും സംസ്കാരവും എല്ലാമെല്ലാം ഇരുധ്രുവങ്ങളിലായി നില്ക്കുന്നു. ധന്യമായ ജീവിതയാത്രയാണ് രണ്ടുപേര്‍ക്കും എങ്കിലും മക്കളോടുള്ള സ്നേഹവായ്പ്പിലും സംരക്ഷണ ത്തിലും പൂര്ണ്ണവതിയും എന്റെ അമ്മയും ഒന്ന് തന്നെ എന്ന് ഞാന്‍ അറിയുന്നു, അറിഞ്ഞു കൊണ്ടേയിരിക്കുന്നു. വാര്‍ദ്ധക്യം തൊണ്ണൂറുകളി ലേയ്ക്ക് നീങ്ങുമ്പോള്‍ വള്ളുവനാടന്‍ ഗ്രാമത്തിലിരുന്ന് ആ അമ്മ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു," അനായാസേന മരണം, വിനാദൈന്യേന ജീവനം,ദേഹിമേ കൃപയാ ശംഭോ, ത്വയി ഭക്തിമചഞ്ചലാം "ഇവിടെ എനിക്കടുത്തുള്ള ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ വേറെ ഒരമ്മ സഫലമായ യാത്രയുടെ അന്തിമചരണത്തില്, ആകാശ നീലിമയിലേയ്ക്ക് ഇരുകൈകളും ചൂണ്ടി പരമാത്മാവായ ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു,"ലേ ചല്, ലേ ചല് സബ് കര്ത്തേസംഗ് ചലേ നാ കോയീ,ഇസ് സേ പഹ് ലേ ജ്യാദാ പരേശാനീ ഹോഹേ, ഈശ്വര്‍ ! മുജ്ഹെ അപ്നേ പാസ് ബുലാലോ!"കാലവും ദേശവും ഭാഷയും ഏറെ വ്യത്യസ്തമെങ്കിലും, വാര്ദ്ധക്യദശ നല്കുന്ന ചിന്തകളും പ്രാര്‍ത്ഥനകളും അതിലുപരി ലോകമെമ്പാടുമുള്ള അമ്മമനസ്സുകളും ദ്വൈതമല്ല എന്നുള്ള തിരിച്ചറിവാകട്ടെ ഇന്നത്തെ അനുഭവപാഠം." അനായാസേന മരണം, വിനാദൈന്യേന ജീവനം,ദേഹിമേ കൃപയാ ശംഭോ, ത്വയി ഭക്തിമചഞ്ചലാം "--------------------------------------------------------------------------------------------10th JULY 2016 SUNDAY33View comments
- അതിഥി' എന്ന വാക്കിന്റെ അര്‍ത്ഥം 'തിഥി തികയ്ക്കാത്തവന്' എന്നാണ്. പണ്ട് കാലത്ത് കാല്‍നടയായി വരുന്ന വഴിയാത്രക്കാര്‍ ഒരു ദിവസം മുഴുവനും താമസിക്കാന്‍ നില്‍ക്കാതെ രാത്രികാലങ്ങളില്‍ വീടുകളില്‍ വിശ്രമിക്കാന്‍ എത്തിച്ചേരുമായിരുന്നു. ഇങ്ങനെ ഒരു ദിവസം മുഴുവനും താമസിക്കാത്ത ആളുകളെന്ന അർത്ഥത്തിലാണ് അതിഥികളെന്ന് അന്നു പറഞ്ഞിരുന്നത്.
ഗൃഹസ്ഥന്റെ അതേ ഗ്രാമത്തിൽ സ്ഥിരമായി താമസിക്കാത്തവനും വീട്ടിൽ വന്നാൽ ഒരു രാത്രി മാത്രം തങ്ങുന്നവനും സൂര്യൻ വൃക്ഷങ്ങളുടെ മുകളിൽ ചാഞ്ഞുനില്ക്കുമ്പോൾ (രാവിലെയും വൈകുന്നേരവും) വരുന്നവനുമാണ് അതിഥി എന്ന് ഗൌതമധർമ്മസൂത്രത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. 'അസമാനഗ്രാമഃ അതിഥിഃ ഐകരാത്രികഃ അധിവൃക്ഷ സൂര്യോപസ്ഥായീ' എന്നാണ് അതിഥിക്ക് അദ്ദേഹം കൊടുത്തിരിക്കുന്ന ലക്ഷണങ്ങൾ.
അതിഥി ആരായാലും പൂജിക്കപ്പെടേണ്ടവനാണെന്നും ഒരിയ്ക്കലും അയാളെ സന്തോഷിപ്പിക്കാതെ അയയ്ക്കരുതെന്നും അങ്ങനെ ചെയ്യുന്നത് ഗൃഹസ്ഥനു ദോഷമാണെന്നും അതിഥിസല്ക്കാരമെന്നത് അലംഘനീയമായ ഒരു ശിഷ്ടാചാരമാണെന്നും ഹൈന്ദവപുരാണങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 'തിഥി നോക്കാതെ വരുന്നവനാണ് അതിഥി' എന്ന വ്യഖ്യാനവും തെറ്റല്ല.
ചുരുക്കത്തില്‍, തൈത്തിരീയോപനിഷത്തില്‍ സൂചിപ്പിക്കുന്ന പോലെ, "അതിഥി ദേവോ ഭവ:!"
ഔപചാരികമായി വരുന്നവരെ അനൌപചാരികമായി സ്വീകരിക്കുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമാണ്. 'മൈഗ്രേഷന്‍' അഥവാ പ്രവാസ പഠനകാലത്തിനു പറ്റിയ പേരാണ് ദേശാടനം. ഭാരതത്തിലെ അറുനൂറോളം വരുന്ന ജവഹര്‍ നവോദയാ വിദ്യാലയങ്ങളിലെ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് അഹിന്ദി പ്രദേശത്തു നിന്നും ഹിന്ദിഭാഷാപ്രദേശത്തേയ്ക്കും തിരിച്ചുമുള്ള ഒരു വര്‍ഷത്തെ നാടുവിട്ടുള്ള പ്രവാസപഠനകാലം. മനുഷ്യരും കാലാവസ്ഥയും ജീവിതരീതികളും നാട്ടുനടപ്പുകളും എല്ലാമെല്ലാം ഏറെ വ്യത്യസ്തമെങ്കിലും ലോകത്തെവിടേയും സുമനസ്സുകളുണ്ടെന്ന തിരിച്ചറിവാണ് അവര്‍ക്കു ഈ ദേശാടനപഠനകാലം നല്കുന്ന സന്ദേശം.
ഒരു വര്‍ഷകാലയളവില്‍ കുട്ടികളുടെ രക്ഷിതാക്കളും അതിഥികളായി നാടുകാണാന്‍ വരുമ്പോള്‍ അവരെ കാത്തിരിക്കുന്നതും ഒരു രസം! ഒരു അധ്യയനവര്‍ഷം തീര്‍ത്ത് നാട്ടിലേയ്ക്കുള്ള മടക്കയാത്രയ്ക്ക് തയ്യാറെടുക്കു മ്പോള്‍ കുട്ടികളുടേയും എന്റേയും കണ്ണുകള്‍ നിറയുന്നതോടെ അടുത്ത വര്‍ഷത്തെ അതിഥികള്‍ക്കായി വീണ്ടും കാത്തിരിപ്പ്. അങ്ങനെ അഞ്ചു വര്‍ഷങ്ങളില്‍ കാത്തിരുന്നു വന്നു പോയ കുറെ കുട്ടികളുടെ മനസ്സില്‍ ഇടം നേടാനായി എന്ന സ്വകാര്യമായ ഒരു അഹങ്കാരവും ബാക്കിയാകും. "യാത്രയായി കഴിയുമ്പോഴാണ് ക്ഷണിക്കപ്പെടാതെ വന്ന അതിഥികളെ മിക്കവാറും സ്വാഗതം ചെയ്യുക" എന്ന് ഷേക്സ്പിയർ. കുട്ടികള്‍ പോകുമ്പോഴാണ് അവരുടെ അഭാവം തിരിച്ചറിയുക.
പൂര്വ്വശിഷ്യരുടെ അപൂര്വ്വസന്ദര്ശനം നല്‍കുന്നത് കാല്‍ശതകം മുന്‍പുള്ള ഓര്‍മ്മകളുടെ പഴയ സുഗന്ധമാണ്. നിളാതീരത്തെ ഗുരുകുലമായിരുന്ന മായന്നൂര്‍ നവോദയാ വിദ്യാലയത്തിലെ പൂഴിക്കും പുല്ലിനും പറയാനുള്ള കഥകള്‍ മനസ്സില്‍ ഓടിവരുന്നത് പഴയ ശിഷ്യരുടെ തേടി വരവോടെയാണ്. നല്ല ജോലിയും കുടുംബവുമായി ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജീവിക്കുന്നവര്‍ പഴയ സാറിനെ മറക്കാതെ കാണാന്‍ വരുന്നതും അപൂര്‍വ്വ സൌഭാഗ്യം!
പരിമിതികള്‍ ഏറെ ഉണ്ടായിരുന്നിട്ടും നാട്ടില്‍ നിന്നും വരുന്ന ഉറ്റ ബന്ധുക്കളെ കാത്തിരിക്കുമ്പോള്‍ അടക്കാനാവാത്ത ആകാംഷയാണ്. തലസ്ഥാനനഗരിയും ചുറ്റുമുള്ള സ്ഥലങ്ങളും കാണാനാണ് വരുന്നതെങ്കിലും കറക്കങ്ങള്‍ക്കിടയില്‍ വൈകീട്ട് തല ചായ്ക്കാന്‍ ഒരിടം തേടി അവരെത്തുമ്പോള്‍ എങ്ങനെ സല്ക്കരിക്കണം? എന്തു നല്‍കണം? എന്ന ആശയക്കുഴപ്പം മാസങ്ങള്‍ക്ക് മുന്‍പേ വേട്ടയാടിക്കൊണ്ടിരിക്കും. വരുന്നത് വരെയുള്ള അസ്വസ്ഥതകളും കണക്കുകൂട്ടലുകളും വന്നു കഴിഞ്ഞാല്‍ താനേ തീരും. പിന്നെ, പുരാണ കഥകള്‍ തളര്‍ന്നുറങ്ങുന്ന കുരുക്ഷേത്രഭൂമിയും വൃത്തിയായി അളന്നു മുറിച്ചു വെച്ച ചണ്ഡിഗഡും ആരും ഒരിക്കല്‍ കാണാന്‍ കൊതിക്കുന്ന അമൃത് സര് സുവര്‍ണ്ണ ക്ഷേത്രവും വാഗാ ബോര്‍ഡറും മഞ്ഞു പെയ്യുന്ന ഷിംലയും എല്ലാം കാണാനുള്ള തത്രപ്പാടുകളായി.
ഒരു വര്‍ഷം മുന്‍പ് വിവാഹിതയായ മകള്‍ ഭര്‍ത്തൃസമേതം അതിഥികളായി ക്യാമ്പസിലെത്തിയപ്പോള്‍ എനിക്ക് ചുറ്റുമുള്ള സൌഹൃദങ്ങള്‍ അവരെ കാത്തിരിക്കയായിരുന്നു. ഓരോരോ ക്വാര്‍ട്ടറുകളിലും അവരെയും കൂട്ടി സന്ദര്‍ശിക്കുമ്പോള്‍ കൂട്ടുകാര്‍ നല്കിയ സ്നേഹപൂര്‍ണ്ണമായ വരവേല്‍പ്പ് ഒരിക്കലും തിരികെ കൊടുക്കാന്‍ കഴിയാത്ത കടപ്പാടായി. കാലം എത്ര വേഗമാണ് ഓടുന്നതെന്ന് ഇത്തരം സന്ദര്‍ഭങ്ങളിലാണ് നാം തിരിച്ചറിയുക.
ദൂരവും യാത്രയും വകവെയ്ക്കാതെ നാട് കാണുന്നതിലുപരി നാഴികകള്ക്കപ്പുറത്ത് കഴിയുന്ന എന്നെയും എന്റെ തട്ടകത്തെയും തേടി പലപ്പോഴായി വന്നവരില്‍ പ്രായമേറിയ അപ്ഫനും (ചെറിയച്ഛനും) ചെറിയമ്മമാരും അവരുടെ മക്കളും സഹോദരങ്ങളും ഉണ്ടായിരുന്നു. ഈ വര്‍ഷം നാട്ടില്‍ നിന്നും വന്ന ചെറിയമ്മമാരും കുട്ടികളുമൊത്ത് ഒരുക്കിയ വിഷുക്കണി വലിയൊരു കൈനേട്ടമായി മനസ്സില്‍ എന്നുമുണ്ടായിരിക്കും. ഉള്ളത് കൊണ്ടൊരുക്കിയ വിഷുക്കണിക്കൊപ്പം വേര്‍പിരിഞ്ഞു പോയ കാരണവന്മാരുടെ തുടിക്കുന്ന ഓര്‍മ്മകളുടെ വേലിയേറ്റം വിഷുപ്പുലരിയെ ഈറനണിയിച്ചു. നമ്മുടെ ഉത്സവാഘോഷങ്ങള്‍ എല്ലാം തന്നെ കുടുംബസംഗമത്തിന്റെ സന്തോഷവും ഊഷ്മളതയുമാണല്ലോ തരാറുള്ളത്.
പൂര്‍വ്വജന്മസുകൃതം പോലെ, രണ്ടു മൂന്നു ദിവസങ്ങള്‍ കഴിഞ്ഞു വേണ്ടപ്പെട്ടവര്‍ വന്ന പോലെ തിരിച്ചു പോകുമ്പോള്‍ മനസ്സില്‍ തോന്നുന്നത് സമ്മിശ്രവികാരങ്ങളുടെ വേലിയേറ്റവും വേലിയിറക്കവും. ജനിമൃതികളുടെ രാസസമവാക്യം പോലെ, വേര്പിരിയുവാന് മാത്രം ഒന്നിച്ചു കൂടി ഇടയ്ക്ക് വഴിയിലെവിടെയോ വെച്ച് യാത്രയാകുന്നവരുടെ വിരഹം പോലെ !
ഇനിയും ഒഴിവുകാലം പങ്കിടാന്‍ അതിഥികള്‍ വരും. കണക്കുകൂട്ടലുമായി ആകാംക്ഷയോടെ നാമവരെ കാത്തിരിക്കും. തിരക്കുള്ള യാത്രയില്‍ ഒരു വേള ഒരുമിച്ചിരുന്ന് സുഖവും ദു:ഖവും പങ്കിട്ടു നാം യാത്ര പറയും. ജീവിതയാത്രയില്‍ അതിഥികളായെത്തി പാഥേയം പങ്കിട്ടു മുന്നേറുന്ന നമ്മള് ഇടയ്ക്ക് വെച്ച് വേര്പിരിയുമ്പോള് മാത്രമാണ് ഓരോരുത്തരുടെയും സൌന്ദര്യവും നന്മയും പരസ്പരം തിരിച്ചറിയുക.
യശ:ശരീരനായ കവി ഓ എന്‍ വി കുറുപ്പ് മുപ്പതു വര്‍ഷം മുന്‍പൊരു ക്ലാസ്സില്‍ പാടിയ വരികള്‍ ദാര്‍ശനികമായി മാറുന്ന മനസ്സില്‍ മുഴങ്ങിക്കേള്‍ക്കുന്നു.
"വേർപിരിയുവാൻ മാത്രമൊന്നിച്ചു കൂടി നാം
വേദനകൾ പങ്കു വയ്ക്കുന്നു..
കരളിലെഴുമീണങ്ങൾ ചുണ്ടു നുണയുന്നു
കവിതയുടെ ലഹരി നുകരുന്നു...
കൊച്ചു സുഖദുഃഖ മഞ്ചാടി മണികൾ ചേർത്തു വച്ചു
പല്ലാങ്കുഴി കളിക്കുന്നു
വിരിയുന്നു കൊഴിയുന്നു യാമങ്ങൾ നമ്മളും,
പിരിയുന്നു യാത്ര തുടരുന്നു...
മായുന്ന സന്ധ്യകൾ മടങ്ങി വരുമോ
പാടി മറയുന്ന പക്ഷികൾ മടങ്ങി വരുമോ..?
എങ്കിലും, സന്ധ്യയുടെ കൈയീലെ സ്വർണവും
പൈങ്കിളി കൊക്കിൽ കിനിഞ്ഞ തേൻ തുള്ളിയും
പൂക്കൾ നെടുവീർപ്പിടും ഗന്ധങ്ങളും
മൌനപാത്രങ്ങളിൽ കാത്തു വച്ച മാധുര്യവും...
മാറാപ്പിലുണ്ടെന്റെ മാറാപ്പിലുണ്ട-
തും പേറിഞാൻ യാത്ര തുടരുന്നു..."------------------------------------------------------------------------------------------------------------20th APRIL 2016 WEDNESDAY16View comments
വര്‍ഷാവസാന പരീക്ഷകള്‍ കഴിഞ്ഞു കുട്ടികള്‍ നാല് ദിവസത്തെ അവധിക്കായി സ്വന്തം വീടുകളിലേയ്ക്ക് പോയിക്കഴിഞ്ഞു. ഒരു വര്‍ഷത്തെ ദേശാടനപഠനത്തിനായി കേരളക്കരയില്‍ നിന്നെത്തിയ മലയാളിക്കുട്ടികള്‍ നാട്ടിലേയ്ക്ക് തിരികെ പറന്നു പോയി. അപൂര്‍വ്വമായ അനുഭവങ്ങള്‍ നല്കിയ സ്വതന്ത്രവും അതുല്യവുമായ ദിനങ്ങള്‍ വിട്ട് സ്വന്തം നാടിന്റെ പച്ചപ്പിലേയ്ക്കു അവര്‍ മടങ്ങുമ്പോള്‍ മനസ്സില്‍ നിന്നും സ്നേഹപൂര്‍ണ്ണമായ മറ്റൊരു താളുകൂടി മറിയുകയായിരുന്നു. ഞങ്ങളുടെ കണ്ണിലും മനസ്സിലും അശ്രുക്കള്‍ നിറഞ്ഞത് അവാച്യമായ ജന്മവാസനകളുടെ തിരുശേഷിപ്പുകള്‍. സാധാരണ ഗുരുശിഷ്യബന്ധത്തിനപ്പുറം ഏതോ പൂര്‍വ്വജന്മപുണ്യം!
ആ വേര്‍പാടിന്റെ വേദനകള്‍ക്കിടയിലാണ് ചെറിയൊരു അവധിക്കാലം ചെലവഴിക്കാനായി, ഒരു വര്‍ഷം മുന്‍പ് വിവാഹിതയായ എന്റെ മകള്‍ ഭര്‍ത്തൃസമേതം ഞങ്ങളെത്തേടിയെത്തിയത്. ദൂരവും സമയവും തടസ്സമായി കഴിഞ്ഞ വര്‍ഷം മകളുടെ വിവാഹത്തിന് ഇവിടെ നിന്നും ആര്‍ക്കും കേരളത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ വരുന്ന സമയം ഓരോരുത്തരേയും പരിചയപ്പെടുത്തുക എന്നത് എന്റെ കൂടി ആവശ്യമായിരുന്നു. അങ്ങനെയാണ് നാട്ടില്‍ നിന്നെത്തിയ മകളേയും ജാമാതാവിനെയും കൂട്ടി ഞാനും സഹധര്‍മ്മിണിയും ക്യാമ്പസ്സിലെ സഹാധ്യാപകരുടെ താവളങ്ങളില്‍ എത്തിയത്.
വിവാഹശേഷം ആദ്യമായി വരുന്ന സന്ദര്‍ഭത്തില്‍ ഇവിടത്തെ ചിട്ട പോലെ, ഏവര്‍ക്കുമായി ചെറിയൊരു ചായസല്‍ക്കാരം ഒരുക്കാവുന്നതേയുള്ളൂ. ഔപചാരികതയോടെ ഏവരെയും ക്ഷണിച്ച് സമ്മാനപ്പൊതികളും പണക്കവറുകളും സ്വീകരിക്കാനുള്ള വൈമുഖ്യം ഒരു വശത്ത്. മകളുടെ വിവാഹശേഷം, കേരളത്തനിമയുള്ള മധുരപലഹാരങ്ങളും കായ വറുത്തതും വലിയൊരു പെട്ടിയിലാക്കി നാട്ടില്‍ നിന്നും കൊണ്ട് വന്നു ഞാനിവിടെ ഓരോ വീടുകളിലും വിതരണം ചെയ്തതിരുന്നു താനും! അതുകൊണ്ട് തന്നെ, ഒന്നും ചെയ്തില്ലെന്ന കുറ്റബോധമോ വിഷമമോ ഒട്ടുമില്ല. അതേപോലെ, പലരും വിവാഹത്തിനു മുന്‍പേ ഇവിടത്തെ പതിവുപോലെ 'ശകുന്‍' എന്ന പേരില്‍ ഒരു പണക്കവര്‍ സമ്മാനമായി എന്നെ ഏല്‍പ്പിച്ചിരുന്നു.
കൊല്ലം ഒന്ന് കഴിഞ്ഞാണ് നവവധൂവരന്മാര്ക്ക് ഇങ്ങോട്ടു വരാന്‍ മുഹൂര്‍ത്തം ഒത്തുവന്നത്. ആതിഥേയമര്യാദയ്ക്ക് മുന്‍പന്തിയിലാണ് ഇവിടത്തുകാര്‍. ഞാനും സഹധര്‍മ്മിണിയും കുട്ടികളേയും കൂട്ടി അടുത്തുള്ള ക്വാര്‍ട്ടറില്‍ നിന്നും ഞങ്ങളുടെ പ്രയാണം തുടങ്ങി. ഹോളിയുടെ പിറ്റേന്നായാതിനാല്, സഹപ്രവര്‍ത്തകനായ സാര്‍ സ്നേഹപൂര്‍വ്വം അവരുണ്ടാക്കിയ മധുര പലഹാരം 'ഗുജ്ജിയാ' നല്കി സ്വീകരിച്ചു. ഹോളി സ്പെഷ്യല്‍ ആണ് ഗുജ്ജിയാ എന്ന മധുരപലഹാരം. നല്ല സ്വാദ്. കൊഴുക്കട്ട നെയ്യില്‍ വറുത്തെടുത്ത പോലെ! ഓരോന്ന് ഞങ്ങള്‍ തിന്നു കഴിഞ്ഞപ്പോള്‍ സാര്‍ രണ്ടാമതും എടുത്തു നീട്ടി. വീട്ടിലുണ്ടാക്കിയതിനാല് ഒരു കുഴപ്പവും വരില്ലെന്ന് പറഞ്ഞു സമാധാനിപ്പിച്ചു.
കുശലങ്ങള്‍ക്കും സ്നേഹപ്രകടനങ്ങള്‍ക്കും ശേഷം അടുത്ത ക്വാര്‍ട്ടര്‍ ലക്ഷ്യമാക്കി ഉത്സാഹത്തോടെ ഞങ്ങള്‍ നടന്നു. അടുത്ത വീട്ടിലും അതേപോലെ യുള്ള ആതിഥേയ മര്യാദകള്‍. സ്നേഹപൂര്‍വ്വം അവരും ഗുജ്ജിയാ തന്നെ തന്നു സല്ക്കരിച്ചു. ഓരോരോ ക്വാര്‍ട്ടറുകളില്‍ ഒരേ തരത്തിലുള്ള മര്യാദകളും കുശലങ്ങളുമായി കയറിയിറങ്ങുമ്പോഴെല്ലാം അവരെല്ലാം തന്നെ ഗുജ്ജിയാ നിര്‍ബന്ധിച്ചു തീറ്റാന്‍ മത്സരിച്ചു ഇറങ്ങിപ്പുറപ്പെട്ട പോലെ തോന്നി. 'സ്നേഹിച്ചു കൊല്ലുക' എന്ന് കേട്ടിട്ടേയുള്ളൂ, അതും ഗുജ്ജിയാ എന്ന മധുരപലഹാരവുമായി...!!!
ഈ തമാശകളെല്ലാം കണ്ടാസ്വദിച്ച് അവരുടെ കൈകളിലെ ചുരുട്ടിപ്പിടിച്ച സമ്മാനക്കവറില്‍ നിന്നും ഗാന്ധി പലകുറി ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. രാത്രി ഒമ്പതുമണി കഴിഞ്ഞു ഞങ്ങള്‍ ആ സായാഹ്നത്തിലെ പതിനഞ്ചാമത്തെ വീടായ പ്രിന്‍സിപ്പാളിന്റെ ക്വാര്‍ട്ടറില്‍ എത്തുമ്പോള്‍ മനസ്സും ശരീരവും നന്നേ തളര്‍ന്നിരുന്നു. അതിലുപരി സ്നേഹസല്‍ക്കാരങ്ങളില്‍ നിറസാന്നിദ്ധ്യമായ ഗുജ്ജിയാ ഞങ്ങളെ ശാരീരികമായും മാനസികമായും ഒരേപോലെ തളര്ത്തിക്കഴിഞ്ഞിരുന്നു.
ഉമ്മറത്ത് കണ്ടമാത്രയില്‍ പ്രിന്‍സിപ്പാള്‍ മാഡവും ദീര്‍ഘകായനായ ഭര്‍ത്താവും സ്വതസ്സിദ്ധമായ നിറപുഞ്ചിരിയോടെ ഞങ്ങളെ സ്വീകരിച്ചു. കുശിനിക്കാരനായ ഗഡ്വാള് സ്വദേശി ദേവ് സംശയലേശമെന്യേ വെള്ളവുമായി വന്നു. അയാള്‍ കൊണ്ടുവന്ന ചുവന്ന പെട്ടി തുറന്നു മാഡം നവവധൂവരന്മാരുടെ മുന്നില്‍ അത് സ്നേഹപൂര്‍വ്വം നീട്ടിക്കാണിച്ചു. രണ്ടുപേരുടെയും മുഖം നവരസങ്ങള്ക്കതീ തമായ ഏതോ ഭാവത്താല്‍ വിടര്‍ന്നപ്പോള്‍ ഞാന്‍ സ്വയം ഊഹിച്ചു, ഇതും 'ഗുജ്ജിയാ' അല്ലാതെ മറ്റൊന്നുമല്ല, തീര്‍ച്ച...!
അതുവരെ കണ്ടതില്‍ ഇരട്ടി വലിപ്പമുള്ള ഗുജ്ജിയാ ഞങ്ങളെ നോക്കി പല്ലിളിച്ചു. ഹോളിയ്ക്കായ് പ്രിന്‍സിപ്പാള്‍ പ്രത്യേകം നിര്‍ദ്ദേശം നല്കി, ഉണ്ടാക്കിയതാണ്. മനസ്സില്ലാമനസ്സോടെ നാല് പേരും ഓരോന്നെടുത്ത് വര്‍ത്തമാനങ്ങളില്‍ മുഴുകുമ്പോള്‍ മാഡവും ഭര്‍ത്താവും നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു, "നിങ്ങള്‍ വരുമെന്നറിഞ്ഞു പ്രത്യേകം പറഞ്ഞുണ്ടാക്കിയ ഗുജ്ജിയയാണ്, മടിക്കേണ്ടാ...മുഴുവന്‍ നന്നായി കഴിക്കുക!" ദയനീയമായി പരസ്പരം നോക്കി, കയ്യിലുള്ളത് അകത്താക്കാന്‍ കഴിയാതെ ഞങ്ങള്‍ നാല് പേര്. ഒരു നിമിഷം കൊണ്ട് അതു വേഗം വിഴുങ്ങിയാലോ എന്ന് ഞാന്‍ സംശയിച്ചു. അതു വേണ്ട, ആ മധുരം നന്നായി ഇഷ്ടപ്പെട്ടുവെന്നു കരുതി മാഡം വീണ്ടും വലിയ ഗുജ്ജിയാ തരാതിരിക്കില്ല, തീര്‍ച്ച!
ഒരു സാധാരണ വയറില്‍ കൊള്ളുന്നതിലധികം ഗുജ്ജിയാ യുമായി ഞങ്ങള്‍ രാത്രി പത്തുമണിയോടെ വന്നു കയറുമ്പോള്‍ അയല്പക്കത്തെ ക്വാര്‍ട്ടറിലെ ഭരദ്വാജ് സാര്‍ സ്നേഹത്തോടെ വാതില്ക്കല് വന്നു വിളിച്ചു. ഒരേമ്പക്കത്തോ ടെ ഞാന്‍ വാതില്‍ തുറന്നപ്പോള്‍ ചുവന്ന കവറുള്ള ഒരു പൊതി തന്നു ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു, "നിങ്ങള്‍ വരുമെന്നറിഞ്ഞു പ്രത്യേകം പറഞ്ഞ് ദേശി നെയ്യില്‍ ഉണ്ടാക്കിയ ഗുജ്ജിയയാണ്, ശുഭരാത്രി, സര്‍ജീ!"
സ്നേഹവിരുന്നുകളും സല്ക്കാരനിര്ബന്ധങ്ങളും എല്ലാമെല്ലാം നമുക്കൊരു ബാധ്യതയാവുന്നത് ഇങ്ങനെയാണ് എന്ന് ഇന്നത്തെ അനുഭവപാഠം .
Images Courtesy : Google Images / Suvarna Anil
--------------------------------------------------------------------------------------------
2nd April, 2016 SATURDAY10View comments
- രത്നേഷിന്റെ കാറില്‍ പതിനഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ച് ഖുറാനാജിയും ഞാനും അവിടെയെത്തുമ്പോള്‍ ഒട്ടേറെ ബന്ധുക്കളും വേണ്ടപ്പെട്ടവരും ബല്‍വാന്‍ജിയുടെ വീട്ടിലുണ്ടായിരുന്നു. പുതുതായി പണി കഴിപ്പിച്ച ആ വീട്ടിനു മുന്നില്‍ വിരിച്ചിട്ട വലിയ കാര്‍പ്പെറ്റില്‍ ഗ്രാമവാസികളും കൂട്ടുകാരും അദ്ദേഹത്തിനു ചുറ്റും നിശ്ശബ്ദരായി ഇരുന്നിരുന്നു.മരണവീട്ടിലെ മൌനം തളം കെട്ടി നില്ക്കുന്ന ആ ഉമ്മറത്തേയ്ക്ക് ഞങ്ങളെ മൂന്നു പേരെയും കൂട്ടിക്കൊണ്ടു പോയത് ആ വഴിയേ കണ്ടു മുട്ടിയ സര്‍ദാര്‍ജിയായിരുന്നു, ഞങ്ങളുടെ ശിഷ്യന് അര്‍ഷദീപ് സിങ്ങിന്റെ അച്ഛന്. ഞങ്ങളോടുള്ള ആദരവും മരണത്തിനു മുന്നിലെ നിസ്സഹായതയും സര്‍ദാരിന്റെ വാക്കുകളില്‍ പ്രകടം.മൂന്നു ദിവസം മുന്‍പ് ഇതേ സമയം വീട് വൃത്തിയാക്കിയും വീട്ടുകാര്‍ക്ക് ഭക്ഷണമുണ്ടാക്കിയും സന്തോഷത്തോടെ ഇരുന്നിരുന്ന ബല്‍വാന്‍ ജാംഗഡയുടെ ഭാര്യ ഇന്നവിടെ ഇല്ല. ഓര്‍മ്മകള്‍ ബാക്കിയാക്കി നാല്‍പ്പതു തികയും മുന്‍പേ അവര്‍ ആരോടും പറയാതെ യാത്രയായി. 'രംഗബോധമില്ലാത്ത കോമാളി' വന്ന് ആരുമറിയാതെ അവരേയും കൊണ്ടുപോയി.ഹരിയാണയിലെ കര്‍ണ്ണാല്‍ ജില്ലയിലെ നിസ്സിംഗ് ബ്ലോക്കിലാണ് ബല്‍വാന്‍ജി യുടെ ഗ്രാമം. സ്വന്തമായി നിര്‍മ്മിച്ച വീട്ടില്‍ ബല്‍വാന്‍ ജാംഗഡയും സഹധര്‍മ്മിണിയും. രണ്ടുപേരും അദ്ധ്യാപകരാണ്. പ്രധാന പാതയില്‍ നിന്ന് സിമെന്റ്റ് ഇഷ്ടികകള്‍ പാകിയ ഗ്രാമപാത. ഉള്ളിലേയ്ക്ക് പോകുംതോറും ഗ്രാമത്തിന്റെ നന്മകളും ശുദ്ധ സൌന്ദര്യവും തെളിയുന്ന ദൃശ്യങ്ങള്‍. അങ്ങേയറ്റത്ത് ദര്ശന് കോളനി. അതിനപ്പുറം വിശാലമായ പച്ച നിറത്തില്‍ ഗോതമ്പുപാടശേഖരം. പൂത്തു നില്ക്കുന്ന കടുകുചെടികള്‍ മഞ്ഞച്ചായം പൂശിയ വയലേലകള്‍.ബല്‍വാന്‍ജിയുടെ രണ്ടു മക്കളും ഞങ്ങളുടെ ശിഷ്യരാണ്. മകന് സാഹില്‍ ജാംഗഡ പത്താം ക്ലാസ്സു കഴിഞ്ഞ് അടുത്തുള്ള പട്ടണത്തിലെ സ്കൂളില്‍ പ്ലസ്സ് ടു വിദ്യാര്‍ത്ഥിയാണ്. മകനെ ഭാവിയില്‍ ഡോക്ടറാക്കാനുള്ള മോഹവുമായാണ് കോച്ചിംഗ് തേടി ഞങ്ങളുടെ സ്കൂളില്‍ നിന്നും കഴിഞ്ഞ വര്‍ഷം അവനെ കൊണ്ടുപോയത്. മകള്‍ ദിവ്യ ജാംഗഡ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. രണ്ടു പേരും പഠനത്തിലും മറ്റെന്തിലും നല്ല നിലവാരം പുലര്‍ത്തുന്നവര്‍. ബല്വാന്ജിയുടെയും ടീച്ചറുടെയും പ്രചോദനത്തോടെ പല കുട്ടികളും പരീക്ഷയെഴുതി ഞങ്ങളുടെ വിദ്യാലയത്തില്‍ പ്രവേശനം നേടിയിട്ടുണ്ട്.
മാസത്തില്‍ ഒന്നോ രണ്ടോ തവണ അവര്‍ മക്കളെ കാണാനായി ക്യാമ്പസ്സി ലെത്തും. നിറപുഞ്ചിരിയോടെ, നന്മകള് മാത്രമുള്ള ആ അധ്യാപക ദമ്പതികള്‍ കാണുമ്പോഴെല്ലാം അവരുടെ വീട്ടിലേയ്ക്ക് ഹൃദയപൂര്‍വ്വം എന്നെ ക്ഷണിക്കും. അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ സന്മനസ്സുള്ള അവര്‍ എന്റേയും അടുത്ത ബന്ധുക്കളെപ്പോലെയായി മാറിയിരുന്നു.
മൂന്നു വര്‍ഷം മുന്‍പൊരിക്കല്‍ ബല്‍വാന്‍ജി ക്യാമ്പസ്സില്‍ കുട്ടികളെ കാണാന്‍ വന്നപ്പോള്‍ ടീച്ചര്‍ കൂടെയില്ലായിരുന്നു. അദ്ദേഹത്തിന്റെ മുഖം പൂര്‍വ്വാധികം ചുവന്നു കനത്തിരുന്നു. തന്റെ ഭാര്യയ്ക്ക് ഉടനെ ഒരു ഹൃദയശസ്ത്രക്രിയ വേണമെന്നും അതിനായി എല്ലാം റെഡിയാക്കിയാണ് താന്‍ വന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. കുട്ടികളെ കൂട്ടി മടങ്ങുമ്പോള്‍ എല്ലാം ശരിയാവാന്‍ പ്രാര്‍ത്ഥിക്കണമെന്നും കൈകൂപ്പി അദ്ദേഹം പറഞ്ഞു.
ശസ്ത്രക്രിയ കഴിഞ്ഞ് പിന്നീടുള്ള ദിവസങ്ങളില്‍ ടീച്ചറുടെ ആരോഗ്യം കൂടുതല്‍ മെച്ചപ്പെട്ടു വന്നു. മാസങ്ങള്‍ കഴിഞ്ഞു അവര്‍ രണ്ടു പേരും ഒരുമിച്ചു ക്യാമ്പസ്സില്‍ വന്നപ്പോള്‍ ബല്‍വാന്‍ജി വളരെ ഉത്സാഹവാനായിരുന്നു. 'ഹൃദയശസ്ത്രക്രിയ കഴിഞ്ഞതോടെ ഇവളുടെ ഹൃദയവിശാലത കൂട്ടിയിട്ടുണ്ട്' എന്നദ്ദേഹം ഞങ്ങളോട് തമാശയായി പറഞ്ഞിരുന്നു.
ടീച്ചറുടെ നെറ്റിയില്‍ എന്നും വലിയൊരു ചുവന്ന പൊട്ട് ഞാന്‍ ശ്രദ്ധിച്ചിരുന്നു. സീമന്തരേഖയില്‍ സിന്ദൂരമില്ലാതെ ഒരിക്കലും ഞാന്‍ അവരെ കണ്ടിട്ടില്ല. സുമംഗലിയായ ഒരു സ്ത്രീ പൊട്ടുതൊടാതെ, സിന്ദൂരമില്ലാതെ ഇവിടങ്ങളില്‍ പൊതുവേ കാണാറില്ല. ടീച്ചറെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഉയര്‍ന്നുവരുന്നത് അസ്തമയസൂര്യന്റെ ചുവപ്പു നിറമുള്ള ആ പൊട്ടും സിന്ദൂരവുമാണ്.
ജീവിതത്തില്‍, ബല്‍വാന്‍ജിയുടെ പിന്‍ബലത്തിലാണ് അവര്‍ പഠനം പൂര്‍ത്തിയാക്കിയത്. കുടുംബത്തിലുള്ള എതിര്‍പ്പുകളും മുറുമുറുപ്പുകളും തള്ളിമാറ്റി പഠിക്കാന്‍ പോയ അവരുടെ മനസ്സുപോലെ തന്നെ, ഒരു അധ്യാപികയുടെ വേഷം സ്വീകരിച്ച ശേഷം മാത്രമാണ് കൂട്ടുകുടുംബത്തില്‍ നിന്നും വേറിട്ട് ഒരു വീട് വെച്ചത്. ആ സ്വപ്ന സൌധത്തില്‍ അവരുടെ കണ്ണീരും വിയര്‍പ്പും സന്തോഷാശ്രുക്കളും ആത്മനിര്‍വൃതിയും നിറഞ്ഞു നിന്നിരുന്നു.ഗ്രാമത്തിലെ ആളുകള്‍ ഒറ്റയ്ക്കും കൂട്ടായും ബല്‍വാന്‍ജിയുടെ വീട്ടിലേയ്ക്ക് വിഷാദത്തോടെ വരുമ്പോള്‍ വസ്ത്രം കൊണ്ടു തല മൂടിയ സ്ത്രീകള്‍ തേങ്ങുന്നു ണ്ടായിരുന്നു. കൈകൂപ്പി അവരോരോരുത്തരും മൂകമായി അനുശോചനം രേഖപ്പെടുത്തുകയായിരുന്നു. ടീച്ചറുടെ ആകസ്മികമായ വേര്‍പാട് സൃഷ്ടിച്ച ഞെട്ടല്‍ തീര്‍ത്തും ഉള്‍ക്കൊള്ളാന്‍ കഴിയാതെ എല്ലാമറിയുന്ന മൌനത്തോടെ, അവര്‍ വന്നും പോയുമിരുന്നു.വെളുത്ത ജുബ്ബയും പൈജാമയും ധരിച്ച് ചുവന്നു തുടുത്ത മുഖത്തോടെ ബല്‍വാന്‍ജി പതിയെ അവരെപ്പറ്റി പറഞ്ഞു തുടങ്ങി. തന്നോടും അടുത്ത് കിടന്നുറങ്ങിയിരുന്ന സാഹിലിനോടും ഒരു വാക്കു പറയാതെ, ആദ്യമായവള്‍ പോയി. തലേന്ന് രാത്രി പഠിക്കാനിരുന്ന മകന്റെയരികില്‍ കിടന്നുറങ്ങുമ്പോള്‍ ഒരിയ്ക്കലും ഉണരാത്ത ഒരമ്മയെ സാഹില്‍ സ്വപ്നേപി കണ്ടിരുന്നില്ല. കമ്പിളി കൊണ്ടു പുതച്ചുറങ്ങുമ്പോഴും അരികെ കിടന്നിരുന്ന മകന്റെ ശരീരത്തില്‍ തണുത്തു വിറച്ച ആ അമ്മയുടെ ഒരു കൈയുണ്ടായിരുന്നു. രാത്രിയില്‍ ആരോരുമറിയാതെ നിശ്ശബ്ദമായി വന്ന് ക്ഷണിക്കാത്ത അതിഥി കൊണ്ടുപോയ പത്നിയെക്കുറിച്ച് വാതോരാതെ അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. പറയുന്നയാളുടെയും കേള്‍ക്കുന്നവരുടെയും കണ്ണുകള്‍ ഈറനണിയുമ്പോഴും പറഞ്ഞുതീരാതെ, ബല്‍വാന്‍ജി.ഒന്നും പറയാനോ ചോദിക്കാനോ ഇല്ലാതെ കൈകൂപ്പി ഞങ്ങള്‍ എഴുന്നേറ്റ പ്പോള്‍ അദ്ദേഹം ഞങ്ങളെ വീട്ടിനകത്തേയ്ക്ക് ക്ഷണിച്ചു. മനസ്സില്ലാമനസ്സോടെ അകത്തു ചെന്ന ഞങ്ങളെ ദിവ്യ നിറകണ്ണുകളോടെ സ്വീകരിച്ചു. അമ്മ യാത്രയായി എന്നറിഞ്ഞും പ്ലസ് ടൂ വിന്റെ ഫൈനല്‍ പരീക്ഷ എഴുതി വന്ന് സംസ്ക്കാരത്തില്‍ പങ്കെടുത്ത സാഹിലിന് ധൈര്യം നല്കിയ ആര്മിക്കാരന് ചാച്ചാജി അവിടെയുണ്ടായിരുന്നു. ബല്‍വാന്‍ജി തന്റെ ഭാര്യയുടെ സാന്നിദ്ധ്യം ഇനിയും വിട്ടുമാറാത്ത അടുക്കളയും കിടപ്പുമുറിയും ഓരോന്നായി കാണിച്ചു കൊണ്ടേയിരുന്നു. വിങ്ങുന്ന മനസ്സോടെ, വര്‍ദ്ധിച്ച നെഞ്ചിടിപ്പോടെ ബല്വാന്ജിയേയും മറ്റുള്ളവരേയും തൊഴുതു കൊണ്ട് ഞങ്ങള്‍ പുറത്തിറങ്ങി.തിരിച്ചുള്ള യാത്രയില്‍ ഞങ്ങള്‍ മൂന്നു പേരും ഒരേ പോലെ അസ്വസ്ഥരായി രുന്നു. ജീവിതയാത്രയില്‍ ഓരോരോ പടവുകള്‍ കയറുമ്പോഴും നേടുമ്പോഴും തീരാത്ത മോഹങ്ങളും ആശകളുമായി മുന്നേറുന്ന മനുഷ്യമനസ്സുകള്‍. ഒന്നിനും ഒരര്‍ത്ഥവുമില്ല എന്ന ചിന്തയോടെ ഞങ്ങളുടെ മനസ്സ് കൂടുതല്‍ തത്ത്വചിന്തകളില്‍ വട്ടം തിരിയുകയായിരുന്നു. "ഹാ!മൃത്യുവിന്നേതൊരു വാതില്‍പോലും തോന്നുന്നനേരം കയറിത്തുറക്കാ" മെന്നും " മരണവാതില ല്ലാത്ത വാതില്ലെല്ലാം അടയ്ക്കാ"മെന്നും കുട്ടിക്കാലം മുതല്ക്കേ പലകുറി കേട്ടിരിക്കുന്നു.എന്റെ ഓര്‍മ്മയില്‍ നിറയുന്ന ആ വരികള്‍... കവി റഫീക്ക് അഹമ്മദിന്റെ കവിതാശകലം, ബല്വാന്ജീയുടെ വാമഭാഗത്തിന്റെ മനസ്സായിരുന്നുവോ?
"മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ
ഒടുവിലായകത്തേയ്ക്കെടുക്കും ശ്വാസ
കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ"ദൂരെ ഗോതമ്പുപാടങ്ങള്ക്കപ്പുറം ജനിമൃതികളുടെ പ്രത്യക്ഷോദാഹരണമായി കര്‍മ്മസാക്ഷി മറ്റൊരു അസ്തമയത്തിനു തയ്യാറെടുക്കുകയായിരുന്നു. അപ്പോള്‍ വേര്‍പെട്ടു പോയ ആ സഹോദരിയുടെ സീമന്ത രേഖയിലെ സിന്ദൂരവര്‍ണ്ണം ഒരു സൂര്യതേജസ്സായി ചക്രവാളത്തില്‍ അസ്തമിക്കുകയാ യിരുന്നു.
Photo courtesy : Google Images---------------------------------------------------------------------------------------------12View comments
Loading
Dynamic Views template. Powered by Blogger.
View comments