ആത്മാവിന്‍റെ സ്വരൂപം സച്ചിദാനന്ദം ആണെന്നു നാം കണ്ടു; സച്ചിദാനന്ദം എന്നാല്‍ നിലനില്‍പ്പു്,ആത്മപ്രകാശനം, സു ഖം എന്നിവയാണെന്നു മനസ്സിലാക്കുകയും ചെയ്തു. മനുഷ്യന്‍റെയാകട്ടെ മറ്റു ജീവികളുടെയാകട്ടെ മാനസികവും വാചികവും കായികവുമായ എല്ലാ കര്‍മ്മങ്ങളും ഈ മൂന്നില്‍ ഏതെങ്കിലും ഒന്നിനു വേണ്ടിയായിരിക്കും. സര്‍വ്വതിനെയും ഭരിക്കുന്നതു് ഇവ മൂന്നുമായ തിനാലാണു്,ഇവ മൂന്നും ചേര്‍ന്ന സച്ചിദാനന്ദം ആരുടെ സ്വരൂപമാണോ ആ ആത്മാവിനെ ഈശ്വരന്‍ ആയി ഉപനിഷത്തുകള്‍ ഉദ്ഘോഷിക്കുന്നതു്. ഈശ്വരന്‍ എന്നാല്‍ ഭരിക്കുന്നവന്‍ എന്നാണര്‍ത്ഥം. ഏകനായ ദേവന്‍ എന്നു് ഉപനിഷത്തുകള്‍ വാഴ്ത്തുന്നതും ഈശ്വരനായ ആത്മാവിനെത്തന്നെ. മറ്റു ദേവന്മാരൊക്കെ ഏതെങ്കിലും പ്രത്യേക ശക്തിവിശേഷങ്ങളെ പ്രതിനിധാനം ചെയ്യുന്നവരാണു്. എന്തിനു്, പഞ്ചഭൂതങ്ങളെയും ജ്ഞാനേന്ദ്രിയങ്ങളെയും വരെ ദേവന്മാരായി പരാമര്‍ശിക്കാറുണ്ടു് (ഉദാ: പ്രശ്നം 2.1, 2.2).
ജീവികളുടെയെല്ലാം അടിസ്ഥാനചോദനകളെക്കുറിച്ചുള്ള അന്വേഷണമാണു സച്ചിദാനന്ദം എന്ന ദര്‍ശനത്തിലേക്കെത്തിച്ചതെന്നു മേല്‍ക്കൊടുത്ത വിവരണങ്ങളില്‍നിന്നു വ്യക്തമാകുന്നതാണു്. ചോദനകളുടെ ബാഹ്യപ്രകടനമായ കര്മ്മവൈവിദ്ധ്യങ്ങളിലൂടെ, ആ വൈവിദ്ധ്യങ്ങളിൽ പൊതുവായി നിഴലിക്കുന്ന ഏകഭാവത്തിലേക്കു്, അവയുടെ കേവലത്വത്തിലേക്കു്, നടത്തിയ സഞ്ചാരമാണു്, എല്ലാ റ്റിനും അന്തര്യാമിയായി വര്‍ത്തിക്കുന്നതു സത്-ചിത്-ആനന്ദം എന്ന ത്രിപുടിയാണെന്ന നിഗമനത്തിലെത്തിച്ചതു്. ഭാരതം ലോകത്തിനു സമര്‍പ്പിച്ച മഹത്തമമായ ദര്‍ശനമാണിതു്. അന്യാദൃശവും അതി പുരാതനവുമായ ഈ ദര്‍ശനം ഭാരതീയതത്ത്വചിന്തയുടെ മകുടമണിയത്രേ. ഈശ്വരനെക്കുറിച്ചുള്ള കൂടുതല്‍ വിശദീകരണങ്ങള്‍ വരും പുറങ്ങളില്‍ കാണാവുന്നതാണു്.
ആത്മാവു ഹൃദയത്തിലാണിരിക്കുന്നതെന്നു് ഉപനിഷത്തുകളില്‍ ആവര്‍ത്തിച്ചു പരാമര്‍ശിച്ചിരിക്കുന്നതു കാണാം (പ്രശ്നം 3.6; ശ്വേതാശ്വതരം 3. 20, 4.17, 4.20; കഠം 2.20; മുണ്ഡകം 2.2.7, 3.1.7).അതിനാല്‍ ഈശ്വരന്‍റെ സ്ഥാനം ഹൃദയമാണെന്നു പറയപ്പെടുന്നു. ഗീതയില്‍ 10.20-ലും 13.17-ലും 1 5.15-ലും 18.61-ലും ഇങ്ങനെതന്നെ പറഞ്ഞിരിക്കുന്നു. ഈ ഹൃദയം രക്തചംക്രമണവ്യൂഹത്തിലെ രക്തം പമ്പുചെയ്യുന്ന ഹൃദയമല്ല. അതു ബോധകേന്ദ്രമായ ഹൃദയമാണു്. ആധുനിക ശരീരശാസ്ത്രമനുസരിച്ചു് നാഡികളുടെ സ്വിച്ച് ബോര്‍ഡായ 'തലാമസ്’ ആണതു്. ബോധപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണു തലാമസ്. ഹൃദയത്തോടു 101 നാഡികള്‍ ഘടിപ്പിച്ചിരിക്കുന്നുവെന്നും അ വയ്ക്കോരോന്നിനും 72,000ഉപശാ ഖകള്‍ വീതമുള്ള 100 ശാഖാനാഡികളുണ്ടെന്നും പ്രശ്നോപനിഷത് പറയുന്നു (3.6). (അങ്ങനെ ആകെ 72 കോടി 72 ലക്ഷം നാഡികളാണു് ഈ കണക്കനുസരിച്ചു് ഒരു മനുഷ്യശരീരത്തില്‍ ഉള്ളതു്. 100കോടി നാഡീകോശങ്ങളു ണ്ടെന്നാണു് ആധുനികശാസ്ത്രത്തിന്‍റെ കണക്കു്.) തലാമസ് എന്ന പദം ഗ്രീക്കുഭാഷയില്‍നിന്നു വന്നിട്ടുള്ളതാണു്; അതിന്‍റെ അര്‍ത്ഥം ‘ഇന്നര്‍ ചെയ്മ്പര്‍’. സംസ്കൃതത്തില്‍ ഹൃദയം എന്നു പറഞ്ഞാലും ഇതേ അര്‍ത്ഥംതന്നെ. നാഡികള്‍ ബന്ധിപ്പിച്ചിട്ടുള്ള ഹൃദയം തലാമസ് ആണെന്നു് ഇതില്‍നിന്നൊക്കെ വ്യക്തം. ആത്മാവു് എല്ലായിടവും വ്യാപിച്ചുനില്ക്കുന്നുവെന്നാ ണല്ലോ നാം മനസ്സിലാക്കിയിട്ടുള്ളതു്; അപ് പോള്പ്പിന്നെ, അതിന്‍റെ സ്ഥാനം ഹൃദയമാണെന്നു പറയുന്നതിന്‍റെ താത്പര്യമെന്താണു്? ആത്മാവു സര്‍വ്വവ്യാപിയാണെങ്കിലും അതിലെ ബോധാംശം വ്യതിരിക്തമായി ശരീരങ്ങളില്‍ പ്രസരിക്കുന്നതു് ഹൃദയം കേന്ദ്രമാക്കിയാണെന്നേ ആ പ്രസ്താവനയ്ക്കര്‍ത്ഥമുള്ളു. ഹൃദയമാകുന്ന തലാമസില്‍ ക്ഷതമേറ്റാല്‍ ആ ശരീരം ബോധരഹിതമാകും. അതാണു ഹൃദയം ബോധകേന്ദ്രമാണെന്നു പറയുന്നതിന്‍റെ താത്പര്യം.
മേല്‍ക്കൊടുത്ത വിവരണങ്ങളില്‍നിന്നു നാം ആത്മാവിനെപ്പറ്റി അറിഞ്ഞതെന്തൊക്കെയാണു്?ആത്മാവു് ആദികാരണമായ സത്തയാകുന്നു; അതില്‍നിന്നാണു് ഈ പ്രപഞ്ചം ഉണ്ടായിവന്നതു്;അവസാനം അതിലേക്കുതന്നെ തിരിച്ചു പോകുകയും ചെയ്യും. ഓരോ പ്രപഞ്ചവസ്തുവിലും അന്തര്യാമിയായി, അതിനെ അകമേ നിയന്ത്രിച്ചു കൊണ്ടു ആത്മാവു സ്ഥിതി ചെയ്യുന്നു. അതു് അരൂപിയാണു്; അഗോചരമാണു്; ജനനമോ മരണമോ ക്ഷയമോ നാശമോ ഇല്ലാത്തതാണു്. പ്രപഞ്ചവസ്തുക്കളില്‍ അതു പുരുഷ-പ്രകൃതി ദ്വന്ദ്വമായിട്ടു് അധിവസിക്കുന്നു. സത്-ചിത്-ആനന്ദമാണു് അതിന്‍റെ സ്വരൂപം. എല്ലാറ്റിലും നിയന്താവായി വര്‍ത്തിക്കുന്നതു സച്ചിദാനന്ദമാകുന്നു. അതിനാല്‍ സച്ചിദാനന്ദ സ്വരൂപനാണു് ഈശ്വരന്‍. ഹിന്ദുവിജ്ഞാന ത്തിലെ ഈശ്വരന്‍ സച്ചിദാനന്ദസ്വരൂപനായ ആത്മാവുതന്നെയാണു്. ഭഗവദ് ഗീതയില്‍ ഭഗവാനായി അവതരിപ്പിക്കപ്പെടുന്ന ശ്രീകൃഷ്ണന്‍ പറയുന്നതു കേള്‍ക്കൂ, ''ഞാന്‍ ആത്മാവാകുന്നു; സര്വ്വഭൂതങ്ങളു ടെയും ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നു;ഭൂതങ്ങളുടെ ആദിയും മദ്ധ്യവും അന്തവും ഞാന്‍ തന്നെ'' (10.20).
എല്ലാ ഭൂതങ്ങളും ആത്മാവില്‍നിന്നുണ്ടായി ആത്മാവില്‍ത്തന്നെ നിലനില്‍ക്കുകയും അവസാനം ആത്മാവില്‍ത്തന്നെ ലയിക്കുകയും ചെയ്യുന്നുവെന്നു നാം മനസ്സിലാക്കിക്കഴിഞ്ഞു. ഭൂമിയില്‍നിന്നു് എറിയപ്പെട്ട ഒരു കല്ലു് കുറെ ഉയര്‍ന്നതിനുശേഷം ഭൂമിയില്‍ത്തന്നെ വന്നു പതിക്കുന്നതുപോലെയാണിതു്. ഗുരുത്വാകര്‍ഷണം എപ്പോഴും അതിനെ ഭൂമിയോടു ബന്ധിച്ചുനിര്‍ത്തുന്നു. ഭൂതങ്ങളുടെ അവസ്ഥയും ഇതുപോലെതന്നെ.
ആത്മാവിനെക്കുറിച്ചു് ഇത്രയൊക്കെ അറിയുന്നവര്‍ക്കു് ആത്മാ വില്ലെന്നോ ഈശ്വരനില്ലെന്നോ പറയാന്‍ കഴിയില്ലല്ലോ. കുടത്തെയും മാലയെയും അറിയുകയും അവയുടെ നിര്‍മ്മാണവസ്തുക്കളായ മണ്ണിനെയും സ്വര്‍ണ്ണത്തെയും അറിയിതിരിക്കുകയും ചെയ്യുന്ന മൂഢന്മാര്‍ക്കേ ആത്മാവില്ലെന്നു പറയാന്‍ കഴിയുള്ളൂ.
ആത്മജ്ഞാനത്തെക്കുറിച്ചു പറയുമ്പോള്‍ ഇങ്ങനൊരു ചോദ്യമുയര്‍ന്നേക്കാം, “നാമെന്തിനു് ആത്മാവിനെപ്പറ്റി അറിയണം; അല്ലാതെ തന്നെ നമുക്കു സന്തോഷത്തോടെ ജീവിക്കാന്‍ കഴിയില്ലേ?”ചോദ്യത്തിലെ സന്തോഷം ഉണ്ണുന്നതിലും ഉറങ്ങുന്നതിലും രമിക്കുന്നതിലും ഉള്ള സന്തോഷമാണു്. അതു ജന്തുവര്‍ഗ്ഗത്തിനു പൊതുവേയുള്ള ഒന്നാണു്. ആ ‘സന്തോഷ’ത്തോടെയുള്ള ജീവിതം ജന്തുജീവിതം തന്നെ. തങ്ങള്‍ എങ്ങനെ ജീവിക്കുന്നു, എവിടെ ജീവിക്കുന്നു എന്നൊന്നും സാധാരണ ജന്തുക്കള്‍ക്കു് അറിയില്ല; എങ്ങനെ ജീവിക്കണമെന്നും അവയ്ക്കറിയില്ല. തങ്ങളുടെ പ്രവൃത്തികള്‍ ചുറ്റുപാടുകളെയും മറ്റുള്ളവരെയും തങ്ങളെത്തന്നെയും എങ്ങനൊക്കെ ബാധിക്കുന്നുവെന്നു മനസ്സിലാക്കുന്നുമില്ല, ജന്തുക് കള്‍. അതിനൊക്കെയുള്ള ചിന്താശേഷിയോ ബുദ്ധിശക്തിയോ അവയ്ക്കില്ല. എന്നാല്‍ മനുഷ്യന്‍ അങ്ങനെയല്ല. ചിന്താശേഷിയിലും ബുദ്ധിശക്തിയിലും അവന്‍ വളരെ ഉയര്‍ന്നുനില്‍ക്കുന്നു. വിജ്ഞാനം ആര്‍ജ്ജിക്കാനുള്ള കഴിവു൦ അവനുണ്ടു്. അതിനാല്‍ അവന്‍റെ ജീവിതം ജന്തുക്കളുടേതുപോലെയാകാനുള്ളതല് ല. താൻ ആരാണെന്നും തന്‍റെ കര്‍മ്മങ്ങള്‍ ആരെയൊക്കെ എങ്ങനെയൊക്കെ ബാധിക്കുമെന്നും അറിഞ്ഞു്, സ്വജീവിതം ചിട്ടപ്പെടുത്താനുള്ള ബാധ്യത അവനുണ്ടു്. അതിനായുള്ള അറിവുകളില്‍ ഏറ്റവും ഉത്തമവും പരമവുമായ അറിവാണു് ആത്മജ്ഞാനം. താനും താനുള്‍പ്പെടെയുള്ള മനുഷ്യവംശവും ഈ ഭൂമിയും അതിലെ സര്‍വ്വചരാചരങ്ങളും ഈ പ്രപഞ്ചം തന്നെയും ഒരേയൊരു ശക്തിയില്‍നിന്നുണ്ടായതാണെന്നും ആ ശക്തിയുടെ അംശങ്ങളാണു് അവയെല്ലാമെന്നും ആത്മജ്ഞാനം നമുക്കു വെളിവാക്കിത്തരുന്നു. ആര്‍ക്കും വേറിട്ടൊരു അസ്തിത്വമില്ലെന്നും ഓരോരുത്തരുടെയും അസ്തിത്വം എല്ലാറ്റിന്‍റെയും പൊതുവായ അസ്തിത്വത്തില്‍ ഉള്ളടങ്ങിയിരിക്കുന്നുവെന്നും അതു നമ്മെ പഠിപ്പിക്കുന്നു. അതിനാല്‍,ഓരോരുത്തരും അവരവരുടെ പ്രവൃത്തികള്‍ ലോകത്തിന്‍റെ പൊതുവായ നിലനില്‍പ്പിനു തടസ്സമാവാത്ത രീതിയില്‍ പരിമിതപ്പെടുത്താന്‍ ശ്രദ്ധിക്കണം. അങ്ങനെയല്ലെങ്കില്‍ സംഘര്‍ഷങ്ങളും സര്‍വ്വനാശവുമാകും ഫലം. അതാണു് ശ്രീനാരായണഗുരു ഉപദേശിച്ചതു്,
“അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം”.
(ആത്മോപദേശശതകം – പദ്യം 24).
ഇപ്രകാരമുള്ള ജീവിതം കേവലം സ്വശരീരസേവ മാത്രമായ ജന്തുജീവിതമല്ല, മഹത്തായ ജീവിതമാകുന്നു. ഇങ്ങനെ മഹത്തായ ജീവിതം നയിച്ചവരെ നാം മഹാന്മാരെന്നു കൊണ്ടാടുന്നു. സ്വന്തം നിലനില്‍പ്പിനെക്കാള്‍, സന്തോ ഷത്തെക്കാള്‍ അവര്‍ക്കു പ്രിയമായിരുന്നതു ലോകത്തിന്‍റെ മുഴുവന്‍ നിലനില്‍പ്പും സന്തോഷവുമായിരുന്നു. അതുകൊണ്ടാണു് അവര്‍ മഹാന്മാരും ബഹുമാന്യരുമായതു്. നാമവരെ ബഹുമാനിക്കുന്നതിനര്‍ത്ഥം അവരുടെ പ്രിയത്തിനോടു നമുക്കും പ്രിയമുണ്ടെന്നതാണു്. അതേ, എല്ലാവരുടെയും അകമേയുള്ള പ്രിയം ഒന്നുതന്നെ. നിലനില്‍ക്കണം,ആത് മപ്രകാശനം നടത്തണം, സുഖമനുഭവിക്കണം -- ഇതാ ണു് ആ പ്രിയം. സ്വശരീരത്തിനപ്പുറത്തേക്കു ദൃഷ്ടി പതിപ്പിക്കുന്ന വിശാലഹൃദയര്‍ ആ പ്രിയത്തെ എല്ലാവരുടെയും പൊതുവായ നിലനില്‍പ്പും ആത്മപ്രകാശനവും സുഖവുമായി മനസ്സിലാക്കുമ്പോള്‍, അജ്ഞാനംകൊ ണ്ടു സങ്കുചിതചിത്തരായവര്‍അതിനെ സ്വശരീരത്തിലേക്കു ചുരുക്കുന്നു; അങ്ങനെ വെറും ജന്തുജീവിത൦ വരിക്കുന്നു. അവനവന്‍റെ നിലനില്‍പ്പിനും സുഖത്തിനും വേണ്ടി എന്തു് അക്രമവും കാട്ടാന്‍ മടിയില്ലാത്ത മൃഗീയചിന്തയിലേക്കാണു് ഈ അജ്ഞാനം അവരെ തള്ളിവിടുന്നതു്. ഇതു ലോകത്തിന്‍റെ നിലനില്‍പ്പിനുതന്നെ ഭീഷണിയായേക്കാം. അതു കൊണ്ടുതന്നെ ആത്മജ്ഞാനം അത്യന്താപേക്ഷിതമാകുന്നു.
മേല്‍പ്പറഞ്ഞ ഭീഷണിയെക്കുറിച്ചുള്ള അവബോധമാണു് മനുഷ്യ കുലത്തിന്‍റെ എക്കാലത്തെയും എല്ലാ പ്രകാരത്തിലുമുള്ള നിയമങ്ങളുടെയും സംസ്കാരത്തിന്‍റെയും സദാചാരബോധത്തിന്‍റെയും ധര്‍മ്മചിന്തയുടെയും എല്ലാം ഉത്തേജകശക്തി. ആത്മതത്ത്വത്തിന്‍റെ പ്രഭാവം തേജസ്സാര്‍ന്നു സദാ പ്രസരിക്കണമെന്നാണു മനുഷ്യസമുദായത്തിന്‍റെ എന്നെന്നുമുള്ള പൊതുതാത്പര്യ൦. ഈ വസ്തുതയാണു പ്രസ്തുത അവബോധവും അതിന്‍റെ പ്രതിഫലനങ്ങളും തെളിയിക്കുന്നതു്. നാമറിയാതെതന്നെ നമ്മളിലെല്ലാം സച്ചിദാനന്ദമെന്ന ആ മഹാനിയാമക ശക്തി സദാ വര്‍ത്തിക്കുന്നു എന്നതിനും ഇവയെല്ലാം തെളിവാകുന്നു.
source from net