Saturday, March 25, 2017

ധര്‍മ്മവും അധര്‍മ്മവും
സത്യം വദധര്‍മ്മം ചര എന്നാണു് ഉപനിഷത് അനുശാസി ക്കുന്നതു് (തൈത്തിരീയം 1.11). പക്ഷേ,ധര്‍മ്മം എന്തെന്നറിയാതെ എങ്ങനെയാണു ധര്‍മ്മാനുസാരം ചരിക്കുന്നതു്ഏതു കര്‍മ്മമാണു ധര്‍മ്മാനുസാരിയായിട്ടുള്ളതെന്നു് ഓരോ സന്ദര്‍ഭത്തിലും എങ്ങനെയാണു തിരിച്ചറിയുക?എക്കാലവും മനുഷ്യനെ അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നമാണിതു്. ചെയ്യാവുന്നതെന്തു്,അരുതാത്തതെന്തു് എന്നു വിജ്ഞന്മാര്‍ പോലും സന്ദേഹിക്കുന്നതായി ഗീത നിരീക്ഷിക്കുന്നു (4.16).തുടര്‍ന്നു്, കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും ഗീത നല്‍കുന്നുണ്ടു്കര്‍മ്മത്തില്‍ അകര്‍മ്മത്തെയും അകര്‍മ്മത്തില്‍ കര്‍മ്മത്തെയും കാണണമെന്നു് (4.18). കര്‍മ്മത്തില്‍ അകര്‍മ്മത്തെ കാണുക എന്നു പറഞ്ഞാല്‍, ഒരു കര്‍മ്മം ചെയ്യുമ്പോള്‍ 'എനിക്കിതു ചെയ്യണം; കാരണ൦, ഇതു സുഖകാരിയാണു് തുടങ്ങിയ കാമസങ്കല്‍പ്പങ്ങള്‍ പാടില്ല എന്നര്‍ത്ഥംഅഥവാഇപ്രകാരമുള്ള കാമസങ്കല്‍പ്പങ്ങളാകരുതു് കര്‍മ്മത്തിനുള്ള പ്രചോദനം. സാധാരണമായി മനുഷ്യര്‍ കര്‍മ്മം ചെയ്യുന്നതു്, ഏതെങ്കിലും താത്പര്യങ്ങള്‍ സം‍രക്ഷിക്കുന്നതിനുവേണ്ടിയായിരിക്കുമല്ലോ. സം‍രക്ഷിക്കാന്‍ താത്പര്യങ്ങളില്ലെങ്കില്‍ അങ്ങനെയുള്ളവര്‍ക്കു കര്‍മ്മം ആവശ്യമില്ലെന്നുവരുന്നു. ഈ അവസ്ഥയാണു അകര്‍മ്മഭാവം എന്നറിയപ്പെടുന്നതു്. അതിനാല്‍, സ്വതാത്പര്യസം‍രക്ഷണം എന്ന പരിഗണനയാലല്ലാതെ ഒരാള്‍ കര്‍മ്മം ചെയ്യുമ്പോള്‍ അയാള്‍ കര്‍മ്മത്തില്‍ അകര്‍മ്മത്തെ കാണുന്നുവെന്നു പറയാ൦. ഇങ്ങനെ അകര്‍മ്മ ഭാവം കൈക്കൊള്ളുമ്പോഴും കര്‍മ്മത്തില്‍നിന്നു പിന്‍വാങ്ങരുതെന്നാണു് 'അകര്‍മ്മത്തില്‍ കര്‍മ്മത്തെ കാണണ൦’ എന്നതു കൊണ്ടുദ്ദേശിക്കുന്നതു്. ഏതെങ്കിലും സന്ദര്‍ഭത്തില്‍ ഒരു കര്‍മ്മം അനിവാര്യമായി വന്നാല്‍ 'അതു ചെയ്യേണ്ട ആവശ്യം എനിക്കില്ലഇതുകൊണ്ടെനിക്കു നേട്ടമില്ല’ എന്ന അകര്‍മ്മഭാവത്തോടെ മാറി നില്‍ക്കാതെ അതു നിസ്സംഗമായി ചെയ്യണമെന്നു താത്പര്യം.
ധര്‍മ്മത്തെപ്പറ്റിയുള്ള ചില സൂചനകള്‍ ഈ വിവരണത്തില്‍ ഉള്‍ക്കൊണ്ടിട്ടുണ്ടു്. കര്‍മ്മാനുഷ്ഠാനത്തിനു പ്രേരണയാകേണ്ടതു സ്വാര്‍ത്ഥതാത്പര്യങ്ങളല്ലെന്നാണല്ലോ അതില്‍ പറയുന്നതു്? എങ്കില്‍ അതു മറ്റെന്തായിരിക്കണംലോകസം‍ഗ്രഹത്തിനായിട്ടാണു കര്‍മ്മം ചെയ്യേണ്ടതെന്നു ഗീത (3.20, 3.25). ലോകസം‍ഗ്രഹമെന്നാല്‍ ലോകത്തിന്‍റെ നിലനില്‍പ്പും ഭദ്രതയും എന്നര്‍ത്ഥം. ആത്മതത്ത്വത്തിന്‍റെ പ്രകടിതഭാവമാണല്ലോ ലോകം. അപ്പോള്‍,ലോകസം‍ഗ്രഹത്തിനായുള്ള കര്‍മ്മങ്ങള്‍ ആത്മതത്ത്വത്തിനു് അനുരൂപമായവ ആയിരിക്കണം. ആത്മതത്ത്വത്തിനു് അനുരൂപമായതെന്തോ അതാണു ധര്‍മ്മ൦ എന്നറിയപ്പെടുന്നതു്. ആത്മതത്ത്വം സത്-ചിത്-ആനന്ദ൦ ആണല്ലോഅതായതു നില്‍നില്‍പ്പു്ആത്മപ്രകാശനം, ആനന്ദം. അതിനാല്‍ ലോകത്തിന്‍റെ കൂട്ടായ നില്‍നില്‍പ്പും ആത്മപ്രകാശനവും ആനന്ദവും ഉറപ്പുവരുത്തുന്ന കര്‍മ്മങ്ങളും ചിന്തകളുമാണു ധര്‍മ്മം. കൂട്ടായ നിലനില്‍പ്പിനെയും മറ്റും അവഗണിച്ചും അപകടപ്പെടുത്തിയും സ്വാര്‍ത്ഥപൂരണത്തിനായി ചെയ്യുന്ന കര്‍മ്മങ്ങള്‍ അധര്‍മ്മമാകുന്നു. എക്കാലത്തെയും എല്ലാ ദേശത്തെയും എല്ലാവിധ സദാചാരമൂല്യങ്ങളുടെയും നീതിബോധത്തിന്‍റെയും അടിസ്ഥാനമായി വര്‍ത്തിക്കുന്നതു് ഈ ധര്‍മ്മദര്‍ശനമാണു്. അതുകൊണ്ടിതു സനാതനധര്‍മ്മമെന്നു് അറിയപ്പെടുന്നു.
ഏതെങ്കിലും കര്‍മ്മം ധര്‍മ്മമോ അധര്‍മ്മമോ എന്നു നിശ്ചയിക്കുന്നതു്ആ കര്‍മ്മം ലോകത്തിന്‍റെ പൊതുവായ നിലനില്‍പ്പിനും മറ്റും ഉതകുമോ എന്നു നോക്കിയാണു്. അല്ലാതെചില കര്‍മ്മങ്ങള്‍ ധര്‍മ്മമെന്നും മറ്റു ചിലതു് അധര്‍മ്മമെന്നും നിര്‍വ്വികല്‍പ്പമായി തരംതിരിക്കാനാകില്ല. ഓരോ കര്‍മ്മത്തിന്‍റെയും സന്ദര്‍ഭവും പശ്ചാത്തലവും നോക്കിയിട്ടേ അതു ചെയ്യാനാകൂ. കൊല്ലുക എന്നതു പൊതുവേ അധര്‍മ്മമെന്നു പറയുന്നുണ്ടല്ലോപക്ഷേ ഒരു സൈനികന്‍ ശത്രുവിനെ കൊല്ലുന്നതു് അധര്‍മ്മമായിട്ടു് ആരും കാണുന്നില്ല. ഒരു സര്‍ജന്‍റെ കത്തിപ്രയോഗവും അതുപോലെ തന്നെ. എല്ലാ കര്‍മ്മങ്ങളുടെയും കാര്യം ഇങ്ങനെതന്നെയാകയാല്‍ ധര്‍മ്മാധര്‍മ്മനിശ്ചയം വളരെ ബുദ്ധിമുട്ടുള്ള ഒന്നുതന്നെ. ആത്മതത്ത്വോന്മുഖമായ മനസ്സുള്ളവര്‍ക്കേ അതു് എളുപ്പമാവുകയുള്ളു.
ഈ പ്രപഞ്ചത്തെ ഭരിക്കുന്ന ശക്തി സത്-ചിത്-ആനന്ദമാകയാല്‍ അതിനെ ആര്‍ക്കും അതിവര്‍ത്തിക്കുക സാധ്യമല്ല (ഛാന്ദോഗ്യം 8.4.1). അതിനെ അതിവര്‍ത്തിക്കാനുള്ള ശ്രമങ്ങളാണു് അധര്‍മ്മങ്ങളായി പ്രകടമാകുന്നതു്. ലോകത്തിന്‍റെ പൊതുവായ നിലനില്‍പ്പിനും ആത്മപ്രകാശനത്തിനും ആനന്ദത്തിനും അനുരൂപമല്ലാത്ത പ്രവൃത്തികളാണല്ലോ അധര്‍മ്മ൦. അതുകൊണ്ടുതന്നെ അധര്‍മ്മത്തിനു സ്ഥായിയായ നിലനില്‍പ്പില്ല. തടുത്തുനിര്‍ത്തപ്പെട്ട ഒഴുക്കുവെള്ളം ഒരു പരിധി കഴിഞ്ഞാല്‍ എല്ലാ തടസ്സങ്ങളെയും തച്ചുടച്ചു പാഞ്ഞു പോകുന്നതുപോലെ എല്ലാ അധര്‍മ്മങ്ങളെയും നശിപ്പിച്ചു് ആത്മശക്തി അതിന്‍റെ മേധാവിത്വം ഒരിക്കല്‍ സ്ഥാപിച്ചിരിക്കും. ഈ സത്യമാണു സംഭവാമി യുഗേ യുഗേ എന്നു ഗീതയില്‍ ആലങ്കാരികമായി അവതരിപ്പിച്ചിരിക്കുന്നതു് (4.8).
ലോകത്തിന്‍റെ അഭിവൃദ്ധിക്കു ധര്‍മ്മം എത്രത്തോളം പ്രധാനപ്പെട്ടതാണെന്നു ബൃഹദാരണ്യകോപനിഷത് 1.4.11 മുതല്‍ 1.4.14 വരെ ഇപ്രകാരം വിശദീകരിക്കുന്നു: ‘ഓരോന്നായി നാലു വര്‍ണ്ണങ്ങളെ സൃഷ്ടിച്ചിട്ടും ലോകത്തിനു് അഭിവൃദ്ധിയുണ്ടായില്ല. അവസാനം ധര്‍മ്മത്തെ സൃഷ്ടിച്ചു. ശക്തിയില്‍ അതു ക്ഷത്രിയനെ അതിശയിച്ചു. അതിനെക്കാള്‍ ശ്രേഷ്ഠമായി മറ്റൊന്നില്ല. ബലമില്ലാത്തവന്‍ ധര്‍മ്മം കൊണ്ടു രാജാവിനെപ്പോലെ ബലവാനായിത്തീരുന്നു. ധര്‍മ്മം സത്യം തന്നെ.
ധര്‍മ്മം നശിച്ചാല്‍ ലോകവും നശിക്കുമെന്നാണല്ലോ ഇതിന്‍റെയെല്ലാം അര്‍ത്ഥം.
8. മൃത്യുഅമൃതത്വം
    മൃത്യു എന്നാലെന്തു്മനുഷ്യന്‍ പുരാതനകാലം മുതല്‍ ഉത്തരം തേടുന്ന ഒരു ചോദ്യമാണിതു്. മൃത്യുവിനു ശേഷം എന്തു് എന്നതാണു കഠോപനിഷത്തിലെ പ്രധാന വിഷയം. എന്നാല്‍, വളരെ സങ്കുചിതമായ അര്‍ത്ഥത്തിലാണു നാ൦ ജനനമരണങ്ങളെ പൊതുവേ വ്യവഹരിച്ചുപോരുന്നതു്. ഗര്‍ഭത്തില്‍നിന്നു പുറത്തേക്കുവരുന്നതിനെ ജനനമെന്നും പ്രാണന്‍ നിന്നുപോകുന്നതിനെ മരണമെന്നും നാ൦ വിളിക്കുന്നു. ഇല്ലാഞ്ഞ ഒരാള്‍ പുതുതായുണ്ടായെന്നോ ഉള്ള ഒരാള്‍ ഇല്ലാതായെന്നോ ഈ വരവും പോക്കും കൊണ്ടു് അര്‍ത്ഥമാക്കാനാകില്ല. കാരണം ഇല്ലാത്തവ ഉണ്ടാകാനും ഉള്ളവ ഇല്ലാതാകാനും ഒരിക്കലും സാധ്യതയില്ല. അതാണല്ലോ ആധുനിക ഭൗതിക ശാസ്ത്രവും പറയുന്നതു്. അപ്പോള്‍നാം മനസ്സിലാക്കുന്ന ജനനം 'ഉണ്ടാകല്‍' അല്ലമരണം ഇല്ലാതാകലും അല്ല. അതൊരു രൂപമാറ്റം മാത്രമാണു്. ഏകകോശമായ ഭ്രൂണം അമ്മയില്‍നിന്നു പോഷകങ്ങള്‍ സ്വീകരിച്ചു വളരുന്നു;വളര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ ഗര്‍ഭത്തില്‍നിന്നു പുറത്തുവന്നു വെളിയിലുള്ള പോഷകങ്ങള്‍ ആഹരിച്ചു വീണ്ടും വളരുന്നു. അവസാനം വളര്‍ച്ച നിലയ്ക്കുകയും തുടര്‍ന്നു് ക്ഷയിച്ചു 'മരണ'ത്തിനു കീഴ്പ്പെടുകയും ചെയ്യുന്നു. രൂപമാറ്റം മാത്രം നോക്കിയാല്‍ ജനിച്ച ആളല്ല മരിക്കുന്നതെന്നു കാണാ൦. എന്നാല്‍, എല്ലാ രൂപപരിണാമങ്ങള്‍ക്കും അതീതമായി, മാറാതെ നില്‍ക്കുന്ന ഒന്നു് ഓരോ വ്യക്തിക്കുമുണ്ടു്അതുമൂലമാണു നാം അയാളെ അറിയുന്നതു് -- അയാളുടെ പേരു്. മരിച്ചാലും പേരു നില നില്‍ക്കുന്നു. എന്നാല്‍ചിലര്‍ക്കു പല പേരുകളുണ്ടാകാംമറ്റു ചിലര്‍ പേരു മാറ്റിയേക്കാം. അങ്ങനെ പേരുകളും രൂപങ്ങളും പലതായാലും ആള്‍ മാറുകയില്ലല്ലോ. അപ്പോള്‍, പേരിനും രൂപത്തിനും അതീതമായി ഒരസ്തിത്വം ഏതൊരു വ്യക്തിക്കുമുണ്ടെന്നുവരുന്നു. അതാണു് ആത്മാവു്നാമിതു നേരത്തേ മനസ്സിലാക്കിയിട്ടുള്ളതാണല്ലോ?
    ആത്മീയശാസ്ത്രത്തിനു നാമംരൂപം തുടങ്ങിയ ബാഹ്യ വിഷയങ്ങളില്‍ യാതൊരു താത്പര്യവുമില്ല. അതിനാല്‍, കേവലം രൂപമാറ്റങ്ങളെ ജനനമോ മരണമോ ആയി അതു കണക്കാക്കുന്നില്ല. ഉള്ളിലേക്കു നോക്കുന്ന ശാസ്ത്രമാണു് ആത്മീയശാസ്ത്ര൦അതു വിഷയമാക്കുന്നതു മനുഷ്യന്‍റെ ആന്തരികവൃത്തികളെയാണു്. കാരണംഅവയാണു് അയാളുടെ ജീവിതം നിര്‍ണ്ണയിക്കുന്നതു്അയാളുടെ എല്ലാ പ്രവൃത്തികളും അവ നിയന്ത്രിക്കുന്നു. പ്രകൃതിജന്യമായ സത്ത്വരജസ്തമോഗുണങ്ങളുടെ ഏറ്റക്കുറച്ചിലനുസരിച്ചാണു് ആന്തരികവൃത്തികള്‍ ഉണ്ടാകുന്നതു്. നമ്മില്‍ ഭൗതിക വസ്തുക്കളോടു താത്പര്യം ജനിപ്പിക്കുന്നതു് ഈ ഗുണങ്ങളാണു്.
ഏതെങ്കിലും വസ്തുവിനോടുള്ള താത്പര്യം അതിനെക്കുറിച്ചു തന്നെ സദാ ചിന്തിച്ചുകൊണ്ടിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഈ പ്രേരണയാണു സംഗം. സംഗം ശക്തി പ്രാപിക്കുമ്പോള്‍ ആ വസ്തു തനിക്കു കിട്ടിയേ പറ്റൂ എന്നൊരു വാശിയുണ്ടാകുന്നു. അതാണു കാമം. കാമിക്കുന്ന വസ്തു കിട്ടിയില്ലെങ്കില്‍ ക്രോധവും അതിനെത്തുടര്‍ന്നു സമ്മോഹവും (അവിവേകം) ഉണ്ടാകുന്നു. സമ്മോഹം സ്മൃതിനാശത്തിലേക്കും അതു ബുദ്ധിനാശത്തിലേക്കും നയിക്കുന്നു. ബുദ്ധിനാശത്തിന്‍റെ അവസാനം മരണവും സംഭവിക്കുന്നു. ഇപ്രകാരമാണു മരണത്തെ ഭഗവദ്ഗീത കാണുന്നതു് (2.62, 2.63). ഗീതയും ഉപനിഷത്തുകളും ജനനത്തെക്കാളധികം പറയുന്നതു മരണത്തെപ്പറ്റിയും അമരത്വത്തെപ്പറ്റിയുമാണു്. മേല്‍ക്കൊടുത്ത വിവരണത്തില്‍ കാമത്തിനടിപ്പെടുന്നതാണു മരണമെന്നത്രേ വിവക്ഷ. ഉപനിഷത്തുകളിലും ഇതേ അഭിപ്രായം തന്നെയാണു കാണുന്നതു്.
വിശപ്പാണു മരണമെന്നു ബൃഹദാരണ്യകം പറയുന്നു (1.2.1). വിശപ്പെന്നു വച്ചാല്‍ ഭോഗതൃഷ്ണ;അതായതു കാമം. പ്രപഞ്ച൦ ഏകമായ ആത്മാവിന്‍റെ ഭൗതികപ്രകടനമാണെന്നു നാം മനസ്സിലാക്കിയിട്ടുള്ളതാണല്ലോഈ ഏകത്വം ദര്‍ശിക്കുന്നവരെ ജ്ഞാനികള്‍ എന്നു വിളിക്കുന്നു (ഗീത 5.18). അല്ലാത്തവര്‍ ഒന്നിനെ പലതായി കാണുന്നവരാണു്. തങ്ങളില്‍നിന്നന്യമായി വസ്തുക്കളെ കാണുന്ന അവര്‍ക്കു് അവയെ സ്വന്തമാക്കുവാന്‍ ആഗ്രഹമുണ്ടാവുക സ്വാഭാവികം. ഈ ആഗ്രഹം ക്രമേണ കാമമായി പരിണമിക്കുന്നു. കാമം മരണത്തിലേക്കു നയിക്കുന്നുവെന്നു നാം കണ്ടതാണല്ലോ. അതു കൊണ്ടാണു്ഇവിടെ പലതുണ്ടെന്നു കാണുന്നവര്‍ മരണത്തില്‍നിന്നു മരണത്തിലേക്കു പോകുന്നതായി ഉപനിഷത്തുകള്‍ പ്രഖ്യാപിക്കുന്നതു് (ബൃഹദാരണ്യകം 4.4.19; കഠം 4.10).വിത്തമോഹംകൊണ്ടു മൂഢന്മാരായവര്‍ കണ്മുന്നില്‍ കാണുന്നതിന്നതീതമായി മറ്റൊന്നുമില്ലെന്നു വിചാരിക്കുന്നു; പരമമായ ഏകത്വത്തെ കാണാത്ത അവര്‍ വീണ്ടും വീണ്ടും മൃത്യുവിനു കീഴടങ്ങുന്നു(കഠം 2.6).    
ആത്മജ്ഞാനികള്‍ അമൃതത്വം പ്രാപിക്കുന്നുവെന്നാണു് ഉപനിഷത്തുകളുടെ പ്രഖ്യാപന൦. ഇന്ദ്രിയാര്‍ത്ഥങ്ങള്‍ക്കെല്ലാം അതീതമായതും അനാദിയും അനന്തവും നിത്യവുമായതു് ഏതോ അതിനെ അറിയുന്നവന്‍ മൃത്യുമുഖത്തുനിന്നു മോചിക്കപ്പെടുമെന്നു കഠം (3.15). ജ്ഞാനിയായ മുനി ആത്മാവുതന്നെയാകുന്നുവെന്നും കഠം (4.15). ഇന്ദ്രിയങ്ങളെയും പ്രാണങ്ങളെയും പ്രകാശിപ്പിക്കുന്നതും അവയ്ക്കെല്ലാം അതീതവുമായ തത്ത്വമാണു് ഈ ലോകത്തെ നിയന്ത്രിക്കുന്നതെന്നും അതറിയുന്ന ജ്ഞാനികള്‍ ഈ ലോകത്തെ വിട്ടു് അമൃതത്വത്തെ പ്രാപിക്കുമെന്നു൦ കേനം പറയുന്നു (1.2). ഉള്ളിലെ കാമങ്ങളില്‍നിന്നെല്ലാം മോചിതനാകുന്ന മര്‍ത്യന്‍ മരണമില്ലാത്തവനായിത്തീരുന്നുവെന്നു കഠം 6.14-ല്‍ വ്യക്തമാക്കുന്നു. ഇതേ ആശയംതന്നെ 6.15-ല്‍ ആവര്‍ത്തിച്ചിട്ടുമുണ്ടു്. ഉള്ളിലെ കെട്ടുകളെല്ലാം പൊട്ടിച്ചെറിയുന്നവന്‍ അമൃതത്വത്തെ പ്രാപിക്കുമെന്നാണു് അവിടെ പറഞ്ഞിട്ടുള്ളതു്. കഠത്തിലെ 6.14ശ്ലോകം ബൃഹദാരണ്യകത്തില്‍ 4.4.7-ല്‍ ഉദ്ധരിച്ചിരിക്കുന്നതായും കാണുന്നുണ്ടു്. ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രഹ്മമായി ഭവിക്കുമെന്നും അയാള്‍ എല്ലാ ദുഃഖങ്ങളെയും പാപങ്ങളെയും ജയിച്ചു്,ഉള്ളിലെ കെട്ടുകളെല്ലാം ഭേദിച്ചു്, അമൃതത്വം നേടുമെന്നും മുണ്ഡകം 3.2.9-ല്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഈ വിശ്വത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഏകനായ ഈശ്വരനെ അറിയുന്നവര്‍ അമൃതത്വം പ്രാപിക്കുമെന്നാണു ശ്വേതാശ്വതരം 3.7-ല്‍ പറയുന്നതു്. ഇതുതന്നെ 4.15, 4.16, 4.17, 4.20 എന്നീ ശ്ലോകങ്ങളില്‍ ആവര്‍ത്തിക്കുന്നുമുണ്ടു്. ശീതോഷ്ണ,സുഖദുഃഖാദി ദ്വന്ദ്വങ്ങള്‍ ആര്‍ക്കു വ്യഥയുണ്ടാക്കുന്നില്ലയോസുഖത്തെയും ദുഃഖത്തെയും തുല്യമായി കാണുന്ന ആ ധീരന്മാര്‍ അമൃതത്വത്തെ പ്രാപിക്കുമെന്നു ഗീത (2.15). ത്രിഗുണങ്ങളെ അതിജീവിക്കുന്നവന്‍ ജന്മമൃത്യുജരാദുഃഖങ്ങളില്‍നിന്നു മോചിതനായി അമൃതത്വത്തിലെത്തുമെന്നും ഗീത പറയുന്നു (14.20). ഇതില്‍നിന്നെല്ലാം വെളിവായി വരുന്ന സത്യമിതാണു്: ആത്മജ്ഞാനംകൊണ്ടുണ്ടാകുന്ന ദ്വന്ദ്വാതീതത്വമാണു് അമൃതത്വത്തിലേക്കുള്ള വഴി. ആത്മജ്ഞാനി ഏകത്വത്തെ ദര്‍ശിക്കുന്നുവെന്നും അതിനാല്‍ ശോകമോഹങ്ങള്‍ അദ്ദേഹത്തെ ബാധിക്കുന്നില്ലെന്നും ഈശം (7). താന്‍ ആത്മാവു തന്നെന്നറിയുന്നവനു് ഇച്ഛിക്കാനും കാമിക്കാനും എന്താണുള്ളതെന്നു ബൃഹദാരണ്യകം ചോദിക്കുന്നു (4.4.12).
ഉപനിഷത്തുകളും ഗീതയും പറയുന്നതുപോലെ ദ്വന്ദ്വാതീതത്വമാണു മരണമില്ലാത്ത അവസ്ഥ എങ്കില്‍ ദ്വന്ദ്വബോധമാണല്ലോ മരണം. തന്നില്‍നിന്നു ഭിന്നമായി മറ്റൊന്നുണ്ടെന്നു തോന്നുന്നവനാണു് അതിനെ പ്രാപിക്കാനോ ഉപേക്ഷിക്കാനോ വേണ്ടി പരിശ്രമിക്കുക. അത്തരം പരിശ്രമങ്ങള്‍ കാമവും ക്രോധവും ഉണ്ടാക്കുന്നു. കാമത്തിനോ ക്രോധത്തിനോ അടിപ്പെടുന്നവന്‍ തന്‍റെ തനിരൂപത്തെ വിട്ടു മറ്റൊരാളായിത്തീരുന്നു. സച്ചിദാനന്ദമാണു് ഏതൊരാളിന്‍റെയും സ്വരൂപം. ദ്വന്ദ്വബോധം കാമത്തിനു വഴിവയ്ക്കുന്നു. കാമത്തിനു കീഴ്പ്പെടുന്നവന്‍ സ്വരൂപത്തെ വിടുന്നു. ഇതാണു് ആത്മീയശാസ്ത്ര പ്രകാരമുള്ള മരണം. ആത്മജ്ഞാനം നേടി സ്ഥിതപ്രജ്ഞനായിത്തീര്‍ന്നവന്‍ ദ്വന്ദ്വബോധമില്ലാത്തവനായതിനാല്‍ കാമം അയാളെ കീഴ്പ്പെടുത്തുന്നില്ലഅയാള്‍ക്കു മരണവുമില്ല. മരണമില്ലാത്തവനാകയാല്‍ അയാള്‍ക്കു ജനനമോ പുനര്‍ജന്മമോ ഉണ്ടാവാന്‍ തരമില്ല. അയാള്‍ സ്വരൂപമായ സച്ചിദാനന്ദത്തില്‍ത്തന്നെ സ്ഥിരബുദ്ധിയോടെ നില്‍ക്കുന്നു. ഇങ്ങനെ സ്വരൂപത്തില്‍ത്തന്നെ നില്‍ക്കുന്നതിനെയാണു യോഗം എന്നു വിളിക്കുന്നതു്. യോഗം പ്രാപിക്കാത്തവര്‍ അപ്പോഴപ്പോഴുള്ള മനോവൃത്തികളുടെ രൂപത്തില്‍ സ്ഥിതിചെയ്യുന്നുവെന്നു പതഞ്ജലിയുടെ യോഗസൂത്രം (1.4). കോപം ആവേശിച്ചവന്‍ കോപിഷ്ഠനാകുന്നു; ദുഃഖം ആവേശിച്ചവന്‍ ദുഖിതനാകുന്നു; ആഹ്ലാദം നിറഞ്ഞവന്‍ ആഹ്ലാദവാന്‍ ആകുന്നു. അയാളുടെ യഥാര്‍ത്ഥഭാവം ഇതിലേതാണു്ഇതൊന്നുമല്ല. ഒന്നില്‍നിന്നു മറ്റൊന്നിലേക്കു് അയാള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണു്. കോപിഷ്ഠന്‍ അടുത്തനിമിഷം ദുഃഖിതനായി മാറുന്നുദുഃഖിതന്‍ ആഹ്ലാദവാനായി മാറുന്നു. അങ്ങനെ തിരിഞ്ഞും മറിഞ്ഞും രൂപം മാറിക്കൊണ്ടേയിരിക്കു൦. കോപം അടങ്ങുമ്പോള്‍ കോപിഷ്ഠന്‍ മരിച്ചു എന്നും ആഹ്ലാദമുണ്ടാകുമ്പോള്‍ ആഹ്ലാദവാന്‍ ജനിച്ചു എന്നും കരുതപ്പെടുന്നു. അങ്ങനെ വീണ്ടും വീണ്ടും ജനിക്കുന്നതു പുനര്‍ജന്മം. യഥാര്‍ത്ഥത്തില്‍ ഈ ജനനവും ഒരു മരണം തന്നെയാണു്. സ്വരൂപത്തിന്‍റെ ആവരണത്തില്‍ മാറ്റം വരുന്നുവെന്നേ യുള്ളുഒന്നു മാറി മറ്റൊന്നു വരുന്നു. ആവരണം ഇല്ലാതാകുന്നില്ല. അതുകൊണ്ടാണു കഠോപനിഷത് പറയുന്നതു്വീണ്ടും വീണ്ടും മരിക്കുന്നു എന്നു് (2.6). പൂര്‍ണ്ണമായി ആവരണം നീങ്ങുന്നതാണു മരണമില്ലാത്ത അവസ്ഥ അഥവാ അമൃതത്വം. ആത്മജ്ഞാനി ഒരു വികാരത്തില്‍നിന്നു മറ്റൊന്നിലേക്കു ചഞ്ചലപ്പെടുന്നില്ല;അതുകൊണ്ടാണു് അയാളെ അമരനെന്നു വിളിക്കുന്നതു്. അയാള്‍ സച്ചിദാനന്ദസ്വരൂപമായ ആത്മാവില്‍ത്തന്നെ സ്ഥിരമായി ഉറച്ചുനില്‍ക്കുന്നുഇന്ദ്രിയാതീതമായ ആനന്ദം അനുസ്യൂതം അനുഭവിക്കുന്നു.
മേല്‍പ്പറഞ്ഞപ്രകാരമുള്ള ജനനവും മരണവും പുനര്‍ജന്മവുമെല്ലാം ഒരേ ശരീരത്തില്‍ത്തന്നെയാണു സംഭവിക്കുന്നതെന്നു വ്യക്തമാണല്ലോ. അമരത്വവും അങ്ങനെ തന്നെ. ആവര്‍ത്തിച്ചു 'മരിച്ചു കൊണ്ടിരിക്കുന്നചിലര്‍ ദേഹബോധം വിട്ടു് ഒരിക്കല്‍ സ്ഥിരബുദ്ധിയിലേക്കു് എത്തിച്ചേര്‍ന്നേക്കാം. മറ്റുള്ളവര്‍ ദേഹബോധം വിടാത്തതിനാല്‍ സാധാരണ രീതിയനുസരിച്ചു് പുതിയൊരു വികാരത്തിലേക്കു്പുതിയൊരു ചിത്തവൃത്തിയിലേക്കു്, എത്തിപ്പെടുന്നു. ദേഹബോധമെന്നാല്‍ ദേഹമാണു തന്‍റെ സ്വത്വത്തിന്‍റെ അടിസ്ഥാനമെന്നും ദേഹം കൊണ്ടുള്ള സന്തോഷവും അതിനുവേണ്ടിയുള്ള ഭോഗങ്ങളും നേടുകയാണു തന്‍റെ ലക്ഷ്യമെന്നും ചിന്തിക്കുന്നതായ ബോധംമരണം പ്രാപിക്കുന്നവര്‍ ഇപ്രകാരം രണ്ടുരീതിയില്‍ പരിവര്‍ത്തിക്കപ്പെടുന്നു. അതു് അവര്‍ക്കു കിട്ടിയ അറിവിന്‍റെയും ആ അറിവിന്‍റെ വെളിച്ചത്തില്‍ ചെയ്ത കര്‍മ്മങ്ങളുടെയും അടിസ്ഥാനത്തിലാണു സംഭവിക്കുന്നതു്. ഒരു കൂട്ടര്‍ ആവശ്യമായ ജ്ഞാനം ലഭിക്കായ്കയാല്‍ പുതിയ വികാരങ്ങളിലേക്കു മാറി ജനനമരണങ്ങള്‍ തുടരുന്നു (വികാരം=മാറ്റം). മറ്റൊരു കൂട്ടര്‍ ഉത്തമജ്ഞാനലബ്ധിയാല്‍ നിര്‍വ്വികാരതയിലേക്കു് ഉദ്ഗമിക്കുന്നു. ഈ സത്യമാണു കഠോപനിഷത്തില്‍ 5.7 ശ്ലോകത്തില്‍ വെളിവാക്കിയി ട്ടുള്ളതു്. 
മരണത്തിനുശേഷം എന്തു സംഭവിക്കുന്നുവെന്ന നചികേതസ്സിന്‍റെ ചോദ്യത്തിനു് (കഠോപനിഷത്1.20) ആദ്യം ഉത്തരം പറയാന്‍ യമന്‍ മടിക്കുന്നു. പല പ്രലോഭനങ്ങളും നല്‍കി അയാളെ പിന്‍തിരിപ്പിക്കാനായി ശ്രമം. പക്ഷേനചികേതസ്സ് പിന്‍വാങ്ങിയില്ല. അയാളുടെ ദൃഢനിശ്ചയം കണ്ട യമന്‍ അവസാനം ഉത്തരം നല്‍കാന്‍ തയ്യാറാകുന്നു. ദേവന്മാര്‍ക്കുപോലും അജ്ഞാതമായ രഹസ്യമാണു താന്‍ പറയാന്‍ പോകുന്നതെന്നു സൂചിപ്പിച്ചുകൊണ്ടു യമന്‍ ആദ്യം മരണം എന്നാലെന്തെന്നും അമൃതത്വം എങ്ങനെ പ്രാപിക്കാമെന്നുമാണു വിശദമാക്കുന്നതു്. അതിനെപ്പറ്റി മുകളില്‍ പരാമര്‍ശിച്ചിട്ടുള്ളതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. ആകെ 119 ശ്ലോകങ്ങളുള്ള ഉപനിഷത്തില്‍ നചികേതസ്സിന്‍റെ ചോദ്യം മുതല്‍ എഴുപത്തിനാലാമത്തെ ശ്ലോകത്തിലാണു മരണശേഷം എന്തു സംഭവിക്കുന്നെന്നു യമന്‍ പറയുന്നതു്. ശ്ലോകം ഇങ്ങനെയാണു്:
യോനിമന്യേ പ്രപദ്യന്തേ ശരീരത്വായ ദേഹിനഃ
സ്ഥാണുമന്യേഽനുസം‍യന്തി യഥാ കര്‍മ്മ യഥാ ശ്രുതം. (5.7)
ഇതിന്‍റെ നേരായ അര്‍ത്ഥം മുകളിലത്തെ ഖണ്ഡികയില്‍ വിവരിച്ചിട്ടുള്ളതാണു്. എന്നാല്‍ വ്യാഖ്യാതാക്കള്‍ പൊതുവേ അഭിപ്രായപ്പെടുന്നതു് മരണശേഷംതങ്ങളുടെ ജ്ഞാനകര്‍മ്മങ്ങള്‍ക്കനുസൃതമായിചില ദേഹികള്‍ ശരീരത്തിനായി പുതിയ യോനികള്‍ തേടിപ്പോകുന്നുവെന്നും മറ്റു ചിലര്‍ സ്ഥാണുക്കളായി (സ്ഥിരമായി നില്‍ക്കുന്നവഅതായതു സസ്യങ്ങളായി) മാറുന്നുവെന്നുമാണു്. ഇത്ര ലഘുവായനിസ്സാരമായ ഉത്തരം പറയാനാണോ യമന്‍ മടി കാണിച്ചതു്ദേവന്മാര്‍ക്കുപോലും അറിയില്ലെന്നു യമന്‍ പറഞ്ഞതും ഇത്രയ്ക്കു സുഗ്രാഹ്യമായ,സുലളിതമായ ഒരു പ്രസ്താവനയാണോ? ഇതാണു താന്‍ പറയാനുദ്ദേശിച്ചിരുന്നതെങ്കില്‍ യമനു് അതാദ്യമേ തന്നങ്ങു പറയാമായിരുന്നല്ലോ. ചോദ്യം ചോദിച്ചതിനുശേഷം 73 ശ്ലോകങ്ങള്‍, മരണത്തിനു കീഴ്പ്പെടുന്നതിനെപ്പറ്റിയും അമൃതത്വത്തെപ്പറ്റിയുമൊക്കെ വിശദീകരിച്ചു്, എന്തിനു വൃഥാ ചെലവിട്ടു?മരണത്തിന്‍റെ പിടിയില്‍പ്പെടുന്നതു് അജ്ഞാനികളാണെന്നും ജ്ഞാനികള്‍ അമൃതത്വം പ്രാപിക്കുന്നുവെന്നുമൊക്കെ എന്തിനു് അത്രയും ശ്ലോകങ്ങളിലൂടെ ഉദ്ബോധിപ്പിച്ചുശരീരനാശം എന്ന മരണമാണു യമന്‍ ഉദ്ദേശിച്ചതെങ്കില്‍ അതു ജ്ഞാനികള്‍ക്കും അജ്ഞാനികള്‍ക്കും ഒരുപോലെ ബാധകമാണല്ലോ. വ്യാഖ്യാതാക്കള്‍ പറയുന്ന അര്‍ത്ഥമല്ല കഠോപനിഷത്തിലെ 5.7ശ്ലോകത്തിനുള്ളതെന്നു് ഇതില്‍നിന്നൊക്കെ വ്യക്തമാകും. എന്നുമാത്രമല്ലആത്മാവു് അവിച്ഛിന്നമായി,അവ്രണമായി വിശ്വം മുഴുവന്‍ വ്യാപിച്ചു നില്‍ക്കുന്നുവെന്നും ഭൂതങ്ങളില്‍ അതു വിഭക്തമെന്നതുപോലെ സ്ഥിതി ചെയ്യുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ അവിഭക്തമാണെന്നും പുണ്യകര്‍മ്മങ്ങളാലും പാപകര്‍മ്മങ്ങളാലും അതു ബാധിക്കപ്പെടുന്നില്ലെന്നും ഈ പ്രപഞ്ചത്തെ മുഴുവന്‍ അന്തര്യാമിയായി നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അതേ ആത്മാവുതന്നെയാണു് ഓരോ വ്യക്തിയുടെയും അന്തരാത്മാവെന്നും ആ ആത്മാവില്‍നിന്നുണ്ടായി അതില്‍ത്തന്നെ അവസാനം ചെന്നുചേരുന്ന എല്ലാ ഭൂതങ്ങളും അതിന്‍റെ ശരീരം തന്നെയാണെന്നും മറ്റുമാണു ഉപനിഷത്തുകളും ഗീതയും പഠിപ്പിക്കുന്നതു് (ഈശം 8; ഗീത 2.24, 9.18, 10.8, 13.16, 13.32; ഛാന്ദോഗ്യം 6.8.7, 8.1.5; കഠം 2.18;ബൃഹദാരണ്യകം 4.4.22, 4.4.23 തുടങ്ങിയവ ഉദാഹരണം). ഈ പാഠങ്ങളെയെല്ലാം അവഗണിക്കുന്നതായിപ്പോയി വ്യാഖ്യാതാക്കളുടെ വാദം. എല്ലായിടവും വ്യാപിച്ചു് അവ്രണമായി നില്‍ക്കുന്ന ആത്മാവു്, ഒരു ദേഹത്തു നിന്നു വേര്‍പെട്ടു യോനികള്‍ തേടി സഞ്ചരിക്കുന്നുവെന്നതു് എങ്ങനെ ശരിയാകുംയോനികളിലും അന്തര്യാമിയായി ആത്മാവു തന്നെയല്ലേ ഉള്ളതു്ഒന്നിനു്,അതില്ലാത്ത ഒരുസ്ഥലത്തേക്കല്ലേ സഞ്ചരിക്കാന്‍ കഴിയൂആത്മാവു് എല്ലായിടത്തും വ്യാപിച്ചു നില്‍ക്കുന്നതിനാല്‍ ഏതെങ്കിലും സ്ഥലത്തു നിന്നു് അതു വേര്‍പെടുന്നു എന്നതും മറ്റൊരു സ്ഥലത്തേക്കു സഞ്ചരി ക്കുന്നു എന്നതും അസാധ്യമായ കാര്യമാണു്. നാമരൂപങ്ങളായാണു് ആത്മാവു പ്രകടിതമായി നില്‍ക്കുന്നതു് എന്നതിനാല്‍ (ബൃഹദാര ണ്യകം 1.4.7) നാമരൂപങ്ങള്‍ ഇല്ലാതായാല്‍ ആത്മാവു് അതിന്‍റെ സ്വരൂപത്തിലെത്തുംഅവിടെ വ്യക്തിബോധമില്ല (ബൃഹദാരണ്യകം 2.4.12). 'എന്‍റെ ആത്മാവു്' 'നിന്‍റെ ആത്മാവു്എന്നൊക്കെ പറയു ന്നതുതന്നെ അസംബന്ധമാണെന്നു ശ്രീനാരായണഗുരു പറഞ്ഞിട്ടുള്ളതു ശ്രദ്ധിക്കുക (ആത്മോപദേശശതകം 60, 62 ശ്ലോകങ്ങള്‍). മാത്രമല്ല,പുണ്യപാപകര്‍മ്മങ്ങളോ മറ്റു വികാരങ്ങളോ ആത്മാവിനെ ബാധിക്കുകയുമില്ല. പിന്നെങ്ങനെയാണു കര്‍മ്മങ്ങളുടെയും ജ്ഞാനത്തിന്‍റെയും അടിസ്ഥാനത്തില്‍, ആത്മാവു മാത്രമായ ദേഹി പുനര്‍ജ്ജനിക്കുന്നുവെന്നു വ്യാഖ്യാതാക്കള്‍ക്കു പറയാന്‍ കഴിയുക?
ആത്മീയതയുടെ ഗഹനതത്ത്വങ്ങള്‍ സാധാരണജനങ്ങള്‍ക്കുകൂടി വേദ്യമാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണു് പുരാണങ്ങളും ഇതി ഹാസങ്ങളും മറ്റു കഥാകൃതികളും രചിക്കപ്പെട്ടിട്ടുള്ളതു്. അവയിലൊക്കെ ഈ തത്ത്വങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളതു് കാല്‍പനികതയുടെ ആവരണം നല്‍കിയാണു്. കാല്‍പനികതയുടെ ഈ ആവരണങ്ങള്‍ സത്യംതന്നെയെന്ന തെറ്റിദ്ധാരണയാണു് ആത്മാവു യോനികള്‍ തേടി സഞ്ചരിക്കുന്നുവെന്നും മറ്റുമുള്ള ചിന്തയിലേക്കു നയിക്കുന്നതു്. പുരാണേതിഹാസങ്ങളുമായി മാത്രം പരിചയമുള്ള സാധാരണക്കാര്‍ക്കു് ഇത്തരം ചിന്തകളുണ്ടാകുന്നതു സ്വാഭാവികം. എന്നാല്‍, ഉപനിഷദ്വ്യാഖ്യാതാക്കളും സാധാരണക്കാരെപ്പോലെതന്നെ ചിന്തിക്കുന്നതു കഷ്ടം തന്നെ.
കമ്പ്യൂട്ടറില്‍ ആവശ്യമായ വൈദ്യുതവാഹസംവിധാനങ്ങള്‍ ഉണ്ടെങ്കിലേ അതില്‍ക്കൂടി വൈദ്യുതി പ്രവഹിച്ചു കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുകയുള്ളു. അങ്ങനെയുള്ള കമ്പ്യൂട്ടര്‍ മോഡവുമായി ബന്ധിപ്പിക്കുമ്പോള്‍ ഇന്‍റര്‍നെറ്റ് ലഭ്യമാകുന്നു. അപ്പോള്‍, കമ്പ്യൂട്ടറില്‍ രണ്ടുതരം പ്രവാഹങ്ങള്‍ ഉള്ളതായി കാണാംവൈദ്യുതി പ്രവാഹവും സിഗ്നല്‍പ്രവാഹവും. ഇതുപോലെയാണു ജീവികളിലെ പ്രാണപ്രവാഹവും ബോധപ്രവാഹവും. പ്രാണവാഹസംവിധാനമുണ്ടെങ്കില്‍ പ്രാണന്‍ പ്രവഹിക്കും. കാര്‍ഡിയോവസ്കുലാര്‍ സിസ്റ്റമാണു് ആ സംവിധാനം. പ്രാണപ്രവാഹമുള്ളിടത്തേ ബോധപ്രവാഹമുള്ളു. എല്ലാ ജീവികളിലുമുള്ള പ്രാണനുകള്‍ക്കും ബോധത്തിനും സര്‍വര്‍ ഒന്നേയുള്ളുഅതാണു് ഏകമായ ആത്മാവു്.
വൈദ്യുതിവാഹസംവിധാനം തകരാറിലാകുമ്പോള്‍ കമ്പ്യൂട്ടറിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്നതുപോലെപ്രാണപ്രവാഹ സംവിധാനം പ്രവര്‍ത്തിക്കാതാകുമ്പോള്‍ പ്രാണന്‍ നിലയ്ക്കും;അതോടെ ബോധവും ഇല്ലാതാകും. അപ്പോള്‍ ജീവി 'മരിച്ച'തായി നാം കണക്കാക്കുന്നു. ജീവിയെ ജീവിയായി നിലനിര്‍ത്തിയിരുന്ന പ്രാണന്‍ നിലയ്ക്കുന്നതോടെ അതിനു് ആ രൂപത്തില്‍ നില നില്‍ക്കാന്‍ കഴിയാതാകുന്നു. അതു്ഉണ്ടാക്കപ്പെട്ടിട്ടുള്ളതു് എന്തു കൊണ്ടാണോ ആ ഘടകങ്ങളിലേക്കു് ശിഥിലമാക്കപ്പെടുന്നു. ഏതിനെയും നിലനിര്‍ത്തുന്നതും ഭരിക്കുന്നതും സച്ചിദാനന്ദസ്വരൂപമായ ആത്മാവായതിനാല്‍ ഈ വിഘടിതഘടകങ്ങളിലും ആത്മശക്തി അവയെ പ്രകാശിപ്പിച്ചുകൊണ്ടു് അപ്പോഴും നിലകൊള്ളുന്നുണ്ടാകും.
വൈദ്യുതി ബള്‍ബിലെത്തുമ്പോള്‍ അതു കത്തുന്നുഫാനിലെത്തുമ്പോള്‍ അതു കറങ്ങുന്നു,ഹീറ്ററിലെത്തുമ്പോള്‍ അതു ചൂടാകുന്നുഅങ്ങനെതന്നെ എല്ലാ വൈദ്യുതോപകരണങ്ങളും. എന്നാല്‍ വൈദ്യുതപ്രവാഹം നിലയ്ക്കുന്നില്ലെങ്കില്‍ക്കൂടി ഉപകരണം കേടായാല്‍ അവ പ്രവര്‍ത്തിക്കുകയില്ല. അതുപോലെനിലയ്ക്കാത്ത വൈദ്യുതപ്രവാഹമായി ആത്മശക്തി നിലകൊള്ളുന്നു. പ്രാണപ്രവാഹസംവിധാനമുള്ളിടത്തു് അതു പ്രാണനായും ബോധമായും പ്രകാശിക്കുന്നു. സൂര്യനില്‍ അതു ചൂടും പ്രകാശവുമായിട്ടാണു വര്‍ത്തിക്കുന്നതു്. അങ്ങനെ ഓരോ വസ്തുവിലും അതതിന്‍റെ സ്വഭാവത്തെ പ്രകാശിപ്പിക്കുന്ന ശക്തിയായി ആത്മാവു നിത്യമായി നിലകൊള്ളുന്നു. വസ്തുക്കളില്‍ ഘടനാവ്യതിയാനങ്ങള്‍ സംഭവിക്കുമ്പോള്‍ അവയിലെ ആത്മപ്രകാശനത്തിന്‍റെ സ്വഭാവം മാറുമെന്നേയുള്ളു. 
അതിനാല്‍, ആത്മാവു് ഒരു ദേഹം വിട്ടു മറ്റൊരു ദേഹത്തിനായി യോനി അന്വേഷിച്ചു നടക്കുന്നുവെന്നും മറ്റുമുള്ള വ്യാഖ്യാനങ്ങള്‍ തെറ്റാണു്. നദികള്‍ സമുദ്രത്തിലെത്തിച്ചേര്‍ന്നാല്‍ സ്വത്വം നശിച്ചു് എല്ലാം സമുദ്രമായി മാറുന്നതുപോലെദേഹനാശം സംഭവിച്ച ദേഹികള്‍ സ്വത്വം നശിച്ചു് ആത്മചൈതന്യം മാത്രമായി മാറുന്നു (ഛാന്ദോഗ്യം 6.10.1, 6.10.2; ബൃഹദാരണ്യകം 2.4.12). പുണ്യപാപങ്ങള്‍ ആത്മാവിനെ ബാധിക്കാത്തതിനാല്‍ (കഠം 5.11; ബൃഹദാരണ്യകം 4.4.22; ഗീത 5.15)അവ ദേഹനാശത്തോടുകൂടി അസ്തമിക്കുകയാണു ചെയ്യുന്നതു്. അതിനാല്‍ പുതിയൊരു ദേഹത്തില്‍ക്കൂടി അവ തുടരുക എന്നതു് അസാദ്ധ്യം. ഈ സാഹചര്യത്തില്‍, പഴയ ദേഹത്തിന്‍റെ പുണ്യപാപങ്ങള്‍ക്കനുസരിച്ചു പുതിയ ജന്മമുണ്ടാകുന്നു എന്ന വിശ്വാസം അടിസ്ഥാനമില്ലാത്തതാകുന്നു. ഓരോ ജന്മവും അനന്യമായ ഒരു പ്രകടനം മാത്രമാണു്. ഒരു ദേഹത്തിന്‍റെ അനുഭവം അതിന്‍റേതു മാത്രമാകുന്നു. മുജ്ജന്മസുകൃതംമുജ്ജന്മദുഷ്കൃതം എന്നൊക്കെ പറയുന്നതു് ഒരേ ശരീരത്തിലെ മുന്‍കാല ചെയ്തികളെയാണു സൂചിപ്പിക്കുന്നതെന്നു മനസ്സിലാക്കുക. അതില്‍ക്കവിഞ്ഞുള്ള വിവരണങ്ങളും ധാരണകളും വെറും ആലങ്കാരിക സങ്കല്‍പ്പങ്ങള്‍ മാത്രം.
എങ്കില്‍, എന്തുകൊണ്ടാണു ഓരോ വ്യക്തിയും മറ്റുള്ളവരില്‍നിന്നു വ്യത്യസ്തനായിരിക്കുന്നതു്?ഒരേ മാതാപിതാക്കളുടെ മക്കള്‍ തന്നെ പരസ്പരം വ്യത്യസ്തരായിരിക്കുന്നുവല്ലോഅതിനുള്ള കാരണം മുജ്ജന്മത്തിലെ കര്‍മ്മങ്ങളല്ലെങ്കില്‍ പിന്നെ മറ്റെന്താണു്? പൂര്‍വ്വജന്മത്തിന്‍റേതെന്നു പറയപ്പെടുന്ന ഈ കര്‍മ്മഫലങ്ങള്‍ ആരാണു നല്‍കുന്നതു്ഈശ്വരനോഈശ്വരന്‍ ആരെയെങ്കിലുംകൊണ്ടു് എന്തെങ്കിലും കര്‍മ്മങ്ങള്‍ ചെയ്യിക്കുകയോ ഏതെങ്കിലും കര്‍മ്മങ്ങള്‍ക്കു ഫലം നല്‍കുകയോ ചെയ്യുന്നില്ല എന്നു ഗീത 5.14, 5.15 എന്നീ ശ്ലോകങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നു. എല്ലാം അതതിന്‍റെ സ്വഭാവമനുസരിച്ചു സംഭവിക്കുന്നുവെന്നാണു ഗീത പറയുന്നതു് (5.14). ആത്മചൈതന്യത്തിന്‍റെ ഭൗതികപ്രകടനമാണല്ലോ ഈ പ്രപഞ്ചംഇവിടെ തുടര്‍ന്നു സംഭവിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ആദ്യ പ്രകടനത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള നിയമങ്ങള്‍ക്കു് അനുസൃതമായിരിക്കും. അക്കാര്യത്തില്‍ ഈശ്വരന്‍റെ പോലും അധികമായ ഒരു ഇടപെടല്‍ ആവശ്യമില്ലെന്നാണു മേല്‍പ്പറഞ്ഞ ഗീതാവാക്യത്തിന്‍റെ സാരം. വൈവിദ്ധ്യം ഭൗതികാസ്തിത്വത്തിന്‍റെ അനിവാര്യതയാണു്. വൈവിധ്യമില്ലെങ്കില്‍ ലോകത്തിനു നിലനില്‍പ്പില്ല. ഭൗതികപ്രകടനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിയമമാണു വൈവിദ്ധ്യം. സൃഷ്ടികള്‍ വൈവിദ്ധ്യമുള്ളതാകുമ്പോള്‍ അതിനെ ഏതെങ്കിലും പാപത്തിന്‍റെയോ പുണ്യത്തിന്‍റെയോ ഫലമാണെന്നു കരുതുന്നതില്‍ യാതൊരര്‍ത്ഥവുമില്ല.
ഇതു മാത്രമല്ലഭൗതികപ്രകടനത്തില്‍ സത് എന്ന ആത്മതത്ത്വം പ്രവര്‍ത്തിക്കുമ്പോള്‍ ഭൗതികഭാവത്തിന്‍റെ നിലനില്‍പ്പിനോടു് ഒരു അഭിവാഞ്ഛ സ്വാഭാവികമായും ഉണ്ടാകുന്നു. ഇതു മറ്റൊരു പ്രകൃതി നിയമമാകുന്നു. തന്മൂലം തന്‍റെ യഥാര്‍ത്ഥ സ്വത്വത്തില്‍നിന്നു് മനുഷ്യന്‍ അകന്നുപോകുന്നു. അങ്ങനെയാണു് അവന്‍ അജ്ഞാനത്തിന്‍റെ പിടിയില്‍പ്പെടുന്നതു്. ഈ അജ്ഞാനത്തില്‍നിന്നുള്ള മോചനമത്രേ ആത്മീയസാധനയുടെ ലക്ഷ്യം.  
source from net