Saturday, March 25, 2017

കൂട്ടുകാരോടും വേണ്ടപ്പെട്ടവരോടും ദുഃഖം പറഞ്ഞ് സുഖം കിട്ടും എന്നതാണ് സാധാരണക്കാർ ചെയ്യുന്നത്  . ഒരു കുട്ടി കളിച്ചുകൊണ്ടിരിക്കുമ്ബോള്‍ കൂട്ടുകാരന്‍ ഒന്നുനുള്ളിയാല്‍ കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തുപോയി പറയും. കുറച്ചുകൂടി പ്രായമാകുമ്ബോള്‍ വീട്ടില്‍ അമ്മ അടിച്ചതും, സഹോദരന്‍ വഴക്ക് പറഞ്ഞതുമെല്ലാം കൂട്ടുകാരനോട് പറയും. പിന്നീട് സ്നേഹിക്കുന്ന സ്ത്രീയോട് തന്റെ ദുഃഖമെല്ലാം പറഞ്ഞ് ആശ്വസിക്കുവാന്‍ ശ്രമിക്കുന്നു. (അവളുടെ ദുഃഖങ്ങള്‍ അയാളോടും പറയുന്നു) പക്ഷേ, അങ്ങോട്ടും ഇങ്ങോട്ടും ദുഃഖം പറഞ്ഞ് ഇരട്ടി ദുഃഖിതരായി കഴിയുന്നതല്ലാതെ ദുഃഖനിവൃത്തി ഉണ്ടാക്കാനാകുന്നില്ല. ചെറിയ ചേര, വലിയ തവളയെ വിഴുങ്ങി വിഷമിക്കുന്നതുപോലെ, രണ്ടുകൂട്ടരും വിഷമിക്കുന്നു. നമുക്ക് പൂര്‍ണശാന്തി തരാന്‍ ആര്‍ക്കും കഴിയില്ല. ഈ ദുഃഖം പകരല്‍, വിശ്വസങ്കല്‍പമായ ഈശ്വരനിലേക്ക് മാറ്റിയാല്‍ ശാശ്വതമായ ശാന്തി ലഭിക്കും. അവിടുന്ന് നമുക്ക് ആനന്ദം മാത്രമേ തരികയുള്ളൂ. നിരാകാരനായ ഈശ്വരനോട് വേഗം പ്രേമം വരികയില്ല. സാധാരണക്കാരന് നിരാകാര സാധനയില്‍നിന്ന് വേഗം സംതൃപ്തി തോന്നിയെന്നുവരില്ല. ഭക്തിയില്ലാത്ത അദ്വൈത സാധന, പാറക്കല്ലു തിന്നുന്നതുപോലെയാണ്. നിരാകാരനായ ഈശ്വരന് സാകാരനാകാനും കഴിയും. സര്‍വശക്തനായ ഭഗവാന്, ഭക്തനുവേണ്ടി രൂപംധരിക്കുവാന്‍ ഒരു പ്രയാസവുമില്ല. വെള്ളം മഞ്ഞുകട്ടിയായും, സമുദ്രജലം ഉപ്പായും മാറുന്നില്ലേ? അതുപോലെ, ഭക്തന്റെ ഇച്ഛയ്ക്കനുസരിച്ച്‌ ഭഗവാന്‍ രൂപം ധരിക്കുന്നു. തന്റെ ഇഷ്ടരൂപത്തില്‍ ഉറപ്പും വിശ്വാസവുമുണ്ടെങ്കില്‍ ലക്ഷ്യത്തിലെത്തുവാന്‍ കഴിയും. നമ്മുടെ ആത്മസ്വരൂപം തന്നെയാണ് ഈശ്വരന്‍ എന്ന് ചിന്തിക്കണം. എല്ലാ രൂപങ്ങളും ഒന്നിന്റെ വിവിധ ഭാഗങ്ങളാണെന്ന് കണ്ട് പ്രാര്‍ത്ഥിക്കണം. പല കുഴികള്‍ കുഴിക്കുന്ന സമയംകൊണ്ട് ഒരു കുഴി കുഴിക്കൂ. അപ്പോള്‍ ദാഹശമനത്തിന് വേണ്ട വെള്ളം വേഗം കിട്ടും.  ഈശ്വരന്‍ ഒന്നേയുള്ളൂ. ഉപാധിക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നു എന്നുമാത്രം. വള്ളത്തില്‍ കയറിയാല്‍ കടവില്‍ ഇറക്കുന്നതുപോലെയും, ബസ്സില്‍ കയറിയാല്‍ വീടിനടുത്തുള്ള സ്റ്റോപ്പില്‍ ഇറക്കുന്നതുപോലെയും ഈശ്വര സങ്കല്‍പം സച്ചിദാനന്ദ സാഗരത്തിന്റെ കരവരെ എത്തിക്കും.