ആത്മാവു്:
ഏതില്നിന്നാണോ എല്ലാം ഉത്ഭവിക്കുന്നതു്, ഏതിലാണോ എല്ലാം നിലനില്ക്കുന്നതു്,ഏതിലേക്കാണോ എല്ലാം അന്ത്യത്തില്‍ ചെന്നു ചേരുന്നതു്, അനാദിയും അനശ്വരവും അപങ്കിലവും ഏകവും നിത്യവു൦ അദ്വൈതവുമായ ആ ഒന്നാണു് ആത്മാവു്.
ഭൗതികവസ്തുക്കള്‍ മാറ്റങ്ങള്‍ക്കു വിധേയമാണു്. ഈ പ്രപഞ്ചം തന്നെ സദാ മാറിക്കൊണ്ടിരിക്കുന്നു;അതു വികസിച്ചുകൊണ്ടിരിക്കുകയാണെന്നു ഭൗതികശാസ്ത്രത്തിലെ ബിഗ്-ബാങ്ങ് സിദ്ധാന്തം അവകാശപ്പെടുന്നു. വികസിക്കുക മാത്രമല്ല, അനുനിമിഷം പരിണമിച്ചുകൊണ്ടുമിരിക്കുന്നു, പ്രപഞ്ചം. എല്ലാ മാറ്റങ്ങള്‍ക്കും അതീതമായി, ഏറ്റവും ആന്തരികമായി, മാറ്റമില്ലാത്ത ഒന്നുണ്ടെന്നുള്ളതിനു തെളിവാണു്, ഈ നിരന്തര മാറ്റങ്ങള്‍. മാറുന്ന എല്ലാറ്റിനും ഒരു ആരംഭവും അവസാനവും ഉണ്ടാവുമല്ലോ;അതു മാറ്റമില്ലാത്ത ഒന്നാവാനേ നിര്‍വ്വാഹമുള്ളൂ. മാറ്റങ്ങളുടെ ശൃ൦ഖലയിലൂടെ പിന്നോട്ടു സഞ്ചരിച്ചാല്‍ അവസാനം മാറ്റമില്ലാത്ത ഒന്നില്ച്ചെന്നെത്താതെ നിവൃത്തിയില്ല. കാരണം,ഒന്നുമില്ലായ്മയില്‍ മാറ്റങ്ങളുണ്ടാവാന്‍ തരമില്ല. മാത്രമല്ല, നാം മാറ്റങ്ങള്‍ അറിയുന്നതുതന്നെ നമ്മുടെ ബോധത്തില്‍ മാറാതെ നില്ക്കുന്ന ഒരു മുന്‍ അവസ്ഥയുമായി തട്ടിച്ചുനോക്കിയാണു്. എല്ലാ മാറ്റങ്ങള്‍ക്കും അതീതമായി, മാറിക്കൊണ്ടിരിക്കുന് ന എല്ലാറ്റിലും അന്തര്യാമിയായി വര്‍ത്തിക്കുന്ന ഒരു തത്ത്വമുണ്ടെന്നും അതു മാറ്റങ്ങളില്ലായ്കയാല് ഭൗതികാതീതമാണെന്നും അതാണീ പ്രപഞ്ചത്തിന്റെ പ്രഭവ-പ്രലയസ്ഥാനമെന്നു൦ പുരാതന ഋഷിമാര്‍ സിദ്ധാന്തിച്ചു. ഈ കണ്ടെത്തലാണു ഭാരതീയതത്ത്വചിന്തയെ സമാനതകളില്ലാത്ത സര്വ്വോത്തുംഗ പദത്തിലേക്കു് ഉയര്‍ത്തിയതു്. തങ്ങള്‍ കണ്ടെത്തിയ ആ പരമതത്ത്വത്തെ ഋഷികള്‍ ആത്മാവു് എന്നു വിളിച്ചു.
'ബിഗ് ബാങ്' സിദ്ധാന്തം പറയുന്നു, ഈ പ്രപഞ്ചം ആദിയില്‍ വെറുമൊരു ആറ്റം മാത്രമായിരുന്നു എന്നു്. ആ പുരാതനമായ ആറ്റം വികാസം പ്രാപിച്ചാണു പ്രപഞ്ചം ഉണ്ടായതെന്നും ഒരിക്കല്‍ വികാസം നിലച്ചു് ആദിമ ആറ്റത്തിലേക്കു ചുരുങ്ങുമെന്നുമാണു് ഈ സിദ്ധാന്തത്തിന്റെ വെളിപ്പെടുത്തല്‍. പ്രപഞ്ചം വളര്ന്നുകൊണ്ടിരിക്കുന്നുവെന് നു് ആധുനിക ശാസ്ത്രീയോപകരണങ്ങളുടെ സഹായത്താല്‍ നടത്തിയ നിരീക്ഷണമാണു ‘ബിഗ് ബാങ്’ സിദ്ധാന്തത്തിന്റെ അടിസ്ഥാനം. കാലാനുഗതമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വസ്തുവിനെ, കാലത്തിലൂടെ പിന്നോട്ടു സഞ്ചരിച്ചു നിരീക്ഷിച്ചാല്‍ അതിന്റെ ആദിമ അവസ്ഥയെ കണ്ടെത്താന്‍ കഴിയുമെന്ന ചിന്തയാണു്, വികാസത്തിന്റെ വിപരീതമായ സങ്കോചത്തിലേക്കും സങ്കോചത്തിലൂടെ ചെന്നെത്താന്‍ കഴിയുന്ന ഏറ്റവും ചെറിയ രൂപമെന്നു സങ്കല്പ്പിക്കപ്പെട്ട ആറ്റത്തിലേക്കും ബിഗ്ബാങ് സിദ്ധാന്തത്തെ നയിച്ചതു്.
എന്നാല്‍, ആറ്റത്തിനുമപ്പുറത് തേക്കാണു് ഉപനിഷത്തുകള്‍ ചിന്തി ച്ചിട്ടുള്ളതു്. ആറ്റം കേവലമൊരു ഊര്ജ്ജകണമാണല്ലോ. ജീവിവര്‍ഗ്ഗങ്ങള്‍ക്കു് ഊര്‍ജ്ജം മാത്രമല്ല, പ്രാണനുമുണ്ടു്. അപ്പോള്‍, പ്രപഞ്ചം ഏതില്‍നിന്നുണ്ടായോ ആ ആദിമസത്ത ഊര്‍ജ്ജവും പ്രാണനും ഉള്‍ക്കൊള്ളുന്ന ഒന്നായിരിക്കണം. മാത്രമല്ല, എല്ലാ ‘കാരണ’ങ്ങളും (Cause) ‘കാര്യ’ങ്ങളെക്കാള് (Effect) ഉള്ളടക്കത്തില്‍ ഉയര്ന്നതായിരിക്കു൦ എന്നതിനാല്‍ ആദികാരണമായ ആത്മാവു് അതിന്റെ ’കാര്യ’ങ്ങളായ ഊര്‍ജ്ജത്തിനും പ്രാണനും അതീതമായിരിക്കണം. ഇപ്രകാരം ഊര്‍ജ്ജവും പ്രാണനും ഗുപ്താവസ്ഥയിൽ സ്ഥിതി ചെയ്യുന്ന,അവയ്ക്കു രണ്ടിനും അതീതമായ, കേവലമായ ആദിമ സത്തയാണു് ഋഷിമാര്‍ പറയുന്ന ആത്മാവു്. ആ ആത്മാവിന്റെ വൈവിധ്യമാര്‍ന്ന ഭാവപ്രകടനമാണു പ്രപഞ്ചമെന്നു് അവര്‍ സിദ്ധാന്തിച്ചു. ഒന്നിന്റെ ഭാവപ്രകടനത്തില്‍ അന്തര്‍ലീനമായി അതു തന്നെയാകുമല്ലോ വര്‍ത്തിക്കുക? അതുകൊണ്ടു പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചും അതില്‍ അന്തര്യാമിയായു൦ ആത്മാവു നിറഞ്ഞുനില്ക്കുന്നു എന്നതില്‍ തര്‍ക്കമില്ല. ‘ബിഗ് ബാങ്’ പക്ഷക്കാരുടെ അഭിപ്രായത്തില്‍ പ്രപഞ്ചം ആദിമ ആറ്റത്തിന്റെ പ്രകടനമായതിനാല്‍ അന്തര്യാമിയായി നിലകൊള്ളുന്നതു് ആ ആറ്റത്തിന്റെ സവിശേഷതകളായിരിക്കും. പ്രപഞ്ചവ്യാപാരങ്ങളെ മുഴുവന്‍ വിശദീകരിക്കാന്‍ കേവലം ഭൗതികമായ ഈ സവിശേഷതകള്ക്കാകില്ല എന്നതു സുവ്യക്തമാണല്ലോ. ഇതു കേവലഭൗതികചിന്തയുടെ ദൗര്‍ബല്യത്തെ വെളിവാക്കുന്നു.
ആദി ‘കാരണ’മായ ആത്മാവിന്റെ ‘കാര്യ’ങ്ങളാണു് ഊര്‍ജ്ജവും പ്രാണനും എന്നു നാം കണ്ടു. ഏതൊരു ‘കാര്യ’വും അതിന്റെ ‘കാരണ’ത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. ഇല് ലായ്മയില്നിന്നു് ഒന്നിനെയും ഉണ്ടാക്കുവാന്‍ സാധിക്കുകയില്ലെന്നു ഭൗതികശാസ്ത്രവും സമ്മതിക്കുന്നതാണല്ലോ.അപ്പോള്‍ പ്രാണന്, അതിന്റെ കാരണമായ ആത്മാവില്‍ മുന്നേ തന്നെ നിലനിന്നിരിക്കണം. അതായതു്,ഈ പ്രപഞ്ചത്തില്‍ ആദ്യമായി പ്രകടിതമാകുന്നതിനു മുന്‍പുതന്നെ പ്രാണന് അതിന്റെ ‘കാരണ’ത്തില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഈ സത്യത്തെ പരിഗണിക്കാതെ, ഏകമായ ആറ്റത്തിന്റെ വിസ്ഫോടനംവഴി ഭൗതികപ്രപഞ്ചം ഉണ്ടായെന്നും പിന്നീടു ചില അനുകൂലസാഹചര്യങ്ങളില്‍ ജഡവസ്തുക്കളില്നിന്നു ജീവന് ഉത്ഭവിച്ചെന്നുമാണു് ‘ബിഗ് ബാങ്’ പക്ഷക്കാര്‍ വിശ്വസിക്കുന്നതു്.പ്രസ്തുത സാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചു ജീവന് ‘ഉത്പാദിപ്പിക്കാ’നുള്ള ശ്രമത്തിലാണു് അവര്‍.
വിപരീതചാര്ജ്ജുകളിലായി വേര്പെടുത്തിനിര്ത്തിയിരിക്കു ന്ന കേവലമൊരു ഊര്ജ്ജകണമാണല്ലോ ഭൗതികശാസ്ത്രജ്ഞന്മാര് പറയുന്ന ആറ്റം. ആ വേര്‍പെടുത്തല്‍ പിന്‍വലിക്കപ്പെട്ടാല്‍ പിന്നെ ആറ്റമില്ല, ഭൗതികപ്രപഞ്ചവുമില് ല. പ്രപഞ്ചോപശമമായ ആ അവസ്ഥയാണു് ഏറ്റവും ആദിമമായ, പൗരാണികമായ അവസ്ഥ. അന്നും ഏതെങ്കിലും ഒന്നു നിലനിന്നേ പറ്റൂ. കാരണം,എന്തെങ്കിലും ഒന്നുണ്ടെങ്കിലല്ലേ അതില്‍നിന്നു മറ്റുള്ളതെല്ലാം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളൂ. അന്നു നിലനിന്നിരുന്ന ആ ഒന്നാണു ഹിന്ദു ആത്മീയ ശാസ്ത്രത്തിലെ ആത്മാവു്.
ഇപ്പറഞ്ഞ ഭൗതികാതീതമായ പൗരാണികാവസ്ഥയില്നിന്നു് എങ്ങനെയാണു ഭൗതികമായ പ്രപഞ്ചം വെളിപ്പെട്ടുവന്നതു്? ഇതിനുള്ള ഉത്തര൦, ഭൗതികാതീതമായ ആ അവസ്ഥയിലേക്കു് എത്തിച്ചേര്‍ന്നതെങ്ങനെയെന്നു നാം നിരീക്ഷിച്ച പ്രവര്‍ത്തനത്തില്‍ത്തന്നെ അടങ്ങിയിട്ടുണ്ടു്;വിപരീതങ്ങളെ വേര്‍പെടുത്തുക എന്നുള്ളതാണതു്. അതായതു പൂജ്യത്തെ നെഗറ്റീവു-പോസിറ്റീവു സംഖ്യകളാക്കി പിരിച്ചെഴുതുക. ഈ പിരിച്ചെഴുത്തു് അനന്തമായി നീളുന്ന ഒന്നാണു്. ഇപ്രകാരം പിരിച്ചെഴുതപ്പെടുന്നതെല്ലാം ഒന്നിച്ചു ചേര്‍ന്നാല്‍ പൂജ്യം തന്നെ കിട്ടുകയും ചെയ്യും. അതായതു്, ഈ അനന്തസംഖ്യകള് പൂജ്യത്തിന്റെ ഒരു പ്രകടനം മാത്രമാകുന്നു. പൂജ്യം വെറുമൊരു ശൂന്യതയല്ല, മറിച്ചു് അനന്ത സംഖ്യകളുടെ പ്രഭവ-പ്രലയ സ്ഥാനമാണു്. ഇതുപോലെയാണു് ആത്മാവും. അതു് അനന്തചരാചരങ്ങളുടെ പ്രഭവ-പ്രലയസ്ഥാനമാകുന്നു.
ആത്മാവു് തന്റെ മായാശക്തിയിലെ ഊര്‍ജ്ജത്തെ വിപരീത ചാര്‍ജ്ജുകളുള്ള ദ്വന്ദ്വങ്ങളായി വേര്പിരിച്ചുനിര്ത്തുന്നു. അപ്പോള്‍ ആറ്റ൦ ഉണ്ടാകുന്നു. അതിന്റെ കേവല വികാസമാണു പ്രപഞ്ചം. സൃഷ്ടിയില്‍ ആദ്യം ഉത്പന്നമായതു് ‘രയി’യും (ഊര്ജ് ജ൦) പ്രാണനുമാണെന്നും അവയില്‍ നിന്നാണു മറ്റെല്ലാം ഉണ്ടായതെന്നും ‘രയി’ ആണു പ്രപഞ്ചത്തിലെ നാനാവസ്തുക്കളായി കാണപ്പെടുന്നതെന്നും പ്രശ്നോപനിഷത്തില്‍ വ്യക്തമാക്കിയിരിക്കുന്നു (1.4&1.5). ആത്മാവു തന്നില്നിന്നുതന്നെയാണു സൃഷ്ടികള്‍ നടത്തിയിട്ടുള്ളതെന്നു ബൃഹദാരണ്യകോപനിഷത് വ്യക്തമാക്കുന്നു. സ്വയം വികസിച്ച ആത്മാവു ദ്വന്ദ്വങ്ങളായി മാറുകയും അവയിലൂടെ നാമരൂപങ്ങളായി പ്രകടിതവുകയും ചെയ്തു (1.4.1മുതല്‍ 1.4.7 വരെ). ഈ പ്രപഞ്ചം ആത്മാവിന്റെ വെറുമൊരു ഭാവപ്രകടനം മാത്രമാണെന്ന ആശയത്തെ ഇതു ശരിവയ്ക്കുന്നു. ഈ ജഗത്തു മുഴുവന്‍ മഹേശ്വരന്റെ അവയവങ്ങളായ ഭൂതങ്ങളെക്കൊണ്ടു വ്യാപ്തമായിരിക്കുന്നു എന്നാണു ശ്വേതാശ്വതരോപനിഷത് ഇതിനെപ്പറ്റി പറയുന്നതു് (4.10). ഭാവപ്രകടനം അവസാനിക്കുമ്പോള്‍ എല്ലാം ആത്മാവില്‍ വിലയം കൊള്ളും. ഈ പ്രപഞ്ചത്തിന്റെ പ്രഭവ-പ്രളയസ്ഥാനവും അവ്യയമായ ബീജവും ആത്മാവാണെന്നു ഭഗവദ്ഗീത (9.18). (പ്രളയം എന്നാല്‍ പ്രലയം അഥവാ എല്ലാം ലയിച്ചുചേരുന്ന അവസ്ഥ എന്നേ അര്‍ത്ഥമുള്ളു. ബിഗ് ബാങ് സിദ്ധാന്തത്തിലാണെങ്കില് എല്ലാം അവസാനം ആദിമ ആറ്റമായി സങ്കോചിക്കുന്ന പ്രക്രിയ). എല്ലാം അതില്‍നിന്നുണ്ടായി അതില്‍ത്തന്നെ ലയിക്കുന്നു. അവ്യവഹാര്യവും പ്രപഞ്ചോപശമവും ശിവവും അദ്വൈതവുമാണു് ആത്മാവെന്നു മാണ്ഡൂക്യോപനിഷത് (12). എല്ലാ ദ്വന്ദ്വങ്ങള്‍ക്കും അതീതനാണു ആത്മാവെന്നു ബൃഹദാരണ്യകം 3.8.8-ല്‍ കാണാം.
ആത്മാവിന്റെ ഭൗതികപ്രകടനമാണു പ്രപഞ്ചം എന്നു൦ അതുകൊണ്ടുതന്നെ ഓരോ പ്രപഞ്ചവസ്തുവിലും അന്തര്യാമിയായി ആത്മാവു നിലകൊള്ളുന്നുവെന്നതു തികച്ചും ന്യായവും സ്വാഭാവികവും മാത്രമാണെന്നും നാം കണ്ടുകഴിഞ്ഞു. ബൃഹദാരണ്യകോപനിഷത് പറയുന്നു: ‘ഈ പ്രപഞ്ചത്തിലുള്ള എല്ലാറ്റിലും ആന്തരശക്തിയായി അവ അറിയാതെതന്നെ ആത്മാവു് അധിവസിക്കുന്നു; തന്റെ ശരീരം തന്നെയായ അവയെയെല്ലാം ആത്മാവു് അകമേ ചലിപ്പിക്കുന്നു’ (3.7.3മുതല്‍ 3.7.23 വരെ). ആത് മാവു് എല്ലാറ്റിന്റെയും അകത്തും പുറത്തും വ്യാപിച്ചു നില്ക്കുന്നുവെന്നു് ഈശോപനിഷത് (5 & 8). എള്ളില്‍ എണ്ണയും പാലില്‍ വെണ്ണയും സ്രോതസ്സില്‍ വെള്ളവും അരണിയില്‍ അഗ്നിയും പോലെ ആത്മാവു സര്‍വ്വതിലും വ്യാപിച്ചിരിക്കുന്നുവെന്നു ശ്വേതാശ്വതരം പറയുന്നു (1.15 &1.16). ആത്മാവിന്റെ സര്വ്വവ്യാപിത്വത്തെപ്പറ്റി ഛാന്ദോഗ്യ വും (3.14.2) മുണ്ഡകവും (1.1.6) ഗീതയും (2.24, 9.4) പറയുന്നുണ്ടു്. എന്നുമാത് രമല്ല, ഈ പ്രപഞ്ചത്തില്‍ കാണുന്നതും കാണാത്തതുമായ എല്ലാം ആത്മാവില്‍ അടങ്ങിയിരിക്കുന്നുവെന്നു ഛാന്ദോഗ്യം (8.1.1 മുതല്‍ 8.1. 5) വിളംബരം ചെയ്യുന്നു.
ഏകമായ നിത്യവസ്തുവിന്റെ ദ്വന്ദ്വവിഘടനത്തിലൂടെയാണു പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതെന്നു നാം കണ്ടു. അനന്തദ്വന്ദ്വങ്ങള് അനന്ത വൈവിദ്ധ്യങ്ങള്‍ക്കു കാരണമാകുന്നു. അങ്ങനെ, ദ്വന്ദ്വത്വവും വൈവിദ്ധ്യവും പ്രപഞ്ചസൃഷ്ടിയുടെയും നിലനില്‍പ്പിന്റെയും അനിവാര്യതയാണെന്നു വരുന്നു. അവ രണ്ടുമില്ലെങ്കില്‍ പ്രപഞ്ചമില്ല. ഈ പ്രപഞ്ചത്തിലെ ഏതു പ്രതിഭാസത്തിനും ഏതു് അനുഭവത്തിനും ഒരു വിപരീതവുമുണ്ടായിരിക്കും. അവയില്‍ ഒന്നില്ലെങ്കില്‍ മറ്റേതുമില്ല. ദുഃഖമില്ലെങ്കില്‍ സുഖമില്ല;ചൂടില്ലെങ്കില് തണുപ്പില്ല; തിന്മയില്ലെങ്കില്‍ നന്മയില്ല. കുന്നില്ലെങ്കില്‍ കുഴിയില്ല. അങ്ങനെ എല്ലാം. ദ്വന്ദ്വങ്ങളിലൂടെയാണു സര്‍വ്വതും നിലനില്ക്കുന്നതു്. ഏതിനെയും നാം അറിയുന്നതു് അതിന്റെ ഇരട്ട കൂടി ഉള്ളതുകൊണ്ടാണു്. അതിനാല്‍, സു ഖം മാത്രം മതി, ദുഃഖം വേണ്ട; നന്മ മാത്രം മതി തിന്മ വേണ്ട എന്നൊക്കെ ചിന്തിക്കുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. ഈ ദ്വന്ദ്വങ്ങള്‍ ആദി കാലം മുതല്‍ നിലനില്ക്കുന്നു; ലോകാവസാനം വരെ അതുണ്ടാവുകയും ചെയ്യും. സുഖം വേണ്ടവര്‍ ദുഃഖത്തെ പ്രതിരോധിക്കുകയാണു ചെയ്യേണ്ടതു്. അതുപോലെ നന്മ വേണ്ടവര്‍ തിന്മയെ പ്രതിരോധിക്കണം. അതിനുള്ള വഴികളാണു തത്ത്വശാസ്ത്രങ്ങള്‍ അനുശാസിക്കുന്നതു്. ദ്വന്ദ്വങ്ങളെ അംഗീകരിച്ചുകൊണ്ടുതന്നെ അവയോടൊപ്പം ജീവിച്ചു് എങ്ങനെ ആനന്ദം അനുഭവിക്കാം എന്നതാണു ഹിന്ദു ആത്മീയശാസ്ത്രം നമുക്കു നല്കുന്ന സന്ദേശം.
ഏതു മനുഷ്യന്റെയും ആന്തരികസത്ത സച്ചിദാനന്ദം എന്ന മഹാ തത്ത്വമാണെങ്കിലും അവന്റെ ഭൗതികാംശം ആ തത്ത്വത്തിന്റെ പ്രകാശനത്തിനു തടസ്സമായി നില്ക്കുന്നു. ഈ തടസ്സത്തെ അതിജീവിച്ചാലേ മേല്‍പ്പറഞ്ഞ രീതിയില്‍ സൗഖ്യം നേടാന്‍ അവനു കഴിയുള്ളു.
പലതായി പ്രത്യക്ഷനാകാനുള്ള ആത്മാവിന്റെ കഴിവിനെ മായ എന്നു വിളിക്കുന്നു. മായ തന്നെ പ്രകൃതി. ആത്മാവു തന്റെ മായാശക്തിയെ, അതായതു പ്രകൃതിയെ, ഉണര്ത്തിനില്ക്കു മ്പോള്‍ പുരുഷന് എന്നാണു് അറിയപ്പെടുക. പ്രപഞ്ചത്തില്‍ ആകമാനമുള്ള ദ്വന്ദ്വഭാവത്തിന്റെ ആദിരൂപമാണീ പുരുഷ-പ്രകൃതി ദ്വന്ദ്വത്വം (ബൃഹ ദാരണ്യക൦ 1.4.1, 1.4.3). ഇതിലെ പുരുഷനെ അവൻ എന്നും പ്രകൃ തിയെ അവള് എന്നും ലിംഗവ്യത്യാസത്തോടെ വ്യവഹരിക്കുന്നു. പുരുഷന് ആത്മശക്തിയെത്തന്നെയാണു പ്രതിനിധാനം ചെയ്യുന്നതു് എന്നതിനാല്‍ ആത്മാവിനെയും പുല്ലിംഗശബ്ദത്തില്ത്തന്നെ വ്യവഹരി ക്കുന്നു. എന്നാല്‍ ആത്മാവിനു ലിംഗഭേദമില്ല; സ്വീകരിക്കുന്ന ശരീര ത്തിനനുസരിച്ചു ലിംഗഭേദം കല്‍പ്പിക്കപ്പെടുന്നു എന്നേയുള്ളൂ (ശ്വേതാശ്വതരം 5. 10).എല്ലാറ്റിനെയും ഭരിക്കുന്ന പുരുഷനായതു കൊണ്ടാണു് ആത്മാവിനെ മഹേശ്വരന് എന്നു വിളിക്കുന്നതു്. ആത്മാവിനെ ഉദ്ദേശിച്ചു ദേവന് എന്നും പ്രഭു എന്നുമൊക്കെ പറയാറുണ്ടു്. 'ആത്മാവു സ്വയം വികസിച്ചു' എന്നു ബൃഹദാര ണ്യകത്തില് പരാമര്‍ശിച്ചിരിക്കുന്നതിനെ ‘അവ ന് തന്റെ പ്രകൃതി ശക്തിയെ ഉണര്‍ത്തിയിരിക്കുന്നു’ എന്നാണു മനസ്സിലാക്കേണ്ടതു്.
പ്രളയകാലത്തു് ഈ പ്രപഞ്ചം മുഴുവന്‍, വൈവിധ്യമാര്‍ന്ന നാമങ്ങളും രൂപങ്ങളും നഷ്ടപ്പെട്ടു്,ആത്മാവിലേക്കു ഉള്വലിഞ്ഞു്, ശുദ്ധമായ ആത്മഭാവത്തെ പ്രാപിക്കുന്നു. ആത്മാവു മാത്രമേ പ്രളയ ത്തില്‍ അവശേഷിക്കുകയുള്ളൂ. മാത്രമല്ല, പ്രപഞ്ചം നിലനില്‍ക്കുന്ന അവസ്ഥയില്‍ അതിനു് അന്തര്യാമിയായി ആത്മാവു് എല്ലായിടത്തു൦ നിറഞ്ഞുനില്‍ക്കുന്നതായും നാം കണ്ടു. അങ്ങനെ എന്നും എല്ലാ യിടത്തു൦ ഉള്ളതായതിനാല്‍ ആത്മാവു ‘സത്’ ആണെന്നു പറയ പ്പെടുന്നു. ‘ഇല്ല’ എന്ന അവസ്ഥ ഇല്ലാത്തതെന്തോ അതാണു ‘സത്’; ‘ഉണ്ടു്’ എന്ന അവസ്ഥ ഇല്ലാത്തതെന്തോ അതു് ‘അസത്’ (ഗീത 2.16).അപ്പോള്‍, ഒന്നിനു സത് ആകണമെങ്കില്‍ അതു് എല്ലായിടത്തും എപ്പോഴും ഉണ്ടായിരിക്കണം. അങ്ങനെയുള്ള ഒന്നു് ഏകമായിരിക്കണം, അദ്വൈതവുമായിരി ക്കണം. കാരണം, രണ്ടാമതൊന്നു് ഉണ്ടായാല്‍ അവിടെ (രണ്ടാമത്തേതിൽ) ആ ഒന്നു് ഉണ്ടാവുകയില്ലല്ലോ; അപ്പോള്‍ അതു സത് അല്ലാതാകും. ആത്മാവു സത് ആയതിനാല്‍ അവൻ ഏകനു൦ അദ്വൈതനുമാണെന്നു തെളിയുന്നു(മാണ്ഡൂക്യോപനിഷത് 7 & 12). സര്‍വ്വഭൂതങ്ങളിലും ഗൂഢമായി സ്ഥിതിചെയ്യുന്നവനും സര്വ്വഭൂതാന്തരാത്മാവുമായ ദേവന് ഏകനും സര്‍വ്വവ്യാപിയും കേവലനു൦ (അദ്വൈതനും) ആണെന്നു ശ്വേതാശ്വതര൦ (6.11) പ്രഖ്യാപി ക്കുന്നു.
എന്നെന്നുമുള്ളവനാകയാല് ആത്മാവു് അജനും അമരനും അജീര്യനും ആണെന്നു പറയപ്പെടുന്നു.നിത്യവും നിലനില്‍ക്കുന്ന ഒരാള്‍ക്കു ജനനമോ മരണമോ ജീര്‍ണ്ണതയോ ഉണ്ടാകാന്‍ വഴിയി ല്ലല്ലോ. ഈ സത്യമാണു ബൃഹദാരണ്യകം - 4.4.22, ഛാന്ദോഗ് യ൦ – 8.1.5, 8.4.1, കഠം - 2.18, ഗീത - 2.20 എന്നിവ വെളിവാക്കുന്നതു്..
Source from net