ജീവിതത്തില്‍ ആത്യന്തികമായ ശാന്തി നേടുന്നതിനും അത് നിലനിര്‍ത്തുന്നതിനുമുള്ള ഏറ്റവും സരളമായ ഉപായമാണ് ‘ഈ നിമിഷത്തില്‍ ജീവിക്കുക’ എന്നത്. സാധാരണജനങ്ങളുടെ മനസ്സ് മിക്കപ്പോഴും ഭൂതകാലത്തിലാണ്. അല്ലെങ്കില്‍, ഭാവിയെപ്പറ്റി അമിതമായി ഉത്കണ്ഠപ്പെട്ടുകൊണ്ടിരിക്കും. കുട്ടികളുടെ പഠിത്തം, കടകളിലെ പറ്റ്, വീട്ടുവാടക, ലോണ്‍, രോഗചികിത്സ, ഇന്‍ഷുറന്‍സ് എന്നിവയെ കുറിച്ചൊക്കെ ആകുലപ്പെടുന്നവര്‍ക്ക് എങ്ങനെ ഇതിനെ കുറിച്ചൊന്നും ചിന്തിക്കാതെ സ്വസ്ഥമായും സമാധാനമായും ഇരിക്കാന്‍ കഴിയും എന്നു തോന്നിയേക്കാം. ഇങ്ങനെ പലവിധത്തിലുള്ള അലട്ടലുകളുടെ നടുവില്‍ ഭൂതകാലവും ഭാവിയുമൊക്കെ പൂര്‍ണമായി വിസ്മരിച്ച് ഈ നിമിഷത്തില്‍ മാത്രം എങ്ങനെ ജീവിക്കും എന്ന് മക്കള്‍ സംശയിക്കുന്നുണ്ടാകും.
ശരിയാണ്, ഒരു സാധാരണക്കാരന് വര്‍ത്തമാനകാലത്തില്‍, അല്ലെങ്കില്‍ ഈ നിമിഷത്തില്‍ ജീവിക്കുന്നതിന് പ്രായോഗികമായ പല തടസ്സങ്ങളുമുണ്ട്. എന്നാല്‍ കഴിഞ്ഞ കാലത്തെക്കുറിച്ചോര്‍ത്ത് ദുഃഖിച്ചതുകൊണ്ടോ വരാന്‍പോകുന്നതിനെക്കുറിച്ച് ഉത്കണ്ഠപ്പെട്ടതു കൊണ്ടോ എന്തെങ്കിലും ഗുണമുണ്ടോ എന്നുകൂടി ചിന്തിക്കേണ്ടതാവശ്യമാണ്. കഴിഞ്ഞ കാലത്തെ അനുഭവങ്ങളെ വിവേകപൂര്‍വം വിശകലനം ചെയ്ത് ഭാവി രൂപപ്പെടുത്താന്‍ ശ്രമിക്കുന്നത് നല്ലതാണ്.
എന്നാല്‍ അതിന്റെ പേരില്‍ ഭൂതകാലത്തിലും ഭാവിയിലും ഒട്ടിനില്‍ക്കുന്നത് നല്ലതല്ല. ഉച്ചഭക്ഷണം ഉണ്ടാക്കുന്ന സമയത്ത് അത്താഴം ഒരുക്കുന്നതിനെക്കുറിച്ചു ചിന്തിച്ചാല്‍ എങ്ങനെയിരിക്കും? ഉച്ചയ്ക്കു കഴിക്കാനുള്ള സാമ്പാറില്‍ ഉപ്പുചേര്‍ക്കുമ്പോള്‍ രാത്രിയുണ്ടാക്കേണ്ട കറിയില്‍ ഉപ്പു ചേര്‍ക്കേണ്ടതിനെക്കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല. ഇന്നലത്തെ സാമ്പാര്‍ നന്നായില്ല എന്നോര്‍ത്ത് ദുഃഖിക്കുകയും വേണ്ട. ഇപ്പോള്‍ അടുപ്പില്‍ തിളയ്ക്കുന്ന സാമ്പാര്‍ ശ്രദ്ധിക്കുക. അത് നന്നായിരിക്കണ്ടേ? എന്തു ചെയ്യുന്നോ അതില്‍മാത്രം ശ്രദ്ധിക്കുക. ഈ നിമിഷത്തെക്കുറിച്ച് ബോധമുണ്ടാകുക. ഇതാണ് ഈ നിമിഷത്തില്‍ ജീവിക്കണം എന്നു പറയുന്നതിന്റെ അര്‍ഥം. വീടിന്റെ പ്ലാന്‍ വരയ്ക്കുമ്പോള്‍ അതില്‍ ശ്രദ്ധിക്കുക. വീട് പണിയുമ്പോള്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
ഭൂതകാലത്തിനും ഭാവിക്കും അമിതമായ പ്രാധാന്യം കല്പിക്കരുതെന്നാണ് അമ്മ പറയുന്നതിന്റെ അര്‍ഥം. കാലത്തിന് റിവേഴ്‌സ് ഗിയറില്ല. കുഞ്ഞാകണമെന്നോ യൗവനം വീണ്ടുകിട്ടണമെന്നോ വിചാരിച്ചാല്‍ നടക്കുന്ന കാര്യമാണോ? ഭാവിയോ? അത് ദുസ്സഹമാണ്. സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യാം. അപ്പോള്‍ ഈ നിമിഷം മാത്രമാണ് യഥാര്‍ഥത്തില്‍ നമ്മുടെ നിയന്ത്രണത്തിലുള്ളത്. ജീവിതം ഇവിടെ, ഈ നിമിഷത്തിലാണ്.
കഴിഞ്ഞതും വരാനിരിക്കുന്നതും ചിന്തിച്ചിരിക്കുന്നവര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഭംഗിയായി ചെയ്യാന്‍ സാധിക്കുകയില്ല. ഒരു കര്‍മം നടക്കുന്നത് എപ്പോഴും ഈ നിമിഷത്തിലാണ്. മറ്റു കാര്യങ്ങള്‍ ചിന്തിച്ച് മനോരാജ്യം കണ്ടുകൊണ്ടിരുന്നാല്‍ ഇപ്പോള്‍ ചെയ്യുന്ന കര്‍മം നന്നാവുകയില്ല. ഏതൊരു കര്‍മവും ഭംഗിയായി ചെയ്യണമെങ്കില്‍ മുഴുവന്‍ ശ്രദ്ധയും ഈ നിമിഷത്തിലായിരിക്കണം. ഉദാഹരണത്തിന് ഒരു ചിത്രകാരന്‍ പ്രകൃതിരമണീയമായ ഒരു ദൃശ്യം വരയ്ക്കാന്‍ ശ്രമിക്കുകയാണെന്നിരിക്കട്ടെ. അപ്പോള്‍ തലേദിവസം ഭാര്യയുമായി വഴക്കിട്ട കാര്യം ആലോചിച്ചിരുന്നാല്‍ വരയ്ക്കാനുദ്ദേശിച്ച ചിത്രം എങ്ങനെയിരിക്കും? അതിന് വേണ്ടത്ര ഭംഗിയോ ആകര്‍ഷണീയതയോ ഉണ്ടാകില്ല. കാരണം അയാളുടെ ശ്രദ്ധ ഈ നിമിഷത്തില്‍ നിന്നു മാറി, കഴിഞ്ഞുപോയ നിമിഷങ്ങളിലായിരുന്നു.
ചിലര്‍ പറയുന്നതു കേള്‍ക്കാം, ”ഞാന്‍ ഒരോ ദിവസമായി ജീവിക്കുന്നു” എന്ന്. ‘ഈ നിമിഷത്തില്‍ ജീവിക്കുക’ എന്നതിന്റെ മറ്റൊരു ഭാവമാണിത്. എന്നാല്‍ ഒരു ദിവസത്തിനുള്ളില്‍ എത്രയോ സംഭവങ്ങളും അനുഭവങ്ങളും നമ്മളറിയാതെ ഒളിഞ്ഞിരിക്കുന്നുണ്ട്. തികച്ചും അപ്രതീക്ഷിതമായി എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. അവയൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. ഒരു നിമിഷം സുഖവും സന്തോഷവും നല്‍കുന്ന അനുഭവമായിരിക്കാം. എന്നാല്‍ അടുത്ത നിമിഷം നേരേ വിപരീതാനുഭവം ഉളവാക്കുന്ന അനുഭവമായിരിക്കും ഉണ്ടാവുക. നാം അറിയാത്ത, ഒരുതരത്തിലും നമ്മുടെ നിയന്ത്രണത്തിലല്ലാത്ത അനവധി ഘടകങ്ങള്‍ ജീവിതത്തെ ഭരിക്കുന്നുണ്ട്. അതുകൊണ്ടാണ്, ‘കര്‍മം ചെയ്യാന്‍ മാത്രമേ നമുക്ക് അധികാരമുള്ളൂ, കര്‍മഫലത്തിലില്ല’ എന്ന് ശ്രീകൃഷ്ണന്‍ പറഞ്ഞത്. ഇവിടെ, ഈ നിമിഷത്തില്‍ ജീവിച്ച്, സമര്‍പ്പണബുദ്ധിയോടെ കര്‍മം ചെയ്യുക. കൃപയ്ക്കായി പ്രാര്‍ഥിക്കുക.
ഒരു കര്‍മത്തിന്റെ ശരിയായ ഫലം ലഭിക്കാന്‍ പ്രകൃതിയിലെ സ്ഥൂലവും സൂക്ഷ്മവുമായ ഒരുപാട് ഘടകങ്ങള്‍ കൃത്യമായി ഒന്നിച്ച് ചേരേണ്ടിയിരിക്കുന്നു. സ്ഥൂല ഘടകങ്ങള്‍ ഒരു പരിധി വരെ നമുക്ക് നിയന്ത്രണത്തിലുണ്ടാകാം. എന്നാല്‍, സൂക്ഷ്മ ഘടകങ്ങള്‍ പ്രപഞ്ചശക്തിയില്‍ നിന്നും, മനസ്സിനും ബുദ്ധിക്കും അതീതമായ ഏതോ ഒരു തലത്തില്‍ നിന്നും ഒഴുകിയെത്തേണ്ടതാണ്. അതിനെയാണ് ‘കൃപ’ എന്നു പറയുന്നത്.
ദുഷ്ചിന്തകള്‍ ഇല്ലാതായി, മനസ്സ് വിശ്വവുമായി ചേര്‍ന്നൊഴുകുന്ന അവസ്ഥയിലാണ് കൃപയുടെ ഉറവ പൊട്ടുന്നതും അതൊഴുകി നമ്മിലെത്തുന്നതും. ഈ നിമിഷത്തില്‍ ജീവിക്കുന്നതും ആത്മസമര്‍പ്പണത്തോടെ കര്‍മം ചെയ്യുന്നതും വിശ്വത്തിന്റെ ആ താളത്തിനും ഒഴുക്കിനുമൊത്ത് മനസ്സിനെ ചേര്‍ത്തൊഴുക്കാനാണ്.
ആ ‘കൃപ’യുടെ നിരന്തര പ്രവാഹമാണ് ഈശ്വരന്‍. ആ ശക്തി ഇവിടെയാണ്, ഈ നിമിഷത്തില്‍. സന്തോഷവും സുഖവും ശാന്തിയും എല്ലാം അനുഭവിക്കാന്‍ കഴിയുന്നത് ഈ നിമിഷത്തില്‍ ജീവിക്കുമ്പോഴാണ്.
അമ്മ.
No comments:
Post a Comment