സാളഗ്രാമം
---------------
ശ്യാമമേഘ നിറവും ഒരു ദ്വാരവും നാലു ചക്രചിത്രങ്ങൾ ഉള്ളതും വനമാലാവിഭൂഷിതവുമായ സാളഗ്രാമമാണ് 'ലക്ഷ്മീ നാരായണം' എന്നറിയപ്പെടുന്നത്.
---------------
ശ്യാമമേഘ നിറവും ഒരു ദ്വാരവും നാലു ചക്രചിത്രങ്ങൾ ഉള്ളതും വനമാലാവിഭൂഷിതവുമായ സാളഗ്രാമമാണ് 'ലക്ഷ്മീ നാരായണം' എന്നറിയപ്പെടുന്നത്.
ഒരു ദ്വാരം, നാലു ചക്രചിഹ്നങ്ങള്‍, ശ്യാമമേഘനിറം എന്നിവയുണ്ടെങ്കിലും വനമാലാചിഹ്നം ഇല്ലാത്ത സാളഗ്രാമം 'ലക്ഷ്മീ ജനാർദ്ദനം' എന്നു പ്രസിദ്ധമാണ്.
രണ്ടു ദ്വാരം, നാലു ചിഹ്നങ്ങള്‍, പശുക്കുളമ്പിന്‍റെ ചിത്രം എന്നിവയുള്ളത് 'രഘുനാഥസാളഗ്രാമം'. അതിലും വനമാലയില്ല.
വളരെ ചെറിയ രണ്ടു ചക്രചിഹ്നങ്ങൾ, കാർമേഘ നിറം എന്നിവയുളള ‘വാമന’ത്തിനും വനമാലയില്ല. അതിൽ വനമാലയുണ്ടെങ്കിൽ അതിന് ശ്രീധരം എന്നാണ് പേര്.
തടിച്ചുനീണ്ടു് വ്യക്തമായ രണ്ട് ചക്രചിഹ്നങ്ങൾ ഉള്ളതും വനമാലയില്ലാത്തതും ആയ സാളഗ്രാമം 'ദാമോദരം'.
ഇടത്തരം വലുപ്പത്തിൽ വൃത്തത്തിലായി രണ്ടു ചക്രചിഹ്നങ്ങളും അമ്പിന്‍റെ തുളയും അമ്പിന്‍റെയും ആവനാഴിയുടേയും ചിഹ്നവും ഉള്ളത് 'രണരാമം' എന്ന സാളഗ്രാമമാണ്.
അതുപോലെ ഇടത്തരത്തിൽ ഏഴുചക്രങ്ങളുടേയും കുടയുടേയും ചിഹ്നങ്ങൾ ഉള്ള ശിലയാണ് 'രാജരാജേശ്വരം'. മനുഷ്യർക്ക് രാജസമ്പത്പ്രദമാണീ സാളഗ്രാമം.
പതിന്നാലു ചക്രചിഹ്നങ്ങളുള്ളതും നല്ല വലുപ്പമുള്ളതുമായ 'അനന്തം' എന്നു പേരായ സാളഗ്രാമത്തിനും പുതുമേഘനിറമാണ്. ധർമ്മാർത്ഥ കാമമോക്ഷങ്ങൾ പ്രദാനം ചെയ്യാൻ അനന്തത്തിനു കഴിയും.
'മധുസൂദനം' എന്നു പേരായ സാളഗ്രാമത്തിൽ ഗോഷ്പദചിഹ്നമുണ്ട്. രണ്ടു ചക്രചിഹ്നവും ശ്രീയും അതിൽക്കാണാം.
ഒരു ചക്രം മാത്രമുള്ളത് 'സുദർശനം'. ഗുപ്തമായ ചക്രമുള്ളത് 'ഗദാധരം'.
രണ്ടു ചക്രവും അശ്വമുഖവും ഉള്ളത് 'ഹയഗ്രീവം'.
അതി വിസ്താരമാർന്ന മുഖവും ഭയാനകരൂപമുളളതുമാണ് 'നാരസിംഹം' എന്ന സാളഗ്രാമം. മനുഷ്യരിൽ വൈരാഗ്യമുണർത്താൻ പോന്ന ഒന്നാണിത്.
നാരസിംഹത്തിൽ വനമാലാചിഹ്നംകൂടിയുണ്ടെങ്കിൽ അതിന് 'ലക്ഷ്മീനൃസിംഹം' എന്നു പറയും. ഈ ശിലാശലകം ഗൃഹസ്ഥന് സൗഖ്യത്തെ പ്രദാനം ചെയ്യുന്നു.
ദ്വാരദേശത്ത് രണ്ടു ചക്രചിഹ്നങ്ങളോടെ ശ്രീയും സഫുടതയും ഉള്ളതാണ് 'വാസുദേവം'. അഭീഷ്ടങ്ങളെ സാധിപ്പിക്കാൻ ഈ സാളഗ്രാമം വിശേഷമത്രേ.
സൂക്ഷ്മമായ ഒറ്റ ചക്രവും അനേകം ഛിദ്രസുഷിരങ്ങളുമുള്ള ശ്യാമനിറത്തിലുള്ള സാളഗ്രാമത്തിന് 'പ്രദ്യുമ്നം' എന്ന് പേര്. ഈ ഗൃഹസ്ഥർക്ക് സുഖദായകമാണ്.
രണ്ടു ചക്രമുഖങ്ങളോടെ പിൻഭാഗം തടിച്ച് കാണുന്നത് 'സങ്കർഷണം'. ഗൃഹസ്ഥർക്ക് ഇതും സുഖപ്രദമാണ്.
മഞ്ഞൾനിറത്തിൽ ഉരുണ്ടു് നീണ്ട് അഴകോലുന്ന സാളഗ്രാമമാണ് 'അനിരുദ്ധം'. ഇതും ഗൃഹസ്ഥന് മംഗളം നല്കും.
സാളഗ്രാമം ഉള്ളയിടങ്ങളിൽ ഭഗവാൻ ഹരിയുടെ സാന്നിദ്ധ്യമുണ്ട്. ശ്രീലക്ഷ്മിയും അവിടെയാണ് വസിക്കുന്നത്. സാളഗ്രാമത്തെ പൂജിക്കുന്നത് കൊണ്ട് സകലപാപങ്ങളുടേയും വേരറുക്കാം. ബ്രഹ്മഹത്യാദി പാപങ്ങൾ പോലും സാളഗ്രാമശിലയെ പൂജിച്ച് ഇല്ലാതാക്കാം.
കുടയുടെ ആകാരത്തിലുളള സാളഗ്രാമം കൊണ്ടു് രാജ്യലബ്ധിയും വർത്തുളമായതിന് ഐശ്വര്യലബ്ധിയും വാഹനാകൃതിയുള്ളത് ദു:ഖഫലവും ശൂലാഗ്രംപോലുളളത് മരണഫലവും കൊണ്ടുവരുന്നു. വികൃതരൂപിയായ സാളഗ്രാമം ദാരിദ്ര്യം കൊണ്ടുവരും. പിംഗള നിറമുള്ളത് ഹാനികരമാണ്. മുറിച്ചക്രചിഹ്നമുള്ളത് വ്യാധിയും പൊട്ടിയ സാളഗ്രാമം മരണവും വരുത്തുന്നു.
സാളഗ്രാമം വച്ച് പ്രതിഷ്ഠാദിനം, വ്രതം, ശ്രാദ്ധം, പൂജകള്‍ എന്നിവയെല്ലാം ചെയ്യുന്നത് കൂടുതൽ ഫലവത്താണ്. അതിന്‍റെ സാന്നിദ്ധ്യം സർവ്വതീർത്ഥങ്ങളിലും സ്നാനം ചെയ്ത ഫലം നല്കും. അനേകം യജ്ഞങ്ങളിൽ പങ്കെടുത്തതിന്‍റെ ഫലം നൽകും. ആ സൗഭാഗ്യങ്ങൾ ഉള്ളവനേ സാളഗ്രാമത്തിനൊപ്പം കഴിയാനാവൂ. വേദപഠനം, തപസ്സ് എന്നിവ കൊണ്ടുള്ള ഫലം സാളഗ്രാമാർച്ചന ഒന്നുകൊണ്ടു നേടാം. സാളഗ്രാമശിലാതീർത്ഥത്തിൽ നിത്യവും കുളിക്കുന്നവന് ഭൂപ്രദക്ഷിണം, ദാനം എന്നിവകളിൽ നിന്നും കിട്ടുന്ന പുണ്യം മുഴുവനുമാർജിക്കാം.
സാളഗ്രാമശിലാതീർത്ഥം നിത്യവും സേവിക്കുന്നവൻ ദേവൻമാർ പോലും കൊതിക്കുന്ന സുഖത്തെ പ്രാപിക്കും. എല്ലാ പുണ്യതീർത്ഥങ്ങളും അങ്ങിനെയുള്ളവന്‍റെ സാമീപ്യം കൊതിക്കുന്നു. മരണശേഷം വിഷ്ണുപദം പ്രാപിക്കുന്ന അവന് ഭഗവാന്‍റെ ദാസ്യ പദവിയിൽ പ്രാകൃതപ്രളയകാലത്തോളം വിരാജിക്കാം .
അങ്ങിനെയുള്ളവനിലുളള ബ്രഹ്മഹത്യാദികളായ പാപങ്ങൾ പോലും ഗരുഡനെ കണ്ട പാമ്പുകളെപ്പോലെ ഓടിപ്പോവും. അവന്‍റെ പാദധൂളികൾ പതിച്ചയിടം പരിപാവനമാണ്. അവന്‍റെ ജനനം മാതാപിതാക്കൾക്ക് മുക്തിയേകുന്നു. സാളഗ്രാമശിലാതീർത്ഥം അന്ത്യകാലത്ത് സേവിക്കാൻ സാധിച്ചാൽ വിഷ്ണുപദപ്രാപ്തി നിശ്ചയമാണ്. അവന്‍റെ കർമ്മഫലങ്ങളുടെ ബന്ധം അതോടെ ഇല്ലാതായി.
സാളഗ്രാമം കൈയിൽപ്പിടിച്ച് കള്ളം പറയുന്നവൻ കുംഭീപാകമെന്ന നരകത്തിൽ പോവും. അവിടെയവന്‍ ഒരു ബ്രഹ്മായുസ്സ് കാലം കഷ്ടപ്പെടും. സാളഗ്രാമം കയ്യിൽ വച്ച് കള്ളസത്യം ചെയ്യുന്നവൻ ലക്ഷം മന്വന്തരം അസിപത്രമെന്ന നരകത്തിൽക്കഴിയും. സാളഗ്രാമപൂജയ്ക്ക് തുളസീദളം ഉപയോഗിക്കാത്തവന് വരുന്ന ഏഴു ജന്മങ്ങളിൽ ഭാര്യാ സുഖമില്ലാതെ ജീവിക്കേണ്ടി വരും. ശംഖിലെ തീർത്ഥത്തിൽ നിന്നും തുളസീദളം എടുത്ത് കളയുന്നവൻ ഏഴു ജന്മങ്ങളിൽ ഭാര്യാഹീനനും രോഗിയുമാകും.
സാളഗ്രാമവും തുളസിയും ശംഖും മൂന്നും ചേർത്ത് സംരക്ഷിക്കുന്നവൻ ശ്രീഹരിക്ക് പ്രിയപ്പെട്ടവനാണ്. ഒരിക്കലെങ്കിലും ഭാര്യാസുഖമറിഞ്ഞവൻ ആ സുഖമില്ലാതായാൽ ദുഖിക്കുന്നു. ദേവിയുമായി ഒരു മന്വന്തരക്കാലം കഴിഞ്ഞതിനാലാണ് ഭഗവാന്‍ ശംഖചൂഡനെക്കൂടി കൂട്ടുന്നത്.
ദിവസം 245. ശ്രീമദ് ദേവീഭാഗവതം. 9. 24. തുളസീസംഗം
No comments:
Post a Comment