Wednesday, April 12, 2017

കശ്മീരിലെ ഖീര്‍ഭവാനി ക്ഷേത്രം

‘ഝലം’ നദിക്കു കുറുകെ ”ഹജന്‍” പാലത്തിലൂടെ ആയിരുന്നു ഞങ്ങള്‍ ഖീര്‍ഭവാനി ക്ഷേത്ര ദര്‍ശനത്തിനായി പോയത്. ആര്‍ക്കും ഉച്ചഭക്ഷണംപോലും കഴിക്കുവാന്‍ സമയം കിട്ടിയില്ല. രോഗികളുടെ എണ്ണം കൂടുതലായിരുന്നതിനാല്‍ ക്യാമ്പ് ക്ലോസു ചെയ്തപ്പോള്‍ ഏറെ വൈകിപ്പോയിരുന്നു.
കശ്മീരിലെ ചരിത്ര പ്രസിദ്ധമായ തുലമുല്യ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കശ്മീര്‍ രാജാവ് പ്രതാപസിങ് 1912 ല്‍ ഈ ക്ഷേത്രം പുതുക്കിപ്പണിതു. ശങ്കരാചാര്യര്‍ ഈ ക്ഷേത്രത്തില്‍ തപസു ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. കശ്മീര്‍ ജനത ഏറ്റവും പവിത്രമായി കാണുന്ന പുരാതന ക്ഷേത്രമാണ് ഇത്. കശ്മീരിലെ ”ഗന്‍ഡര്‍ബാള്‍” ജില്ലയില്‍ ആണിത്.
ജലത്തിന് നടുവിലായി പണി കഴിപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഖീര്‍ഭവാനി ക്ഷേത്രം. ക്ഷേത്രത്തിന് നാലുഭാഗത്തുകൂടിയും നദിയൊഴുകുന്നു. നടുവിലായി കെട്ടിപ്പടുത്ത കൃത്രിമദ്വീപ്. ദ്വീപിന്റെ മധ്യഭാഗത്തുള്ള കുളത്തിന് നടുവിലാണ് ഖീര്‍ഭവാനിയുടെ പ്രതിഷ്ഠ.
നദിയുടെ ഇരുകരകളിലും നിരനിരയായി വളര്‍ന്നു നില്‍ക്കുന്ന ‘ചിനാര്‍’ മരങ്ങള്‍. ചിനാര്‍ മരങ്ങള്‍ അവിടത്തുകാര്‍ വെട്ടിമാറ്റാറില്ല. മൂന്നു നാലു നൂറ്റാണ്ടുവരെ ഈ വൃക്ഷത്തിന് ആയുര്‍ദൈര്‍ഘ്യം ഉണ്ട്.ഇതില്‍നിന്ന് ഉണങ്ങി വീഴുന്ന ഇലകള്‍പോലും ഗ്രാമീണര്‍ പവിത്രമായി കരുതുന്നു. അത് പൊടിച്ച് ‘ചാണക’വുമായി ചേര്‍ത്ത് ഉണക്കി എടുക്കും. ശൈത്യകാലത്ത് പാചകാവശ്യത്തിനായി ഇത് ഉപയോഗിക്കുന്നു. ഇതില്‍ പാകം ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ക്ക് രുചിയും ഔഷധമൂല്യവും കൂടുതലാണെന്ന് ഗ്രാമീണ സ്ത്രീകള്‍ പറയുന്നു.
”ജയ്‌സ്ത അഷ്ടമി” എന്ന ഉത്സവം ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. ‘രംഗദേവി ഡെന്‍മാര്‍ത്ത് ട്രസ്റ്റ്’ ആണ് ക്ഷേത്രകാര്യങ്ങളുടെ ചുമതല വഹിക്കുന്നത്. ”തുലമുല്യ” നദിയെ ദുര്‍ഗ്ഗാദേവിയുടെ പ്രതീകമായാണ് ഇവിടത്തുകാര്‍ കരുതുന്നത്. എഡി 752 ല്‍ കശ്മീര്‍ ഭരിച്ചിരുന്ന ജയപിട രാജാവിന് മുന്‍പ് ഈ ക്ഷേത്രത്തിന്റെ മാഹാത്മ്യങ്ങളില്‍ വിവരിച്ചു കാണുന്നു. ‘തുലമുല്യ’ നദിയിലെ ജലത്തിന് നിറം മാറുന്ന പ്രതിഭാസം പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.
ഏതെങ്കിലും പ്രകൃതിദുരന്തമോ, നാശനഷ്ടങങളോ, പകര്‍ച്ചവ്യാധിയോ ഉണ്ടാകുന്നതിന് മുന്‍പ് ഈ നദിയിലെ ജലത്തിന് നിറവ്യത്യാസം സംഭവിക്കും എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ചെറുകറുപ്പോ, ചുമപ്പോ ആയി ജലത്തിന് നിറവ്യത്യാസം ഉണ്ടാകും എന്ന് കശ്മീരി പണ്ഡിറ്റുകള്‍ പ്രത്യേകം രേഖപ്പെടുത്തുന്നു.
മുസ്ലിം ഭീകരാക്രമണത്തില്‍ കശ്മീരി പണ്ഡിറ്റുകള്‍ എല്ലാം വലിച്ചെറിഞ്ഞ് ഈ ഭൂമിയോട് വിട പറഞ്ഞു. അതിനു മുന്‍പ് ഈ നദിയിലെ ജലം ഇളം കറുപ്പായി മാറിയിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ അടുത്തുണ്ടായ കശ്മീര്‍ പ്രളയത്തിന് മുന്‍പ് നദിയിലെ ജല ഇളം ചുവപ്പായി മാറിയിരുന്നു എന്ന് അവിടത്തുകാര്‍ പറഞ്ഞു. ഞങ്ങള്‍ നദീജലം പരിശോധിച്ചുനോക്കി. ഇളം ചുമപ്പു രാശികള്‍ ജലത്തില്‍ കാണുവാന്‍ കഴിഞ്ഞു.
നദീജലം ഇങ്ങനെ നിറം മാറുന്നതിനെ സംബന്ധിച്ച് പല യൂറോപ്യന്‍ ശാസ്ത്രജ്ഞന്മാരും പഠനം നടത്തിയിട്ടുണ്ട്. പക്ഷേ അതിന്റെ യാഥാര്‍ത്ഥ്യം ഇപ്പോഴും അജ്ഞാതമായി തുടരുന്നു.


ജന്മഭൂമി:

No comments:

Post a Comment