Tuesday, April 04, 2017

ഭാരതം ആധ്യാത്മികസ്രോതസ്സുകളുടെ ഉറവ വറ്റാത്ത പുണ്യഭൂമിയാണ്. പ്രാചീനഭാരതത്തിലെ സത്യാന്വേഷികളായ ഋഷീശ്വരൻമാർ തങ്ങൾ അനുഭവിച്ചറിഞ്ഞ ആത്മീയസത്യങ്ങൾ പിൻതലമുറയ്ക്കായി പകർന്നത് വേദങ്ങളിലൂടെയാണ്. നിരാകാരനും സർവവ്യാപിയും സർവനിയന്താവുമായ പരമമായ ആജ്ഞേയശക്തിയെ വിവിധനാമങ്ങളാൽ സ്തുതിക്കുന്നതാണ് വേദങ്ങൾ. ശരിയായ മാർഗ്ഗദർശനം നൽകി മുന്നോട്ട് നയിക്കണം എന്ന പ്രാർത്ഥനയോടെ ‘അഗ്നി’ എന്ന നാമത്താലും (‘അഗ് ‘ എന്ന ധാതുവിന് ‘ ‘മുന്നോട്ട് ‘ എന്നാണ് അർത്ഥം. മുന്നോട്ട് നയിക്കുന്നത് എന്ന അർത്ഥത്തിൽ ‘അഗ്നി’ ഈശ്വരന്റെ പര്യായമാണ്) ജ്ഞാനകർമ്മേന്ദ്രിയാദികളുടെ ശക്തിക്ക് ‘ഇന്ദ്രൻ’ എന്ന നാമത്താലും ‘രുത് ‘ അതായത് ഭയത്തെ ഇല്ലാതാക്കാൻ ‘രുദ്രൻ’ എന്ന നാമത്താലും ഈശ്വരനെ സ്തുതിക്കുന്നു. ഭയങ്ങളിൽ വലിയ ഭയം മരണഭയമാണ്.അതുകൊണ്ടാണ് മൃത്യുഞ്ജയമന്ത്രത്തിന്റെ ദേവത രുദ്രൻ ആയത്. വേദങ്ങളിൽ ക്ഷേത്രാരാധനയോ വിഗ്രഹാരാധനയോ ഇല്ല. ഉത്തമമായ നദിക്കരയിൽ യാഗശാല നിർമ്മിച്ച് മന്ത്രോച്ചാരണത്തോടെ യാഗാഗ്നിയിൽ ഹവിസ്സ് അർപ്പിക്കുമ്പോൾ ഈശ്വരൻ തങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കും എന്ന് വിശ്വസിച്ചിരുന്നു. നാലു വേദങ്ങളും സമഗ്രമായി പഠിക്കുമ്പോൾ ആത്മസമർപ്പണാത്മകമായ ‘നമ:’ ശബ്ദം ഈശ്വരനാമത്തോട് ചേർന്നു കാണുന്നത് യജുർവേദാന്തർഗതമായ ‘ശതരുദ്രീയ’ത്തിൽ മാത്രമാണ്. പരമപുണ്യവും ഭോഗമോക്ഷഫലപ്രദായകവുമായ ‘നമ:ശിവായ’ എന്ന പഞ്ചാക്ഷരിയാണ് അത്.(ഇന്ന് നാം ജപിക്കുന്ന മറ്റ് മന്ത്രങ്ങളൊന്നും വേദമന്ത്രങ്ങളല്ല എന്നും ഓർക്കുക). കാലാന്തരത്തിൽ മനുഷ്യമനസ്സ് ഭോഗതൃഷ്ണയിൽ കൂടുതൽ ആസക്തമായപ്പോൾ നിർകാരനായ ഈശ്വരനെ ഭാവന ചെയ്യാൻ കഴിയാതെ വന്നു. അപ്പോൾ ഈശ്വരഭാവനയ്ക്കായി ഒരു പ്രതീകം ആവശ്യമായി വന്നു. അങ്ങനെ ഋഷീശ്വരൻമാർ സ്വീകരിച്ച പ്രതീകമാണ് ശിവലിംഗം. ഇന്ന് ആധുനികശാസ്ത്രം പറയുന്നത് പ്രപഞ്ചം ഒരു മുട്ടയുടെ ആകൃതിയാണ് എന്നാണ്. ഇക്കാര്യം സഹസ്രാബ്ദങ്ങൾക്കു മുമ്പേ ഗ്രഹിച്ച ഋഷീശ്വരൻ പ്രപഞ്ചത്തെ വിവക്ഷിച്ചിരുന്നത് ‘ബ്രഹ്മാണ്ഡം’ എന്നാണ്. അണ്ഡം എന്നാൽ മുട്ടയെന്നാണ് അർത്ഥം. നിരാകാരനായ ഈശ്വരന്റെ ഭാവനയ്ക്കായി ഒരു പ്രതീകം ആവശ്യമായി വന്നപ്പോൾ ഈ പ്രപഞ്ചത്തിന്റെ ഒരു ചെറിയ മാതൃകതന്നെ പ്രതീകമായി ഋഷീശ്വരൻമാർ സ്വീകരിച്ചു. smission