കഥാപ്രസംഗത്തിന് ഒന്നാം സമ്മാനം നേടിയതു മുതല്‍ തുടങ്ങിയ കലാജീവിതത്തില്‍, ഈ പെണ്‍കുട്ടിക്ക് കൂട്ടായി നൃത്തവും സംഗീതവും എക്കാലവും കൂടെയുണ്ട്. വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ഈ എഴുത്തുകാരി സിവില്‍ സര്‍വ്വീസില്‍ തിളക്കമാര്‍ന്ന വിജയം നേടി. ഐഎഎസ് തിരക്കിനിടയില്‍ ഇപ്പോള്‍ അഭിനയരംഗത്തും ചുവടു വയ്ക്കുകയാണ്. തലസ്ഥാന നഗരിയുടെ സബ് കളക്ടറായ ഡോ. ദിവ്യ എസ്. അയ്യരാണ് ഈ സകലകലാവല്ലഭ.
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍, ഡോ. ബാബുപോള്‍ ഐഎഎസിന്റെ പ്രസംഗത്തില്‍നിന്ന് വീണുകിട്ടിയതായിരുന്നു ദിവ്യയുടെ ഐഎഎസ് മോഹം. പക്ഷേ മസൂറിയിലേക്കുള്ള ട്രെയിന്‍ പിടിക്കുന്നതിനു മുമ്പ് വൈദ്യശാസ്ത്രത്തില്‍ ഒന്നു പയറ്റി. സ്വര്‍ണ മെഡലോടെ എംബിബിഎസ് പൂര്‍ത്തിയാക്കി. ഒന്നരവര്‍ഷം ജോലി നോക്കി, തുടര്‍ന്ന് സിവില്‍ സര്‍വീസിലേയ്ക്കായി ശ്രദ്ധ. മൂന്നാം തവണ വിജയം വരുതിയിലാക്കി.
ദിവ്യയുടെ ”പാത്ത് ഫൈന്‍ഡര്‍” എന്ന പുസ്തകം, സിവില്‍ സര്‍വ്വീസ് പരീക്ഷയെ അഭിമുഖീകരിക്കുന്നവര്‍ക്ക് വഴികാട്ടിയാണ്. അടുത്തിടെ ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ”ആമസോണി”ലെ ”ബെസ്റ്റ് സെല്ലര്‍” പട്ടികയില്‍ ഇടം പിടിച്ചു ഈ പുസ്തകം. തിരക്കുപിടിച്ച ജീവിതത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും ദിവ്യ മനസു തുറക്കുന്നു.
സിനിമയില്‍ അഭിനയിക്കുകയല്ലേ? അതിനെക്കുറിച്ച്
ഒരു കാര്യം മനുഷ്യമനസ്സിലേക്ക് എത്തിക്കാന്‍ എളുപ്പം സിനിമയിലൂടെയാണ്. അതുകൊണ്ടാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയമായ വൃദ്ധസദനത്തെക്കുറിച്ച് പറയുന്ന ”ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്തുമസ്”എന്ന സിനിമയില്‍ നിന്നൊരു ഓഫര്‍ വന്നപ്പോള്‍ നിരസിക്കാന്‍ തോന്നാത്തത്. ഹിമുച്രി ക്രിയേഷന്‍സിന്റെ ബാനറില്‍ അന്‍വിത ഹരിയും ഹരിദാസ് ഹൈദരാബാദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ബെന്നി ആശംസയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വൃദ്ധസദനത്തിന്റെ മേല്‍നോട്ടക്കാരിയായ സിസ്റ്റര്‍ ജീവ മരിയയായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ഏലിയാമ്മച്ചിയായിട്ട് കെപിഎസി ലളിത ചേച്ചിയാണ്. മധുസാറും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഡബ്ബിങ് ഏകദേശം പൂര്‍ത്തിയായി. ജൂണില്‍ റിലീസാകും.
പ്രതിഫലം വാങ്ങിയില്ല എന്നത് ശരിയാണോ?
അതെ. സമൂഹത്തിന് ഒരു സന്ദേശം നല്‍കുന്ന ചിത്രത്തിന്റെ ഭാഗമാകുക. അത്രയേയുള്ളൂ.
മസൂറിയിലെ പരിശീലന സമയത്ത് അവതരിപ്പിച്ച നാടകമാണോ സിനിമയിലേയ്ക്കുള്ള ചവിട്ടുപടിയായത്?
അതെ. കുട്ടിക്കാലം മുതലേ അഭിനയം ഇഷ്ടമാണ്. മസൂറിയില്‍വച്ച് ആദ്യം അവതരിപ്പിച്ചത് നിര്‍ഭയ കേസിനെക്കുറിച്ചൊരു നാടകമായിരുന്നു. അത് ഒരുപാട് ശ്രദ്ധ നേടിയപ്പോഴാണ് രണ്ടാമത് ഭ്രൂണഹത്യതെയക്കുറിച്ച് ഒരു നാടകം എഴുതി സംവിധാനം ചെയ്തവതരിപ്പിച്ചത്. അവിടെനിന്ന് ലഭിച്ച അംഗീകാരമാണ് ഈ ചിത്രം ഏറ്റെടുക്കാന്‍ ധൈര്യം തന്നത്.
കലോത്സവത്തില്‍ നൃത്തം അവതരിപ്പിച്ച വ്യക്തിയെന്ന നിലയില്‍ കലോത്സവത്തെ കുറിച്ച് എന്താണ് പറയാനുള്ളത്?
കലയുടെയും കലാകാരിയുടെയും ”തനിമ” ഒരിക്കലും നഷ്ടപ്പെടില്ല. നഷ്ടപ്പെട്ടിട്ടുമില്ല. പിന്നെ എന്റെ കാലത്തിനതീതമായി വാണിജ്യത്തിന്റെ ഒരു കടന്നുകയറ്റം കാണാം. എല്‍ഇഡി ഉപയോഗിച്ചുള്ള കിരീടം ആണ് ഇന്ന് കുട്ടികള്‍ ഉപയോഗിക്കുന്നത്.
ഗായികയാണല്ലോ?
കോട്ടയം അസി. കളക്ടറായിരുന്ന കാലഘട്ടത്തില്‍ ”വോട്ടിങ്ങ്”ന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കാന്‍വേണ്ടിയാണ് ”വിരല്‍ത്തുമ്പില്‍ നമ്മുടെ ഭാവി” എന്ന ഗാനം സ്വന്തമായി എഴുതി, ആലപിച്ചത്. അത് ഏറെ ശ്രദ്ധ നേടി.
”സ്ത്രീ സുരക്ഷ”യെ കുറിച്ച്
നമ്മളിപ്പോഴും ”സ്ത്രീ സുരക്ഷ”യില്‍ എത്തിനില്‍ക്കുന്നതേയുള്ളൂ. സ്ത്രീയുടെ സ്വാതന്ത്ര്യവും ശാക്തീകരണവും വളരെ ദൂരെയാണ്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പെപ്പര്‍ സ്‌പ്രേ കൊണ്ടുനടക്കുകയല്ല വേണ്ടത്. സ്ത്രീകളെ ബഹുമാനിക്കാന്‍ വളര്‍ന്നുവരുന്ന യുവതലമുറയെ പഠിപ്പിക്കണം. ഗുരുശിഷ്യ ബന്ധത്തിലൂടെ ഈ മനോഭാവം വളര്‍ത്തിയെടുക്കാനാവും.
യുവതലമുറയ്ക്ക് മാതാപിതാക്കളോടുള്ള അടുപ്പം കുറയുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ടോ?
ഉണ്ട്. എല്ലാവരും അങ്ങനെയാണ് എന്നല്ല. സീനിയര്‍ സിറ്റിസണ്‍സ് ട്രൈബ്യൂണലിന്റെ പ്രസിഡന്റാണ് ഞാന്‍. അവിടെ ദിനംപ്രതി വരുന്ന കേസുകളുടെ അടിസ്ഥാനത്തില്‍ ഇനി നമ്മള്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നം വയോധികരുടെ സംരക്ഷണമായിരിക്കും എന്ന് പറയാന്‍ സാധിക്കും. ജോലിക്ക് പിന്നാലെ ഓടുമ്പോള്‍ മാതാപിതാക്കളെ മറന്നുപോകുന്നു. തിരുവനന്തപുരത്ത് ഇത്തരം പ്രശ്‌നങ്ങള്‍ കുറച്ച് കൂടുതലാണ്.
മലയാളികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന രീതി ശരിയല്ല എന്നു തോന്നിയിട്ടുണ്ടോ?
അത് മലയാളി ചന്ദ്രനില്‍പോയാലും ഇങ്ങനെ തന്നെയായിരിക്കും. മനസ്സില്‍ വരുന്നത് വളരെ എളുപ്പം മറ്റുള്ളവരില്‍ എത്തിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ സാധിക്കും. അതുകൊണ്ടാണ് ഇങ്ങനെ. ശരിയാണോ തെറ്റാണോ എന്ന് ചിന്തിക്കില്ല. വേഗം പ്രതികരിക്കണം. അത്രതന്നെ.
തിരുവനന്തപുരത്ത് നേരിട്ട വലിയ വെല്ലുവിളി?
വെല്ലുവിളി എന്നുപറയുമ്പോള്‍ ലോ കോളേജിലെയും, കുറച്ചുനാള്‍ മുമ്പുനടന്ന പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആത്മഹത്യ ഭീഷണിയും. അവരെ താഴെയിറക്കാനുള്ള ചുമതല എനിക്കായിരുന്നു. അത് ശരിക്കും വലിയൊരു വെല്ലുവിളി ആയിരുന്നു.
ഒരുപാട് തിരക്കുകളുള്ള വ്യക്തിയല്ലേ. കുടുംബവുമായി സമയം ചെലവഴിക്കാറുണ്ടോ?
തിരക്കുകള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. കുടുംബവുമായി സമയം ചെലവഴിക്കാറുണ്ട്. എങ്കിലും അവരുമൊത്ത് ഒരു സിനിമയ്ക്ക് പോകാന്‍ ഒന്നും സമയം കിട്ടാറില്ല. മൂന്ന് മണിക്കൂറൊക്കെ ജോലി തിരക്കില്‍നിന്ന് മാറാന്‍ പറ്റില്ല. അങ്ങനെയുള്ള തിരക്കുകള്‍ ഇഷ്ടപ്പെടുന്നത് കൊണ്ടും കുഞ്ഞിലേ മുതല്‍ ശീലിച്ചത് കൊണ്ടും നിരാശ തോന്നാറില്ല.
പുതിയ പുസ്തകം?
ഉണ്ട്. അതിനായുള്ള ജോലി തുടങ്ങി, പക്ഷേ അനങ്ങുന്നില്ല. വയോധികരെക്കുറിച്ചുള്ള പുസ്തകമാണ്. എനിക്ക് നേരിട്ടറിയാന്‍ കഴിഞ്ഞ ചിലരുടെ ജീവിതം ആസ്പദമാക്കിയുള്ള പുസ്തകമാണ്.
സിവില്‍ സര്‍വീസിനായി പ്രയത്‌നിക്കുന്ന കുട്ടികളോടു പറയാനുള്ളത്?
ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുക. യഥാര്‍ത്ഥ പരീക്ഷ തുടങ്ങുന്നത് പരീക്ഷ പാസായശേഷമാണ്. അത് നേരിടാന്‍ പ്രാപ്തരായിരിക്കണം. ഒരിക്കലും വേണ്ടായിരുന്നു എന്ന് പിന്നീട് തോന്നേണ്ടിവരരുത്. അത്രതന്നെ.
ദിവ്യയുടെ ഇഷ്ടങ്ങള്‍
എഴുത്തുകാരന്‍ – രവീന്ദ്രനാഥ ടഗോര്‍
പുസ്തകം – ഗീതാഞ്ജലി(ടഗോര്‍
– ദി പ്രൊഫൈറ്റ്-ഖലീല്‍ ജിബ്രാല്‍
ഗായിക – കെ.എസ്. ചിത്ര, എസ്. ജാനകി
ഗായകന്‍ – യേശുദാസ്
സിനിമ – റാം ജി റാവു സ്പീക്കിംഗ്
ഗാനം – 90 കളിലെ മെലഡികള്‍
റോള്‍ മോഡല്‍ – ഡോ. ബാബുപോള്‍ ഐഎഎസ്,
ടി.പി. ശ്രീനിവാസന്‍ ഐഎഎസ്,
അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ്
ഇഷ്ട വ്യക്തികള്‍- രവീന്ദ്രനാഥ ടഗോര്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍.
പുസ്തകം – ഗീതാഞ്ജലി(ടഗോര്‍
– ദി പ്രൊഫൈറ്റ്-ഖലീല്‍ ജിബ്രാല്‍
ഗായിക – കെ.എസ്. ചിത്ര, എസ്. ജാനകി
ഗായകന്‍ – യേശുദാസ്
സിനിമ – റാം ജി റാവു സ്പീക്കിംഗ്
ഗാനം – 90 കളിലെ മെലഡികള്‍
റോള്‍ മോഡല്‍ – ഡോ. ബാബുപോള്‍ ഐഎഎസ്,
ടി.പി. ശ്രീനിവാസന്‍ ഐഎഎസ്,
അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ്
ഇഷ്ട വ്യക്തികള്‍- രവീന്ദ്രനാഥ ടഗോര്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍.
ജന്മഭൂമി:
No comments:
Post a Comment