Saturday, April 22, 2017

പ്രതികൂല സാഹചര്യങ്ങളെയും പ്രശ്‌നങ്ങളെയും നേരിടേണ്ടിവരുമ്പോള്‍ സാധാരണയായി നമ്മള്‍ മൂന്നു തരത്തിലാണ് പ്രതികരിക്കാറുള്ളത്. ഒന്ന്, പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുക. മറ്റൊന്ന്, ചുറ്റുപാടുകള്‍ ശരിയാക്കിയാല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന പ്രതീക്ഷയില്‍ അതിനുവേണ്ടി ശ്രമിക്കുക. മൂന്നാമത്, സാഹചര്യങ്ങളെ ശപിച്ചുകൊണ്ടു മുന്നോട്ടു പോകുക.
ഒരാള്‍ക്ക് പട്ടാളത്തില്‍ നിന്ന് പെന്‍ഷന്‍പറ്റിയ ഒരമ്മാവനുണ്ട്. ആ അമ്മാവന്‍ പെങ്ങളെയും മരുമകനെയും കാണാനായി വരുന്നുണ്ടെന്ന് അറിയിച്ചിരുന്നു.
ഈ അമ്മാവന്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്തില്ല. പട്ടാള ജീവിതത്തിലെ കഥകള്‍ പറഞ്ഞാല്‍ തീരില്ല. അത്രയും സമയം വെറുതെ കളയേണ്ടതില്ലെന്നു വിചാരിച്ച് മരുമകന്‍ അമ്മാവന്‍ വീട്ടിലെത്തേണ്ട സമയമായപ്പോള്‍, വീടിന്റെ പിറകുവശത്തുള്ള ഇടവഴിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ, അദ്ദേഹം മുന്നോട്ടു പോകുമ്പോഴാണ് അമ്മാവനും അതേ വഴിയിലൂടെ നടന്നു വരുന്നത് കണ്ടത്. മരുമകനെ കണ്ട മാത്രയില്‍ അമ്മാവന്‍ വഴിയില്‍ നിന്നു തന്നെ വര്‍ത്തമാനവും തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ മരുമകന്‍ ചിന്തിച്ചു, ”അയ്യോ, ദാഹിക്കുന്നല്ലോ. അടുത്തു കടയൊന്നുമില്ല. വീട്ടിലായിരുന്നെങ്കില്‍ പച്ചവെള്ളമെങ്കിലും കുടിക്കാമായിരുന്നു. എന്തൊരു ചൂട്? പക്ഷേ, തണലിന് ഒരു വൃക്ഷം പോലും അടുത്തെങ്ങുമില്ലല്ലോ.” നിന്നുകൊണ്ട് സംസാരിക്കുന്നതിനാല്‍ അയാളുടെ കാലും വേദനിക്കാന്‍ തുടങ്ങി. പക്ഷേ, ഒന്നിരിക്കാന്‍ അവിടെയെങ്ങും ഒരു ബെഞ്ചു പോലും ഉണ്ടായിരുന്നില്ല.
ഈ കഥയില്‍ നിന്നും നമ്മള്‍ എന്താണ് മനസ്സിലാക്കേണ്ടത്? പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ചാല്‍, മിക്കപ്പോഴും പരാജയമായിരിക്കും ഫലം. കാരണം അത്തരം പ്രശ്‌നങ്ങള്‍ ഒരു രൂപത്തില്‍ അല്ലങ്കില്‍ മറ്റൊരു രൂപത്തില്‍ തിരിച്ചു വരിക തന്നെ ചെയ്യും.
രണ്ടാമത്തെ വഴി, ചുറ്റുപാടുകളെ ശരിയാക്കാന്‍ ശ്രമിക്കുക എന്നതാണ്. ഒരാളുടെ വീട്ടില്‍ എന്നും അശാന്തി മാത്രം. വീടിന്റെ വാസ്തു ദോഷമാണ് അശാന്തിക്കു കാരണമെന്നു സംശയിച്ച് വീട് പൊളിച്ചു പണിയുന്നു. അല്ലെങ്കില്‍ വേറൊരിടത്തു സ്ഥലം വാങ്ങി പുതിയ വീടു വയ്ക്കുന്നു. അല്ലെങ്കില്‍ ഭാര്യയാണ്/ഭര്‍ത്താവാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു ചിന്തിച്ച് വിവാഹമോചനം നടത്തുന്നു. എന്നാല്‍ പുതിയ ഭാര്യ/ഭര്‍ത്താവു വന്നപ്പോള്‍ പ്രശ്‌നങ്ങള്‍ ഒന്നു കൂടി രൂക്ഷമായതേയുള്ളു. ചുറ്റുപാടുകളെ മാറ്റിയതു കൊണ്ടു മാത്രം ജീവിത പ്രശ്‌നങ്ങള്‍ ഒഴിവാകുന്നില്ല.
ചുറ്റുപാടുകള്‍ നന്നാക്കാന്‍ ശ്രമിക്കരുതെന്നല്ല അമ്മ പറയുന്നത്. തീര്‍ച്ചയായും നമ്മള്‍ അതിനു ശ്രമിക്കണം. എന്നാല്‍ അതുകൊണ്ടു മാത്രം എല്ലാ പ്രശ്‌നങ്ങളും തീരണമെന്നില്ല.
മൂന്നാമത്തെ രീതി, വരുന്ന സാഹചര്യങ്ങളെ ശപിച്ചു കൊണ്ടു മുന്നോട്ടു പോകുക എന്നതാണ്. ഒരാള്‍ക്കു വയറുവേദന. വീട്ടിലുള്ളവരോടെല്ലാം ”അമ്മേ വയറുവേദന, അച്ഛാ, വയറുവേദന, ചേട്ടാ, ചേച്ചീ, വയറുവേദന, വയറു വേദനയെടുത്തിട്ടു സഹിക്കവയ്യായേ,” എന്നു പറഞ്ഞു തുടങ്ങി. ഒടുവില്‍ കേട്ടിരിക്കുന്നവര്‍ക്കൊക്കെ തല വേദനിക്കാന്‍ തുടങ്ങി. സ്വന്തം അശാന്തി പറഞ്ഞു പറഞ്ഞു മറ്റുള്ളവരുടെ ശാന്തി കൂടി ഇല്ലാതെയായി. വിധിയേയും സാഹചര്യങ്ങളേയും പഴിച്ചു കഴിയുന്നവര്‍ എന്നും അസംതൃപ്തമായ ജീവിതം നയിക്കുന്നു. അവര്‍ ചുറ്റും അശാന്തി പരത്തുന്നു. അപ്പോള്‍ ശാശ്വതമായ പ്രശ്‌നപരിഹാരത്തിന് എന്താണു മാര്‍ഗ്ഗം? പ്രശ്‌ന പരിഹാരം അവനവന്റെ ഉള്ളില്‍ കണ്ടെത്തുക എന്നതാണ്. സ്വന്തം മനഃസ്ഥിതി മാറ്റുക എന്നതാണ്. പ്രശ്‌നങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും നമ്മുടെ ആവശ്യാനുസരണം മാറ്റുക എന്നതു് അസാദ്ധ്യമാണ്. കാരണം അവ ലോകത്തിന്റെ സ്വഭാവമാണ്. മിക്കപ്പോഴും പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ കാരണം നമ്മുടെ ഉള്ളില്‍ തന്നെ ആയിരിക്കും. അതിനാല്‍ നമ്മുടെ മനോഭാവവും കാഴ്ച്ചപ്പാടുമാണ് ആദ്യം മാറേണ്ടത്.
മഹാഭാരത യുദ്ധ സമയത്ത്, ഭഗവാന്‍ ശ്രീകൃഷ്ണന്‍ സങ്കല്പിച്ചിരുന്നെങ്കില്‍ ഒരു ചുഴലിക്കാറ്റോ, പ്രളയമോ വരുത്തി ദുര്യോധനാദികളെ നശിപ്പിച്ച് പാണ്ഡവര്‍ക്കു വിജയം നേടിക്കൊടുക്കാമായിരുന്നു. അതിനുള്ള ശക്തി അവിടുത്തേക്കുണ്ട്. എന്നാല്‍ ചുറ്റുപാടുകളില്‍ മാറ്റം വരുത്തി പാണ്ഡവന്മാരെ വിജയിപ്പിക്കുന്നതിനു പകരം അര്‍ജ്ജുനന്റെ മനോഭാവത്തില്‍ മാറ്റം വരുത്തുകയാണു ഭഗവാന്‍ ചെയ്തത്. അര്‍ജ്ജുനന്‍ പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടാനാണ് ശ്രമിച്ചത്. എന്നാല്‍, ഭഗവാന്‍ സ്വധര്‍മ്മം എന്താണെന്ന് അര്‍ജ്ജുനനെ പഠിപ്പിക്കുകയും അതനുഷ്ഠിക്കുമ്പോള്‍ ഉള്ളിലെ ശാന്തി നഷ്ടമാകാതിരിക്കാനുള്ള ആത്മജ്ഞാനം അര്‍ജ്ജുനനു നല്കുകയും ചെയ്തു.
നീന്തല്‍ പരിശീലകന്‍ എപ്പോഴും സഹായിച്ചുകൊണ്ടിരുന്നാല്‍ പഠിക്കുന്നയാള്‍ക്ക് നീന്തല്‍ പഠിച്ചെടുക്കുവാന്‍ പ്രയാസമാണ്. അയാളതു സ്വയം പരിശീലിക്കണം. അതുപോലെ, ജീവിതത്തില്‍ ഏതു സാഹചര്യത്തെയും അതിജീവിക്കാനുള്ള ശക്തി നാം സ്വയം ആര്‍ജ്ജിക്കണം.
ബാഹ്യമായ ഒരു പ്രശ്‌നത്തിനും ഇളക്കാനാകാത്ത ശാന്തി നമ്മില്‍ തന്നെയുണ്ട്. ആ ശാന്തി നഷ്ടമാക്കാന്‍ ഒരു പ്രതികൂല സാഹചര്യത്തെയും നമ്മള്‍ അനുവദിക്കാതിരുന്നാല്‍ മാത്രം മതി. മനഃസ്ഥിതി ശരിയായാല്‍, ഏതു സാഹചര്യത്തെയും പുഞ്ചിരിയോടെ നേരിടാന്‍ നമുക്കു കഴിയും.
മാതാ അമൃതാന്ദമയി ദേവി


ജന്മഭൂമി: http://www.janmabhumidaily.com/news610816#ixzz4f2gSuMsy

No comments:

Post a Comment