Saturday, April 08, 2017

ഭാരതത്തെ സംബന്ധിച്ചേടത്തോളം കല, സംസ്ക്കാരം, ശാസ്ത്രം എന്നിവയുടെ എല്ലാം അടിസ്ഥാനം ആദ്ധ്യാത്മികതയാണ്. അതിന്റെ അടിസ്ഥാനമോ വേദങ്ങളും. സംഗീതം സാമവേദത്തില്‍ നിന്നും ആയുര്‍വേദം അഥര്‍വ്വവേദത്തില്‍ നിന്നും ഉണ്ടായി. നാട്യശാസ്ത്രം രചിച്ച ഭരതമുനി പറയുന്നു ഞാന്‍ വേദത്തില്‍ നിന്നാണ് നാട്യശാസ്ത്രം കടഞ്ഞെടുത്തത് എന്ന്. അത്രയും വിപുലമായതും അനാദിയായതുമാണ് വേദം. വേദം അറിവാണ്. ഈ അറിവ് സാധാരണ ജനങ്ങള്‍ക്ക് പകരുന്നതിന്നുവേണ്ടി കാലാകാലങ്ങള്‍ ആയിട്ട് ഒരു സംസ്ക്കാരം ഭാരതത്തില്‍ ഉണ്ടായിട്ടുണ്ട്. നമ്മുടെ സംസ്ക്കാരത്തിന്റെ ആദിമൂലം വേദമാണ്. ഗീതയില്‍ ശ്രീകൃഷ്ണന്‍ 'വേദാനാം സാമവേദോസ്മി'1 എന്നും ഗരുഡപുരാണത്തില്‍ 'വേദാശാസ്ത്രം പരംനാസ്തി'2 എന്നും ഭാഗവതത്തില്‍ 'വേദം പ്രത്യക്ഷ നാരായണ സാക്ഷാത്'3 എന്നും ലളിതാസഹസ്രനാമത്തില്‍ 'സാമഗാനപ്രിയാ സൌമ്യാ'4 എന്നും വേദത്തെ പുകഴ്ത്തുന്നു. എല്ലാ ശാസ്ത്രങ്ങളുടേയും അടിസ്ഥാനം വേദമാണ്. വേദത്തെ സമുദ്ധരിക്കുന്നതിന്നു വേണ്ടിയാണ് പുരാണങ്ങള്‍ ഉണ്ടായിട്ടുള്ളത്. എല്ലാ അവതാരങ്ങളുടെയും ലക്ഷ്യം മഹത്തായ വേദോദ്ധാരണമാണ്. 


എന്നാല്‍ ഏറ്റവും വലുത് വേദമാണ് എന്നിരിക്കെ സാധാരണക്കാരന് വേദം കാണാന്‍ കഴിയാത്തത് ഭാരതത്തിന്റെ കാര്യത്തില്‍ വളരെ സങ്കടകരമാണെന്ന് പറയേണ്ടിയിരിക്കുന്നു. ബൈബിളില്ലാത്ത ക്രിസ്ത്യന്‍ പള്ളിയോ ഖുര്‍ ആന്‍ ഇല്ലാത്ത മുസ്ളിം പള്ളിയോ ഉണ്ടാവില്ല. വേദങ്ങള്‍ ഉള്ള എത്ര ക്ഷേത്രങ്ങള്‍ ഉണ്ട്? വേദം പഠിക്കാത്ത ഒരാള്‍ക്ക് ഹിന്ദു ധര്‍മ്മത്തെക്കുറിച്ച് പറയാന്‍ അധികാരമില്ല. എല്ലാവരും കരുതുന്നതുപോലെ വേദങ്ങള്‍ മന്ത്രങ്ങള്‍ മാത്രമല്ല. അത് കേവലം ശബ്ദവേദങ്ങള്‍ ആണ്. യഥാര്‍ത്ഥ വേദം എന്ന് പറയുന്നത് പ്രപഞ്ചമാണ്. ഈശ്വരന്റെ സൃഷ്ടിയായ പ്രപഞ്ചം. 'പശ്യദേവസ്യകാവ്യം' കേള്‍ക്കുന്നതും വേദമാണ്, കാണുന്നതും വേദമാണ്. 


വേദം ഭാരതത്തില്‍ ശക്തമായി നില്‍ക്കുകയായിരുന്നു. ഒന്നാം സ്വാതന്ത്യ്ര സമര കാലത്ത് ബ്രിട്ടീഷുകാര്‍ വേദം തെറ്റായി വ്യാഖ്യാനിച്ച് തകര്‍ക്കാനുള്ള തീരുമാനമെടുത്തു. മാക്സ് മുള്ളര്‍, വില്‍സന്‍ മുതലായ ഇന്‍ഡോളജിസ്റ്റുകളെ അവര്‍ അതിന്നായി നിയോഗിച്ചു. യാസ്കനെപോലുള്ള മഹര്‍ഷിമാര്‍ വിഡ്ഢികള്‍ ആണെന്നായിരുന്നു വിദേശികളുടെ കാഴ്ചപ്പാട്.


വേദങ്ങളും വേദഗ്രന്ഥങ്ങളും ഉദാത്തമായ കാര്യങ്ങള്‍ ആണെന്നും അത് സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമാണെന്നുമുള്ള ഒരു ചിന്ത ഹിന്ദുധര്‍മ്മത്തില്‍ അടുത്ത കാലത്തായി വരുകയും അത് അപചയത്തിന്ന് കാരണമായിത്തീരുകയും ചെയ്തു. വേദകാലത്ത് ആസേതു ഹിമാചലം തപസ്വികള്‍ ആയിരുന്നു. 


ആദ്ധ്യാത്മികതയില്ലാത്ത വിദ്യ, സാഹിത്യം, കച്ചവടം, എന്നിങ്ങനെ ഏത് മേഖല എടുത്താലും പരാജയമായിരിക്കും ഫലം. ജപ്പാനില്‍ തീപ്പെട്ടി കമ്പനി തുടങ്ങാന്‍ പോവുകയായിരുന്ന ടാറ്റയോട് ഭാരതത്തില്‍ ഉരുക്ക് വ്യവസായം ആരംഭിക്കാന്‍ ആവശ്യപ്പെട്ടത് സ്വാമി വിവേകാനന്ദന്‍ ആയിരുന്നു. അതെ, ടാറ്റക്ക് ആദ്ധ്യാത്മിക വ്യവസായം ഉണ്ടാക്കാന്‍ സാധിച്ചു. കാളിദാസന്‍ മഹാകവിയായിത്തീര്‍ന്നതും അദ്ദേഹത്തിന്റെ കൂടെ ഉപാസന ഉണ്ടായിരുന്നതുകൊണ്ടാണ്. ഭാസനും അക്കാലത്തെ മറ്റ് കവികള്‍ക്കും പ്രശസ്തരാകാന്‍ കഴിഞ്ഞത് അവര്‍ ആദ്ധ്യാത്മിക പശ്ചാത്തലത്തില്‍ ജീവിച്ചത് കൊണ്ടാണ്. ആദ്ധ്യാത്മികനായതുകൊണ്ടാണ് രബീന്ദ്രനാഥ ടാഗോറിന് നോബല്‍ സമ്മാനം കരസ്ഥമാക്കാന്‍ കഴിഞ്ഞത്. തികഞ്ഞ ആദ്ധ്യാത്മികതയില്‍ ഭാരതീയ സംസ്ക്കാരം ഉജ്ജ്വലമായി നിലനിന്നിരുന്നു. ആ ആദ്ധ്യാത്മികത വേദത്തില്‍ നിന്നും ഉണ്ടായതായിരുന്നു. 


വളരെ ദയനീയമായ ഒരു അവസ്ഥയാണ് ഇന്ന് നമ്മുടെ സമൂഹത്തിന്റേത്. തകര്‍ന്ന കുടുംബങ്ങളുടേയും വ്യക്തികളുടെയും ചിത്രമാണ് ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്താല്‍ നമുക്ക് കാണാന്‍ കഴിയുക. ആത്മവിശ്വാസം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യുന്ന വ്യക്തികളും കുടുംബങ്ങളും നമുക്ക് ചുറ്റിലും കാണാം. എനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും ആത്മഹത്യ മാത്രമേ മാര്‍ഗമുള്ളൂ എന്നും എന്നോട് പറഞ്ഞ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയോട് ഞാന്‍ ചോദിച്ചു. 'നിങ്ങളാണോ ജീവന്‍ രക്ഷിക്കേണ്ട ഡോക്ടര്‍? നിങ്ങള്‍ക്ക് നിങ്ങളുടെ ജീവന്‍ തന്നെ രക്ഷിക്കാന്‍ കഴിയുന്നില്ല. പിന്നെയാണോ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നത്'' ഈ ഉദാഹരണങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത് വ്യക്തികളും സമൂഹവും ഇവിടെ ആന്തരികമായി തകര്‍ന്നിട്ടുണ്ട് എന്നാണ്. 



ഇപ്പോള്‍ നമ്മുടെ വിഷയം എങ്ങനെ വൈദിക ആചരണങ്ങള്‍ ഉപയോഗിച്ച് സമൂഹത്തെ ഉയര്‍ത്താനാകും എന്നതാണ്. വേദം ശാസ്ത്രമാണ്, ശാസ്ത്രയുക്തവുമാണ്. ഇതില്‍ വ്യക്തിപരമായി എനിക്ക് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല. ജീവിതത്തില്‍ വിജയിക്കുക എന്നത് നമുക്ക് നിര്‍ബന്ധമാണ്. ഇന്ന് ആദ്ധ്യാത്മികത ഒരു കൂട്ടം നിഷേധങ്ങളുടെ സമാഹാരമാണ്. സാധാരണ ജനങ്ങള്‍ ഇത് കണ്ടാല്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് ഭേദം എന്ന് തീരുമാനിക്കും. വിളക്കില്‍ ശാസ്ത്രീയമായി എങ്ങനെ തിരി ഇടണം എന്ന് അറിയില്ല. മരണാനന്തരക്രിയകള്‍ എന്താണെന്ന് അറിയില്ല. നല്ല ഒരു കുഞ്ഞിനെ എങ്ങനെ സൃഷ്ടിക്കണം എന്ന് അറിയില്ല. മുമ്പ് നമ്മള്‍ ഭാരതീയര്‍ അങ്ങനെയായിരുന്നില്ല. 


സാധാരണ ജനങ്ങളെ വൈദിക സംസ്ക്കാരത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമോ സാധിക്കും എന്നതാണ് എന്റെ കഴിഞ്ഞ എട്ട് വര്‍ഷത്തെ അനുഭവം. ഇപ്പോള്‍ എനിക്ക് 50000ത്തോളം വരുന്ന ശിഷ്യസമ്പത്തുണ്ട്. കോഴിക്കോട് നഗരത്തില്‍ ഏതാണ്ട് 3000 കുടുംബങ്ങള്‍ പ്രതിദിനം പഞ്ചമഹായജ്ഞങ്ങള്‍ അനുഷ്ഠിക്കുന്നുണ്ട്. അവരില്‍ ഓട്ടോ ഡ്രൈവര്‍മാര്‍, തൊഴിലാളികള്‍, കച്ചവടക്കാര്‍, ഡോക്ടര്‍മാര്‍, പ്രൊഫസര്‍മാര്‍ എന്നിങ്ങനെ പല മേഖലകളില്‍ ഉള്ളവര്‍ ഉണ്ട്. 


ഇവര്‍ക്കൊക്കെ ഒരേപോലുള്ള വൈദിക ആചരണ രീതികളും ജീവിതരീതികളും ആണ് ഉള്ളത്. വേദസംസ്ക്കാരം ഒരേപോലെ ജീവിക്കാന്‍ അവര്‍ക്ക് സാഹചര്യം ഒരുക്കിയിരിക്കുന്നു. അതാണ് ഐക്യമത്യസൂക്തത്തില്‍ വിശദമാക്കുന്ന വൈദിക കാഴ്ചപ്പാട്. 'സമാനോ മന്ത്ര സമിതി സമാനി..............' ഒരേ മന്ത്രം ചൊല്ലുന്ന ഒരേ ജീവിത കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്ന, ഇത് വേദത്തിലുള്ള ജീവിത രീതിയാണ്. ആ കാഴ്ചപ്പാട് നഷ്ടപ്പെട്ടതുകൊണ്ടാണ് കുടുംബജീവിതങ്ങള്‍ തകരുന്നത്. സാമൂഹിക ജീവിതവും വ്യക്തിജീവിതവും തകര്‍ന്നുപോയി. എങ്ങനെ സമൂഹജീവിതത്തിലും വ്യക്തിജീവിതത്തിലും വൈദികാചരണങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ആകും. വേദത്തിന്റെ കാഴ്ചപ്പാട് ധര്‍മ്മാര്‍ത്ഥ കാമമോക്ഷമാണ്, ധര്‍മ്മത്തില്‍ ഊന്നിക്കൊണ്ട് അര്‍ത്ഥ കാമം മോക്ഷം എന്നിവ നേടുക. നമുക്ക് ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നിങ്ങനെ നാലു ആശ്രമങ്ങള്‍ ഉണ്ട്. ഇത് ലളിതമായി മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നല്ല. നാം പുസ്തകങ്ങളിലൂടെ ആദ്ധ്യാത്മികത കാണുന്നു. പുസ്തകങ്ങള്‍ ഉണ്ടാകും മുമ്പ് ഗുരു പരമ്പരകളിലൂടെയായിരുന്നു വിദ്യാഭ്യാസം നേടിയിരുന്നത്. വേദത്തില്‍ ഒന്നിനേയും നിഷേധിക്കുന്നില്ല. നല്ല ഭക്ഷണം കഴിക്കണം. ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും വേണം എന്ന് വേദങ്ങള്‍ പറയുന്നു. 'സ്ത്രീയും സ്വര്‍ണ്ണവും നരകത്തിന്റെ വാതായനങ്ങള്‍ ആണെന്ന്'' ഒരു പ്രഭാഷകന്‍ പ്രസംഗിക്കുന്നത് ഞാന്‍ കേട്ടു. ഇങ്ങനെ വേദത്തില്‍ ഒരിടത്തും പറയുന്നില്ല. എങ്ങനെ ഒരാള്‍ക്ക് അയാളുടെ അമ്മ നരകത്തിന്റെ കവാടമാണെന്ന് പറയാന്‍ കഴിയും. ഇത്തരം വ്യക്തികള്‍ വേദത്തെ മാത്രമല്ല നമ്മുടെ സംസ്ക്കാരത്തെത്തന്നെയാണ് നശിപ്പിക്കുന്നത്. 'ഹിരണ്യം വൈ ആയുഃ' സ്വര്‍ണ്ണം ആയുസ്സാകുന്നു. നമ്മള്‍ അത് ധരിക്കണം എന്നാണ് വേദം പറയുന്നത്. ആയുര്‍വേദവും ഇത് സമര്‍ത്ഥിക്കുന്നു. നമ്മള്‍ എന്തിനാണ് എല്ലാറ്റിനേയും നിഷേധിക്കുന്നത്. വേദത്തിന്റെ ശക്തി മനസ്സിലാക്കാന്‍ 'അഗ്നി മീളേ പുരോഹിതം.'' എന്ന ഒരു മന്ത്രം മതി. ഋഗ്വേദത്തിലെ ആദ്യ മന്ത്രമാണിത്. ഇന്ത്യന്‍ ഭാഷകളിലെ എല്ലാ സ്വരാക്ഷരങ്ങളും കൃത്യമായി ഈ മന്ത്രത്തില്‍ അടുക്കിവെച്ചിരിക്കുന്നു. ഭാരതത്തിലെ എല്ലാ ഭാഷകളും ഉണ്ടായത് വേദത്തില്‍ നിന്നാണ്. 


ഹൈന്ദവ നവോത്ഥാനത്തിന് വേദങ്ങളെ എങ്ങനെ ഉപയോഗിക്കാം. വേദം പറയുന്നത് 'ആചാര ഹീനോ ന പുനന്തി വേദഃ'' എന്നാണ്. വേദം പഠിച്ചവന്‍ ആചരണം ചെയ്യുന്നില്ലെങ്കില്‍ അവന്‍ ഒന്നിനും കൊള്ളില്ല. ആചരണങ്ങള്‍ നിര്‍ബന്ധമായും ചെയ്യണം. എന്ത് ആചരണങ്ങള്‍ ആണ് നാം ചെയ്യേണ്ടത്? എവിടെ തുടങ്ങണം? പഞ്ച മഹായജ്ഞങ്ങള്‍ ചെയ്ത് പഠിക്കണം. എന്താണ് പഞ്ചമഹായജഞങ്ങള്‍. അഞ്ച് യജ്ഞങ്ങള്‍ ആണ് ഉള്ളത്. ആദ്യത്തേത് ബ്രഹ്മയജ്ഞം അഥവാ സന്ധ്യാവന്ദനം ആണ്. എല്ലാ ഹിന്ദുക്കളും ദിവസവും മുടങ്ങാതെ നിര്‍ബന്ധമായും ചെയ്യേണ്ടതാണിത്. ശ്രീകൃഷ്ണന്‍ പോലും ഇത് ആചരിച്ചിട്ടുണ്ട്. സന്ധ്യാവന്ദനവും അഗ്നിഹോത്രവും ചെയ്യാനായി രഥം നിര്‍ത്താന്‍ തന്റെ തേരാളിയോട് ഒരിക്കല്‍ പറഞ്ഞതായി മഹാഭാരതത്തില്‍ കാണാം. അത് പോലെ ശ്രീരാമന്‍ സന്ധ്യാവന്ദനവും കൌസല്യ അഗ്നിഹോത്രവും ചെയ്തതായി വാത്മീകി രാമായണത്തില്‍ പരാമര്‍ശമുണ്ട്. ഈ അവതാരങ്ങള്‍ എല്ലാം ദിവസവും രണ്ട് നേരവും സന്ധ്യാവന്ദനം ചെയ്തിരുന്നു. എന്താണ് ഇത് ചെയ്തത് കൊണ്ടുള്ള ഗുണം. ഈ മനുഷ്യരെല്ലാം മാനസിക അസ്വാസ്ഥ്യങ്ങള്‍ അനുഭവിച്ചിരുന്നവരോ ആത്മവിശ്വാസം ഇല്ലാത്തവരോ ആയിരുന്നോ? ആളുകള്‍ അവരുടെ ഹൃദയങ്ങള്‍ മറ്റുള്ളവരുടെ മുന്‍പില്‍ തുറക്കുന്നില്ല. എന്തിന് തങ്ങളുടെ മാതാപിതാക്കളോടും ജീവിത പങ്കാളിയോട് പോലും മാനസിക വിഷയങ്ങള്‍ പങ്ക് വെക്കുന്നില്ല. നമ്മുടെ ഹൃദയത്തില്‍ കുടികൊള്ളുന്ന ഈശ്വരനോട് സംവദിക്കാന്‍ പരിധികളോ അതിരുകളോ ഒന്നും തന്നെ ഇല്ല. എന്നാല്‍ ഇതിന്ന് സമയം കണ്ടെത്താന്‍ കഴിയണം.


ആത്മഹത്യകള്‍ കൂടുതല്‍ സംഭവിക്കുന്നത് കേരളത്തില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുഴുവന്‍ ജനങ്ങളും സാക്ഷരരായ കേരളത്തില്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ആളുകള്‍ കൂടുതല്‍ പണം വ്യയം ചെയ്ത് നിര്‍ധനരായി മാറി; തുടങ്ങിയ ഒരുപാട് കാരണങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ ആവശ്യത്തിന് ആത്മശക്തി ഇല്ലെന്നതാണ് ഇതിന്റെ യഥാര്‍ത്ഥ കാരണം. ആത്മശക്തി വീണ്ടെടുക്കുന്നതിന് ഒരൊറ്റ വഴിയേ ഉള്ളൂ ബുദ്ധിശക്തി ആര്‍ജ്ജിക്കുക. ബുദ്ധിശക്തിയില്ലാതെ ആര്‍ക്കും ജീവിതത്തില്‍ വിജയിക്കാനാവില്ല. വേദത്തില്‍ ഒരു മന്ത്രമുണ്ട്. ഭാരതത്തിലെ ജനങ്ങളെ വിശ്വാമിത്രന്‍ സംരക്ഷിക്കുന്നു എന്ന്. കാരണം അദ്ദേഹം ഗായത്രി മന്ത്രം ദര്‍ശിച്ച ആളാണ്. ഈ ഗായത്രി മന്ത്രമാകട്ടെ ആളുകള്‍ക്ക് ബുദ്ധി ശക്തി നല്‍കുന്നു. ആത്മശക്തി ആര്‍ജിക്കുന്നതിന് നാം സന്ധ്യാവന്ദനം ചെയ്യണം. അതിലൂടെ നമ്മുടെ മനസ്സിനെ നിയന്ത്രിക്കാന്‍ ആകും. ഇന്ന് ആളുകള്‍ ൃല ളൃലല ക്യാമ്പുകളില്‍ പോകുന്നു. എന്നാല്‍ അത് കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം ക്ളാസുകളില്‍ മുഴുകുന്നവര്‍ കൂടുതല്‍ മാനസിക വൈഷമ്യങ്ങളിലേക്ക് നീങ്ങുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മാനസിക പ്രശ്നങ്ങളും സമ്മര്‍ദ്ദങ്ങളും ഒഴിവാക്കുന്നതിന് ഭാരതത്തിലെ ഋഷിമാര്‍ക്ക് കൃത്യമായ പദ്ധതികള്‍ ഉണ്ടായിരുന്നു. അതാണ് സന്ധ്യാവന്ദനം. രാവിലെ സന്ധ്യ ചെയ്യുമ്പോള്‍ രാത്രിയിലെ സമ്മര്‍ദ്ദങ്ങള്‍ മുഴുവന്‍ അപ്രത്യക്ഷമാകും. അതുപോലെ പകല്‍ സമയത്തെ സമ്മര്‍ദ്ധങ്ങള്‍ വൈകുന്നേരം സന്ധ്യ ചെയ്യുമ്പോള്‍ മാറി കിട്ടുന്നു. ജീവാത്മാവും പരമാത്മാവും ഒരുമിച്ചു ചേരുക എന്നും സന്ധ്യയ്ക്ക് അര്‍ത്ഥമുണ്ട്. ഇത് നമ്മുടെ സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുകയും ആത്മശക്തി പ്രദാനം ചെയ്യുകയും ചെയ്യുന്നു. 15 മിനിറ്റ് സമയം മാത്രമാണ് ഇതിന്ന് ആവശ്യമുള്ളത്. 


രണ്ടാമത്തെ യജ്ഞം പിതൃയജ്ഞമാണ്. ഒരാളുടെ മാതാപിതാക്കളേയും ആചാര്യനേയും ശുശ്രൂഷിക്കുക എന്നതാണ് പിതൃയജ്ഞം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഞാന്‍ പല സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോള്‍ കണ്ടുമുട്ടുന്ന മാതാപിതാക്കള്‍ അവരുടെ മക്കള്‍ തങ്ങളെ ശ്രദ്ധിക്കുന്നേയില്ല എന്ന് പറഞ്ഞ് കരയുകയാണ്. മാതാപിതാക്കള്‍ അവരുടെ സന്താനങ്ങളുടെ മതിയായ ശുശ്രൂഷയും ശ്രദ്ധയും ഇല്ലാതെ എവിടെയോ കിടന്ന് മരണമടയുന്നു. ജീവിച്ചിരിക്കുമ്പോള്‍ ശ്രദ്ധയോടെ പരിപാലിക്കാതെ മരിച്ചു കഴിഞ്ഞ ശേഷം മാതാപിതാക്കള്‍ക്കു വേണ്ടി ശ്രാദ്ധം ചെയ്യുന്നതില്‍ വലിയ കാര്യമില്ല. നമ്മള്‍ മാതാപിതാക്കളെ വളരെ ശ്രദ്ധയോടെ പരിപാലിക്കണം. ഇതാണ് യഥാര്‍ത്ഥത്തില്‍ ശ്രാദ്ധം, നമ്മള്‍ നമ്മുടെ മാതാപിതാക്കളെ ദിവസവും ശുശ്രൂഷിക്കുകയും അവരുടെ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുകയും വേണം. വേദസംസ്ക്കാരത്തിലേക്ക് മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ കൊണ്ടുവരുമ്പോള്‍ മാത്രമാണ് ഈയൊരു സംസ്ക്കാരം ഉണ്ടാവുക. നമ്മുടെ കുട്ടികളെ എങ്ങനെ സ്നേഹിക്കണം എന്നും അവരില്‍ നിന്നും തിരിച്ച് സ്നേഹം എങ്ങനെയാണ് സ്വീകരിക്കേണ്ടത് എന്നും അറിയണം. ഐതരേയ ഉപനിഷത്ത് പ്രസ്താവിക്കുന്നു. 'ഞാന്‍ തന്നെയാണ് എന്റെ പിതാവ്'' എന്ന്. ആദ്ധ്യാത്മിക ക്ളാസുകള്‍ പ്രായമായവര്‍ക്ക് വേണ്ടിയാണ് എന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത്. നാം നമ്മുടെ കുട്ടികളെ ആദ്ധ്യാത്മികത പഠിപ്പിക്കാന്‍ തയ്യാറാകണം. വേദസംസ്ക്കാരത്തിലേക്ക് കടന്നുവരാന്‍ കുട്ടികള്‍ക്ക് അവസരം കൊടുക്കുകയാണ് ചെയ്യേണ്ടത്. രാമായണത്തില്‍ രാമനോട് നാളെ അദ്ദേഹത്തെ യുവരാജാവായി വാഴിക്കാന്‍ പോവുകയാണെന്ന് പറയുന്നു. എന്നാല്‍ അന്ന് വൈകുന്നരം തന്നെ അദ്ദേഹത്തോട് വനവാസത്തിന് പോകാന്‍ ആവശ്യപ്പെടുന്നു. തിരിച്ച് ഒരു ചോദ്യവും ഉന്നയിക്കാതെ രാമന്‍ ഈ നിര്‍ദ്ദേശം സ്വീകരിക്കുന്നു. പ്രസ്തുത നിര്‍ദ്ദേശം സ്വന്തം പിതാവിന്റേതായിരുന്നു എന്നതുകൊണ്ട് മാത്രമാണ് രാമന്‍ ആ ആജ്ഞ ശിരസാവഹിച്ചത്. രാമന്‍ ഒരു വാദപ്രതിവാദവും നടത്തിയില്ല. പണ്ടു കാലങ്ങളില്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ ജീവന്‍ പോലും കൊടുക്കാന്‍ തയ്യാറായിരുന്ന മഹത്തുക്കള്‍ ഉണ്ടായിരുന്നു. മുത്തശ്ശന്‍മാരും മുത്തശ്ശിമാരും ഇത്തരം കഥകള്‍ തങ്ങളുടെ പേരക്കുട്ടികളെ പഠിപ്പിക്കുകയും രാമനെപ്പോലെ ആകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 


മൂന്നാമത്തെ യജ്ഞം അഗ്നിഹോത്രം അഥവാ ദേവയജ്ഞം ആണ്. ഇത് ദിവസവും രണ്ട് പ്രാവശ്യം നിര്‍ബന്ധമായും ചെയ്യേണ്ടതാണ്. 15 മിനുട്ട് സമയമെ ആവശ്യമുള്ളൂ. എന്തിനാണ് നാം അഗ്നിഹോത്രം ചെയ്യുന്നത്. അഗ്നി ഏറ്റവും ശക്തിയുള്ളത് ആണ്. അഗ്നി അറിവാണ്, വേദമാണ്, ഈശ്വരനാണ്. ഒളിമ്പിക്സ് ആരംഭിക്കുന്നത് ദീപശിഖാ പ്രയാണത്തോടെയാണ്. കല്ല്യാണം അഗ്നിസാക്ഷിയായി ചെയ്യുന്ന ചടങ്ങാണ്. പണ്ടൊക്കെ പിറന്നാളിന് വിളക്ക് കത്തിച്ച് വെച്ച് നാക്കിലയില്‍ ഭക്ഷണം വിളമ്പി ആചരിച്ചിരുന്നു. ഇത് സമ്പത്തിനും സമൃദ്ധിക്കും വേണ്ടിയായിരുന്നു. ഇരുട്ടില്‍ നിന്നും ജ്യോതിസ്സിലേക്ക് നയിക്കാനായിരുന്നു പ്രാര്‍ത്ഥന. എന്നാല്‍ ഇന്ന് പിറന്നാളിന് മെഴുകുതിരികള്‍ ഊതിക്കെടുത്തുകയാണ് ചെയ്യുന്നത്. അഗ്നിയെ നമ്മുടെ മനസ്സില്‍ നിന്നും ഇല്ലാതാക്കുന്നു.


ഭഗവാന്‍ അര്‍ത്ഥമാക്കുന്നത് ഭഗധനനാം, ധനത്തെ നല്‍കുന്നയാള്‍ എന്നാണ്. എന്താണ് ധനം? വിദ്യ, ആരോഗ്യം, സമ്പത്ത് എന്നിങ്ങനെ എല്ലാ ഐശ്വര്യവും തരുന്നത് ഈശ്വരന്‍ ആണ്. ദരിദ്ര നാരായണന്‍ ഈശ്വരന്‍ അല്ല. ഐശ്വര്യത്തിന്റെ ചിഹ്നമായ അഗ്നിയെ ദേവയജ്ഞം ചെയ്ത് നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നു. പണ്ട് രാവിലെ ആദ്യമുണ്ടാക്കുന്ന ഭക്ഷണം അഗ്നിക്ക് കൊടുക്കുമായിരുന്നു. ഇത് ചെറിയ തോതിലുള്ള അഗ്നിഹോത്രമായിരുന്നു. വേദത്തില്‍ പറയുന്നു നമ്മുടെ വീട്ടില്‍ ആദ്യമായി വരുന്ന അതിഥി അഗ്നിയാണ്. അഗ്നിക്ക് കൊടുക്കണം. ഇത് നമ്മുടെ ആയുസ്സും വര്‍ദ്ധിപ്പിക്കുന്നു. 


അടുത്തത് അതിഥി യജ്ഞമാണ്. തിഥി നോക്കാതെ നമ്മുടെ വീട്ടിലേക്ക് വേദജ്ഞരായ ആളുകള്‍ വരും. വേദത്തിന്റെ സന്ദേശവുമായാണ് ഈ അതിഥികള്‍ വന്നെത്തുന്നത്. അവരെ നമ്മള്‍ വേണ്ടുന്ന രീതിയില്‍ പരിചരിക്കണം. ഭാഗ്യസൂക്തത്തില്‍ 'പ്രാതര്‍ മിത്രാ.......' എന്നൊരു മന്ത്രമുണ്ട്. ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് നല്ല സൌഹൃദങ്ങള്‍ നമുക്ക് ഉണ്ടാവണം എന്നതാണ്. നല്ല സുഹൃത്തുക്കള്‍ ഉണ്ടാവുന്നതിന്നു പുറമേ നമ്മെ പോഷിപ്പിക്കുന്ന ശക്തിയാണ് അഗ്നി. ഇത് ഉള്ളില്‍ വന്നിറങ്ങുമ്പോള്‍ ശക്തി വര്‍ദ്ധിക്കുന്നു. അങ്ങനെ ഭാഗ്യം വര്‍ദ്ധിക്കുന്നു. 


ബലിവൈശ്വദേവമാണ് അടുത്ത യജ്ഞം. ദിവസവും പക്ഷിമൃഗാദികള്‍ക്ക്, പാവപ്പെട്ടവര്‍ക്ക്, കുഷ്ടരോഗികള്‍ക്ക്, പതിതര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ഒരു ഗൃഹസ്ഥന്‍ തയ്യാറാകണം. 


എവിടെയാണ് ഈശ്വരന്‍? ബ്രഹ്മയജ്ഞം ചെയ്യുമ്പോള്‍ നമ്മുടെ ഉള്ളിലുള്ള ഈശ്വരനെയാണ് കണ്ടെത്തുന്നത്. അഗ്നിഹോത്രം ചെയ്യുമ്പോള്‍ തീയിലും സമിധയിലും ഈശ്വരനെ ദര്‍ശിക്കുന്നു. പിതൃയജ്ഞം ചെയ്യുമ്പോള്‍ നമ്മുടെ മൂത്തവരിലും ആചാര്യനിലും ഈശ്വരനെ ദര്‍ശിക്കുന്നു. ബലിവൈശ്വദേവയജ്ഞം ചെയ്യുമ്പോള്‍ സര്‍വ്വ ചരാചരങ്ങളിലും ഈശ്വരനെ കാണാന്‍ കഴിയുന്നു. 


എന്താണ് യജ്ഞങ്ങള്‍ ചെയ്യുന്നതുകൊണ്ടുള്ള ഫലം. വേദം നമ്മോട് 'ചരൈവേതി' .....എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു എന്തെന്നാല്‍ നന്നായി പ്രവര്‍ത്തിക്കാന്‍, പണിയെടുക്കാന്‍ പറയുന്നു. കഠിനമായി പരിശ്രമിച്ചുകൊണ്ട് നിരന്തരമായി പരിശ്രമിച്ചുകൊണ്ട് എല്ലാ വിജയങ്ങളും നേടിക്കൊണ്ട്, 100 വര്‍ഷം കണ്ടുകൊണ്ട് കേട്ടുകൊണ്ട് ജീവിക്കാന്‍ വേദം പറയുന്നു. മനുസ്മൃതി പറയുന്നു ജീവിക്കുകയാണെങ്കില്‍ 100 വര്‍ഷം ജീവിക്കണം. വിശ്രമമില്ലാതെ കഠിനമായി പരിശ്രമം ചെയ്യുന്നവര്‍ക്കേ ഐശ്വര്യവും ഭാഗ്യവും ഉണ്ടാകൂ. നമ്മുടെ മുന്‍ഗാമികള്‍ അഗ്നിക്കും അയല്‍ക്കാരനും അന്നം കൊടുത്തിരുന്നു. അവര്‍ക്ക് ശക്തി പകരുന്നതിന്റെ രഹസ്യം ഇതായിരുന്നു. കൊടുക്കാന്‍ കഴിയുന്നവന്റെ മാനസികബലം വര്‍ദ്ധിക്കുന്നു. അവര്‍ സുഗമമായി 100 വര്‍ഷം ജീവിച്ചിരുന്നു. ഇപ്പോള്‍ 40 വയസ്സില്‍ സ്വന്തം ഹൃദയം നമ്മെ തന്നെ ആക്രമിക്കുന്നു. മന്ത്രം ഇങ്ങനെയാണ് 'ഹൃദ് പ്രതിഷ്ഠം, യദജിരം ജവിഷ്ഠം ത• മനഃ ശിവസങ്കല്‍പമസ്തു'' ഹൃദയ ദേശത്ത് നമ്മള്‍ ശിവനെയാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. ശിവന്‍ നമുക്ക് സന്തോഷവും സമാധാനവും തരാന്‍ ഹൃദയത്തില്‍ പ്രതിഷ്ഠിതമായിരിക്കുന്നു. ആ ശിവന് സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ് പ്രാണന്‍ പോകുന്നത്. 


ഹിന്ദുധര്‍മ്മത്തിന്റെ നവോത്ഥാനത്തിന് ജാതിയോ ലിംഗമോ വ്യത്യാസം കൂടാതെ എല്ലാവരും പഞ്ചമഹായജ്ഞങ്ങള്‍ പഠിക്കുകയും ആചരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണം. ഇത് ലളിതമായി ചെയ്യാന്‍ കഴിയുന്ന കാര്യമാണ്. ഏഴ് വയസ്സു മുതല്‍ 86 വയസ്സു വരെയുള്ള ശിഷ്യന്‍മാര്‍ എനിക്കുണ്ട്. എല്ലാവരും ഇത് പഠിക്കുകയും ആചരിക്കുകയും ചെയ്യുന്നു. അത് അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നുമുണ്ട്. ധര്‍മ്മത്തില്‍ ഊന്നി നിന്നുകൊണ്ട് അര്‍ത്ഥകാമ മോക്ഷങ്ങള്‍ വേണം. നമ്മുടെ ദേവതകള്‍ സര്‍വ്വാഭരണ വിഭൂഷിതരാണ് നമുക്കും ഈ ഐശ്വര്യം വേണം. അതുകൊണ്ടാണ് ആയുര്‍വേദവും ജ്യോതിശാസ്ത്രവും അതുപോലുള്ള ശാസ്ത്രങ്ങളും നമ്മള്‍ വികസിപ്പിച്ചെടുത്തത്. സമൃദ്ധിയോടെ നമുക്ക് ജീവിക്കാന്‍ വേണ്ടിയാണ്. നമ്മുടെ ബുദ്ധിയാണ്, മനസ്സാണ് ഈ നേട്ടങ്ങള്‍ ഉണ്ടാക്കിയത്. ഈ സമൃദ്ധിയൊക്കെ പഞ്ചമഹായജ്ഞങ്ങള്‍ ചെയ്യുന്നത് നിര്‍ത്തിയോടെ അസ്തമിക്കുകയും ചെയ്തു. പഞ്ചമഹായജ്ഞങ്ങള്‍ ചെയ്യണമെന്ന് വേദവും, മനുസ്മൃതിയും ശ്രീ ശങ്കരാചാര്യരും പറയുന്നു. ബ്രഹ്മസൂത്രത്തിന് ശങ്കരഭാഷ്യം എഴുതുന്ന അവസരത്തില്‍ അഗ്നിഹോത്രം ചെയ്യേണ്ടത് അല്ലേ എന്ന ചോദ്യത്തിന് ശങ്കരാചാര്യര്‍ നല്‍കിയ മറുപടി, അഗ്നിഹോത്രം ചെയ്യണം ഈശ്വരീയ ബുദ്ധിയും മോക്ഷവും കൈവരാന്‍ നിര്‍ബന്ധമായും ചെയ്യണം എന്നതായിരുന്നു. അതുകൊണ്ട് പഞ്ചമഹായജ്ഞങ്ങള്‍ നമുക്ക് സ്വീകരിക്കാവുന്നതാണ്. ഇത് നിത്യകര്‍മ്മങ്ങള്‍ ആണ്. 


അടുത്തതായി നൈമിത്തിക കര്‍മ്മങ്ങള്‍ ആണ് ഇവ 16 എണ്ണം, ഷോഡശക്രിയ എന്ന പേരില്‍ അറിയപ്പെടുന്നു. ഇവ പ്രത്യേക അവസരങ്ങളില്‍ ചെയ്യേണ്ടതാണ്. ഒന്നാമതായി ഗര്‍ഭാധാനം. ബുദ്ധിമാന്‍മാരെ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. കാക്കശ്ശേരി ഭട്ടതിരിയെ ഇങ്ങനെ ഉണ്ടാക്കുകയാണ് ചെയ്തത്. അസാധാരണ പ്രതിഭകളായ ആര്യഭട്ടന്‍, രാമാനുജം, പരമേശ്വരന്‍ എന്നിവരെ ഭാരതം ജ•ം നല്‍കിയതാണ്. ഷോപ്പിങ്ങിന് പോയാല്‍ നൂറുകണക്കിന് വസ്ത്രങ്ങളില്‍ നിന്നും നമുക്ക് വേണ്ട നല്ല വസ്ത്രം നമ്മള്‍ തെരഞ്ഞെടുക്കുന്നു. എന്നാല്‍ ഒരു കുട്ടി ജനിക്കുന്നത് വേണ്ടത്ര പ്ളാനിംഗ് ഒന്നുമില്ലാതെ, വളരെ ആകസ്മികമായിട്ടാണ്. എപ്പോഴാണ് സംഭവിച്ചതെന്ന് നമ്മള്‍ അറിയുന്നില്ല. എന്നാല്‍ പണ്ട് കാലത്ത് ഗര്‍ഭാധാന ക്രിയ നടത്തി കുട്ടിയെ സൃഷ്ടിക്കുകയായിരുന്നു ചെയ്തത്. 


രണ്ടാമതായി 100 വര്‍ഷം ആയുസ്സ് കുട്ടിക്ക് ലഭിക്കാന്‍ പുംസവനം ചെയ്യണം. ആയുര്‍വ്വേദ ആചാര്യ•ാരായ ചരകനും ശുശ്രുതനും ഇത് ശരിവെച്ചിട്ടുണ്ട്. 


അടുത്തത് സീമന്തോന്നയനം. കുട്ടിക്ക് ഇതിലൂടെ ഈശ്വരീയ ബുദ്ധിയുണ്ടാകുന്നു. ഇങ്ങനെ ഉപനയനം അടക്കം 16 ക്രിയകള്‍ ഉണ്ട്. ഇതൊക്കെ ചെയ്യാന്‍ കഴിയുന്നതാണോ? അതെ- എന്റെ ശിഷ്യന്‍മാരുടെ ചില കുട്ടികള്‍ ഇങ്ങനെ ജനിച്ചവര്‍ ആണ്. ഇങ്ങനെ ജനിച്ച മൂത്ത കുട്ടിക്ക് 5 വയസ്സായി. രണ്ടാമത്തേതിന് 4 വയസ്സ്. മറ്റൊന്നിന് ഒരു വയസ്സ് ആകുന്നതേ ഉള്ളൂ. ഒരു കുട്ടിയുടെ അമ്മ പറഞ്ഞു. അവള്‍ക്ക് ഗര്‍ഭാധാരണ സമയത്ത് പാട്ട് കേള്‍ക്കാന്‍ വളരെ താല്പര്യമായിരുന്നുവത്രേ. ആ കുട്ടി യാദൃച്ഛികമായി ആ പാട്ട് കേള്‍ക്കുമ്പോള്‍ കരച്ചില്‍ നിര്‍ത്തുകയും ശ്രദ്ധിക്കുകയും ചെയ്യുന്നത് ഒരു പ്രത്യേകതയാണ്. കാക്കശ്ശേരി ഭട്ടതിരി ഗര്‍ഭാധാന ക്രിയയിലൂടെ ജനിച്ച ബുദ്ധിമാനാണ്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ഇന്നലെ വന്ന കാക്കയല്ല ഈ കാക്ക എന്ന് കാക്കകളെപ്പോലും തിരിച്ചറിയാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അതുകൊണ്ട് ആ പേര് അദ്ദേഹത്തിന്ന് വന്നത്. നല്ല ബുദ്ധിശക്തിയും, അനിതര സാധാരണമായ വ്യക്തിത്വവുമുള്ള, ചരിത്രം സൃഷ്ടിക്കുന്ന കുട്ടികളെയാണ് നമുക്ക് വേണ്ടത്, വെറും ക്ളര്‍ക്ക്മാരെയല്ല. അവരെ ഏതുകാലത്തും ഓര്‍മ്മിക്കപ്പെടണം. സാധാരണക്കാരനായി ജനിച്ച് കാട്ടാളന്റെ ജീവിതം നയിച്ച് ഒടുവില്‍ വേദത്തിന്റെ പരിശുദ്ധ അറിവ് ലഭിച്ച് മരിക്കുമ്പോള്‍ ഋഷിയാകുന്ന, വാത്മീകിയാകുന്നതാണ് ഭാരതത്തിന്റെ ചരിത്രം. ഇത് തിരിച്ചുകൊണ്ടുവരണം. ഷോഡശക്രിയകളിലൂടെ മഹാ•ാരെ നമുക്ക് സൃഷ്ടിച്ചെടുക്കാം. ഏറ്റവും ഒടുവിലായി അന്ത്യേഷ്ടിയാണ്. ഇതിനെ നരമേധയജ്ഞം എന്നു പറയും. ഇത് അശ്വമേധയജ്ഞത്തേക്കാള്‍ പ്രാധാന്യം ഉള്ളതാണ്. ഇപ്പോള്‍ മരിച്ചു കഴിഞ്ഞാല്‍ 6 കുപ്പി മദ്യം അകത്താക്കി വന്നിട്ട് ദഹിപ്പിക്കുന്നത് കാണാം. 


എല്ലാ ഹിന്ദുക്കളും ഷോഡശക്രിയകളും പഞ്ചമഹായജ്ഞങ്ങളും ചെയ്യണം. ഹിന്ദുധര്‍മ്മത്തെ നവീകരിക്കാന്‍ ഇതു മാത്രമേ വഴിയുള്ളൂ. ആഗോളതാപനം പോലും ധര്‍മ്മം പരാജയപ്പെട്ടതുകൊണ്ട് സംഭവിക്കുന്ന കാര്യമാണ്. ബലിവൈശ്വദേവയജ്ഞം ചെയ്യൂ ഒരിക്കലും ഈ അവസ്ഥ ഉണ്ടാവുകയില്ല. ധര്‍മ്മാനുസാരിയായി ജീവിക്കുമ്പോള്‍ നമ്മള്‍ മരങ്ങള്‍ മുറിക്കില്ല, പകരം - മരം വെച്ച് പിടിപ്പിക്കും. അന്തരീക്ഷ മലിനീകരണം നടത്തില്ല പകരം പ്രകൃതി മാതാവിനെ സംരക്ഷിക്കും. നമ്മുടെ ഋഷിമാര്‍ പറയുന്നു. 'ആചാരോ പരമോ ധര്‍മ്മാഃ'' ആചാരമാണ് ഏറ്റവും വലിയ ധര്‍മ്മം. നിര്‍ബന്ധമായും ചെയ്യണം. എന്താണ് ധര്‍മ്മത്തിന്റെ മൂലം? 'വേദോഖിലോ ധര്‍മ്മ മൂലം'' ധര്‍മ്മത്തിന്റെ അടിവേര് വേദങ്ങളിലാണ്. ഭഗവദ് ഗീതയില്‍ ശ്രീകൃഷ്ണന്‍ പറയുന്നു. 'യജ്ഞത്തിനെ കൊണ്ടാണ് അന്നമുണ്ടാകുന്നത്' എന്ന്. നമ്മള്‍ ഇപ്പോള്‍ യജ്ഞം ഉപേക്ഷിച്ചിരിക്കുകയാണ്. നമുക്കിപ്പോള്‍ സൈക്കിള്‍ യജ്ഞവും സര്‍്പ്പയജ്ഞവും മാത്രമേ ഉള്ളൂ. യജ്ഞം എന്നതിന്റെ അര്‍ത്ഥം ദേവപൂജ, സംഗതീകരണം, ദാനം എന്നാണ്. ദേവപൂജ, അഗ്നിഹോത്രവും മറ്റ് യജ്ഞങ്ങളും ചെയ്ത് ഈശ്വരപ്രീതി ഉണ്ടാക്കുന്നത്. ഇങ്ങനെ ചെയ്താല്‍ സമയത്തിന് മഴ വരും, കാര്‍ഷിക മേഖല ഉണര്‍വ്വുള്ളതാകും. പശുക്കളെ സംരക്ഷിക്കേണ്ടതുണ്ട്. ഇന്ന് പശുവില്ല. പശു പോലത്തെ വസ്തുവാണ് ഉള്ളത്. പ്രമേഹത്തിന് കാരണമാകുന്ന പാലാണ് ഈ പശുക്കള്‍ തരുന്നത്. യഥാര്‍ത്ഥ ഇനം പശുക്കളെ വളര്‍ത്തണം. നമ്മുടെ കാര്‍ഷികരംഗം നശിച്ചുപോയി. ആചാരങ്ങള്‍ നശിച്ചുപോയി. 


പഴയ കാലത്ത് വീടിനോട് ചേര്‍ന്ന് വനം അല്ലെങ്കില്‍ സര്‍പ്പക്കാവ് ഉണ്ടാകുമായിരുന്നു. ഇന്ന് ജനങ്ങള്‍ പറയുന്നു. അവര്‍ക്ക് സര്‍പ്പശാപം ഉണ്ടെന്ന്. ഇത് പാമ്പുകളുമായി ബന്ധപ്പെട്ടതാണോ? പണ്ട് വാനപ്രസ്ഥ ആശ്രമം ആകുമ്പോള്‍ ആളുകള്‍ വനത്തില്‍ പോകുമായിരുന്നു. വാനം എന്നാല്‍ ആകാശം ആണ്. വാനപ്രസ്ഥാശ്രമത്തില്‍ ആകാശത്ത് നിന്ന് സൂര്യപ്രകാശം ഈശ്വരീയമായ അറിവായി നമ്മളില്‍ വരുന്നു. കാട് ആവാസ വ്യവസ്ഥയുടെ കേന്ദ്രമാണ്. ആളുകള്‍ വനത്തില്‍ പോയി സന്ധ്യാവന്ദനം ചെയ്യുന്നു, ധ്യാനം ചെയ്യുമ്പോള്‍ മൂലാധാരത്തില്‍ ഉറങ്ങിക്കിടക്കുന്ന പാമ്പ് (സ്പൈനല്‍ കോഡിന്റെ രണ്ട് വശത്തുമുള്ള ഇഡ പിംഗള നാഡികള്‍) ഉണരുന്നു. ഡോക്ടര്‍മാരുടെ ചിഹ്നമായി സ്വീകരിച്ചിരിക്കുന്നത് ഇതാണ്. ഒരു ദണ്ഡും രണ്ട് പാമ്പുകള്‍ രണ്ട് വശത്തും. മൂലാധാരത്തിലുള്ള സര്‍വ്വ ചൈതന്യത്തെ ഉണര്‍ത്തുവാനായിട്ടാണ് സര്‍പ്പക്കാവുകള്‍ നിലനിന്നിരുന്നത്. ഭവനങ്ങളേയും പ്രകൃതിയേയും ഒരുപോലെ സംരക്ഷിക്കുന്ന പ്രകൃതി വ്യവസ്ഥയാണിത്. ഇന്ന് സര്‍പ്പക്കാവുകള്‍ സംരക്ഷിക്കപ്പെടുന്നില്ല. അത് ഇടിച്ച് നിരത്തി അവിടെ നമ്മള്‍ വീടുകള്‍ പണിയുന്നു. പണ്ട് പറയും 'കാവ് തീണ്ടിയാല്‍ കുളം വറ്റും'' ഇത് അന്ധവിശ്വാസമാണെന്ന് കരുതരുത്. ഇന്ന് നഗരങ്ങളിലെ കാവുകള്‍ എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. അതിന്റെ ഫലമായി നഗരത്തിലെ കുളങ്ങളും വറ്റിവരണ്ടു. ഇതാണ് പണ്ടു പറഞ്ഞതിന്റെ അര്‍ത്ഥം. ഇത് തിരിച്ച് കൊണ്ടുവരണം, എല്ലാവരും പഞ്ചമഹായജ്ഞങ്ങളും ഷോഡശക്രിയകളും അനുവര്‍ത്തിക്കണം. ആചരണങ്ങളുടെ പിന്നില്‍ ഉള്ള ശക്തി, ശ്രദ്ധ, ഭക്തി ഇവ തിരിച്ചറിയണം. നമ്മുടെ ഋഷിമാര്‍ പറയുന്നതുപോലെ ശ്രദ്ധയാകുന്ന അഗ്നിയില്‍ സത്യത്തിന്റെ ആഹൂതി ചെയ്യുന്നതാണ് യജ്ഞം. അതുകൊണ്ട് എപ്പോഴും ശ്രദ്ധ ഉണ്ടാകണം. ശ്രദ്ധ കൊണ്ടേ ഹിന്ദുധര്‍മ്മത്തെ സമുദ്ധരിക്കാന്‍ ഖഴിയൂ. ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കണം. എനിക്ക് അതിന് സാധിച്ചിട്ടുണ്ട്. ഞാന്‍ വേദം പഠിപ്പിക്കാന്‍ ആരംഭിച്ചപ്പോള്‍ എന്നെ സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. എന്റെ നിഴല്‍ പോലും ഉണ്ടായിരുന്നില്ല. ഇന്നെനിക്ക് എട്ട് വര്‍ഷത്തിനുശേഷം ദിവസവും ആചരണം ചെയ്യുന്ന നിരവധി ശിഷ്യന്‍മാര്‍ ഉണ്ട്. പഞ്ചമഹായജ്ഞവും ഷോഡശക്രിയകളും ആചരിച്ചുകൊണ്ടാണ് അവര്‍ സാധകരാകുന്നത്. സന്തോഷകരമായ കുടുംബജീവിതം നയിച്ചുകൊണ്ട് വിജയത്തിലേക്ക് നമുക്ക് ഉയരാം എന്ന കാര്യത്തില്‍ സംശയമില്ല. അതാണ് ഹിന്ദുനവോത്ഥാനത്തിനായി നമുക്ക് ചെയ്യാനുള്ളത്. 


ഹിന്ദു നവോത്ഥാനത്തിന് താഴെ പറയുന്ന മൂന്ന് കാര്യങ്ങള്‍ നമ്മള്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്. 1. നിത്യ ജീവിതത്തില്‍ പഞ്ചമഹായജ്ഞങ്ങളും ഷോഡശക്രിയകളും ആചരിക്കണം.2. നമ്മുടെ അടിസ്ഥാനഗ്രന്ഥമായ വേദത്തെ ഒരിക്കലും ഉപേക്ഷിക്കരുത്. 3. ആദ്യം പറഞ്ഞ രണ്ട് തത്ത്വങ്ങളും ഒരിക്കലും മറക്കരുത്. ഇത് നമ്മുടെ ജീവിതം വിജയകരമാക്കുകയും ഹിന്ദു നവോത്ഥാനം ഉണ്ടാക്കുകയും ചെയ്യും. നമുക്കോരോരുത്തര്‍ക്കും പഞ്ചമഹായജ്ഞങ്ങളും ഷോഡശക്രിയകളും ആചരിക്കുവാന്‍ കഴിയട്ടെ. പ്രചരിപ്പിക്കുവാന്‍ കഴിയട്ടെ, (source. FB)

No comments:

Post a Comment