Monday, April 10, 2017

ജീവിതം ഒരു സ്വപ്നം തന്നെ..(ബ്രഹ്മസത്യം ജഗത് മിഥ്യ !)

ജീവിതം ഒരു സ്വപ്നം തന്നെ
പണ്ട് ഒരു ഗ്രാമത്തില്‍ ഒരു ജ്ഞാനിയായ കൃഷിക്കാരനുണ്ടായിരുന്നു ..വീട്ടില്‍നിന്നു അല്‍പ്പം അകലെയുള്ള വയലില്‍ കൃഷി ചെയ്ത് അയാള്‍ ജീവിതവൃത്തി കഴിച്ചു...വിവാഹം കഴിഞ്ഞ് കുറേക്കാലം കഴിഞ്ഞാണ് അയാള്‍ക്ക് ഒരു കുട്ടിയുണ്ടായത്...കര്‍ഷകനും ഭാര്യയും ആ കുട്ടിയെ വളരെ സ്നേഹത്തോടുകൂടി ലാളിച്ചുവളര്‍ത്തി...കുട്ടിയെ ഓമനയായി അവര്‍ ഹാരുവെന്നാണ് വിളിച്ചിരുന്നത്...കര്‍ഷകന്‍ ജ്ഞാനിയായിരുന്നുവെങ്കിലും സ്വകര്ത്തവ്യനിര്‍വഹണത്തില്‍ ഒരു ഉപേക്ഷയും കാണിച്ചിരുന്നില്ല...ഗ്രാമീണര്‍
ക്കെല്ലാം അദ്ദേഹത്തെ വളരെ സ്നേഹവും ബഹുമാനവും ആയിരുന്നു..ഈ ലോകത്തിന്റെ നിസ്സാരതയേയും അനീതിയേയും കുറിച്ച് അദ്ദേഹം എപ്പോഴും ചിന്തിക്കുകയും പറയുകയും ചെയ്തിരുന്നു..എങ്കിലും ഹാരു അയാളുടെ സ്നേഹപാത്രമായിരുന്നു..
ഒരു ദിവസം അയാള്‍ വയലില്‍ ജോലിയെടുക്കുവാന്‍ പോയി...നേരം മധ്യഹ്നമായി അപ്പോള്‍ ഒരു അയല്‍ക്കാരന്‍ ഓടി വന്ന് ഹാരുവിന് കോളറ ബാധിച്ചിരിക്കുന്നുവെന്നും അവന്‍ അവശനിലയില്‍ കിടപ്പാണെന്നുമുള്ള വിവരം അറിയിച്ചു...കൃഷിക്കാരന്‍ ഉടനെ മടങ്ങിവന്ന് ചികിത്സക്കുവേണ്ടിയുള്ള ഏര്‍പ്പാടുകള്‍ ചെയ്തു...പക്ഷെ എല്ലാം നിഷ്ഫലമായി...ഹാരു മരിച്ചു...വീട്ടിലുള്ളവരെല്ലാം വലിയ ദുഖത്തിലാണ്ടു...ഹാരുവിന്റെ അമ്മ കരയാന്‍ തുടങ്ങി...കര്‍ഷകന്‍ മാത്രം ഒന്നും സംഭവിചിട്ടില്ലന്ന മട്ടില്‍ ശാന്തനായിരുന്നു..അയാള്‍ ഭാര്യയേയും മറ്റുള്ളവരെയും സമാധാനിപ്പിക്കാന്‍ തുടങ്ങി...
ഭാര്യ പറഞ്ഞു : നിങ്ങള്‍ എന്തൊരു ക്രൂരഹൃദയനാണ് ? ..നിങ്ങളുടെ ഹൃദയം പാറയാണോ ?..നമ്മുടെ ഓമനമകന്‍ മരിച്ചിട്ട് ഒരുതുള്ളി കണ്ണീരുപോലും വീഴുത്തുന്നില്ലല്ലോ ?..നമ്മുക്ക് ദുഃഖം വരുമ്പോള്‍ അനുശോചിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ദുഖത്തിന് ശമനമുണ്ടാകുക സ്വാഭാവികമാണല്ലോ...എന്നാല്‍ അനുശോചിക്കുന്നതിനു പകരം ജ്ഞാനിയായ കര്‍ഷകന്‍ പറഞ്ഞു..."പ്രിയേ ,ഇപ്പോള്‍ എനിക്ക് ഒരു സംശയം !..ഇതുകേട്ട് ഭാര്യ പൊട്ടിത്തെറിച്ചു...'ഇപ്പോഴാണോ നിങ്ങളുടെ സംശയം ..നമ്മുടെ ഓമന മകന്റെ മൃതദേഹം നിങ്ങള്‍ കാണുന്നില്ലേ ?..എന്താണ് നിങ്ങള്‍ക്ക് ഒരു ദുഖവും ഇല്ലാത്തത് ?
കൃഷിക്കാരന്‍ വിവരിച്ചു..: 'ഞാന്‍ ഇന്നലെ രാത്രി കിടന്നുറങ്ങുമ്പോള്‍ ഒരു സ്വപ്നം കണ്ടു ..ആ സ്വപ്നത്തില്‍ ഞാന്‍ രാജാവായിരുന്നു..എനിക്ക് ഒരു രാജ്ഞിയും ആറു കുമാരന്മാരും ഉണ്ടായിരുന്നു...ആ രാജകുമാരന്മാരെല്ലാം നല്ല മിടുക്കന്മാരും ബുദ്ധിമാന്മാരുമായിരുന്നു ...അങ്ങനെ കൊട്ടാരത്തില്‍ സുഖമായി താമസിച്ചുകൊണ്ടിരിക്കുംബോഴാണ് ഞാന്‍ പെട്ടന്ന് ഉണര്‍ന്നത്..പിന്നീട് രാജകുമാരന്മാരുമില്ല രാജ്ഞിയുമില്ല കൊട്ടാരവുമില്ല..ഇപ്പോള്‍ എന്റെ സംശയം ഇന്നലെ രാത്രി മരിച്ചുപോയ ആറുകുട്ടികള്‍ക്കുവേണ്ടി കരയണമോ ,ഇപ്പോള്‍ മരിച്ച ഹാരുവിനുവേണ്ടി കരയണമോ എന്നാണു '...ഇത് കേട്ട് എല്ലാവരും അതിശയിച്ചു...
കൃഷിക്കാരന്‍ ഒരു ജ്ഞാനിയായിരുന്നതുകൊണ്ട് ഈ ജാഗ്രദവസ്ഥയും സ്വപ്നാവസ്ഥപോലെ അയഥാര്‍ത്ഥമാണെന്നു മനസ്സിലാക്കിയിരുന്നു..രണ്ടും മനസ്സിന്റെ സൃഷ്ടിയാണ്..ജാഗ്രദവസ്ഥയില്‍ ഈ സ്ഥൂലപ്രപഞ്ചം സൃഷ്ടിക്കുവാന്‍ മനസ്സ് ഇന്ദ്രിയങ്ങളുടെ സഹായം കൂടി സ്വീകരിക്കുന്നു...സ്വപ്നാവസ്ഥയില്‍ അനുഭവപ്പെടുന്ന സൂക്ഷ്മപ്രപഞ്ചത്തെ മനസ്സ് അന്യസഹായം കൂടാതെ സൃഷ്ടിക്കുന്നുവെന്നേയുള്ളൂ...നിദ്രയില്‍ സ്വപ്നപ്രപഞ്ചത്തെ കാണുന്നതുപോലെ അജ്ഞാനനിദ്രയില്‍ സ്ഥൂലപ്രപഞ്ചത്തെയും കാണുന്നു...അജ്ഞാനനിദ്രയില്‍ ഉണര്‍ന്നു ജ്ഞാനപ്രകാശത്തിലെത്തുമ്പോള്‍ രണ്ടും മനസ്സിന്റെ സൃഷ്ടിയാകയാല്‍ അയഥാര്‍ത്ഥമാണെന്നു ബോധ്യപ്പെടുന്നു.. ഇതാണ് വേദാന്തസിദ്ധാന്തം 'ബ്രഹ്മസത്യം ജഗത് മിഥ്യ !

No comments:

Post a Comment