Wednesday, April 19, 2017

ആത്മാവിന്റെ സാന്നിദ്ധ്യം ആവശ്യമാണ്

ദ്രഷ്ടാ ദൃശിമാത്രഃ ശുദ്ധോളപി പേത്യയാനുപശ്യ.(പാ.യോ.സൂ. 2:20)
പുരുഷന്‍ ജ്ഞാന സ്വരൂപനും ശുദ്ധനും പരിണാമ ശൂന്യനും ആകുന്നു. എന്നാലും ബുദ്ധിയുടെ വൃത്തിക്കനുസരിച്ച് വിഷയങ്ങളെ അറിയുന്നു.
മുന്‍ സൂത്രത്തില്‍ മഹത്തത്ത്വം മുതല്‍ പഞ്ചഭൂതങ്ങളും പഞ്ച തന്മാത്രകളും ത്രിഗുണാദികള്‍ വരെയുള്ള എല്ലാം പ്രകൃതിയാണെന്ന് സൂചിപ്പിച്ചിരുന്നു. പുരുഷന്‍ ഗുണാതീതനും സ്വതന്ത്രനും ശുദ്ധബോധവും ആകുന്നു. എന്നാല്‍ എല്ലാം അറിയുന്നവനും ഒന്നിലും ആസക്തി ഇല്ലാത്തവനുമാണ്. ആസക്തി ഇല്ലാത്തതിനാല്‍ത്തന്നെ നിഷ്‌ക്രിയനും മാറ്റങ്ങള്‍ക്ക് വിധേയനാകാത്തവനുമാണ്. പുരുഷന്‍ (ആത്മാവ്) എല്ലാത്തിനും സാക്ഷിയായി ചിത്തവൃത്തികളെ നിരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. ചിത്തവൃത്തികള്‍ ത്രിഗുണാത്മകമായതിനാല്‍ അതിന് പരിണാമം സംഭവിക്കുന്നു.
വിഷയം ചിത്തത്തിന്റെ ജ്ഞാനം ആണ്. പുരുഷന്‍ അതിന്റെ സാക്ഷിയും. എന്നാല്‍ പുരുഷന്റെ (ആത്മാവിന്റെ) അസാന്നിധ്യത്തില്‍ ജ്ഞാനം പ്രകാശിക്കുന്നില്ല. ഇതും മുന്‍ സൂത്രങ്ങളില്‍ പ്രതിപാദിച്ചിരുന്നതാണ്. നമുക്ക് ഏതു വിഷയത്തെ മനസ്സിലാക്കണമെങ്കിലും ആത്മാവിന്റെ സാന്നിദ്ധ്യം ആവശ്യമാണ്. അതിനാല്‍, മനസ്സിലാക്കുന്നത് പുരുഷനാണ്. ഇതിനായി തന്റെ ഉപകരണങ്ങളായ അന്തഃകരണങ്ങളെ ആത്മാവ് ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. വിഷയത്തെ ജ്ഞാനമാക്കി മാറ്റുന്നത് പുരുഷനാണ്. പുരുഷന്‍ ഗുണാതീതന്‍ ആയതിനാല്‍ വിഷയവുമായി ബന്ധം പുലര്‍ത്തുന്നില്ല, അതിനാല്‍ത്തന്നെ പരിണാമവും സംഭവിക്കുന്നില്ല.
നാം അനുഭവിക്കുന്ന സുഖം അനുകൂലവും ദുഃഖം പ്രതികൂലവുമായ അനുഭൂതിയാണ്. അനുഭൂതി ആത്മാവിന്റെ സ്വരൂപവുമാണ്. സ്ഫടികത്തിന് സമീപം ഒരു പുഷ്പം വച്ചാല്‍ അതിന്റെ നിറം സ്ഫടികത്തില്‍ പ്രതിഫലിക്കുന്നതുപോലെ, സുഖ ദുഃഖങ്ങള്‍ ആത്മാവിന്റെ പ്രതിബിംബങ്ങളാണ്.
പുഷ്പത്തിന്റെ നിറം സ്ഫടികത്തില്‍ പ്രതിഫലിക്കുന്നതു പോലെ ബുദ്ധിയുടെ വൃത്തിക്കാനുസരിച്ച് വിഷയങ്ങള്‍ ആത്മാവില്‍ പ്രതിഫലിക്കുന്നു.
പ്രതിഫലിക്കുന്നു. ബുദ്ധി ത്രിഗുണാത്മകവും മാറ്റങ്ങള്‍ക്ക് വിധേയനുമാണ്, അതിനാല്‍ ബുദ്ധിയുടെ വൃത്തിക്കനുസരിച്ച് നമ്മുടെ പ്രകൃതിക്ക് മാറ്റം വരുന്നു അഥവാ നമ്മുടെ ഗുണങ്ങള്‍ക്ക് പരിണാമം ഉണ്ടാകുന്നു. പരിണാമം സംഭവിക്കുന്നത് സത്യത്തില്‍ പ്രകൃതിക്കാണ് പുരുഷനല്ല.
നമ്മുടെ ഓരോ ഇന്ദ്രിയങ്ങള്‍ക്കും മസ്തിഷ്‌കത്തില്‍ ഓരോ കേന്ദ്രമുണ്ട്. എല്ലാ ഇന്ദ്രിയങ്ങള്‍ക്കും കൂടി ഒരു കേന്ദ്രമല്ല. എന്നാല്‍ നാം ഒരേ സമയം കാണുകയും കേള്‍ക്കുകയും മണക്കുകയും ഒക്കെ ചെയ്യുന്നു. ഒരേ സമയം ഇതിനെയെല്ലാം അറിയാന്‍ കഴിയുന്നത് ബുദ്ധിശക്തികൊണ്ടല്ല. ബുദ്ധിക്ക് ഒരു സമയത്ത് ഒരു വിഷയത്തിലാണ് കേന്ദ്രീകരിക്കുവാന്‍ കഴിയുക. ബുദ്ധിക്ക് ആധാരവും അതീതവുമായ ‘ആ’ ഏകത്വം പുരുഷന്‍ ആണ്. ‘ആ’ ഏകത്വത്തിലാണ് വിവിധ ഇന്ദ്രിയ വിഷയങ്ങളും, ബുദ്ധിവൃത്തികളും സംയോജിച്ച് ഒന്നായിത്തീരുന്നത്.
അതിനാല്‍ യോഗികള്‍, ബുദ്ധിയെ പ്രകാശിപ്പിക്കുന്നത് ആത്മാവാണെന്നും ബുദ്ധി തൃഗുണാത്മകമായതിനാല്‍ മാറ്റം സംഭവിക്കുന്നത് ബുദ്ധിക്കാണെന്നും തിരിച്ചറിയേണ്ടതുണ്ട്. അനുകൂലവും പ്രതികൂലവുമായ അനുഭൂതികള്‍ ബുദ്ധിയില്‍ പ്രതിഫലിക്കുന്നതിനാല്‍ നമുക്ക് സുഖദുഃഖങ്ങളുടെ അനുഭൂതി ഉണ്ടാകുന്നത്. ജ്ഞാനം ആത്മാവിന്റെ ഗുണമോ ധര്‍മ്മമോ അല്ല സ്വരൂപം ആണ് എന്ന തിരിച്ചറിവ് യോഗിയെ മോക്ഷത്തിലേക്ക് നയിക്കുന്നു.
അഷ്ടാംഗയോഗത്തിലൂടെ ഈ തിരിച്ചറിവാണ് യോഗികള്‍ക്ക് ലഭിക്കുന്നത്.


ജന്മഭൂമി: 

No comments:

Post a Comment