Monday, May 01, 2017

കെടാത്ത ജ്വാലയായി ഒരു മനസ്സ്‌


ഏതെല്ലാം തരത്തിലുള്ള ആളുകളെയാണ്‌ സംഘം നിര്‍മിച്ചെടുത്തിട്ടുള്ളതെന്ന്‌ നോക്കുമ്പോള്‍ നാം വിസ്മയഭരിതരായിപ്പോകുന്നു. വിവിധ കാലങ്ങളില്‍, വിവിധ സമുദായങ്ങളില്‍, വിവിധ ദേശങ്ങളില്‍, വിവിധ ഗ്രാമങ്ങളില്‍ നിന്നുവന്നവര്‍ ഒട്ടും ആസൂത്രിതമല്ലാത്ത വിധത്തിലാവും സംഘവുമായി ബന്ധപ്പെടുന്നത്‌. തികച്ചും യാദൃച്ഛികമായി വന്നു ചേര്‍ന്ന ആ ബന്ധപ്പെടല്‍ ജീവിതത്തെത്തന്നെ വഴിമാറ്റി പുതിയ രംഗത്തേക്ക്‌ നയിച്ചിട്ടുണ്ടാവും. നമ്മുടെ ക്ഷേത്രീയ പ്രചാരകന്‍ എസ്‌.സേതുമാധവന്‍ ജനിച്ചയുടന്‍തന്നെ അദ്ദേഹത്തിന്റെ അച്ഛന്‍, പാലക്കാട്ടെ ആദ്യ സ്വയംസേവകരിലൊരാളായ ശങ്കരേട്ടന്‍, ആ സുദിനത്തില്‍ വീട്ടിലെത്തിയിരുന്ന ശ്രീദത്തോപന്ത്‌ ഠേംഗ്ഡിയുടെ കയ്യില്‍ ഇവന്‍ സംഘത്തിനുള്ളതാണ്‌ എന്നുപറഞ്ഞു വെച്ചു കൊടുത്തുവെന്നു കേട്ടിട്ടുണ്ട്‌.അന്വര്‍ത്ഥമായി ആ വാക്കുകളെന്ന്‌ നമുക്കൊക്കെയറിയാം. ഒരുകാലത്തു പാലക്കാടു ശാഖയുടെ കരുത്തായിരുന്ന ശങ്കരേട്ടന്‍, അവിടെ ഒരു തുണിക്കടയില്‍ ജോലി ചെയ്തിരുന്ന കാലത്തും അവിടെനിന്നും വിരമിച്ചു സ്വഗൃഹത്തില്‍ വിശ്രമിക്കുന്ന കാലത്തും ചെന്നു കണ്ടു സംസാരിക്കുമ്പോള്‍ ആ അപൂര്‍വ വ്യക്തിത്വത്തിന്റെ ഹൃദയം എത്രത്തോളം ആര്‍ദ്രമാണെന്നും മനസ്സ്‌ എത്രത്തോളം സമര്‍പ്പിതമാണെന്നും ഓര്‍ത്തു വിസ്മയിച്ചു പോയിട്ടുണ്ട്‌. സേതുവേട്ടന്റെ അമ്മയും ഞങ്ങള്‍ക്കൊക്കെ സ്വന്തം അമ്മ തന്നെയായിരുന്നു.
വളരെ പ്രായമായ ശേഷം സംഘവുമായി ബന്ധപ്പെട്ടവരും ധാരാളമുണ്ട്‌. അവരില്‍ പലരും സംഘത്തിന്റെ സമുന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുമുണ്ട്‌. കേരളത്തിന്റെ ആദ്യത്തെ പ്രാന്തസംഘചാലകനായിരുന്ന എന്‍.ഗോവിന്ദമേനോന്‍, അതിനുമുമ്പ്‌ പൊതുരംഗത്ത്‌ അത്യുന്നതമായ സ്ഥാനം ലഭിച്ച ആളായിരുന്നു. അസാമാന്യമായ ധീരതയോടെയാണദ്ദേഹം പൊതുരംഗത്ത്‌ പെരുമാറിയിട്ടുള്ളത്‌. ഹൈന്ദവ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കലവറയില്ലാതെ മുന്നോട്ടു വന്ന ചരിത്രമദ്ദേഹത്തിനുണ്ടായിരുന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ ദിവാന്‍ സര്‍ സി.പി.രാമസ്വാമി അയ്യര്‍ക്കെതിരെ ഉത്തരവാദ ഭരണ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കെ, കോണ്‍ഗ്രസിന്റേയും അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസിന്റേയും യുവനേതാവായിരുന്ന പി.ടി.ചാക്കോയെ പോലീസ്‌ അറസ്റ്റു ചെയ്തു ജയിലില്‍ പാര്‍പ്പിച്ചിരുന്നു. നിയമബിരുദം കഴിഞ്ഞ്‌ വന്ന ചാക്കോയെ ജൂനിയറായി എടുക്കാന്‍ കോട്ടയത്തെ മുതിര്‍ന്ന അഭിഭാഷകരിലാരും തയ്യാറാകാതെ വന്നപ്പോള്‍ ഗോവിന്ദമേനോന്‍ അദ്ദേഹത്തെ സ്വീകരിച്ചു. മന്നത്തു പത്മനാഭന്‍ എന്‍എസ്‌എസ്‌ അധ്യക്ഷസ്ഥാനം രാജിവെച്ചാണ്‌ സര്‍ സിപിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തത്‌. എന്‍എസ്‌എസിനെതിരെ സിപി പ്രതികാര നിയമനടപടികള്‍ കൈക്കൊള്ളുമെന്ന ഭീഷണി നിലനില്‍ക്കെ അധ്യക്ഷ സ്ഥാനമേറ്റെടുക്കാന്‍ മിക്കവരും ഭയപ്പെട്ടു. മന്നത്തിന്റെ താല്‍പ്പര്യപ്രകാരം ഗോവിന്ദമോനോന്‍ ധൈര്യപൂര്‍വം ആ സ്ഥാനം സ്വീകരിച്ചു. പിന്നീട്‌ 1949-50 കാലത്ത്‌ ഹൈന്ദവൈക്യത്തിന്‌ വേണ്ടി ഹിന്ദുമഹാമണ്ഡലം രൂപീകരിക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചു. അക്കാലത്താണ്‌ അദ്ദേഹം സംഘവുമായി അടുത്തത്‌. പിന്നീട്‌ ക്രമേണ ആ അടുപ്പം വര്‍ധിക്കുകയും മേറ്റ്ല്ലാ പ്രസ്ഥാനങ്ങളില്‍നിന്നും വിരമിച്ച്‌ പ്രാന്തസംഘചാലക സ്ഥാനം വഹിക്കുകയും ചെയ്തു. ഭരണങ്ങാനം പള്ളിയിരിക്കുന്ന സ്ഥലം കല്ലേലി ഇല്ലം കയ്യേറിയതാണെന്ന വിവരം പുറത്തുവന്നപ്പോള്‍ അവിടത്തെ ഏക അവകാശിക്കുവേണ്ടി കേസ്‌ നടത്തി ജയിച്ചതും കടപ്പാട്ടൂര്‍ വിഗ്രഹലബ്ധിയെത്തുടര്‍ന്ന്‌ അവിടെ പുതിയ ക്ഷേത്രംനിര്‍മിച്ചതും ഗോവിന്ദമേനോന്റെ നേതൃത്വത്തിലായിരുന്നു.
ഹൈന്ദവകാര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഏതു സമയത്തും കയറി വരാനായി വീടിന്റെ ഗേറ്റ്‌ അടയ്ക്കാതെയും വീട്ടില്‍ നായയെ വളര്‍ത്താതെയും കോട്ടയം നഗരമധ്യത്തില്‍ അദ്ദേഹത്തിന്റെ തുളസീഭവന്‍ തലയുയര്‍ത്തിനിന്നു. ഹിന്ദു മഹാമണ്ഡല നേതാക്കള്‍ക്ക്‌ സാമുദായിക താല്‍പ്പര്യങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കി, ഹൈന്ദവൈക്യത്തെ അവഗണിച്ചപ്പോള്‍ എന്‍എസ്‌എസ്‌ അധ്യക്ഷ സ്ഥാനം ഒഴിയുന്നതില്‍ മന്നത്തിന്റെ ഇഷ്ടത്തെ അദ്ദേഹം പരിഗണിച്ചതേയില്ല.
പിന്നീട്‌ പ്രാന്തസംഘചാലകനായ തലശ്ശേരിയിലെ പ്രമുഖ അഭിഭാഷകന്‍ കെ.വി.ഗോപാലനടിയോടിയും നീണ്ടകാലം പൊതുജീവിതത്തിനിടെയാണ്‌ സംഘപ്രചാരകന്മാരുമായി ബന്ധപ്പെട്ടത്‌. ശങ്കര്‍ ശാസ്ത്രി, രാമചന്ദ്രന്‍ കര്‍ത്താ, ശ്രീകൃഷ്ണശര്‍മ്മ തുടങ്ങിയവരുടെ അടുത്ത സമ്പര്‍ക്കം അദ്ദേഹത്തെ തികച്ചും സംഘനിഷ്ഠനാക്കി. ഈ ലേഖകനും അഞ്ചാറു വര്‍ഷക്കാലം അദ്ദേഹത്തിന്റെ വീട്ടില്‍ത്തന്നെ താമസിച്ച്‌ പ്രവര്‍ത്തിച്ചവനാണ്‌. അടിയന്തരാവസ്ഥയിലെ മിസാ തടവുകാരനായി കഴിയവെ കടുത്ത സമ്മര്‍ദ്ദവും പ്രലോഭനവുമുണ്ടായിട്ടും അദ്ദേഹം ഉറച്ചുനിന്നു.
ഇന്നത്തെ പ്രാന്ത സംഘചാലക്‌ പി.ഇ.ബി മേനോനാകട്ടെ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ എന്ന നിലയ്ക്ക്‌ അതിപ്രശസ്തനായ ശേഷമാണ്‌ സംഘവുമായി അടുക്കുന്നത്‌. മാധവ്ജിയും ഭാസ്കര്‍റാവുവും ഭാസ്കര്‍ജിയുമൊക്കെ അദ്ദേഹത്തെ തികഞ്ഞ സ്വയംസേവകനാക്കി. സംഘപരിവാര്‍ വിശാലമായപ്പോള്‍ അവയ്ക്കെല്ലാം കരുത്തും മാര്‍ഗവും നല്‍കാന്‍ മേനോന്‍ സാര്‍ സദാ സന്നദ്ധനാണ്‌.
ജനുവരി 28 ന്‌ എം.എ.സാറിന്റെ ശതാഭിഷേകാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ വരിഷ്ഠ വ്യക്തിത്വങ്ങളില്‍ മഹാകവി അക്കിത്തം താന്‍ എങ്ങനെയാണ്‌ എംഎ സാറും സംഘവുമായി അടുത്തതെന്ന്‌ ഹൃദയസ്പൃക്കായ ഒരു ലേഖനത്തില്‍ പ്രതിപാദിച്ചിരുന്നു. അദ്ദേഹം തപസ്യയുടെ അധ്യക്ഷനായിരുന്നപ്പോള്‍ സാംസ്ക്കാരിക ഭാരതിയുടെ കേന്ദ്ര ബൈഠക്കില്‍ പങ്കെടുക്കാന്‍ നാഗപ്പൂരില്‍ പോയതും പഴയ പ്രാന്തപ്രചാരകന്‍ ദത്താജി ഡിഡോള്‍ക്കറുടെ വീട്ടില്‍ താമസിച്ചതുമായ അനുഭവം എന്നോട്‌ ഒരിക്കല്‍ പറയുകയുണ്ടായി. ദത്താജി മലയാളം സംസാരിച്ചത്‌ അദ്ദേഹത്തെ വിസ്മയിപ്പിച്ചു. മാത്രമല്ല വള്ളത്തോള്‍ രചിച്ച കാട്ടെലിയുടെ കത്തിലെ ശ്ലോകങ്ങള്‍ ചൊല്ലിയത്‌ അത്ഭുതപ്പെടുത്തുകയും ചെയ്തു. ഈ ലേഖകനാണ്‌ ദത്താജിക്ക്‌ അത്‌ എഴുതിക്കൊടുത്തതെന്ന്‌ പറഞ്ഞ വിവരം എന്നെ അത്യന്തം സന്തോഷത്തോടെയാണറിയിച്ചത്‌. ശതാഭിഷേക ചടങ്ങുകള്‍ക്ക്‌ ഉത്സാഹിച്ചു നടന്ന കവി രമേശന്‍ നായരും താരതമ്യേന മുതിര്‍ന്ന ശേഷം സംഘവുമായി അടുത്ത ആളാണ്‌.
ഒരുപക്ഷെ കേരളത്തില്‍ ഇന്നുള്ള ഏറ്റവും പ്രായം ചെന്ന സംഘാധികാരിയായ എന്‍.ഐ നാരായണന്‍സാറിനെ കാണാന്‍ കൊല്ലത്തുപോയ അനുഭവമാണിത്രയുമെഴുതാന്‍ പ്രേരിപ്പിച്ചത്‌. വര്‍ഷങ്ങളായി തിരുവനന്തപുരം വിഭാഗ്‌ സംഘചാലകാണ്‌, ഹിന്ദി, സംസ്കൃതം പണ്ഡിതനായ ആ തൊണ്ണൂറ്റിമൂന്നുകാരന്‍. ഡിസംബറില്‍ എറണാകുളത്തു നടന്ന വിശ്വഹിന്ദുപരിഷത്‌ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്ന സേതുവേട്ടന്‍, രോഗശയ്യയില്‍ കിടക്കുന്ന നാരായണന്‍ സാറിനെ കാണാന്‍ കൊല്ലത്തു പോയപ്പോള്‍, അദ്ദേഹം എന്നെക്കുറിച്ചന്വേഷിച്ച വിവരം ഫോണ്‍ മുഖാന്തരം അറിയിച്ച്‌ പറ്റുമെങ്കില്‍ ചെന്നു കാണണമെന്ന്‌ താല്‍പ്പര്യപ്പെട്ടു. കൊല്ലത്തുകുണ്ടറയില്‍ മുന്‍പ്‌ പ്രചാരകനായിരുന്ന മനോജിനേയും കൂട്ടി മകന്‍ അനുനാരായണനും കൂടി യാത്ര തിരിച്ചു.
വഴിയില്‍ കുണ്ടറയില്‍ നടന്ന പ്രാഥമിക ശിക്ഷാ വര്‍ഗില്‍ കയറി. കൊല്ലത്തെ സംഘചാലക്‌ ശ്രീ ഉണ്ണികൃഷ്ണനുമൊരുമിച്ച്‌ നാരായണന്‍ സാറിന്റെ വീട്ടിലെത്തി. വേലുത്തമ്പി ദളവ 200 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ബ്രിട്ടീഷ്‌ മേധാവിത്തത്തിനെതിരെ ജനങ്ങളെ പോരാട്ടത്തിനാഹ്വാനം ചെയ്ത്‌ ചരിത്രപ്രസിദ്ധമായ വിളംബരം നടത്തിയ ദേവീ ക്ഷേത്രത്തിലെ ആല്‍ത്തറയ്ക്കടുത്താണ്‌ ശിബിരം. ശിബിരവേദിയില്‍ ദളവയുടെ ചിത്രം പശ്ചാത്തലമായുണ്ടായിരുന്നു.
പ്രായാധിക്യംകൊണ്ടുള്ള അവശതയല്ലാതെ മനസ്സിലെ ചൈതന്യത്തിന്റെ ദീപ്തി ഒട്ടും കുറയാത്ത അവസ്ഥയിലാണ്‌ നാരായണന്‍ സാറിനെ കണ്ടത്‌. ഞാന്‍ എത്തിയ വിവരം അറിഞ്ഞപ്പോള്‍ തൊടുപുഴ, കുമാരമംഗലം എന്നുമാത്രമല്ല വീട്ടുപേരുംകൂടി പറഞ്ഞാണ്‌ ആശ്ലേഷിച്ചത്‌. കുമാരമംഗലത്തെ ഇടവഴികളും പള്ളിക്കൂടവും പകുതിക്കച്ചേരി (വില്ലേജ്‌ ഓഫീസ്‌)യും ദേവസ്വം കച്ചേരിയും, ചായക്കടയും മറ്റും ഞാന്‍ ജനിക്കുന്നതിനുമുമ്പ്‌ താന്‍ നടന്നു പരിചയിച്ചതാണെന്നദ്ദേഹം ആവേശത്തോടെ പറഞ്ഞു. തൊടുപുഴ താലൂക്കുകച്ചേരിയില്‍ രേഖകള്‍ പകര്‍ത്തിയെഴുതിയിരുന്ന കാലം അദ്ദേഹം അനുസ്മരിച്ചു. മൂവാറ്റുപുഴ താലൂക്കിലെ ഏനാനല്ലൂര്‍ക്കാരന്‍ ഇട്ട്യാതി മകന്‍ നാരായണന്‍ പഠിച്ചു വളര്‍ന്ന്‌ വലുതായതിന്റെ വിവരണം വിസ്മയകരം തന്നെ. ക്രിസ്ത്യന്‍ പാതിരിമാരുടെ വ്യാപകമായ മതപരിവര്‍ത്തന ശ്രമങ്ങളുടെ ഇരയായ ഒരു ഗ്രാമത്തില്‍ ചെറുത്തുനില്‍പ്പിന്‌ നേതൃത്വം നല്‍കിയ അച്ഛന്റെ ദാര്‍ഢ്യവും ദിവസേന എട്ടും പത്തും മെയില്‍ തോടും ആറും പാടങ്ങളും കടന്ന്‌ കാല്‍നടയായി മൂവാറ്റുപുഴ പള്ളിക്കൂടത്തില്‍ പഠിക്കാന്‍ പോയതും എല്ലാം അദ്ദേഹം വിവരിച്ചു.
ഹിന്ദുസമുദായം സുശക്തമാക്കണമെന്ന അഭിലാഷം അച്ഛനില്‍നിന്ന്‌ ലഭിച്ച താന്‍ ഹിന്ദുമഹാമണ്ഡലത്തിന്റെ പ്രചാരകനായി തൊടുപുഴ മൂവാറ്റുപുഴ താലൂക്കുകളില്‍ പ്രവര്‍ത്തിച്ചതും കൊല്ലത്തെ സമ്മേളനത്തില്‍ സന്നദ്ധഭടന്മാരായി പ്രവര്‍ത്തിച്ച മാധവജിയും സ്വയം സേവകരും ശ്രദ്ധിയില്‍പ്പെട്ടതുമൊക്കെ നാരായണന്‍ സാര്‍ വിവരിച്ചു. സ്വാധ്യായത്തിലൂടെയാണ്‌ അദ്ദേഹം അക്കാദമിക മികവു നേടിയത്‌. ഹിന്ദിയും സംസ്കൃതവും മലയാളവും ഉന്നതബിരുദങ്ങളെയും കവിഞ്ഞ്‌ അദ്ദേഹത്തിന്റെ അറിവിന്റെ ആഴം പോകുന്നു.
നാലു പതിറ്റാണ്ടുകളായി ഞങ്ങള്‍ വളരെ അടുപ്പത്തിലാണ്‌. കുരുക്ഷേത്ര പ്രകാശന്റെ ആരംഭകാലത്ത്‌, പ്രസിദ്ധീകരിക്കാന്‍ മുന്‍ഗണന നല്‍കേണ്ട പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ എറണാകുളത്തു ചേര്‍ന്ന യോഗത്തില്‍ നാരായണന്‍ സാറുമുണ്ടായിരുന്നു. വീരസാവര്‍ക്കറുടെ ഭാരതചരിത്രത്തിലെ ആ റു സുവര്‍ണ ഘട്ടങ്ങള്‍ എന്ന പുസ്തകമായിരുന്നു അവയിലൊന്ന്‌. അതു നാരായണന്‍ സാര്‍ വിവര്‍ത്തനം ചെയ്യണമെന്ന്‌ തീരുമാനിക്കപ്പെട്ടു. അതിന്റെ ആദ്യ ഭാഗം അദ്ദേഹം നിര്‍വഹിച്ചശേഷം, ബാക്കി എന്നെ ഭരമേല്‍പ്പിക്കയാണുണ്ടായത്‌. അദ്ദേഹത്തിന്റെ ഭാഷാശൈലീ വല്ലഭത്വം അതു വായിച്ചപ്പോഴാണ്‌ മനസ്സിലായത്‌. കൈയക്ഷര വടിവ്‌ അതിമനോഹരമായിരുന്നു. ഓരോ അക്ഷരവും പെറുക്കിയെടുക്കാവുന്നവിധം വെട്ടിത്തിരുത്തില്ലാതെ എഴുതാന്‍ കഴിയുക ഒരനുഗ്രഹം തന്നെയാണ്‌. പുസ്തകത്തിന്റെ രണ്ടാംഘട്ടം മുതല്‍ എന്റെ കൈക്കുറ്റപ്പാടാണ്‌. അത്‌ ഏച്ചുകെട്ടാണെന്ന്‌ ഒറ്റ നോട്ടത്തിലറിയുകയും ചെയ്യാം. ശ്രീഗുരുജി സാഹിത്യസര്‍വസ്വത്തിലെ ഏതാനും അധ്യായങ്ങളും നാരായണന്‍സാറിന്റെ വിവര്‍ത്തനമാണ്‌. അതു വായിച്ചുനോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ അക്ഷരവടിവ്‌ പണ്ടത്തേതുപോലെ കോട്ടം തട്ടാതെ നില്‍ക്കുന്നുവെന്ന്‌ സന്തോഷത്തോടെ ഓര്‍ത്തു. ഏതാനും മാസങ്ങള്‍ക്കുമുമ്പുവരെ അദ്ദേഹം കത്തുകളയയ്ക്കുമായിരുന്നു. ഈ പംക്തിയിലെ പിശകുകള്‍ കാട്ടാനും അഭിനന്ദിക്കാനുമായിരുന്നു അത്‌.
വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ശ്രീ ബാളാസാഹിബ്‌ ദേവറസ്ജി സര്‍സംഘചാലക്‌ ആയിരുന്നപ്പോള്‍ കോഴിക്കോട്ട്‌ ഒരാഴ്ചത്തെ ചിന്തന്‍ ബൈഠക്‌ നടന്നു. അവിടെ ‘ധര്‍തീ കീ ശാന്‍ തൂഹൈ മനു കീ സന്താന്‍’ എന്നാരംഭിക്കുന്ന ഗണഗീതം ആലപിക്കാനുണ്ടായിരുന്നു. അതിന്റെ അര്‍ത്ഥം വിശദീകരിക്കാന്‍ നാരായണന്‍ സാറിന്‌ ഒരു കാലാംശം നല്‍കപ്പെട്ടു. ഭാഷയിലും സാഹിത്യത്തിലും മാത്രമല്ല, ഹൈന്ദവ ചിന്തയിലുമുള്ള അദ്ദേഹത്തിന്റെ അവഗാഹം വ്യക്തമാക്കുന്നതായിരുന്നു ആ പ്രഭാഷണം. ‘തേരീ ഭൃകുടി മേ താണ്ഡവ കാ താലഹൈ’ എന്ന വാരികയുടെ താല്‍പ്പര്യം മറക്കാനാവില്ല. മനുഷ്യന്റെ കണ്‍പീലികളില്‍ ശിവതാണ്ഡവ താളം ദര്‍ശിക്കുന്ന കവി ഭാവനയുടെ ഔന്നത്യം അനുഭവിക്കാന്‍ അതു പര്യാപ്തമായിരുന്നു. ജീവിതാനുഭവങ്ങളുടെയും സമൂഹ നിരീക്ഷണത്തിന്റെയും കലവറ തന്നെ തുറന്ന്‌ നാരായണന്‍ സാര്‍ ഞങ്ങളെ അമ്പരപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അതൊക്കെ കേള്‍ക്കാന്‍ വിസ്മയ ഭരിതരായിരുന്നു.
ഒരു നൂറ്റാണ്ട്‌ പിന്നിടാറായ ജീവിതത്തിന്റെ അനുഭവങ്ങളും നിഗമനങ്ങളും ആ ദുര്‍ബല ശരീരത്തിലെ ജ്വലിക്കുന്ന അന്തകരണത്തില്‍നിന്നു പുറത്തുവന്നത്‌ വലിയൊരനുഭവമായി.
“ജ്വലന്ത അന്തഃകരണോംകി ഹോ
അസംഖ്യ ദീപാവലി ഝാംകി”
എന്ന ഗണഗീതത്തിന്റെ വരികള്‍ അദ്ദേഹത്തിന്റെ അടങ്ങാതെ നില്‍ക്കുന്ന ആവേശം ഓര്‍മിപ്പിക്കുന്നു.
പി. നാരായണന്‍


ജന്മഭൂമി

No comments:

Post a Comment