Thursday, May 18, 2017

ഈ പ്രപഞ്ച ചൈതന്യമെന്ന പ്രജ്ഞാനത്തെക്കുറിച്ച് പുരുഷസൂക്തംപോലെയുള്ള അനവധി സൂക്തങ്ങളിലൂടെ വേദങ്ങള്‍ വിവരിക്കുകയും ചെയ്യുന്നുണ്ട്. വൈദീക ദേവതാസങ്കല്‍പ്പങ്ങളെല്ലാം തന്നെ പ്രപഞ്ചത്തിലെ ഊര്‍ജ്ജസ്രോതസ്സുകളുടെ പ്രതിഫലനങ്ങളായ അഗ്നി, വായു, സൂര്യന്‍, ഉഷസ്, വൈശ്വാനരന്‍ എന്നിവയായതിനാല്‍ ഋഗ്വേദ സന്ദേശം; പ്രജ്ഞാനം ബ്രഹ്മമെന്നാണ്. പ്രപഞ്ചചൈതന്യത്തില്‍ ഊര്‍ജ്ജവും ദിശാബോധവും അന്തര്‍ലീനമായി വര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കപ്പെടുന്നു. ഈ ബ്രഹ്മചൈതന്യം സര്‍വചരാചരങ്ങളിലുമുണ്ട്, എന്ന് സാധാരണ വിവരണങ്ങളിലും കാണുന്നതാണല്ലോ. സര്‍വ്വം ബ്രഹ്മമയം, സര്‍വം ഖല്വീദം ബ്രഹ്മ എന്നീ പ്രയോഗങ്ങള്‍ വളരെ വലിയ ഒരു ശാസ്ത്രസന്ദേശമാണ് നല്‍കുന്നത്. അതായത് സര്‍വതിലും ദിശാബോധത്തോടെയുള്ള ഊര്‍ജ്ജമുണ്ടെന്ന വിവരമതിലടങ്ങിയിരിക്കുന്നു.
ഇന്ന് ആധുനികശാസ്ത്രം ഈ പ്രജ്ഞാനം എന്ന പദത്തില്‍ തന്നെ വന്നവസാനിച്ചു നില്‍ക്കുന്നു. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ബയോടെക്‌നോളജി, ഫിസിയോളജി… മുതല്‍ സോഷ്യോളജി വരെയുള്ള എല്ലാം വിവരിക്കാനും അതിലെ പരമമായ യാഥാര്‍ത്ഥ്യം വിവരിക്കാനും, ആ വിവരണത്തിന്റെ അവസാന ബിന്ദുവിലേക്കെത്തി നില്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും പറയാനും എഴുതാനുമുള്ളത് ഒന്നുമാത്രം. ഇതെല്ലാം പ്രകൃതി നിയമമാണ്. നിയമത്തിനകത്തൊരു ജ്ഞാനപന്ഥാവുണ്ട്. നിയമം നിര്‍മിച്ചവനു (രു)ണ്ട്. നിയമം തെറ്റാതെ പാലിക്കപ്പെടുന്നുണ്ട്, തെറ്റിയാല്‍ അഥവാ തെറ്റിച്ചാല്‍ അതിന്റെ പ്രതികരണവുമുണ്ട്. അതെല്ലാം ഇന്നത്തെ ശാസ്ത്രത്തില്‍ വ്യക്തമാണ്. ആ പ്രജ്ഞാനത്തെ അവയര്‍നെസ് ആന്‍ഡ് കോണ്‍ഷ്യസ്‌നെസ് എന്ന് വിവരിക്കുന്നു. ആ പ്രജ്ഞാനമെന്ന പദമാണ് ഋഗ്വേദം മുഴുവനും പഠിച്ചാല്‍ ലഭിക്കുന്ന സംക്ഷിപ്ത ജ്ഞാനമെന്നു ഋഷീശ്വരന്മാര്‍ പറയുന്നു. അതുകൊണ്ട് തന്നെ ചണ്ഡാലവംശത്തില്‍ ജനിച്ച മഹീദാസ ഐതരേയന്‍, ഐതരേയാരണ്യകം, ഐതരേയ ഉപനിഷദ്, പരമ ഋഷിവര്യനായി ഉയര്‍ന്നപ്പോള്‍ രചിച്ച ഐതരേയ ബ്രാഹ്മണം, ഐതരേയാരണ്യകം, ഐതരേയ ഉപനിഷദ്, മഹൈതരേയ ഉപനിഷദ് എന്നീ ഗ്രന്ഥങ്ങളില്‍ ബ്രഹ്മം എന്നത് അവസാനത്തെ വാക്കാണെന്നു പറയുന്നു. ‘ചൈതന്യവത്തായി സര്‍വചരാചരങ്ങളിലും നിലനില്‍ക്കുന്ന സ്വബോധവും, സ്വതസ്സിദ്ധമായ ജ്ഞാനവുമാണ് പ്രജ്ഞാനമെന്നത്.’
പുരാണത്തില്‍ പ്രജ്ഞാനഘനരൂപിണൈ്യനമഃ ജ്ഞാനരൂപിണൈ്യനമഃ ജ്ഞാനശക്തൈ്യനമഃ, എന്നെല്ലാം പറയുന്ന പരമമായ ജ്ഞാനം എന്നത് 1. പ്രജ്ഞാനവും 2. വ്യാവഹാരിക ജ്ഞാനവും 3. വിശേഷരൂപത്തിലുള്ളത് വിജ്ഞാനവുമാകുന്നു. ജ്ഞാനവും വിജ്ഞാനവും ബാഹ്യസ്രോതസ്സുകളില്‍നിന്ന് കേട്ടും കണ്ടും, അനുഭവിച്ചും പഠിച്ചത് എന്നാല്‍ ഇതിലൂടെയൊന്നുമല്ലാതെ സ്വതസ്സിദ്ധമായി നിലനില്‍ക്കുന്ന (സര്‍വചരാചരങ്ങളിലും സ്വതസ്സിദ്ധമായി നിലനില്‍ക്കുന്നത്) പുറത്തുനിന്നല്ലാതെ അകത്തുനിന്നുതന്നെ ഉണ്ടായതും നിലനില്‍ക്കുന്നതുമാണ് പ്രജ്ഞാനം (പ്ര എന്ന പദം സാധാരണയായി ഉപയോഗിക്കുന്നത് ചൈതന്യവത്തായ എന്നു വിവരിക്കാനും സൂചിപ്പിക്കാനുമാണ്.)
അണോരണീയാന്‍ മഹതോ മഹീയാന്‍….. ആത്മസൃജന്തോര്‍ നിഹിതോ ഗുഹായാം (കഠോപനിഷദ് 2:20) എന്നതിന്റെ അര്‍ത്ഥമെന്ത് എന്നും പരിശോധിക്കാം. ഉപനിഷദ് വരിയുടെ ആദ്യഭാഗം മാത്രമെടുക്കാം. അണുവില്‍ വച്ച് ചെറിയ അണുവിലും മഹത്തായതില്‍ വച്ച് ഏറ്റവും മഹത്തായതിലും വര്‍ത്തിക്കുന്ന ചൈതന്യമേതാണോ അതാണ് ബ്രഹ്മചൈതന്യം എന്ന് ഈ ഉപനിഷദ് വരി ഉദ്‌ഘോഷിക്കുന്നു. അണുവില്‍ (ആറ്റത്തില്‍) ബ്രഹ്മചൈതന്യമുണ്ടെങ്കില്‍ അതേതുപ്രകാരം പരിശോധിക്കാം. നെഗറ്റീവ് ചാര്‍ജുള്ള ഇലക്‌ട്രോണുകള്‍ അതിവേഗം നിമിഷംപ്രതി 2200 കിലോമീറ്ററോളം വേഗത്തില്‍ പോസിറ്റീവ് ചാര്‍ജ്ജുള്ള ന്യൂക്ലിയസ്സിനു ചുറ്റും ഭ്രമണം ചെയ്യുന്നു. സാധാരണ ഭൗതിക ശാസ്ത്രത്തില്‍ നിലനില്‍ക്കുന്ന (ശാസ്ത്രജ്ഞന്മാര്‍ നിയമമാക്കി അംഗീകരിക്കുന്ന) രണ്ടു നിയമങ്ങള്‍ ആറ്റത്തിന്റെ കാര്യത്തില്‍ നിരാകരിക്കപ്പെടുന്നു. ഒരേ ചാര്‍ജുള്ള കണങ്ങള്‍ ശക്തിയായി വികര്‍ഷിച്ച് അകന്നുപോകുന്നതായിരിക്കും. ഇത് ന്യൂക്ലിയസിനകത്തുവര്‍ത്തിക്കുന്ന പോസിറ്റീവ് ചാര്‍ജുള്ള പ്രോട്ടോണുകളുടെ കാര്യത്തില്‍ (കൂടാതെ പോസിട്രോണുകളും അവിടെയുണ്ട്) പാലിക്കപ്പെടുന്നില്ല.
വികര്‍ഷണം എത്ര ശക്തിയേറിയതാണെങ്കിലും അതിനെ അതിജീവിച്ച് പോസിറ്റീവ് ചാര്‍ജ്ജുകളുടെ ഒരു വലിയ സമാഹാരത്തെ ഒരുമിച്ച് ഒരു കൂട്ടിലെന്നപോലെ പിടിച്ചുനിര്‍ത്തുന്ന, വികര്‍ഷണത്തിനപ്പുറത്തുള്ള ഒരു ആകര്‍ഷണശക്തി ന്യൂക്ലിയസിനകത്തുണ്ട്! ശാസ്ത്രജ്ഞന്റെ രണ്ടാമത്തെ നിയമവും ആറ്റത്തിനകത്ത് ലംഘിക്കപ്പെടുന്നു. വിപരീത ചാര്‍ജുള്ള കണങ്ങള്‍ പരസ്പരം ആകര്‍ഷിക്കുമെന്നതാണ്, ആ നിയമം. നെഗറ്റീവ് ചാര്‍ജുള്ള അനവധി ഇലക്‌ട്രോണുകള്‍ പോസിറ്റീവ് ചാര്‍ജുള്ള ന്യൂക്ലിയസിലേക്ക് പതിക്കാതെ, അതിനുചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ന്യൂക്ലിയസിലേക്ക് പതിക്കാതെ, ഇലക്‌ട്രോണുകള്‍ വര്‍ത്തിക്കുന്നത് സെന്‍ട്രിപെറ്റല്‍ ശക്തികൊണ്ടാണെങ്കില്‍, ഈ ഫോഴ്‌സ് ഇലക്‌ട്രോണുകളെ ബാലന്‍സ് ചെയ്യത്തക്കവിധത്തിലുള്ള ന്യൂക്ലിയസിന്റെ സെന്‍ട്രിഫ്യൂഗല്‍ ആകര്‍ഷണശക്തിക്ക് വിധേയമാകണം. അപ്രകാരമെങ്കില്‍ ഇലക്‌ട്രോണുകള്‍ ന്യൂക്ലിയസില്‍ നിന്ന് കൃത്യമായ അകലം (വ്യത്യസ്ത ഇലക്‌ട്രോണ്‍ സമൂഹത്തിന് വ്യത്യസ്ത അകലങ്ങളുമാകാം) നിലനിര്‍ത്തണം. പക്ഷേ ഇലക്‌ട്രോണുകള്‍ പലതരത്തിലുള്ളതായ, ന്യൂക്ലിയസിനോട് അടുത്തും അകന്നും വരുന്ന വിധത്തില്‍ വീര്‍പ്പിച്ച ബലൂണിന്റെ പോലും ആകൃതിയിലുള്ള, പഥത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
ഇത് ശാസ്ത്രദൃഷ്ട്യാ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തെളിയിക്കപ്പെട്ടിരിക്കുന്നതുമാണ്. അതായത് വ്യക്തമായ ദിശാബോധത്തോടുകൂടി, വ്യക്തമായ വേഗത്തില്‍, പല ആകൃതിയിലുള്ള സഞ്ചാരപഥത്തിലൂടെ,പരസ്പരം കൂട്ടിമുട്ടാതെയും ന്യൂക്ലിയസില്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുമുതല്‍ക്കു തന്നെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ഇലക്‌ട്രോണുകളില്‍ ചലനത്തിനുള്ള ഊര്‍ജ്ജവും ഭ്രമണത്തിന്റെ ദിശാബോധവും കൊടുത്തിട്ടുണ്ട് എന്നര്‍ത്ഥം. ഈ ചൈതന്യത്തെ ദര്‍ശിച്ച ഭാരതീയര്‍ അണുവില്‍ സ്വതസ്സിദ്ധമായി തന്നെ ബ്രഹ്മചൈതന്യം വര്‍ത്തിക്കുന്നു എന്ന് പ്രഖ്യാപിച്ചു. ഇതേ ദിശാബോധമുള്ള ചൈതന്യത്തിലാണ്, ന്യൂക്ലിയസ്സും, ഓരോ നിമിഷവും ദശലക്ഷക്കണക്കിന് പ്രാവശ്യം സ്വയം ഭ്രമണം ചെയ്യുന്നതും. ഇതിലൂടെ അണുവില്‍ സ്വബോധമുള്ള ശക്തിയുണ്ടെന്ന് (ബ്രഹ്മചൈതന്യമുണ്ടെന്ന്) വ്യക്തമാകുന്നു.
ഓരോ അണുവിന്റെ ഘടകത്തെക്കുറിച്ചുമുള്ള ആധുനിക ശാസ്ത്ര ജ്ഞാനം അനുദിനം മാറിക്കൊണ്ടിരിക്കുന്നു. അത്യന്താധുനിക ശാസ്ത്രം കണ്ടുപിടിച്ചിട്ടുള്ള (അത്യന്താധുനിക ശാസ്ത്രജ്ഞാനം എന്നത് ശാസ്ത്രജ്ഞന്മാര്‍ സൃഷ്ടിച്ചതല്ല അവര്‍ കണ്ടുപിടിച്ചതുമാത്രമാണ്).
ക്വാണ്ടം എന്റാംഗിള്‍മെന്റ് എന്ന പ്രതിഭാസം, ആറ്റത്തിലെ പ്രജ്ഞാനത്തെ ഇപ്രകാരം വിവരിക്കാനുപയോഗിക്കാം. പല കണികകളും തമ്മിലുള്ള അകലം/ദൂരം ചിന്താതീതമായി വര്‍ദ്ധിക്കുമ്പോള്‍ അവ സ്വതന്ത്രമായ കണികകളെ പോലെ നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന സിദ്ധാന്തം ഇന്ന് മാറിയിരിക്കുന്നു. ദശലക്ഷക്കണക്കിന് കിലോമീറ്റര്‍ ദൂരത്തില്‍ നിലനില്‍ക്കുമ്പോഴും ചില കണികകള്‍ ഒരൊറ്റ സിസ്റ്റത്തിന്റെ അവിഭാജ്യഘടകങ്ങളെപ്പോലെ നിലനില്‍ക്കുകയും പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അകലവും ദൂരവും ശൂന്യതയും ഇവ തമ്മിലുള്ള ബന്ധത്തെ ഇല്ലാതാക്കാന്‍ സാധ്യമല്ല.
ഒരാറ്റത്തിലെ ഒരു ഫോട്ടോണ്‍ ക്ലോക്‌വൈസ് ആയി ഭ്രമണം ചെയ്യുമ്പോള്‍ അതിന്റെ എന്റാംഗിള്‍ഡ് ഫോട്ടോണ്‍ ആന്റി ക്ലോക്‌വൈസായിട്ടേ ഭ്രമണം ചെയ്യുകയുള്ളൂ. അതായത് അവ രണ്ടും ഒരു നിയമം അനുശാസിക്കുന്നു. ഈ രണ്ടു ഫോട്ടോണുകളും തമ്മിലുള്ള ദൂരം ഒരു മില്യണ്‍ ലൈറ്റ് ഇയേഴ്‌സ് ആക്കി എന്ന് വിചാരിക്കുക. ഒന്നാമത്തെ ഫോട്ടോണ്‍ ക്ലോക്‌വൈസാണെങ്കില്‍ ഒരു മില്യണ്‍ ലൈറ്റ് ഇയേഴ്‌സിനപ്പുറം ഭ്രമണം ചെയ്യുന്ന ഇതിന്റെ എന്റാംഗിള്‍ഡ് ഫോട്ടോണ്‍ ആന്റി ക്ലോക്‌വൈസായിരിക്കും.
ഒന്നാമത്തേതിന്റെ ദിശ മാറ്റി ആന്റിക്ലോക് വൈസാക്കിയാല്‍ രണ്ടാമത്തേത് ഇത്രയും അകലത്തില്‍ നിലനില്‍ക്കുന്നതാണെങ്കിലും അത് തിരിഞ്ഞ് ക്ലോക്‌വൈസാകും. ഇവിടെ ശാസ്ത്രജ്ഞര്‍ മനസ്സിലാക്കുന്നത് രണ്ടു ഫോട്ടോണുകളിലും അന്തര്‍ലീനമായ, സ്വതസ്സിദ്ധമായ പ്രജ്ഞാനമാണീദിശമാറ്റത്തിന്നാധാരമായി പ്രവര്‍ത്തിക്കുന്നത്. അത് അതില്‍ തന്നെ നിലനില്‍ക്കുന്നതാണ്. അവ തമ്മിലുള്ള ദൂരം ഈ പ്രജ്ഞാന പ്രദര്‍ശനത്തെ ബാധിക്കുന്നില്ല. അതിന്റെയര്‍ത്ഥം അണോരണീയാന്‍…. അണുവില്‍ വച്ച് ഏറ്റവും ചെറിയ അണുവിലും ഈ പ്രജ്ഞാനമുണ്ട്….! ഓരോ ഫോട്ടോണിന്റെയും ശരാശരി ആയുസ്സ് 1031 വര്‍ഷമത്രെ! അപ്പോള്‍ ആറ്റത്തിനും ജനനമരണമുണ്ട്.
(ഡോ.എന്‍. ഗോപാലകൃഷ്ണന്റെ ബ്രഹ്മചൈതന്യം; ഒരു സമഗ്ര ശാസ്ത്രവിശകലനം എന്ന ഗ്രന്ഥത്തില്‍ നിന്ന്. )


ജന്മഭൂമി: http://www.janmabhumidaily.com/news624795#ixzz4hREDKM2S

No comments:

Post a Comment