Wednesday, May 17, 2017

സമ്പാദിച്ചുകൂട്ടിയതു മതി, ഇനി ജീവിക്കാന്‍ തുടങ്ങൂ .

നിലനില്പിനാവശ്യമായ സംഗതികള്‍ വേഗത്തില്‍ ചെയ്തു തീര്‍ക്കണം. ശേഷിക്കുന്ന സമയം അവനവന്റെ സാദ്ധ്യതകളെ കണ്ടെത്താനും അവ പരമാവധി വികസിപ്പിക്കാനും ശ്രമിക്കണം
ചോദ്യം :- ഇന്നത്തെ ചുറ്റുപാടില്‍ സമയം തീരെ കുറവാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആകാവുന്നിടത്തോളം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനാണ് എല്ലാവരും ബദ്ധപ്പെടുന്നത്. മടുപ്പും തളര്‍ച്ചയും കൂടാതെ എങ്ങിനെയാണ് അത് സാധിക്കേണ്ടത്?
സദ്‌ഗുരു : നിങ്ങള്‍ക്ക് വളരെയധികം വേണ്ടപ്പെട്ട ആഗ്രഹങ്ങള്‍ നേടാനാണ് നിങ്ങള്‍ ചത്ത്‌ പണിയെടുക്കുന്നതെങ്കില്‍, വഴിയില്‍ തളര്‍ന്നുവീണ് ചത്തുപോയാലും സാരമില്ല . അതിനൊരര്‍ത്ഥമുണ്ട്. എന്നാല്‍ അത്രയൊന്നും ആവശ്യമില്ലാത്ത നേട്ടങ്ങള്‍ക്കായാണ് നിങ്ങള്‍ പാടുപെടുന്നതെങ്കില്‍, ഒരു വരുമാനത്തിന് വേണ്ടി മാത്രം നിങ്ങള്‍ മിനക്കെട്ടു പണിയെടുക്കുന്നു… എന്നിട്ട് ക്ഷീണം കൊണ്ട് മരിച്ചുപോകുന്നു… അതു ശുദ്ധ മണ്ടത്തരം തന്നെയാണ്. തികച്ചും ദൌര്‍ഭാഗ്യകരം!
ജീവിക്കുക എന്നതാണ് നിങ്ങളുടെ കടമ, കാരണം നിങ്ങളൊരു ജീവനാണ്. പലരും പകുതിയേ ജീവിക്കുന്നുള്ളൂ. കുറെപേര്‍ ജീവിക്കാന്‍ വേണ്ടി മരിക്കുന്നു.
ഹൈദ്രബാദിലെ ഒരാളുടെ കാര്യം ഓര്‍മ്മ വരുന്നു. എനിക്ക് നന്നായി അറിയാവുന്ന ഒരു കുടുംബം. ഞാന്‍ അവരോടൊപ്പം താമസിച്ചിട്ടുണ്ട്. അന്നേ ഞാന്‍ ശ്രദ്ധിച്ചിരുന്നു, ഗൃഹനാഥന്റെ പൊറുതിയില്ലായ്മ. ഒരു ദിവസം അദ്ദേഹവും ഭാര്യയും ഞാനും ഒരുമിച്ചിരുന്നു സംസാരിക്കുകയായിരുന്നു. ഒരിടത്ത് അടങ്ങിയിരിക്കാത്ത അദ്ദേഹത്തിന്റെ ശീലത്തെ ഞാന്‍ കളിയാക്കി. അതുകേട്ട അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു, “സദ്‌ഗുരു, അദ്ദേഹം ജീവിക്കാന്‍ വേണ്ടി മരിക്കുകയാണ്. “നിങ്ങള്‍ പറഞ്ഞത് വളരെ ശരി. അങ്ങിനെ തന്നെയാണ് നിങ്ങളുടെ ഭര്‍ത്താവ്, “ഞാന്‍ സമ്മതിച്ചു, “ജീവിക്കാനായി മരിക്കുന്നു.”
ജീവനുണ്ടോ, മരിക്കുമെന്ന് തീര്‍ച്ച. ജീവിക്കാന്‍ വേണ്ടി മരിക്കേണ്ടതില്ല. ജീവിക്കുക എന്നതാണ് നിങ്ങളുടെ കടമ, കാരണം നിങ്ങളൊരു ജീവനാണ്. പലരും പകുതിയേ ജീവിക്കുന്നുള്ളൂ. കുറെപേര്‍ ജീവിക്കാന്‍ വേണ്ടി മരിക്കുന്നു. അതിന്റെയൊന്നും ആവശ്യമില്ല. ജീവിതത്തെ അതിന്റെ പൂര്‍ണതയില്‍ അനുഭവിക്കുക. ഓരോ ജീവിതത്തിന്റെയും സാദ്ധ്യതകള്‍ എണ്ണമറ്റതാണ്. ജീവിതം മുഴുവന്‍ സമ്പാദിക്കാനായി മാത്രം പണിപ്പെട്ടുകൊണ്ടിരുന്നാല്‍, ആകെ തളര്‍ന്നു പോകും. ഇരുപത്തിനാലു മണിക്കൂര്‍ പണിയെടുത്താലും നാലുമണിക്കൂര്‍ പണിയെടുത്താലും അതിന്റേതായ ക്ഷീണം അനുഭവപ്പെടുക തന്നെ ചെയ്യും. എന്നാല്‍ അര്‍ത്ഥവത്തായ എന്തെങ്കിലും ജോലിയാണ് ചെയ്യുന്നതെങ്കില്‍, അതും സ്വന്തം താല്പര്യത്തിനും ഇഷ്ടത്തിനും അനുസരിച്ചാണെങ്കില്‍ എത്ര ജോലി ചെയ്താലും മടുപ്പ് തോന്നുകയില്ല, ശരീരത്തിന് തളര്‍ച്ച ഉണ്ടായാല്‍ പോലും. കാരണം നിങ്ങള്‍ ചെയ്യുന്നത് വെറും വയറ്റുപിഴപ്പിനുള്ള ജോലിയല്ല, അതിനുമപ്പുറത്തായി ആ പ്രയത്നത്തിനു ഒരര്‍ത്ഥമുണ്ട്. ജീവിത ഭദ്രത ഉറപ്പുവരുത്താനായി അഞ്ചോ പത്തോ വര്‍ഷം പണിയെടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അതേ ലക്ഷ്യം നിറവേറ്റാനായി ജീവിതം മുഴുവന്‍ അദ്ധ്വാനിച്ചു കൊണ്ടിരുന്നാലോ! നിങ്ങള്‍ അതുവഴി മരണത്തെ തേടുകയാണ്. ജീവിതത്തിലെ ഏറ്റവും സുനിശ്ചിതമായ സംഗതി മരണമാണല്ലോ! ജീവിതം ഒരിക്കലും പൂര്‍ണമായും സുരക്ഷിതമാക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ല. ജീവിതം സുരക്ഷിതമാക്കാന്‍ ശ്രമിക്കുമ്പോഴും നിങ്ങള്‍ സ്വയം അറിയാതെ മരിക്കാന്‍ വേണ്ടി പ്രയത്നിക്കുകയാണ്. ആ സ്ത്രീ പറഞ്ഞതാണ് ശരി. അവരുടെ ഭര്‍ത്താവ് ഏതാനും വര്‍ഷം മുമ്പേ മരിച്ചു കഴിഞ്ഞു.
കാര്യമായതെന്തെങ്കിലും ചെയ്യണം
ഒരു സംഗതി ഓര്‍മ്മ വേണം. നിങ്ങളുടെ പണിത്തിരക്കല്ല നിങ്ങളുടെ മരണത്തിനു ഹേതുവാകുന്നത്. മനസ്സില്‍ മറ്റുപല ചിന്തകളും നീറിക്കൊണ്ടിരിക്കുന്നു, അതാണ്‌ നിങ്ങളുടെ ജീവിതത്തിന് അപകടമുണ്ടാക്കുന്നത്‌. അവനവനും സമൂഹത്തിനും ഗുണകരമായ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കൂ, അപ്പോള്‍ മനസ്സിലാവും, നമ്മില്‍ ഓരോരുത്തരിലുമുള്ള അനവധി സാദ്ധ്യതകള്‍, അവസാനിക്കാത്ത ഊര്‍ജ്ജം. അവനവനു ചുറ്റും മതിലുകള്‍ കെട്ടിപ്പൊക്കുക വലിയ സാമര്‍ത്ഥ്യമാണെന്നാണ് പലരുടെയും വിചാരം. ഒരു മാസത്തേക്ക് കുടംബത്തിനാവശ്യമായ ഭക്ഷണം കരുതിവെക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ആ കരുതല്‍ നൂറുകൊല്ലത്തേക്കാണെങ്കിലോ? ശുദ്ധ ഭ്രാന്ത്‌ എന്നല്ലാതെ എന്തു പറയാന്‍!
പണിത്തിരക്കല്ല നിങ്ങളുടെ മരണത്തിനു ഹേതുവാകുന്നത്. മനസ്സില്‍ മറ്റുപല ചിന്തകളും നീറിക്കൊണ്ടിരിക്കുന്നു, അതാണ്‌ നിങ്ങളുടെ ജീവിതത്തിന് അപകടമുണ്ടാക്കുന്നത്‌.
ഞാന്‍ യു എസ്സില്‍ ആയിരുന്നപ്പോള്‍ താമസം ഒരു സുഹൃത്തിന്റെ വീട്ടില്‍ ആയിരുന്നു. ആ വീടിന്റെ മട്ടും മാതിരിയും എനിക്ക് പരിചയമായിരുന്നു. കുളിമുറി എവിടെയാണെന്നും ഏതാണ്ട് ഞാന്‍ മനസിലാക്കിയിരുന്നു. അതുകൊണ്ട് ആരോടും ചോദിക്കാതെ ഞാന്‍ കുളിമുറിയിലേക്ക് നടന്നു. ഒരു വാതില്‍ തുറന്നു അകത്തേക്ക് നോക്കിയപ്പോള്‍, ആ വലിയ മുറി നിറയെ പലതരം ചെരുപ്പുകള്‍ വൃത്തിയായി ഒതുക്കി വെച്ചിരിക്കുന്നു. ഏതാണ്ടൊരു അഞ്ഞൂറ് ജോഡി ഉണ്ടായിരിക്കും . ഞാന്‍ കുടുംബനാഥനോട് ചോദിച്ചു, “പല ആവശ്യങ്ങള്‍ക്കായി പലതരം ഷൂസുകള്‍ വാങ്ങിവെക്കുന്നത് മനസിലാക്കാം…. ഏറിവന്നാല്‍ അഞ്ചോ ആറോ ജോഡി. അതിലപ്പുറം ഉണ്ടായാല്‍ എന്തു ചെയ്യാന്‍. ഇവിടയിതാ ഏകദേശം അഞ്ഞൂറ് ജോഡി ചെരുപ്പുകള്‍… നിങ്ങള്‍ക്ക് എത്ര ജന്മമെടുത്താലാണ് ഇത് മുഴുവനും ഉപയോഗിക്കാനാവുക?”
ദീര്‍ഘ കാലത്തേക്കുള്ള കരുതിവെപ്പുകളൊന്നും ആവശ്യമില്ല. കുറച്ചു കാലത്തേക്കുള്ളതേ വേണ്ടൂ. ബാക്കിയുള്ള സമയം എല്ലാവര്‍ക്കും ഗുണമുള്ള കാര്യങ്ങള്‍ ചെയ്യാന്‍, തനിക്ക് താല്പര്യമുള്ള കാര്യങ്ങള്‍ ചെയ്യാനായി മാറ്റി വെക്കൂ. അങ്ങിനെ ചെയ്യുമ്പോള്‍ നമ്മളില്‍ സ്വാഭാവികമായും വന്നു നിറയുന്ന ഊര്‍ജ്ജത്തിന്റെ അളവ് നമ്മളെ അതിശയിപ്പിക്കും. രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നാലും ഉന്മേഷത്തിനു ഒരു കുറവും സംഭവിക്കുകയില്ല.
ഡോക്ടര്‍ പറയുന്നത് എണ്‍പത് വയസ്സുവരെ ജീവിച്ചിരിക്കണമെങ്കില്‍ ദിവസവും എട്ടോ ഒമ്പതോ മണിക്കൂര്‍ ഉറങ്ങണമെന്നാണ്. ബാക്കിയുള്ള സമയം അതുമിതും ചെയ്യാം. ഈരണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ വിറ്റമിന്‍ ഗുളികകള്‍ വിഴുങ്ങാം. എന്തൊക്കെയായാലും ശരിയായി, ജീവിക്കാതെ നിങ്ങള്‍ മരിച്ചു പോകുന്നു. എന്തിനെയാണ് നിങ്ങള്‍ ഇത്രയധികം പേടിക്കുന്നത്? ഇന്ന് പൂര്‍ണമായും ജീവിക്കൂ. നാളെ തളര്‍ന്നു മരിച്ചു പോയാലും സാരമില്ല. ഒരു ദിവസം നന്നായി ജീവിച്ചുവെന്നു സമാധാനിക്കാമല്ലോ. അങ്ങിനെ ജീവിക്കുമ്പോഴേ ജീവിതം എന്താണെന്നറിയാനാവൂ. എന്തിനെയാണ് നമ്മള്‍ പിടിച്ചു വെക്കാന്‍ ശ്രമിക്കുന്നത്? ഒന്നിനെയും നിങ്ങള്‍ക്ക് പിടിച്ചു വെക്കാനാവില്ല. എല്ലാറ്റിനുമുണ്ട് കാലാവധി. അത് തീരുന്നതോടെ അത് നിങ്ങളെ വിട്ടുപോകുന്നു. അതാണ്‌ ജീവിതത്തിന്റെ സ്വഭാവം.
ജീവിതം എന്നാല്‍ പെട്ടിയിലിട്ടു ഭദ്രമായി പൂട്ടിവെക്കാന്‍ പറ്റുന്ന ഒന്നല്ല. എത്രയൊക്കെ സൂക്ഷിച്ചു വെച്ചാലും അത് നഷ്ടമാകും. ജീവിക്കൂ… ഭാവിജീവിതത്തിനു വേണ്ടി സമ്പാദിച്ചു വെക്കാന്‍ കഷ്ടപ്പെടേണ്ട. എന്തായാലും ഇരുപതു ജോടിയിലധികം ചെരുപ്പ് വേണ്ട. മനസ്സിലായോ?...sadguru.isha

No comments:

Post a Comment