Wednesday, June 07, 2017

നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന മുസ്ലിംഭരണത്തിന് മാരകമായ ക്ഷതമേല്‍പ്പിച്ചുകൊണ്ട് മഹാനായ ശിവാജി 17-ാം നൂറ്റാണ്ടില്‍ ഛത്രപതിയായി ഉയര്‍ന്നു. അദ്ദേഹം തന്റെ അനുയായികളുടെ മുന്‍പില്‍ ‘ഹിന്ദവിസ്വരാജ്’ -ഹൈന്ദവ സ്വാരാജ്യം- എന്ന സമ്മോഹന സ്വപ്‌നം കാഴ്ചവച്ചു. അതു പൂര്‍ണമായും സാക്ഷാത്കരിക്കുന്നതിനു മുമ്പ് കാലന്റെ ക്രൂരഹസ്തം അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി.
എന്നാല്‍ ആ അപൂര്‍ണ സ്വപ്‌നം മഹാരാഷ്ട്രയിലെ ഹിന്ദുക്കള്‍ മറന്നില്ല. നൂറ്റൊന്ന് വര്‍ഷങ്ങള്‍ തികയും മുന്‍പ് രഘുനാഥറാവു പേഷ്വാ ഖൈബര്‍ ചുരം കടന്ന് കാബൂളില്‍ പ്രവേശിച്ചു. അവിടത്തെ അട്ടോക് നഗരത്തില്‍ ഹിന്ദുവിന്റെ ഭഗവപതാക വിജയോദ്‌ഘോഷത്തോടെ പാറിപ്പറപ്പിച്ചു. അതോടെ ഭാരതവര്‍ഷത്തിനുള്ളിലെ മുസ്ലിം ശക്തികളുടെ മരണമണി മുഴങ്ങി.
അവ ഓരോന്നായി മണ്ണടിഞ്ഞു. വടക്കുപടിഞ്ഞാറ് രണജിത്‌സിംഹന്റെ വിശാലമായ സിക്കുസാമ്രാജ്യം, നേര്‍വടക്ക് ഹിമാലയസാനുവില്‍ ഹിന്ദുരാഷ്ട്രമെന്ന് തുറന്ന് പ്രഖ്യാപിച്ച് നേപ്പാളും. ഏറ്റവും തെക്ക് വേണാട്, അവയ്ക്കിടയില്‍ ചെറുതും വലുതുമായ ഹൈന്ദവ രാജ്യങ്ങള്‍ ഉദിച്ചുയര്‍ന്നു.
ഹിമാലയം തൊട്ട് ഹിന്ദുമഹാസാഗരം വരെ ഹിന്ദുരാജാക്കന്മാരുടെ ഭരണം വന്നു. സ്വാതന്ത്ര്യസമരസേനാനിയായ വീരസാവര്‍ക്കര്‍ ഇതിനെ ‘ഹിന്ദുപദപാദശാഹി’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വിശദവിവരങ്ങള്‍ ചിത്രീകരിച്ച് അദ്ദേഹം ഈ പേരില്‍ ഒരു പുസ്തകംതന്നെ എഴുതിയിട്ടുണ്ട്.
ഭാരതഭൂമിയുടെ ഈ നവസ്വാതന്ത്ര്യത്തില്‍ സന്തോഷം പൂണ്ട് സമര്‍ത്ഥ രാമദാസസ്വാമികളുടെ അനുയായികള്‍ വിഷ്ണുപുരാണത്തിലെ പഴയവരികള്‍ പ്രാദേശിക ഭാഷയില്‍ വീണ്ടുമൊരിക്കല്‍ വീടുവിടാന്തരം കയറി പാടി- ‘ഈ ഭൂമി ധര്‍മഭൂമി, മറ്റെല്ലാം ഭോഗഭൂമി.’ ഹിന്ദുജനതയുടെ ഹൃദയം സ്വാഭിമാനംകൊണ്ട് പുളകിതമായി. അത് പുതിയ പ്രത്യാശയുടെ പൂമൊട്ടിട്ടു.
എന്നാല്‍ ‘രാവിപ്പോള്‍ ക്ഷണമങ്ങൊടൊങ്ങിടും പൊന്‍കതിരോന്‍ കിഴക്കുപൊങ്ങും, എന്നെ ഇരുട്ടിലടച്ചു കൂമ്പിയ താമരയിതളുകള്‍ താമസിയാതെ വിടരും, തുറന്ന വായുവില്‍ നിമിഷങ്ങള്‍ക്കകം ഞാന്‍ സ്വച്ഛന്ദം മൂളിപ്പറക്കും’ എന്ന് താമരയ്ക്കുള്ളിലകപ്പെട്ട കരിവണ്ട് മന്ത്രിക്കവെ കരിവരന്‍ വന്നു ആ താമര അനായാസേന പിഴുതെടുത്തതുപോലെ പടിഞ്ഞാറുനിന്നു വെള്ളക്കാരന്‍ വന്ന് ആ സ്വാരാജ്യസരോജം പിഴുതെടുത്തു!
സ്വതന്ത്രവായു സ്വച്ഛന്ദം ശ്വസിച്ചു ശീലിക്കുംമുമ്പേ വീണ്ടും ധര്‍മഭൂമി ഭോഗഭൂമിക്കു കീഴടങ്ങി!
എവിടെ ധര്‍മമുണ്ടോ അവിടെ ജയമുണ്ട് എന്ന് നാം യുഗയുഗങ്ങളായി ദൃഢമായി വിശ്വസിച്ചുപോന്നിട്ടുണ്ട്. ‘യതോധര്‍മസ്ത തോ ജയഃ.’ എന്നു പറയാത്ത മഹാത്മാവില്ല. എങ്കില്‍ പിന്നെ എന്തേ നാം പരാജയപ്പെട്ടു? നാമാണെങ്കില്‍ യാതൊരധര്‍മവും കാണിച്ചിട്ടില്ല.
നാമെന്നും കുളിച്ചു കുറിയിട്ടു തേവാരം നടത്തി, ശുദ്ധം പാലിച്ചു, വ്രതം നോറ്റു, വഴിപാടു നടത്തി. തീര്‍ത്ഥാടനം നടത്തി. സപ്താഹം വായിച്ചു. ദാനം ചെയ്തു. സത്യം പറഞ്ഞു. ആരെയും കൊന്നില്ല. ആരേയും കൊള്ളയടിച്ചില്ല. ആരുടെ മുതലും കട്ടില്ല. ആരുടേയും കൊതിച്ചില്ല. ചോദിച്ചവര്‍ക്കെല്ലാം വേണ്ടത്ര കൊടുത്തു.
വിരുന്നുകാരനെ സ്വന്തം മരുമകനെപ്പോലെ സല്‍ക്കരിച്ചു. അമ്മയേയും അച്ഛനേയും ആശാനേയും ദൈവമായി കരുതി- കള്ളുകുടിച്ചില്ല. വ്യഭിചരിച്ചില്ല. ഗോമാംസം ഭക്ഷിച്ചില്ല. ജാത്യാചാരം ലംഘിച്ചില്ല. ഇവിടെ വന്ന മറുനാട്ടുകാര്‍ക്കെല്ലാം സ്വന്തം ആരാധനാലയങ്ങള്‍ പണിയാന്‍ സ്ഥലവും മരവും കൊടുത്തു. മറ്റു സാമഗ്രികളും കൊടുത്തു.
അവരുടെ വിശ്വാസം പ്രചരിപ്പിക്കാന്‍ നിരുപാധികം സ്വാതന്ത്ര്യം കൊടുത്തു. നാം തികച്ചും ധര്‍മം പാലിച്ചു- ശാസ്ത്രം ശാസിച്ചതനുസരിച്ച്, പുരോഹിതന്മാര്‍ പറഞ്ഞതനുസരിച്ചു. എന്നിട്ടും നമുക്ക് വിധിക്കപ്പെട്ടത് പരാജയം! ധര്‍മമുള്ളേടത്ത് ജയം കണ്ടില്ല.
മറുവശത്ത് വിജയം ഇംഗ്ലീഷൂകാര്‍ക്ക്! അവരാണെങ്കില്‍ ശുദ്ധ അധര്‍മികള്‍. അവര്‍ക്ക് കുളിയില്ല, കുറിയില്ല, തേവരില്ല, തേവാരമില്ല, ശുദ്ധമില്ല, അശുദ്ധമില്ല, ശ്രദ്ധയില്ല, ശ്രാദ്ധമില്ല. അവര്‍ ചതി തൊഴിലാക്കി. കള്ളൊപ്പിട്ടു-കള്ളപ്രമാണങ്ങളുണ്ടാക്കി. പരസ്പരം കലഹിച്ചു. ചാര്‍ച്ചക്കാരും വേഴ്ചക്കാരും തമ്മില്‍ ഛിദ്രമുണ്ടാക്കി- കൂടെ ചേര്‍ന്നവന്റെ കുതികാല്‍ വെട്ടി.
കോഴകൊടുത്തു കോട്ട പിടിച്ചു ഒത്താശ ചെയ്തവരുടെ ഒസ്യത്തുകള്‍ നശിപ്പിച്ചു. അന്യംനിന്ന രാജ്യങ്ങള്‍ അവശേഷിച്ച ബന്ധുക്കള്‍ക്ക് കൊടുക്കാതെ അതേപടി തട്ടിയെടുത്തു. മാത്രമല്ല. അവര്‍ പോയിടത്തെല്ലാം. ആസ്‌ത്രേലിയയിലും അമേരിക്കയിലും മെക്‌സിക്കോവിലും, സ്ഥലത്തെ ആദിമനിവാസികളെ അമ്പെയ്തുകൊന്നു, വെടിവച്ചു വീഴ്ത്തി, അവരുടെ വംശംതന്നെ കൊന്നൊടുക്കി.
ആഫ്രിക്കയില്‍ കാപ്പിരികളെ പതിയിരുന്നു റാഞ്ചി കൈകാല്‍ കെട്ടി വലിച്ചിഴച്ചു കപ്പലില്‍ കയറ്റി. ഓടി രക്ഷപ്പെടാതിരിക്കാന്‍ കുതികാലുകള്‍ ചെത്തി-ആളെ തിരിച്ചറിയാന്‍ കമ്പി പഴുപ്പിച്ചു പുറംഭാഗത്തു കുറിവരച്ചിട്ടു. അതില്‍ പിന്നെ അവരെ അമേരിക്കയിലെ കാലിച്ചന്തയില്‍ കൊണ്ടുപോയി ലേലംവിളിച്ചു വിറ്റു.
ചൈനയിലേയും മഞ്ചുരിയയിലേയും നാട്ടുകാരെ കറുപ്പുകൊടുത്തുമയക്കി അതിനുവേണ്ടി കുപ്രസിദ്ധങ്ങളായ ഓപ്പിയം യുദ്ധങ്ങള്‍ പോലും പൊരുതി. അതാതിടത്തെ സംസ്‌കാരത്തെയും ജനജീവിതത്തെയും അവര്‍ മിക്കവാറും തകര്‍ത്തുകളഞ്ഞു. അവര്‍ വിശ്വസിച്ചിരുന്ന ക്രിസ്തുവിനെത്തന്നെ അവര്‍ എന്നുമെന്നോണം ക്രൂശിലേറ്റി.
എന്നിട്ടും അവര്‍ക്ക് വിധിക്കപ്പെട്ടത് വിജയം. പിടിച്ച കയ്യില്‍ ചെങ്കോല്‍ വന്നു. ‘നീതിപാലകനായ’ ദൈവം അവര്‍ക്ക് സാമ്രാജ്യം കൊടുത്തു. നൂറ്റാണ്ടുനീണ്ടുനിന്ന സാമ്രാജ്യം. ലോകം കണ്ടതില്‍വച്ചേറ്റവും വലിയ സാമ്രാജ്യം-സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം.


ജന്മഭൂമി: http://www.janmabhumidaily.com/news640914#ixzz4jKQ8hTI9

No comments:

Post a Comment