Friday, June 02, 2017

മരണം മനുഷ്യന്റെ കൂടെപിറപ്പാണ്. മരണമില്ലാത്തവരായി ആരുമില്ല. മനുഷ്യന്റെ എല്ലാ ഭയങ്ങളുടേയും അടിസ്ഥാനം മരണമാണ്, മരണം എന്നൊന്നില്ലായിരുന്നുവെങ്കില്‍ നിങ്ങളെ നാലുകഷ്ണമായി നുറുക്കിയാലും നിങ്ങള്‍ മരിക്കുകയില്ലല്ലോ.
വാസ്തവത്തില്‍ മരണത്തെ ഭയക്കുന്നതെന്തിനാണ്? മരണം അത്ഭുതകരമായ ഒരു പ്രതിഭാസമല്ലേ? പലതിന്റേയും അവസാനമാണത്. ഇന്നത്തെ സ്ഥിതിക്ക് മരണത്തെ ഭയാനകമായ ഒന്നായി നിങ്ങള്‍ കാണുന്നുണ്ടാകും. എന്നാല്‍ ഒരായിരം വര്‍ഷമാണ് നിങ്ങളുടെ ആയുസ് എങ്കില്‍ തീര്‍ച്ചയായും മരണം വലിയ ആശ്വാസമായിരിക്കും. എവിടെയായാലും കുറെയേറെ നാള്‍ കഴിഞ്ഞാല്‍ ആളുകള്‍ ചോദിച്ചു തുടങ്ങും, ‘എന്താ, പോകുന്നില്ലേ?’
അകാലത്തില്‍ സംഭവിക്കുമ്പോഴാണ് അത് ദുഃഖത്തിന് ഹേതുവാകുന്നത്. ജീവിതം സര്‍ഗാത്മകതയോടെ ബാക്കി നില്‍ക്കുമ്പോള്‍, സമൂഹത്തിനുവേണ്ടി ഇനിയും പലതും നല്‍കാനുണ്ടാവുമ്പോള്‍, പെട്ടെന്ന് മരണത്തിലേക്കു വഴുതിവീഴാന്‍ ആരും ആഗ്രഹിക്കുന്നില്ല. പഞ്ചഭൂതാത്മകമായ ഈ ശരീരം, അവനവന്‍ തന്നെ പോഷിപ്പിച്ചെടുത്തത്, അതിനെക്കുറിച്ച് സ്വന്തമായുണ്ടാക്കിയെടുത്ത ധാരണകള്‍, ഇതെല്ലാം വളരെ ദൃഢമായിട്ടുള്ളതാണ്. അങ്ങനെയാകുമ്പോള്‍ പിന്നെ അതൊക്കെ പാടെ നഷ്ടപ്പെടുക എന്നത് ആര്‍ക്കായാലും ഉള്‍ക്കൊള്ളാനാകാത്തതാണ്.
എല്ലാംകൊണ്ടും ഉചിതമായ ഒരു മൂഹൂര്‍ത്തത്തില്‍ മരിച്ചുപോകണമെന്നാണ് ആഗ്രഹിക്കുന്നത് എങ്കില്‍ യോഗസാധനകള്‍ അനുഷ്ഠിച്ചാല്‍ മതി, മരണസമയം സ്വയം തീരുമാനിക്കാനാകും. അല്ലാത്തപക്ഷം ഒരു ചത്ത പക്ഷിയെ കണ്ടാലും ചാകാന്‍ കിടക്കുന്ന പട്ടിയെ കണ്ടാലും നിങ്ങളുടെ മനസ്സ് തളരും. കാരണം അത് നിങ്ങളെ നിങ്ങളുടെ മരണത്തെയാണ് ഓര്‍മിപ്പിക്കുന്നത്. ഇന്നലെ ഈ മുറ്റത്ത് പാറി നടന്നിരുന്ന പ്രാവ് ഇന്നിതാ ചത്ത് താഴെ കിടക്കുന്നു! സ്വന്തം സ്ഥിതിയും ഇതുതന്നെയല്ലേ, എന്നോര്‍ത്ത് നിങ്ങള്‍ക്ക് ഭയം തോന്നുന്നു. കാരണം താന്‍ വാരികൂട്ടിയ പലതുമായി നിങ്ങള്‍ താദാത്മ്യം പ്രാപിച്ചിരിക്കുന്നു. ഇത് ഞാനാണ്, ഇതെല്ലാം എന്റേതാണ് എന്ന മിഥ്യാധാരണ നിങ്ങളില്‍ വേരുറച്ചിരിക്കുന്നു. അത് കൈവിട്ടുകളയാന്‍ നിങ്ങള്‍ തയ്യാറല്ല.
നിങ്ങള്‍ ‘വാരികൂട്ടിയത്’ എന്നു ഞാന്‍ പറഞ്ഞതില്‍ ഒന്നാമത്തേത് നിങ്ങളുടെ ശരീരമാണ്. യഥാര്‍ത്ഥത്തില്‍ അത് ഈ ഭൂമിയുടെ ഒരംശം മാത്രമാണ്. ഈ മണ്ണുതന്നെയാണ് നിങ്ങളുടെ ശരീരമായിത്തീര്‍ന്നിട്ടുള്ളത്. അതുപോലെതന്നെയാണ് നിങ്ങളെന്ന വ്യക്തിയെ സംബന്ധിക്കുന്ന മറ്റുകാര്യങ്ങളും. വളരെയേറെ ദൃഢമായ ബന്ധങ്ങള്‍ ഒന്നും നഷ്ടപ്പെടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല.
നിങ്ങളുടെ ശരീരഭാരം സാമാന്യത്തേക്കാള്‍ വളരെയധികമാണ് എന്ന് കരുതൂ. അതില്‍ നിന്ന് പത്തു കിലോ കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കാം എന്ന് പറഞ്ഞാല്‍ നിങ്ങള്‍ സങ്കടപ്പെടുമോ അതോ സന്തോഷിക്കുമോ? പത്തുകിലോക്കു പകരം ശരീരഭാരം മൊത്തത്തില്‍ പോയാലൊ? ജീവിതത്തെ ശരിയായി മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ കരയാന്‍ വകയൊന്നുമില്ല. എന്തായാലും ഈ ശരീരം നിങ്ങളുടെ സമ്പാദ്യം എന്നല്ലാതെ അതൊന്നും നിങ്ങളായിരുന്നില്ല.
പക്ഷിമൃഗാദികളുടേതായാലും, മനുഷ്യന്റേതായാലും, ശവശരീരങ്ങള്‍ കേവലം മണ്ണുമാത്രമാണ്. അത് തിരിച്ച് മണ്ണായിത്തീരുന്നു. അതിനെ വലിയൊരു ദുരന്തനാടകമായി കാണേണ്ടതില്ല. ഒരു സ്വാഭാവിക പരിണാമമായി മാത്രം കണ്ടാല്‍ മതി. നിങ്ങള്‍ പെറുക്കികൂട്ടിയത് നിങ്ങള്‍ തിരിച്ചേല്‍പ്പിക്കുന്നു. അവ പലവിധം പരിണാമങ്ങള്‍ക്ക് പിന്നേയും വിധേയമാവുന്നു. സ്വന്തം ജനനവും, ജീവിതവും, മരണവും നിങ്ങളുടെ കാഴ്ചപ്പാടില്‍ മഹാസംഭവങ്ങളാകാം, എന്നാല്‍ ഭൂമിമാതാവിനെ സംബന്ധിച്ചിടത്തോളം അത് പരിണാമത്തിന്റെ ഓരോരോ ഘട്ടങ്ങളാണ്.
ഒരു ഘട്ടത്തില്‍ അത് നിങ്ങളെ പുറത്തേക്കു തള്ളുന്നു. പിന്നീടൊരു ഘട്ടത്തില്‍ നിങ്ങളെ അകത്തേക്കു വലിച്ചെടുക്കുന്നു. നിങ്ങള്‍ക്ക് അവനവനെ കുറിച്ച് വ്യത്യസ്തമായ ധാരണകളുണ്ടാകാം, എന്നാല്‍ എന്തെടുത്തുവോ അത് തിരിച്ചുകൊടുക്കുന്നു എന്നത് സാമാന്യ നിയമമാണ്. അത് നിങ്ങളും പാലിക്കണം. സാധനം ആരുടേതായാലും തിരിച്ചേല്‍പിക്കാന്‍ മറക്കരുത്. അത് നല്ലൊരു ശീലമാണ്. മരണവും അത്തരത്തിലുള്ള ഒരു ശീലമാണ്.


ജന്മഭൂമി

No comments:

Post a Comment