ഭക്തിയും ആദ്ധ്യാത്മികതയുമൊക്കെ അന്ധവിശ്വാസമാണ്, മനസ്സിന്റെ ദുര്‍ബ്ബലതയാണ്, ചൂഷണത്തിനുള്ള ഉപാധികളാണ് എന്നൊക്കെ വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. ശരിയായ ജിജ്ഞാസയെ ഉണര്‍ത്താന്‍ സഹായിക്കുന്നുവെങ്കില്‍ വിമര്‍ശനങ്ങള്‍ നല്ലതാണ്. അതിനുപകരിക്കാത്തവ കേവലം അന്ധമായ വിമര്‍ശനങ്ങള്‍ മാത്രമാണ്.
ഭക്തിയെന്നത് പ്രായോഗിക ശാസ്ത്രമാണ്; പ്രായോഗികമായ ഒരു ജീവിത രീതിയാണ്. വ്യക്തിജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും താളലയം കൊണ്ടുവരാന്‍ ഭക്തി വളരെയേറെ സഹായിക്കുന്നു. ദുഃഖങ്ങളും പ്രയാസങ്ങളുമുണ്ടാകുമ്പോള്‍ പലരും പൂജാമുറിയില്‍ ചെന്ന് ഇഷ്ടദേവനോട് സങ്കടങ്ങള്‍ പറയാറുണ്ട്, പ്രാര്‍ത്ഥിക്കാറുണ്ട്. വിശ്വാസമുള്ള ഒരാള്‍ക്ക് അത് സാന്ത്വനവും പ്രതീക്ഷയും ആത്മവിശ്വാസവും നല്കുന്നു.
ഒരു ബലൂണില്‍ അമിതമായി കാറ്റ് നിറച്ചാല്‍ അത് പൊട്ടിപ്പോകും. അതുപോലെ മനസ്സില്‍ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞാല്‍ ജീവിതത്തിന്റെ താളം തെറ്റും. സാധാരണ, നമ്മുടെ ആവലാതികള്‍ മറ്റുള്ള വ്യക്തികളോട് നമ്മള്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ പലപ്പോഴും അതിന്റെ ഫലം വലിയ തവളയെ ചെറിയ പാമ്പ് വിഴുങ്ങാന്‍ ശ്രമിക്കുന്നതുപോലെയുള്ള അവസ്ഥയാണ്.
ആശ്വാസത്തിനു പകരം ദുഃഖം ഒന്നുകൂടി വര്‍ദ്ധിക്കും. എന്നാല്‍ വിശ്വാസപൂര്‍വ്വം ഈശ്വരനെ ആശ്രയിച്ച് അവിടത്തോടു പ്രാര്‍ത്ഥിച്ചാല്‍ തീര്‍ച്ചയായും മനസ്സിന് ശാന്തി ഉണ്ടാകും. ഇങ്ങനെ മനസ്സിന്റെ ഭാരങ്ങള്‍ ഇറക്കിവെയ്ക്കാനും തളര്‍ന്ന മനസ്സിനെ ഉദ്ധരിക്കാനുമുള്ള പ്രായോഗിക മാര്‍ഗ്ഗമാണ് ഭക്തി.
ഭക്തന്‍ തന്റെ ഇഷ്ടമൂര്‍ത്തിയെ ഓര്‍ത്ത് കരയുന്നത് ഒരിക്കലും ദുര്‍ബ്ബലതയല്ല. മെഴുകുതിരി ഉരുകുമ്പോള്‍ അതിന്റെ പ്രകാശം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അതുപോലെ ഭക്തിയിലൂടെ ജീവിത പ്രശ്‌നങ്ങള്‍ നേരിടാനുള്ള ശക്തി നമ്മള്‍ സംഭരിക്കുകയാണ് ചെയ്യുന്നത്.
വ്യക്തികളിലുണ്ടാകുന്ന സ്വഭാവസംസ്‌കരണമാണ് ഭക്തികൊണ്ടുള്ള മറ്റൊരു പ്രയോജനം.
വ്യക്തികളിലുണ്ടാകുന്ന സ്വഭാവസംസ്‌കരണമാണ് ഭക്തികൊണ്ടുള്ള മറ്റൊരു പ്രയോജനം.
നമ്മള്‍ ഏറ്റവും അധികം സ്‌നേഹിക്കുന്ന വ്യക്തി എന്തു പറഞ്ഞാലും നമ്മള്‍ അനുസരിക്കും. സ്‌നേഹിക്കുന്ന പെണ്‍കുട്ടി പറയുകയാണ്. ”എന്നോടിഷ്ടമുണ്ടെങ്കില്‍ സിഗരറ്റുവലി ഉപേക്ഷിക്കണം” എന്ന്. ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന വ്യക്തിയാണെങ്കില്‍ അയാള്‍ ഉടനെ ആ ശീലം ഉപേക്ഷിക്കും. പലരും ഇത്തരത്തില്‍ ദുശ്ശീലങ്ങള്‍ ഉപേക്ഷിച്ചു കണ്ടിട്ടുണ്ട്. ചിലര്‍ പറയാറുണ്ട്, ”ഞാന്‍ കുടിക്കുന്നത്. അവള്‍ക്കിഷ്ടമല്ലെടോ. അതുകൊണ്ടു നിര്‍ത്തി.” ഇത് ദൗര്‍ബ്ബല്യമല്ലേ എന്ന് ചോദിക്കാം.
എന്നാല്‍ ഈ തീരുമാനത്തിന്റെ പ്രയോജനം നോക്കുമ്പോള്‍ തീര്‍ച്ചയായും അതു ദൗര്‍ബ്ബല്യമല്ല. മറിച്ച് ശക്തിയാണത്. തെറ്റുകള്‍ ചെയ്യാതിരിക്കാനും നല്ല കാര്യങ്ങള്‍ ചെയ്യുവാനും ഭക്തിയും വിശ്വാസവും കാരണമാകുന്നു. ട്രാഫിക് നിയമങ്ങള്‍ ഉള്ളതുകൊണ്ടാണ് റോഡപകടങ്ങള്‍ കുറയുന്നത്. പോലീസും കോടതിയും ഉള്ളതുകൊണ്ടാണ് കുറ്റകൃത്യങ്ങള്‍ ഇത്രയെങ്കിലും കുറഞ്ഞിരിക്കുന്നത്.
അതുപോലെ ഭക്തിയും ആദ്ധ്യാത്മികതയും സമൂഹത്തിന്റെ താളലയം നിലനിര്‍ത്തുന്നു. കൂടാതെ ധര്‍മ്മബോധവും മൂല്യബോധവും ജനങ്ങളില്‍ വളരുന്നു. എല്ലാ ഭക്തിമാര്‍ഗ്ഗങ്ങളും വ്യക്തിക്ക് സമൂഹത്തോടുള്ള കടമയ്ക്ക് ഊന്നല്‍ നല്‍കുന്നുണ്ട്. ഈശ്വര ഭക്തിയും സഹജീവികളോടും സാധുക്കളോടുമുള്ള കാരുണ്യവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍ പോലെയാണ്. ഒന്നുണ്ടെങ്കില്‍ മറ്റതും ഉണ്ടാകും.
പാവങ്ങളോടു കാട്ടുന്ന കാരുണ്യമാണ് ഈശ്വരനുള്ള യഥാര്‍ത്ഥപൂജ. അമിതമായി സമ്പാദിക്കണമെന്നുള്ള മോഹം ഉപേക്ഷിക്കാനും മിച്ചം വരുന്ന പണം സാധുസേവനത്തിന് ഉപയോഗിക്കാനും ഭക്തി പ്രേരകമാകുന്നു. നമ്മുടെ നാട്ടിലെ ഭക്തിപരമായ എല്ലാ ചടങ്ങുകളുടെയും ഭാഗമാണ് ചുറ്റുമുള്ള സാധുക്കള്‍ക്ക് എന്തെങ്കിലും ദാനം ചെയ്യുക എന്നത്. ശബരിമലയ്ക്ക് ഇരുമുടിക്കെട്ട് തലയില്‍ വെയ്ക്കുമ്പോള്‍ കുട്ടികള്‍ക്ക് നാണയങ്ങള്‍ കൈനിറയെ കൊടുക്കും.
ഹോമങ്ങളും പൂജകളും കഴിഞ്ഞാല്‍ പാവപ്പെട്ടവര്‍ക്ക് വയറ് നിറച്ച് ഭക്ഷണം നല്കുകയും ദാനധര്‍മ്മങ്ങള്‍ നടത്തുകയും പതിവുണ്ട്. ഇങ്ങനെ സമൂഹബോധത്തെയും ജീവകാരുണ്യത്തെയും വളര്‍ത്താന്‍ ഭക്തിയിലൂടെ സാധിക്കുന്നു. കള്ളം പറഞ്ഞാല്‍ കണ്ണു പൊട്ടുമെന്ന് കുട്ടികളോട് പറയാറുണ്ട്. അത് സത്യമല്ലെങ്കിലും കുഞ്ഞുങ്ങളെ നല്ല മാര്‍ഗ്ഗത്തിലേയ്ക്കു കൊണ്ടുവരാന്‍ നിര്‍ദ്ദോഷമായ ഒരു അസത്യം സഹായിക്കുന്നില്ലേ?
ഭക്തിയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ക്കു യുക്തികണ്ടെത്താന്‍ കഴിയാത്തിടത്തും അവ മൂലം ജനങ്ങള്‍ക്കു പലതരത്തിലുള്ള പ്രയോജനം ഉണ്ടാകുന്നുണ്ട് എന്നത് നമ്മുടെ അനുഭവമാണല്ലോ.
ഭക്തിയും ആദ്ധ്യാത്മികതയും ചൂഷണത്തിനുള്ള ഉപാധികളായി ഉപയോഗിക്കുന്ന ചിലരുണ്ടാകാം. നല്ല നാണയങ്ങള്‍ക്ക് മൂല്യമുള്ളതുകൊണ്ടാണല്ലോ കള്ളനാണയങ്ങള്‍ ഉണ്ടാകുന്നത്.
ഭക്തിയും ആദ്ധ്യാത്മികതയും ചൂഷണത്തിനുള്ള ഉപാധികളായി ഉപയോഗിക്കുന്ന ചിലരുണ്ടാകാം. നല്ല നാണയങ്ങള്‍ക്ക് മൂല്യമുള്ളതുകൊണ്ടാണല്ലോ കള്ളനാണയങ്ങള്‍ ഉണ്ടാകുന്നത്.
മോഷണത്തിനുള്ള വഴികള്‍ വിവരിക്കുന്ന ചില പുസ്തകങ്ങള്‍ ഉള്ളതുകൊണ്ട് എല്ലാ പുസ്തകങ്ങളും നിരോധിക്കണം എന്നുപറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ. പ്രേമവും വിശ്വാസവും മനുഷ്യനു ലഭിച്ചിട്ടുള്ള ഏറ്റവും വലിയ നിധിയാണ്. അവയില്ലാത്ത ജീവിതം മേക്കപ്പിട്ട ശവംപോലെ നിര്‍ജ്ജീവമാണ്. യുക്തിയും ബുദ്ധിയും വേണ്ട എന്നല്ല, അവയ്ക്ക് അവയുടേതായ സ്ഥാനമുണ്ട്. എന്നാല്‍ ബുദ്ധിയുടെ കസര്‍ത്തല്ല, പ്രായോഗിക യുക്തിയാണ് നമുക്കിന്ന് ആവശ്യം.
ഈശ്വരന്‍ ഉണ്ടോ ഇല്ലയോ എന്ന് ചര്‍ച്ചചെയ്തു തീരുമാനിക്കുന്നതിനു പകരം മനുഷ്യന് ദുഃഖമുണ്ടോ എന്ന് അന്വേഷിക്കുന്നതായിരിക്കും ഉത്തമം. ആ ദുഃഖം പരിഹരിക്കാനുള്ള പ്രായോഗികമായ മാര്‍ഗ്ഗം എന്താണെന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്. തന്റെ ദുഃഖത്തിന് തന്നില്‍ തന്നെ പരിഹാരം കണ്ടെത്തുന്ന മാര്‍ഗ്ഗമാണ് ഭക്തി. അതിന്റെ പ്രസക്തിയും പ്രയോജനവും എന്നെന്നും നിലനില്‍ക്കുന്നതാണ്.
ജന്മഭൂമി: http://www.janmabhumidaily.com/news639203#ixzz4j7x65ujk
No comments:
Post a Comment