Monday, June 05, 2017

ഗംഗാദേവി. ലോകത്തിന്റെ പാപങ്ങള്‍ സ്വയം ഏറ്റെടുത്തു നശിപ്പിക്കുന്ന ഗംഗാനദിയായി രൂപം സ്വീകരിച്ചവള്‍. ഗംഗാ എന്ന നാമത്തെ ആചാര്യന്മാര്‍ പലതരത്തില്‍ നിര്‍വചിക്കുന്നു. ”ഗാം ഗതാ ഗംഗാ ഇതി ഉച്യതേ” (ഭൂമിയില്‍ എത്തിയതുകൊണ്ടു ഗംഗാ എന്നു പറയപ്പെടുന്നു) എന്നും വരാഹപുരണാം. ”ഗമ്യതേ ജനൈഃ ഇതി ഗംഗാ (ജനങ്ങളാല്‍ പാപപരിഹാരത്തിനായി) ഗമിക്കപ്പെടുന്നതുകൊണ്ടു ഗംഗാ എന്നു നാരായണ ഭട്ടതിരി. ”ഗമനാത് ഗംഗാ” (ഒഴുകുന്നതുകൊണ്ട് ഗംഗാ). ഈ നിര്‍വചനം സ്വീകരിച്ചാല്‍ എല്ലാ നദികളും ഗംഗയാണ്.
ഗംഗയുടെ ഉത്പത്തി കഥ ഇങ്ങനെയാണ്. വാമനാവതാരത്തില്‍ വടുരൂപിയായ വിഷ്ണുഭഗവാന്‍ മൂന്നു ലോകങ്ങളും രണ്ടു ചുവടുവയ്പുകള്‍കൊണ്ട് അളക്കുന്നതിനായി ത്രിവിക്രമനായി വളര്‍ന്നപ്പോള്‍ ഭഗവാന്റെ ഉയര്‍ത്തിയ പാദം ബ്രഹ്മലോകത്തിലെത്തി. തന്റെ മുന്നില്‍ ഉയര്‍ന്ന വിഷ്ണുപാദത്തെ ബ്രഹ്മദേവന്‍ തന്റെ കമണ്ഡലുവിലെ ജലംകൊണ്ട് ആദരവോടെ അഭിഷേകം ചെയ്തു. വിഷ്ണുവിന്റെ പാദസ്പര്‍ശം കൊണ്ടു പവിത്രയായ ഗംഗ സ്വര്‍ഗത്തിന്റെ ജലസ്രോതസ്സായി സ്വര്‍ഗ്ഗംഗ എന്നപേരില്‍ അറിയപ്പെട്ടു.
പില്‍ക്കാലത്ത് ഭഗീരഥന്‍ തന്റെ പിതൃക്കളുടെ മോക്ഷത്തിനായി ഗംഗയെ ഭൂമിയിലേക്കും അവിടെനിന്നു പാതാളത്തിലും കൊണ്ടുപോകാന്‍ പരിശ്രമിച്ചു. ഭഗീരഥന്റെ നിശ്ചയദാര്‍ഢ്യവും സുദീര്‍ഘമായ തപസ്സുംകൊണ്ടു സംപ്രീതയായ ഗംഗ ഭൂമിയിലേക്കിറങ്ങാന്‍ സമ്മതിച്ചു. പക്ഷേ ഗംഗയുടെ പ്രവാഹഭാരം താങ്ങാന്‍ ഭൂമിക്കു കഴിവില്ലെന്നറിഞ്ഞ ഭഗീരഥന്‍ ശ്രീപരമേശ്വരനെ പ്രസാദിപ്പിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. ഭഗവാന്റെ ശിരസ്സില്‍ പതിച്ച ഗംഗാ പ്രവാഹത്തിന് ഭഗവാന്റെ ജടാഭാരത്തിനു പുറത്തുവരാന്‍ കഴിഞ്ഞില്ല. ഭഗീരഥന്‍ വീണ്ടും ഭഗവാന്‍ തന്റെ ജടകളുടെ തുമ്പിലൂടെ ഗംഗാജലത്തെ പുറത്തുവിട്ടു. ജടയില്‍നിന്നു ശരീരത്തിലെ വിഭൂതി ഏറ്റു വാങ്ങിയ ഗംഗ ഭാരതവര്‍ഷത്തിലെ ജനങ്ങളുടെ പാപം നശിപ്പിക്കുന്ന പുണ്യ പ്രവാഹമായി. വിഷ്ണുവിന്റേ പാദരജസ്സും ശിവ ശരീരത്തിലെ ഭസ്മധൂളിയും ഭഗീരഥന്റെ തപോബലവുംകൊണ്ടു പാവനയായ ഗംഗാ ഭാരതത്തിന്റെ ഐശ്വര്യമാണ്.
564. ഭുവനപാവനീ – ഭുവനങ്ങളെ പാവനമാക്കുന്നവള്‍. ബ്രഹ്മകമണ്ഡലുവിലുണ്ടായി വിഷ്ണുപാദധൂളിയേറ്റു വാങ്ങി സ്വര്‍ഗ്ഗത്തെ പാവനമാക്കിയ ഗംഗ ശിവശരീരത്തിലെ വിഭൂതി കൂടി സ്വീകരിച്ച് ഭൂമിയെയും പാതാളത്തെയും പാവനമാക്കി. ഗംഗാജലത്തിന്റെ ഒരു തുള്ളി കുടിക്കാനോ ഗംഗയെ സ്മരിക്കാനോ ഭാഗ്യമുള്ളവരുടെ പാപങ്ങള്‍ നശിക്കും. മൂന്നു ലോകങ്ങളെയും പാവനമാക്കുന്നവളാകയാല്‍ ഭുവനപാവനീ എന്നു നാമം.


ജന്മഭൂമി: http://www.janmabhumidaily.com/news293928#ixzz4j7xyX2AZ

No comments:

Post a Comment