Thursday, June 22, 2017

”ഹോ! എന്തെല്ലാം ജോലികള്‍? ഭഗവാനെ ഓര്‍ക്കാന്‍ പോലും സമയം കിട്ടുന്നില്ല.” എന്ന് ആരും വേവലാതിപ്പെടേണ്ടതില്ല. സമുദ്രത്തിലെ തിരമാല ഒന്നടങ്ങീട്ട്. സമുദ്രസ്‌നാനം ചെയ്യാന്‍ സാധിക്കുകയില്ല എന്ന് നാം ഓര്‍ക്കണം. ചെറുതും വലുതുമായ തിരകള്‍ക്കിടയില്‍ക്കൂടി ഓടിച്ചെന്ന് സ്‌നാനം ചെയ്യുകയേ വഴിയുള്ളൂ. ഇത്തരം ഒരുപായമാണ് ഭഗവാന്‍ പറയുന്നത്.
യത്കരോഷി, തത്മദര്‍പ്പണം കുരുഷ്വ
അര്‍ജുന, നീ ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും എന്നില്‍ സമര്‍പ്പിക്കപ്പെടും വിധത്തില്‍ തന്നെ ചെയ്യുക. എങ്ങനെയാണ് ചെയ്യേണ്ടത്?
രാവിലെ ഉറക്കമുണര്‍ന്നാല്‍ ഉടനെ നാമം ജപിക്കുക. ”ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ…
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ”.
അപ്പോള്‍ ഉറക്കം എന്ന ലൗകിക കര്‍മ്മം ഭഗവാനില്‍ അര്‍പ്പിതമായി. ശരീരം ശുദ്ധിയാക്കുമ്പോള്‍-പല്ലുതേപ്പ്, നാക്ക് വടിക്കുക മുതലായവ ചെയ്യുമ്പോള്‍, ഭഗവന്നാമം ജപിക്കാന്‍ വേണ്ടിയാണ് ഈ കര്‍മ്മം ചെയ്യുന്നത് എന്ന ബോധത്തോടെ ചെയ്യുക. സ്‌നാനം ചെയ്യുമ്പോള്‍ ശരീരം വൃത്തിയാക്കിയ ശേഷം, കൈക്കുടന്നയില്‍ നിറയെ വെള്ളമെടുത്ത്
ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നര്‍മ്മദേ സിന്ധു കാവേരി
ജലേളസ്മിന്‍ സന്നിധിം കുരു
എന്ന മന്ത്രം ചൊല്ലി ഏഴു പുണ്യനദികളോടും ഈ ജലത്തില്‍ സാന്നിദ്ധ്യം അരുളണേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടു മൂന്നുവട്ടം തലയില്‍ ഒഴിക്കുക. എന്നാല്‍ സ്‌നാനം എന്ന കര്‍മ്മം ഭഗവാനില്‍ അര്‍പ്പിതമായി. കോടിവസ്ത്രം-വെള്ളവസ്ത്രം-ഭഗവാനില്‍ ചാര്‍ത്തിയതിനുശേഷം മാത്രം നാം പ്രസാദമായി ഉടുത്തു തുടങ്ങുക. ക്ഷേത്രത്തിലെ വിഗ്രഹത്തിലോ സ്വന്തം ഗൃഹത്തിലെ പൂജാമുറിയിലെ ശ്രീകൃഷ്ണ വിഗ്രഹത്തിലോ ചാര്‍ത്തി പ്രസാദമാക്കാം. ഭഗവാനില്‍ അഭിഷേകം ചെയ്തതോ, മുഖത്തു മാത്രം ചാര്‍ത്തിയതോ ആയ ചന്ദനം നെറ്റിയില്‍ ചാര്‍ത്തുക, അര്‍ച്ചന, പ്രസാദ പുഷ്പം ശിരസ്സിലും വലത്തെ ചെവിയിലും ധരിക്കുക. ഇപ്പോള്‍ അലങ്കാരമെന്ന കര്‍മ്മവും ഭഗവദര്‍പ്പിതമായ ആരോഗ്യസിദ്ധിക്കുവേണ്ടി നടത്തം ഒഴിവാക്കാന്‍ പറ്റുകയില്ലെങ്കില്‍ ക്ഷേത്രത്തിലേക്ക് നടക്കുക, ക്ഷേത്രത്തില്‍ പ്രദക്ഷിണം വെയ്ക്കുക, ഭഗവാനില്‍നിന്ന് പ്രവഹിക്കുന്ന ചൈതന്യം നമ്മുടെ ദേഹത്തില്‍ സ്പര്‍ശിച്ചാല്‍ മാത്രമേ, ആരോഗ്യം സ്ഥിരമായി നില്‍ക്കുകയുള്ളൂ.
ഭക്ഷണ സാധനങ്ങള്‍, പാല്‍, പഴം, പായസം, അന്നം, കാര്‍ഷികോത്പന്നങ്ങള്‍ ഇവ ഭഗവാന് നിവേദിച്ച്, നിവേദ്യ പ്രസാദമാക്കി, നാം അവ മാത്രം ഭക്ഷിക്കുക. സൗകര്യം ഇല്ലെങ്കില്‍ ആദ്യം ഭഗവത് പ്രസാദം ഭക്ഷിച്ചുകൊണ്ടു ആരംഭിക്കുക. മാംസം, മദ്യം, മുട്ട, ലഹരി പദാര്‍ത്ഥങ്ങള്‍ ചായ, കാപ്പി, ഉള്ളി, കായം മുതലായ തമോഗുണ പ്രധാനങ്ങളായ പദാര്‍ത്ഥങ്ങള്‍ ഭഗവാന് നിവേദിക്കാന്‍ പറ്റില്ല എന്നും നാം കഴിക്കാനേ പാടില്ല എന്നും എപ്പോഴും ഓര്‍മിക്കുക. ഇങ്ങനെ ഭക്ഷണം ഭഗവദര്‍പ്പിതമാക്കി മാറ്റാന്‍ കഴിയും- അതാണ് – ”യദ് അശ്‌നിസി, തത് കുരുഷ്വമദര്‍പ്പണം” എന്ന് ഭഗവാന്‍ പറഞ്ഞത്.


ജന്മഭൂമി: http://www.janmabhumidaily.com/news655395#ixzz4knGwCtpi

No comments:

Post a Comment