Wednesday, June 07, 2017

പൂജാദി കാര്യങ്ങളിലുള്ള അനുരാഗമാണ് ഭക്തിയെന്ന് പരാശരപുത്രനായ ശ്രീവേദവ്യാസന്‍ അഭിപ്രായപ്പെടുന്നു. മനസാ, വാചാ, കര്‍മണാ ഭഗവത് പ്രേമത്തില്‍ ലയിക്കുന്നതിനെയാണ് ശ്രീവേദവ്യാസന്‍ നോക്കിക്കാണുന്നത്. എല്ലാ ഇന്ദ്രിയങ്ങളും ഭഗവത് കര്‍മത്തിലേക്ക് ശ്രദ്ധിക്കണം. കണ്ണുകള്‍ ഭഗവത് വിഗ്രഹങ്ങള്‍ കാണാനുള്ളതാണ്.
കാതുകള്‍ ഭഗവത് കീര്‍ത്തനങ്ങള്‍ കേള്‍ക്കാനുള്ളവ. നാവ് ഭഗവത് സ്‌തോത്രങ്ങളും നാമങ്ങളും ആലപിക്കാനുള്ളതും. മൂക്ക് ഭഗവത് സാന്നിദ്ധ്യം ആസ്വദിക്കാനുള്ളതാണ്. അവിടെ ഭഗവത് പൂജയുടെ ചന്ദനാദികളും കര്‍പൂരം, അഷ്ടഗന്ധം ഇത്യാദികളും പൂഷ്പങ്ങളും ആസ്വദിക്കാം.
ഭഗവത് രൂപങ്ങളെ മനസില്‍ കണ്ട് ആസ്വദിച്ച് കോള്‍മയിര്‍ക്കൊള്ളാനുള്ളതാണ് സ്പര്‍ശനസുഖം. ഭഗവാന് നിവേദിച്ച വസ്തുക്കള്‍ മാത്രം രസനകള്‍ ആസ്വദിക്കണം. ഏതൊരു വസ്തുവും ഭഗവാന് നിവേദിച്ചു മാത്രം ആസ്വദിക്കുക. കയ്യുകള്‍ ഭഗവാനെ വന്ദിക്കാന്‍ മാത്രം.
മെയ്യ് ഭഗവാനെ തമസ്‌കരിക്കാന്‍. കാലുകള്‍ ഭഗവത് ക്ഷേത്രങ്ങളിലണയാന്‍ മാത്രം. ഇതാണ് വ്യാസരീതി.മനസ് ഭഗവത് ചിന്തയില്‍ ആനന്ദനടനമാടാനുള്ളതാണന്ന് വ്യാസന്‍ വ്യാഖ്യാനിക്കുന്നു.
പൃഥ്യാത്മനേഗന്ധം കല്‍പകാമി, ആകാശാത്മനേ പുഷ്പം കല്‍പകാമി ഇത്യാദി എല്ലാ ഉപചാരങ്ങളും ഭഗവാനിലേക്ക് സമര്‍പ്പിച്ച് എല്ലാ അവയവങ്ങളും ഭഗവത് പൂജക്കായി ഉപയോഗിച്ച് സമര്‍പ്പിക്കണമെന്ന് വേദവ്യാസന്‍ ഉദ്‌ബോധിപ്പിക്കുന്നു.
ലൗകീക സുഖങ്ങളെല്ലാം തന്നെ ഭഗവാനിലേക്ക് സമര്‍പ്പിച്ച് പ്രേമപൂര്‍വം ഭഗവാനിലേക്ക് സമീപിക്കുമ്പോഴുള്ള ആനന്ദത്തിനാണ് അദ്ദേഹം പ്രാധാന്യം കൊടുക്കുന്നത്.
സര്‍വസമര്‍പ്പണമാണ് മഹാബലിയുടെ കഥയിലൂടെ വ്യാസന്‍ അവതരിപ്പിക്കുന്നത്. സുദാമാ ചരിതത്തിലും ഇതുതന്നെ വ്യാസന്‍ അവതരിപ്പിക്കുന്നു. എന്നാല്‍ പ്രാചീനബര്‍ഹിസിന്റേതുപോലെ ലൗകീകമായ കര്‍മം മാത്രമായാല്‍ പൂജയാകില്ല. മനസ്സിന്റെ സമര്‍പണം വന്നാല്‍ മാത്രമേ അത് പൂജയാകൂ.
എല്ലാം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ തെറ്റുകുറ്റങ്ങള്‍ക്ക് അമരപ്രഭുവെന്നത് മരപ്രഭുവുമാണെന്ന് ഭഗവാന്‍ തന്നെ വ്യക്തമാക്കുന്ന തലത്തിലേക്ക് നമ്മളെ ആനയിക്കും.


ജന്മഭൂമി: http://www.janmabhumidaily.com/news640219#ixzz4jMFLTzxL

No comments:

Post a Comment