നീലകണ്ഠതീര്‍ത്ഥപാദരുടെ സമാധിവിവരം അറിഞ്ഞ് ശ്രീനാരായണ ഗുരുദേവന്‍ 1921 ഓഗസ്റ്റ് 18ന് ആലുവ അദ്വൈതാശ്രമത്തില്‍ നിന്ന് പരമഹംസ തീര്‍ത്ഥപാദര്‍ക്ക് ഒരു കത്തെഴുതി, ‘പ്രണയമിത്രമായ തീര്‍ത്ഥരുടെ ദേഹവിശ്ലേഷത്തെക്കുറിച്ച് അനുശോചിക്കുന്നു. ഈ സംഭവം ഉണ്ടാകുന്നതിനു മുമ്പായി വിവരം അറിയിക്കാതിരുന്നതിനാല്‍ വന്നു കാണാന്‍ സാധിക്കാത്തതില്‍ വ്യസനിക്കുകയും ചെയ്യുന്നു’. ഗുരുവുമായി നീലകണ്ഠ തീര്‍ത്ഥപാദര്‍ക്കുണ്ടായിരുന്ന ഊഷ്മളബന്ധത്തിന്റെ മകുടോദാഹരണമാണ് മൂവാറ്റുപുഴ ശ്രീകുമാര ഭജനക്ഷേത്രത്തിലെ വേല്‍ പ്രതിഷ്ഠ. ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കു ഗുരുവിനെ ക്ഷണിക്കാനെത്തിയവരോട് അദ്ദേഹം പറഞ്ഞു, ‘അതിനു പറ്റിയ ആള്‍ മൂവാറ്റുപുഴയില്‍ തന്നെയുണ്ട്. അദ്ദേഹത്തെ സമീപിക്കുക’.
അങ്ങനെയാണ് തീര്‍ത്ഥപാദര്‍ ഒരു പൂയം നാളില്‍ ശ്രീകുമാരഭജന ക്ഷേത്രത്തില്‍ വേല്‍പ്രതിഷ്ഠ നടത്തുന്നത്. സുബ്രഹ്മണ്യോപാസകരും ശൈവവേദാന്തികളുമായ ചട്ടമ്പിസ്വാമികളെയും ശ്രീനാരായണ ഗുരുവിനെയും സമാരാധിക്കുകയായിരുന്നു, നീലകണ്ഠതീര്‍ത്ഥപാദര്‍, വേല്‍പ്രതിഷ്ഠയിലൂടെ. നീലകണ്ഠതീര്‍ത്ഥപാദരുടെ 96-ാം സമാധിദിനമാണ് ജൂലൈ 27. മദ്ധ്യതിരുവിതാംകൂറിലെ പ്രശസ്ത നായര്‍ തറവാടുകളിലൊന്നാണ് കരുനാഗപ്പള്ളി പുന്നക്കുളം കരയിലുള്ള താഴത്തോട്ടത്തു ഭവനം. അവിടുത്തെ ഗൃഹനാഥനായിരുന്ന വേലുപ്പിള്ളയാണ് താന്‍ ഗുരുനിര്‍വിശേഷമായ ഭക്തിയോടെ കണ്ടിരുന്ന നീലകണ്ഠ തീര്‍ത്ഥപാദസ്വാമികളുടെ സമാധിപീഠം പണി കഴിപ്പിച്ചത്. ചട്ടമ്പിസ്വാമികള്‍ തന്നെയാണ് സമാധി പീഠത്തില്‍ ശിവലിംഗപ്രതിഷ്ഠ നിര്‍വഹിച്ചത്. സ്വാമികള്‍ അതിനു മുമ്പോ പിന്നീടോ ഒരു പ്രതിഷ്ഠയും നടത്തിയിട്ടില്ല.
നീലകണ്ഠ തീര്‍ത്ഥപാദ സമാധിപീഠത്തിന്റെ ഭരണ നടത്തിപ്പിനായി തീര്‍ത്ഥപാദ പരമഹംസസ്വാമികള്‍, താഴത്തോട്ടത്തു മഠത്തില്‍ വേലുപ്പിള്ള തുടങ്ങിയ ചട്ടമ്പിസ്വാമികളുടെ ശിഷ്യ-പ്രശിഷ്യന്മാര്‍ അടങ്ങിയ ഒരു ട്രസ്റ്റ് 1928-ല്‍ (1103 മിഥുനമാസം 11) രൂപീകരിച്ചു. ഈ സമാധിപീഠത്തിന്റെ ഉന്നതിക്കുവേണ്ടി പ്രയത്‌നിച്ച മഹാത്മാവായിരുന്നു, പ്രശസ്ത സംസ്‌കൃത പണ്ഡിതനായ പന്നിശേരി നാണുപിള്ള. ഇദ്ദേഹവും ശ്രീവര്‍ദ്ധനത്ത് കൃഷ്ണപിള്ളയും ചേര്‍ന്നെഴുതിയ ‘ശ്രീ നീലകണ്ഠ തീര്‍ത്ഥപാദസ്വാമിചരിത്രസമുച്ചയം’ മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ജീവചരിത്ര ഗ്രന്ഥമെന്ന് പറയപ്പെടുന്നു. വള്ളികുന്നം ആറമ്പിലെ കാരണവരായിരുന്ന ഗോവിന്ദനുണ്ണിത്താനായിരുന്നു നീലകണ്ഠതീര്‍ത്ഥപാദരുടെപ്രഥമശിഷ്യന്‍.
അദ്ദേഹം ‘ഗോവിന്ദസ്ഥാനേശ്വരന്‍’ എന്നും ‘ഗോവിന്ദ ബ്രഹ്മാനുഭൂതി’ എന്നും അറിയപ്പെട്ടിരുന്നു. ചട്ടമ്പിസ്വാമികള്‍ 1903-ല്‍ നീലകണ്ഠതീര്‍ത്ഥ പാദരും മറ്റു ചില ഭക്തന്മാരുമായി വള്ളികുന്നത്തു നിന്നും ശാസ്താംകോട്ടയിലേക്കു നടത്തിയ കാല്‍നടയാത്ര ചരിത്രപ്രസിദ്ധമാകേണ്ടതായിരുന്നു. ചട്ടമ്പിസ്വാമികള്‍ക്ക് എതിരെ വന്ന ഒരു പാവത്തിനെ അയിത്തത്തിന്റെ പേരില്‍ ആട്ടിപ്പായിക്കാന്‍ ശ്രമിച്ചവരെ സ്വാമികള്‍ ശാസിക്കുകയും ശാസ്താംകോട്ടയിലെ ആല്‍ചുവട്ടിലിരുന്ന് ‘അയിത്തം അറബിക്കടലില്‍ തള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നു’വെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നീലകണ്ഠ തീര്‍ത്ഥപാദര്‍ 1907-ലാണ് അദ്വൈത സഭ സ്ഥാപിച്ചത്.
കരുനാഗപ്പള്ളിയായിരുന്നു സഭയുടെ പ്രധാന കേന്ദ്രം. അദ്വൈത ദര്‍ശനം അടിസ്ഥാനമാക്കി സാമൂഹിക നവോത്ഥാനം വിഭാവനം ചെയ്യുന്ന ഒരു വിചാരപദ്ധതിയായിട്ടാണ് സഭയുടെ ആവിര്‍ഭാവം. ഓരോ വിഷയത്തെക്കുറിച്ചുമുള്ള ആധികാരിക പ്രഭാഷണത്തിനു ശേഷം ചോദ്യോത്തര വേളകള്‍ സഭയില്‍ സംഘടിപ്പിച്ചിരുന്നു. എല്ലാ ജീവചൈതന്യങ്ങളിലും കുടികൊള്ളുന്നത് ഒരേ പരമാത്മബോധം തന്നെയാണെന്ന അദ്വൈതദര്‍ശനം പ്രചരിപ്പിക്കുവാന്‍ ആരംഭിച്ച അദ്വൈത സഭ കുറച്ചു കാലമേ പ്രവര്‍ത്തിച്ചുള്ളൂ. ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാളനാട്ടില്‍ രൂപപ്പെട്ട അദ്വൈതപ്രസ്ഥാനങ്ങളില്‍ ആദ്യത്തേതായിരുന്നു അദ്വൈത സഭ എന്ന വസ്തുതയ്ക്ക് ഇനിയും ചരിത്രമുദ്ര ചാര്‍ത്തിക്കിട്ടേണ്ടിയിരിക്കുന്നു. ‘ഉദാസീനത അവിടുത്തേക്ക് ഒരുകാര്യത്തിലും കാണുന്നില്ലല്ലോ’ എന്ന പന്നിശ്ശേരിയുടെ ചോദ്യത്തിന് നീലകണ്ഠ തീര്‍ത്ഥപാദര്‍ ഇപ്രകാരം പറയുകയുണ്ടായി, ‘വേദാന്തികള്‍ ഉദാസീനന്മാരായിരിക്കുമെന്ന് ചിലര്‍ക്കൊരു വയ്പ്പുണ്ട്- അത് ചുമ്മാതന്നെ.
ഉദാസീനന്മാരെപ്പോലെ ഇരിക്കും എന്നല്ലാതെ അത് നിയതസ്വഭാവമല്ല. കഷ്ടസാദ്ധ്യമായാലും കൃത്യത്തില്‍ നിന്ന് ഫലഃപര്യന്തം പിന്മാറുകയുമില്ല. പകല്‍കൊണ്ട് അവസാനിക്കാത്ത പ്രവൃത്തി തീര്‍ന്നില്ലെങ്കില്‍ ഉറക്കം ഉപേക്ഷിച്ചും തീര്‍ക്കും. ഇന്ന സമയം പരിപൂര്‍ത്തി എന്ന നിശ്ചയം തെറ്റിയാല്‍ ഉറങ്ങുക വളരെ പ്രയാസം. വ്യാകുലതയിലായാലും നാലഞ്ചു സെക്കന്റില്‍ കൂടുതല്‍ മനസ്സിനെ ശരിയാക്കാന്‍ സമയം വേണ്ടിവരികയില്ല. പിന്നെ ഇത്തരം കാര്യങ്ങളിലുള്ളത് ജാഗ്രത മാത്രമെന്ന് കാണാമല്ലോ’. ‘കൗപീനവന്തഃ ഖലു ഭാഗ്യവന്ത’ എന്ന ഭാവത്തില്‍ ജീവിച്ച നീലകണ്ഠതീര്‍ത്ഥപാദരെപ്പോലുള്ള സംന്യാസിമാരുടെ ജീവിതവും ജീവിതകൃത്യവും മനസ്സിലാക്കാന്‍ നാം ശ്രമിച്ചാല്‍ തീര്‍ത്ഥപാദ സമ്പ്രദായത്തിന്റെ സവിശേഷ മഹത്വത്തെ തിരിച്ചറിയാന്‍ കഴിയും.
(പ്രസിദ്ധീകരിക്കാന്‍ പോകുന്ന ‘വിദ്യാധിരാജ ചട്ടമ്പിസ്വാമികളും തീര്‍ത്ഥപാദാശ്രമങ്ങളും’എന്ന ഗ്രന്ഥത്തില്‍ നിന്ന്)
No comments:
Post a Comment