ശ്രീരാമന്‍ സര്‍വ്വഗുണങ്ങളും ഒത്തിണങ്ങിയ മനുഷ്യനാണ്.
ബുദ്ധിമാന്‍, നീതിമാന്‍, വാഗ്മി
ശ്രീമാന്‍, ശത്രുനിബര്‍ഹണഃ
വിപുലാംസോ, മഹാബാഹുഃ
കംബുഗ്രീവോ, മഹാഹനുഃ.
ബുദ്ധിമാന്‍, നീതിമാന്‍, വാഗ്മി
ശ്രീമാന്‍, ശത്രുനിബര്‍ഹണഃ
വിപുലാംസോ, മഹാബാഹുഃ
കംബുഗ്രീവോ, മഹാഹനുഃ.
അതായത് രാമന്‍ എന്ന അവതാരപുരുഷന്‍ ബുദ്ധിമാനും നീതിമാനും വാഗ്മിയും ഐശ്വര്യവാനും ശത്രുനാശകനും വിശാലമായ ചുമലുകളും നീണ്ടകൈകളും ശംഖുപോലെയുള്ള കഴുത്തും വലിയ താടിയെല്ലുമുള്ളവനാണ്. വിരിഞ്ഞമാറിടവും മനോഹരമായ കണ്ണുകളുമാണ് രാമന്. കൈയില്‍ വില്ലേന്തിയവനും മാംസളശരീരിയും, കാല്‍മുട്ടുവരെ നീണ്ടുകിടക്കുന്ന കൈകളുമുള്ളവനാണ് രാമന്‍.
സുന്ദരമായ ശിരസ്സും മനോഹരമായ നെറ്റിത്തടവുമുള്ള രാമന്‍ മഹാപരാക്രമിയാണ്. ഒത്തശരീരവും ഒന്നിനൊന്ന് യോജിച്ച അവയവങ്ങളും മനംകവരുന്ന നിറവും പ്രതാപവും ഐശ്വര്യവും ശുഭലക്ഷണങ്ങളുമുള്ളവനാണ്. ധര്‍മ്മമറിയുന്നവനും, സത്യസന്ധനും, പ്രജാനന്മമാത്രം ആഗ്രഹിക്കുന്ന രാജാവുമാണ്. കീര്‍ത്തിമാനും, ശുചിത്വം പാലിക്കുന്നവനും, എല്ലാവരേയും സ്വാധീനത്തിലാക്കാന്‍ കഴിയുന്നവനും, ചിന്താശീലനുമായ രാമന്‍ ജ്ഞാനിയുമാണ്.
ബ്രഹ്മാവിനുതുല്യം ഐശ്വര്യവാനും വിധിനിര്‍ണ്ണയിക്കുന്നവനും, എല്ലാറ്റിനേയും പരിപോഷിപ്പിക്കുന്നവനും ശത്രുനാശകനുമായ രാമന്‍ സര്‍വ്വജീവജാലങ്ങളേയും ധര്‍മ്മത്തേയും രക്ഷിക്കുന്നു. വേദങ്ങളും വേദാന്തങ്ങളുമെല്ലാം അറിഞ്ഞിട്ടുള്ള രാമന്‍ ധനുര്‍വേദത്തിലും ആയുര്‍വേദത്തിലും നിഷ്ണാതനാണ്. രാമന്‍ സര്‍വ്വശാസ്ത്രങ്ങളുടേയും അര്‍ത്ഥങ്ങളും തത്ത്വങ്ങളും അറിയുന്നവനും പ്രത്യുല്‍പ്പന്നമതിയും ആണ്.
ഒന്നിലും ദുഃഖിക്കാത്തവനും, സര്‍വ്വതിലും സമര്‍ത്ഥനുമായിരുന്നു. സമുദ്രത്തില്‍ നദികള്‍ വന്നുചേരുന്നതുപോലെ രാമന്റെ സമീപത്ത് സദാ സജ്ജനങ്ങള്‍ എത്തി. എല്ലാവരോടും ഒരേപോലെ പെരുമാറുന്ന രാമന്‍ എല്ലാസമയത്തും സര്‍വ്വര്‍ക്കും ആനന്ദം നല്‍കി. ധൈര്യംകൊണ്ട് ഹിമവാനെപ്പോലെയും ഗാംഭീര്യംകൊണ്ട് സമുദ്രതുല്യനുമാണ്.
വീര്യത്തില്‍ മഹാവിഷ്ണുവും, ദര്‍ശിക്കുന്നവര്‍ക്ക് ചന്ദ്രനെപ്പോലെ ആനന്ദം നല്‍കുന്നവനുമാണ്. ക്ഷമയില്‍ ഭൂമിക്കുസമനും എന്നാല്‍ കോപിച്ചാല്‍ പ്രളയകാലത്തിനുതുല്യവുമാണ്. ത്യാഗത്തില്‍ കുബേരനും, സത്യത്തില്‍ ധര്‍മ്മദേവനും തുല്യനാണ് ദശരഥപുത്രനായ രാമന്‍.
ഇങ്ങനെ സര്‍വ്വഗുണസമ്പന്നനും പ്രജകളുടെ ഹിതം മാത്രം നോക്കുന്ന രാജാവും ഏവര്‍ക്കും പ്രിയപ്പെട്ടവനുമായിരുന്ന രാമന്‍ തന്റെ ഈ ഗുണങ്ങള്‍ക്കനുസരിച്ചുള്ള ജീവിതം നയിച്ചു. ഇത്തരമൊരു ഉത്തമപുരുഷന്റെ കഥയാണ് വാല്മീകി രചിച്ചത്.
അതായത് രാമനെ മര്യാദാ പുരുഷോത്തമനായി കാണാനായിരുന്നു വാല്മീകി ആഗ്രഹിച്ചത്. ഗുണങ്ങളിലും തത്ത്വങ്ങളിലും അടിയുറച്ചുനിന്നുകൊണ്ടുള്ള ശ്രീരാമന്റെ ജീവിതമാണ് യഥാര്‍ത്ഥത്തില്‍ രാമായണം എന്നറിയുന്നത്.
രാമന്‍ മനുഷ്യനാണ് എന്നു വാദിക്കുന്നവര്‍ക്കുവേണ്ടിയുള്ള എല്ലാ തെളിവുകളും രാമായണത്തിലുണ്ട്. അവയിലോരോന്നുമെടുത്തു പരിശോധിച്ചാല്‍ മനുഷ്യനായി ജനിക്കുന്നവര്‍ എങ്ങനെയാണു ജീവിക്കേണ്ടതെന്ന് രാമനില്‍ നിന്നും പഠിക്കാം.
ഈശ്വരാവതാരമായിരുന്നിട്ടും മനുഷ്യന്‍ അനുഭവിക്കേണ്ടിവന്നതെന്തൊക്കെയാണെന്ന് രാമായണത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് വ്യക്തമായി കാണാം. അതേസമയത്ത് രാമന്‍ പൂര്‍ണ്ണമായി ബ്രഹ്മസ്വരൂപിതന്നെയെന്നും മനസ്സിലാക്കാന്‍ സാധിക്കും.
(തുടരും)
No comments:
Post a Comment