Tuesday, July 25, 2017

സിദ്ധാശ്രമം


രാമന്റെ ചോദ്യത്തിനുത്തരമായി ബ്രഹ്മര്‍ഷി പറഞ്ഞു ‘ഇവിടെയാണ് വിഷ്ണു നൂറില്‍പരം ചതുര്‍യുഗങ്ങള്‍ മഹാതപസ്സും ധ്യാനവുമായിരുന്നത്. വാമനന്റെ പഴയ ആശ്രമവുമിതുതന്നെ. വിഷ്ണു വാമനാവതാരത്തിനുമുമ്പ് ഇവിടെയായിരുന്നു. ഇതാണ് സിദ്ധാശ്രമം’. ഇതേകാലത്താണ് മഹാബലി മൂന്നുലോകങ്ങളും കീഴടക്കി സ്വര്‍ഗ്ഗലോകത്തില്‍ വാണിരുന്നത്. അദ്ദേഹം ഒരു യാഗം തുടങ്ങുകയും ചെയ്തു.
ദേവന്മാര്‍ അഗ്‌നിദേവനോടൊപ്പം ഇവിടെ സിദ്ധാശ്രമത്തിലെത്തി വിഷ്ണുവിനെ കാണുകയും ഒരു വാമനന്റെ രൂപമെടുത്ത് തന്റെ മായാശക്തിയാല്‍ മഹാബലിയുടെ യാഗംമുടക്കി ദേവന്മാരെ സംരക്ഷിക്കണമെന്നപേക്ഷിക്കുകയും ചെയ്തു. ഈ യാഗത്തില്‍ ആരുചെന്ന് എന്തു ചോദിച്ചാലും നല്‍കുകയെന്ന രീതിയാണ് ബലിയുടേത്.
ഇതേസമയം കാശ്യപനും അദിതിയും സിദ്ധാശ്രമത്തിലെത്തി വിഷ്ണുവിനെ കാണുകയുണ്ടായി. അവരില്‍ പ്രസാദിച്ചിരുന്ന വിഷ്ണു എന്തു വരവും ചോദിച്ചുകൊള്ളുവാന്‍ അവരോടു പറയുകയും ഭഗവാന്‍ തന്റെ പുത്രനായി ഇന്ദ്രന്റെ അനുജനായി പിറക്കേണമെന്ന അദിതിയുടെ ആഗ്രഹം വിഷ്ണുവിനെ അറിയിക്കുകയും അങ്ങനെ വാമനന്‍ പിറക്കുകയും ചെയ്തു. വാമനനായി ബലിയുടെ അടുത്തെത്തി മൂന്നടി മണ്ണ് ആവശ്യപ്പെടുകയും അതിലൂടെ ബലിയുടെ എല്ലാ സമ്പത്തും എടുക്കുകയുമുണ്ടായി.
വിഷ്ണുവിന്റെ സാന്നിദ്ധ്യത്താല്‍ പവിത്രമാണ് സിദ്ധാശ്രമം. ഇത് ഇപ്പോള്‍ വിശ്വാമിത്രന്റേയും ആശ്രമമാണ്. ‘ഇത് എന്റേതെന്നപോലെ നിന്റേയും (വിഷ്ണുവിന്റെ) ആശ്രമമാണ്’ എന്നുപറഞ്ഞ് ബ്രഹ്മര്‍ഷി രാമനേയും (ലക്ഷ്മണനേയും) ആശ്രമത്തിലേക്കു സ്വാഗതം ചെയ്തു. വിശ്വാമിത്രന്‍ രണ്ട് അതിഥികളോടൊപ്പം വന്നുചേര്‍ന്നതറിഞ്ഞ് ആ പ്രദേശത്തുണ്ടായിരുന്ന ആശ്രമവാസികള്‍ അവരെക്കാണാനും തങ്ങളുടെ നമസ്‌കാരങ്ങള്‍ അറിയിക്കുവാനുമായി അവിടെയെത്തുകയുണ്ടായി.
കുറേനേരത്തെ വിശ്രമത്തിനുശേഷം രാമന്‍ ബ്രഹ്മര്‍ഷിയോടായി പറഞ്ഞു, ‘ഇനി അങ്ങയുടെ യജ്ഞത്തിനുള്ള ഏര്‍പ്പാടുകള്‍ തുടങ്ങിയാലും. ഈ ആശ്രമത്തിന്റെ പേര് അന്വര്‍ത്ഥമാകട്ടെ’.


ജന്മഭൂമി

No comments:

Post a Comment