Tuesday, August 01, 2017

സീതാനേ്വഷണത്തിനായിട്ട് വാനരപ്പട പുറപ്പെട്ടപ്പോള്‍ ഹനുമാനെ സ്വകാര്യമായി വിളിച്ച് ശ്രീരാമന്‍, രാമനാമം എഴുതിയ മോതിരം കൊടുത്ത് ആശീര്‍വദിക്കുന്നുണ്ട്. പിന്നീട് ഒരു അടയാളവാക്യവും. സീതാസ്വയംവരത്തിന് രാമന്‍ ഒരുങ്ങിനില്‍ക്കുമ്പോള്‍ എതിരെയുള്ള മട്ടുപ്പാവില്‍നിന്ന് നോക്കുന്ന സീതാദേവി സ്വകാര്യമായി എന്തോ അടയാളം കാണിച്ചത്. അത് മറ്റാരും അറിഞ്ഞിട്ടില്ല. അത് രാമന്‍ ഹനുമാേനാടു മാത്രമേ പറഞ്ഞിട്ടുള്ളൂ.
രാമരാവണയുദ്ധത്തില്‍ രാവണാസ്ത്രങ്ങളേറ്റ് ശ്രീരാമസൈന്യം മൃതപ്രായരായി കിടക്കുമ്പോള്‍, ജാംബവാന്‍ വാനരസൈന്യത്തിന്നിടയിലൂടെ നടന്ന് ചോദിക്കുന്നുണ്ട്- ‘ആഞ്ജനേയ ഹനുമാന്‍ ജീവിച്ചിരിപ്പുണ്ടോ?’ എന്ന്. അപ്പോള്‍ അര്‍ദ്ധബോധാവസ്ഥയില്‍ കിടക്കുന്ന സുഗ്രീവന്‍ ചോദിക്കുന്നു-”എന്താണ് ഹനുമാനെമാത്രം അന്വേഷിക്കുന്നത്? മഹാരഥന്മാര്‍ മറ്റെത്രയുണ്ട്…..!”
”ഹനുമാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ നമ്മളൊക്കെ മരിക്കാതെ രക്ഷപ്പെടും”
എന്നായിരുന്നു ജാംബവാന്റെ മറുപടി.
രാമരാവണയുദ്ധം കഴിഞ്ഞു. യുദ്ധത്തില്‍ ജയിച്ചു. ഇനി?
വാല്മീകി മഹര്‍ഷിയാണ് സീതാദേവിയേയും മക്കളായ ലവകുശന്മാരേയും സംരക്ഷിക്കുന്നത്, അദ്ദേഹത്തിന്റെ ആശ്രമത്തില്‍ താമസിപ്പിച്ചുകൊണ്ട്.
രാമരാവണയുദ്ധത്തിനുശേഷം ശ്രീരാമചന്ദ്രപ്രഭു അയോദ്ധ്യയില്‍ ‘അശ്വമേധം’ നടത്തുകയാണ്.
വാല്മീകി എഴുതിയ ‘രാമായണം’ മഹര്‍ഷിതന്നെ രാമന്റെ മക്കളായ ലവകുശന്മാരെ പഠിപ്പിച്ചിട്ട് ശ്രീരാമന്‍ നടത്തുന്ന യാഗശാലയിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോയി.
”രാജാവ് വിളിച്ചു എങ്കില്‍ ഈ രാമായണം അവിടെനിന്ന് ഗാനം ചെയ്യുവിന്‍” എന്നും പറഞ്ഞു. ആരാണ് നിങ്ങളെന്ന് ചോദിച്ചാല്‍ ‘താപസകുമാരന്മാരാണ് എന്ന് പറഞ്ഞാല്‍ മതി’ എന്നും ഏല്‍പ്പിച്ചു. നിങ്ങള്‍ക്ക് സമ്മാനം തരാന്‍ പുറപ്പെട്ടാല്‍, ഫലമൂലങ്ങളല്ലാതെ മറ്റൊന്നും വേണ്ട എന്നും പറയണം” എന്നും ഏല്‍പ്പിച്ചു.
ലവകുശന്മാര്‍, മഹര്‍ഷി പറഞ്ഞതുപോലെതന്നെ ശ്രീരാമന്റെ യാഗശാലയില്‍ പോയി. ശ്രീരാമന്‍ അംഗീകരിച്ചിട്ടില്ലാത്ത മക്കള്‍ പാടിയ, ഏറെ ഹൃദ്യമായ ആ രാമായണഗാനം കേട്ട് കോള്‍മയിര്‍ കൊണ്ടു. സമ്മാനങ്ങള്‍ കൊടുക്കുവാന്‍ ശ്രമിച്ചപ്പോള്‍ കുട്ടികള്‍ പറഞ്ഞു- ”ഞങ്ങള്‍ക്ക് എന്തെങ്കിലും ഫലമൂലങ്ങള്‍ മാത്രം മതി.” തന്റെ മക്കളാണിവര്‍ എന്ന സത്യം ശ്രീരാമന്‍ അപ്പോഴാണറിയുന്നത്. അതോടെ, അവരുടെ അമ്മയെ വരുത്തി ”സീത സുചരിതയാണെന്ന് സത്യം ചെയ്യണമെന്ന്” ശ്രീരാമന്‍. സീതാദേവി രാമന്റെ രാജസഭയിലേക്ക് വന്നു.
ദൃഢബോധത്തോടെ പറഞ്ഞു- ”കഴുത്തില്‍ താലികെട്ടിയ ഭര്‍ത്താവിനെ വിട്ട് മറ്റൊരാളെപ്പറ്റി ഞാന്‍ ചിന്തിച്ചിട്ടില്ല. അമ്മേ, ഭൂമിദേവീ, എന്നെ സ്വീകരിക്കണേ…” അപ്പോള്‍ ഭൂമി പിളര്‍ന്ന് ഒരു സിംഹാസനം പൊന്തിവന്നു. അതില്‍ ഇരുന്നിരുന്ന സാക്ഷാല്‍ ഭൂമിദേവി സ്വന്തം മകളായ സീതാദേവിയെയും പിടിച്ചിരുത്തി. ഉടന്‍തന്നെ അമ്മയും മകളും അന്തര്‍ദ്ധാനം ചെയ്യുകയും ചെയ്തു.
സീതാദേവിയുടെ അന്തര്‍ദ്ധാനത്തിനുശേഷം ശ്രീരാമന്‍ മറ്റൊന്നും ചിന്തിക്കാതെ, രാജ്യം ഭരിച്ചു- വളരെ ഭംഗിയായിട്ടുതന്നെ. അതിനിടയില്‍ ഭരതശത്രുഘ്‌നന്മാര്‍ ഭരതന്റെ അമ്മയുടെ രാജ്യത്തേക്കു പോയി.
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞുപോയി. ദശരഥപുത്രന്മാര്‍ക്ക് രാമരാജ്യം വിട്ടു പോവാറായി. അതിന് വിധാതാവുതന്നെ ഓരോ കാരണമുണ്ടാക്കി. ശ്രീരാമന്‍, രാജ്യഭാരം ലവകുശന്മാരെ ഏല്‍പ്പിച്ചു. ലക്ഷ്മണന് (അനന്തന്റെ അവതാരമാണല്ലോ) തിരിച്ചുപോവാന്‍ ഹേതു ഉണ്ടാക്കി ശ്രീരാമചന്ദ്രന്‍.
അവസാനമായി ശ്രീരാമചന്ദ്രന്റെ മഹാപ്രസ്ഥാനവും. ശ്രീരാമനില്ലാത്ത രാജ്യത്ത് ഞങ്ങള്‍ വസിക്കില്ല എന്ന് സത്യം ചെയ്ത് രാമരാജ്യത്തെ പ്രജകളെല്ലാം ആ മഹാപ്രസ്ഥാനത്തോടൊപ്പം നടന്ന് ഉള്ളില്‍ ശ്രീരാമസ്മരണ മാത്രം നിര്‍ത്തി സരയൂനദിയില്‍ അന്തര്‍ദ്ധാനം ചെയ്തു!! മനുഷ്യന്റെ മനോമാലിന്യങ്ങള്‍ അകലുവാന്‍ രാമനാമജപവും ശ്രീരാമസ്മരണയും ഉത്തമമെന്ന് അറിവുള്ളവര്‍ പറയാറുണ്ട്.


ജന്മഭൂമി:I

No comments:

Post a Comment