Wednesday, August 30, 2017

യദൃദാചരതി ശ്രേഷ്ഠഃ തത്തദേവേതരോജനാഃ
സ യദ് പ്രമാണം കുരുതേ ലോകസ്തദനുവര്‍ത്തതേ
ശ്രേഷ്ഠന്മാര്‍ ആചരിക്കുന്നതെന്താണോ അതുതന്നെ മറ്റു ജനങ്ങള്‍ അനുശാസിക്കുന്നു. ശ്രേഷ്ഠന്മാര്‍ ഉണ്ടാക്കുന്ന പ്രമാണമാണ് ലോകജനത അംഗീകരിക്കുന്നതും അനുഷ്ഠിക്കുന്നതും. ശാസ്ത്രീയ വിശകലനത്തിലൂടെ പണ്ഡിതന്മാരാണ് സദാചാരത്തിന് കാലാകാലങ്ങളില്‍ നിര്‍വചനം നല്‍കേണ്ടത്. സദാചാരാനുഷ്ഠാനത്തിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരിക്കണം.
ആചാരാത് ലഭതേഹ്യായുഃ ആചാരാത് ലഭതേ ധനമക്ഷയ്യം
ആചാരാത് ലഭതേ സുപ്രജാഃ ആരോഗ്യമുത്തമം ച ലഭതേ
ആയുസ്സും ധനവും നല്ല സഹപ്രവര്‍ത്തകരും ആരോഗ്യവും ലഭിക്കുന്നതിന് സദാചാരാനുശാസനം സഹായിക്കുന്നു. ഈ വരികളില്‍ നിറഞ്ഞിരിക്കുന്നത്. ഭൗതികജീവിതത്തിലധിഷ്ഠിതമായ നന്മയാണ് ആചാര്യലക്ഷ്യമെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ്. മോക്ഷം എന്ന പദം ഇതില്‍ ഉപയോഗിച്ചിട്ടുമില്ല എന്നത് ശ്രദ്ധേയമാണ്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ആചാരവിശകലനമാണ് പരിശോധിക്കേണ്ടത്.
അനാചാരങ്ങള്‍: ദേശത്തിനും കാലത്തിനും യോഗ്യമല്ലാത്തതും ഒരുവിധ സദ്ഫലങ്ങളും ശാശ്വതമായി നല്‍കാത്തതുമായ ആചാരങ്ങളാണ് അനാചാരങ്ങള്‍. പുരാതനകാലത്ത് പ്രസക്തിയുണ്ടായിരുന്നതാകാമെങ്കിലും സമകാലീന പ്രസക്തിയില്ലാതായാല്‍ അവ അനാചാരങ്ങളായി മാറുന്നു. പൂച്ച വിലങ്ങനെ ഓടുന്നതും കാലന്‍ കോഴി കൂവുന്നതും കാക്ക ദീനമായി കരയുന്നതുമെല്ലാം അശുഭമാണെന്ന് വിശ്വസിക്കുന്നത്, ആധുനിക കാലഘട്ടത്തില്‍ അന്ധവിശ്വാസമാണെന്ന് പറയാതെ വയ്യ. ഇത് അനാചാരത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു.
ദുരാചാരങ്ങള്‍: വ്യക്തി ക്കും സമൂഹത്തിനും ദുഷ്ഫലങ്ങളുളവാക്കുന്നതും അതേസമയം അന്ധമായി ആചരിച്ചുപോരുന്നതുമായ ചില ആചാരങ്ങളുണ്ട്, ഇവ മനുഷ്യന് മാസികവും ശാരീരികവുമായ തിക്തഫലങ്ങളുളവാക്കുന്നു. പലപ്പോഴും തെറ്റിദ്ധാരണയുടെയും അന്ധവിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ് ദുരാചാരങ്ങള്‍ അനുഷ്ഠിക്കപ്പെടുന്നതും ആവിര്‍ഭവിക്കുന്നതും. വര്‍ണാടിസ്ഥാനത്തിലുള്ള അയിത്താചരണം, ദുരാചാരമാണ്. മൃഗബലി, കോഴിവെട്ട് ഇതെല്ലാം ആത്മീയതയുടെ പേരില്‍ നടത്തുന്നതും ദുരാചാരമാണ്.
ആചാരങ്ങളുടെ സ്രോതസ്സ്: ജനനം മുതല്‍ മരണംവരെ വ്യക്തികളനുഷ്ഠിക്കുന്ന അഥവാ അനുഷ്ഠിക്കേണ്ടതായ ആചാരങ്ങളുടെ ജനനത്തിന് മുന്‍പും മരണാനന്തരവും ആ വ്യക്തിക്കുവേണ്ടി മറ്റുള്ളവരനുഷ്ഠിക്കുന്ന ആചാരങ്ങളുമുണ്ട്. ഇവയുടെയെല്ലാം സ്രോതസ്സ് ഏതു ഗ്രന്ഥമാണ് എന്നറിയുന്നത് വിജ്ഞാനപ്രദമായിരിക്കും. ഇന്നത്തെ പല ധര്‍മ്മാചാര്യന്മാര്‍ക്കുപോലും ഇതിന് വ്യക്തമായ ഉത്തരം ലഭ്യമാണോ എന്നു സംശയമാണ്. എല്ലാ വിവരങ്ങളും വേദത്തിലുണ്ടെന്ന് പ്രസ്താവിക്കുകയാണ് പതിവ്. വേദത്തില്‍ ആചാരങ്ങള്‍ക്കടിസ്ഥാനമായ ചില വിശ്വാസങ്ങളും വിചാരധാരകളും കാണാമെങ്കിലും ആചാരാനുഷ്ഠാന വിവരണം കാണുകയില്ല.
ഇന്നത്തെ തലമുറയ്ക്ക് ലഭിച്ചിരിക്കുന്ന ആചാരജ്ഞാനങ്ങളില്‍ ചിലത് അവരുടെ മാതാപിതാക്കന്മാരില്‍നിന്നും ചിലത് മറ്റു മുതിര്‍ന്നവരില്‍ നിന്നുമാണ്. പക്ഷേ ആചാരങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ ഭാരതീയ ഋഷിപ്രോക്തങ്ങളായി നിലനിന്നിരുന്നു; അവയില്‍ ഭൂരിഭാഗവും ഇന്നും നിലനില്‍ക്കുന്നുണ്ട്. മറ്റു മതങ്ങളേക്കാള്‍ തികച്ചും വ്യത്യസ്തമായ ഒരു സ്രോതസ്സാണ് ഭാരതീയചാരങ്ങള്‍ക്കുള്ളത്. ക്രൈസ്തവര്‍ ആചരിക്കുന്ന ആചാരങ്ങള്‍ക്ക് ബൈബിളുമായിട്ടാണ് എല്ലാ ബന്ധവും. ഇസ്ലാമിക അനുഷ്ഠാനങ്ങള്‍ക്ക് ഖുറാനുമായിട്ടാണ് ബന്ധം. അതുപോലെ ബുദ്ധ-ജൈന-സിഖ്-മതങ്ങളുടെ ഗ്രന്ഥങ്ങള്‍ തന്നെയാണ് അവയനുഷ്ഠിക്കുന്ന മതാനുയായികളുടെ ആചാരഗ്രന്ഥങ്ങള്‍. ഭാരതീയ മണ്ണില്‍ ജനിച്ച മതങ്ങളില്‍ കുറേയധികം ആചാരങ്ങള്‍ ഹൈന്ദവധര്‍മ്മംപോലെ അവയിലുണ്ട്. എന്നാല്‍ ഭാരതീയ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വൈദികഗ്രന്ഥങ്ങളുമായി അല്‍പ്പബന്ധമേയുള്ളൂ. വേദാനുബന്ധിയായ ബ്രാഹ്മണഗ്രന്ഥങ്ങള്‍ കുറെ യജ്ഞകര്‍മ്മങ്ങളും, ചെറുവരികളിലൂടെ ചില ഗൃഹ്യകര്‍മ്മങ്ങളും വിവരിക്കുന്നുണ്ട്. അതുപോലെ ചില ആരണ്യകഭാഗങ്ങളും ഉപനിഷത്തുക്കളും ആചാരങ്ങള്‍ക്കടിസ്ഥാനമായ തത്വങ്ങള്‍ വിവരിക്കുന്നുണ്ട്. ഈ ഗ്രന്ഥങ്ങള്‍ നമ്മുടെ ആചാരങ്ങളുടെ തത്വശാസ്ത്രം സൂചിപ്പിക്കുന്നുണ്ടെങ്കിലും ആചാരങ്ങളുടെ കര്‍മ്മഭാഗം ഈ ഗ്രന്ഥങ്ങളില്‍ കാണുകയില്ല.
വേദാംഗങ്ങളായ ശിക്ഷ-നിരുക്തം-ഛന്ദഃശാസ്ത്രം-വ്യാകരണം, ജ്യോതിശാസ്ത്രം, കല്‍പ്പശാസ്ത്രം എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന ഗ്രന്ഥങ്ങള്‍ പലവിധ വേദഗ്രന്ഥപാരായണമുള്‍പ്പെടെയുള്ള ആചാരങ്ങള്‍ക്ക് അടിസ്ഥാനശിലകളായി വര്‍ത്തിക്കുന്നു. വൈദിക പഠനരീതിയുമായി ബന്ധപ്പെട്ട അനവധി ആചാരതത്വങ്ങള്‍ ആദ്യത്തെ നാലു വേദാംഗങ്ങളില്‍ കാണാമെങ്കിലും ഏതാണ്ട് എല്ലാ സാധാരണ ആചാരങ്ങളുടെയും വസ്തുതാപരവും വ്യക്തവുമായ സ്രോതസ്സുകളാണ് ജ്യോതിഷഗ്രന്ഥങ്ങളും, കല്‍പ്പശാസ്ത്ര ഗ്രന്ഥങ്ങളും. ശുഭസമയം, ലക്ഷണം, നിമിത്തം, ശകുനം, മുഹൂര്‍ത്തം, പ്രശ്‌നം, ജാതകം, ജ്യോതിശാസ്ത്രം, സമയം-ദിവസം-വാരം-മാസം-വര്‍ഷം എന്നിവയുമായി ബന്ധപ്പെട്ട ആചാരങ്ങളുടെ അടിസ്ഥാനം ജ്യോതിഷഗ്രന്ഥങ്ങളാണ്.
ഈശ്വരീയം-ആത്മീയം-പൂജ-വ്രതം എന്നിവയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ പുരാണ-ഉപനിഷദ് സംബന്ധിയാണ്. കുറെയേറെ ആചാരാനുഷ്ഠാന വിവരണങ്ങളുടെ പ്രായോഗിക ഉദാഹരണങ്ങള്‍ ഇതിഹാസങ്ങളിലുണ്ട്.
ചികിത്സാ സംബന്ധിയായ ആചാരങ്ങള്‍ ആയുര്‍വേദത്തിലും നൃത്ത-ഗാനപഠനവുമായി ബന്ധമുള്ള ആചാരങ്ങള്‍ ഗന്ധര്‍വവേദഗ്രന്ഥങ്ങളിലും ഗൃഹനിര്‍മ്മാണവുമായി ബന്ധമുള്ളവ സ്ഥാപത്യവേദം അഥവാ തച്ചുശാസ്ത്രഗ്രന്ഥങ്ങളിലും അനവധിയുണ്ട്. യുദ്ധവും രാഷ്ട്ര രക്ഷയും ഭരണപരവും ആയ ആചാരങ്ങള്‍ക്കടിസ്ഥാനം ധനുര്‍വേദഗ്രന്ഥങ്ങളാണ്. സസ്യലതാദികളുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ ആയുര്‍വേദ ഗ്രന്ഥങ്ങളിലുമുണ്ട്. അത്രതന്നെ പ്രാധാന്യത്തോടെ വരാഹമിഹിരന്റെ ബൃഹദ്‌സംഹിതയിലെ അന്‍പത്തി അഞ്ചാം അധ്യായമായ വൃക്ഷായുര്‍വേദഭാഗത്തിലുമുണ്ട്. ശാര്‍ങധരന്റെയും പരാശരന്റെയും വൃക്ഷായുര്‍വേദവും തച്ചുശാസ്ത്രത്തിലെ വൃക്ഷ ഉരുപ്പടികള്‍ ഉണ്ടാക്കുന്നതിനായും വൃക്ഷങ്ങള്‍ മുറിക്കുന്നതു സംബന്ധിച്ചും ഉള്ള വിവരണങ്ങളും, വൃക്ഷാചാരങ്ങളായി വിവരിക്കുന്നു. പുരാണ-ഇതിഹാസങ്ങളിലും അനേകം ആചാരങ്ങളുടെ മഹത്വ വിവരണങ്ങള്‍ സംബന്ധിച്ച പ്രതിപാദ്യങ്ങളുണ്ട്.
നിത്യജീവിതത്തിലെ ഗൃഹ്യ (ഗൃഹസ്ഥാശ്രമത്തിലനുഷ്ഠിക്കേണ്ടത് ധര്‍മ്മ (രാജഭരണം)-ശ്രൗത (യാഗയജ്ഞ) സംബന്ധിയായ ആചാരങ്ങള്‍ക്കടിസ്ഥാനം കല്‍പശാസ്ത്രങ്ങളാണ്. ആറാം വേദാംഗമായ കല്‍പശാസ്ത്ര ഗ്രന്ഥങ്ങള്‍ അതിബൃഹത്താണ്.
(ഭാരതീയ ആചാരങ്ങള്‍ ഒരു ശാസ്ത്രീയ വിശകലനം എന്ന ഗ്രന്ഥത്തില്‍ നിന്ന്)


ജന്മഭൂമി: http://www.janmabhumidaily.com/news697183#ixzz4rI0ELPBT

No comments:

Post a Comment