Thursday, August 03, 2017

മാനവസാഹോദര്യത്തിന് മകുടോദാഹരണമാണ് രാമലക്ഷ്മണന്മാരും ഭരതശത്രുഘ്‌നന്മാരും കാഴ്ചവച്ചത്. സമ്പത്തും സാമ്രാജ്യവും അധികാരമോഹവും ധര്‍മത്തിനും സാഹോദര്യത്തിനും വഴിമാറിക്കൊടുത്ത അനുഭൂതിയാണ് മേല്‍പറഞ്ഞ സഹോദരന്മാരിലൂടെ നാം അനുഭവിക്കുന്നത്. വനഗഹ്വരങ്ങളും കാനനഭംഗിയും കടഞ്ഞെടുത്ത ത്യാഗത്തിന്റെയും സേവനത്തിന്റെയും ജീവിതസന്ദേശം ചെങ്കോലും മരവുരിയും തമ്മിലുള്ള  അന്തരം വ്യക്തമാക്കി. പൊന്മകുടങ്ങളും പൊന്‍താലങ്ങളും കാത്തുനില്ക്കാത്ത ആ ധന്യജീവിതം മാനവസാഹോദര്യത്തിന്റെ മഹത്തായ സന്ദേശം എന്നും വിളംബരം ചെയ്യും. രാവണന്‍ സൃഷ്ടിച്ച ഭാവനാസാഹോദര്യം കാലുഷ്യത്തിന്റെ കറപറ്റിയ കാവ്യചിത്രങ്ങള്‍ വരച്ചുവച്ചിട്ടുണ്ട്. അമിതഭോഗവും അത്യാഗ്രഹവും പടുത്തുയര്‍ത്തിയ കൂറ്റന്‍ മതില്‍ക്കെട്ടുകളും അതിനുള്ളിലെ മണിമാളികകളും രാമായണമഹാസങ്കല്പത്തില്‍ തകര്‍ന്നടിയുന്നു. ദാനവനെ വാനവനേക്കാള്‍ വളര്‍ത്തിയ മാനവസങ്കല്പമാണ് ഭഗവാന്‍ ശ്രീരാമചന്ദ്രനും വിഭീഷണനും തമ്മിലുള്ള ബന്ധം. ശത്രുവിനുപോലും അഭയം നല്കുന്ന മനുഷ്യത്വത്തിന്റെ ഉദാത്തസങ്കല്പം ഊഷ്മളഭാവത്തോടെ രാമായണത്തില്‍ ഉയര്‍ന്നുനില്ക്കുന്നു.
വാനരസാഹോദര്യത്തിന്റെ ചാപലമെങ്കിലും ചിന്തോദ്ദീപകമായ ഉദാഹരണമാണ് ബാലിയസുഗ്രീവബന്ധം.  സുഗ്രീവനിലൂടെ പ്രകടമാകുന്ന ധര്‍മശരീരവും ബാലിയുടെ അധര്‍മശരീരശക്തിയും ചിന്തയ്ക്കു വകനല്കുന്ന സന്ദേശങ്ങള്‍ പകരുന്നു. അധര്‍മിയുടെ ശക്തിയെ നിരസിക്കുവാനും ധര്‍മിയുടെ നിസ്സഹായതയെ നിരുത്സാഹപ്പെടുത്തുവാനും നമ്മെ രാമായണസംസ്‌കാരം പഠിപ്പിക്കുന്നു. അനുസരിക്കുനുള്ള ബാധ്യത അഹന്തകൊണ്ട് ചോദ്യം ചെയ്യപ്പെടരുത്. സത്യം അന്വേഷിക്കപ്പെടേണ്ടതാണ്. സത്യാന്വേഷി അധര്‍മമാര്‍ഗം സ്വീകരിക്കരുത്. അത് ശിക്ഷാര്‍ഹമാണ്. മനുഷ്യബന്ധത്തെ നിഷേധിക്കുകയും നിഷിദ്ധമാക്കുകയും ചെയ്ത വാനരബുദ്ധിയെ രാമായണം അംഗീകരിക്കുന്നില്ല. അധര്‍മത്തെ പോഷിപ്പിക്കുന്ന ശക്തിക്കും അധികാരത്തിനും രാമായണത്തില്‍ നീതികരണമില്ല. ”പൂര്‍വജനവനതിപുണ്യചരിതന്‍” എന്നുള്ള സങ്കല്പം ശരീരാഭിമാനം കൊണ്ട് ബാലി കളങ്കപ്പെടുത്തി. സഹോദരഭാര്യാപഹരണം ഹീനമാണ്. ധാര്‍മികസങ്കല്പങ്ങള്‍ ചാപല്യം കൊണ്ട് നിഷേധിക്കപ്പെടരുത്. മാര്‍ഗവും ലക്ഷ്യവും അധാര്‍മികമായാല്‍ അതു ശിക്ഷാര്‍ഹമാണ്. സാഹോദര്യത്തിന്റെ പവിത്രതയും സ്ത്രീത്വത്തിന്റെ ചാരിത്ര്യവും അംഭാവത്തിനു അടിപ്പെടേണ്ടിവന്നു. അതു നിലനിര്‍ത്താനാവില്ല. ധര്‍മസമരം കൊണ്ടാണ് നേരിടേണ്ടത്. സാത്വിക ബോധത്തില്‍ അടിയുറച്ച വിശ്വാസവും നിര്‍ഭയത്വവും ധര്‍മസരസേനാനിക്കുണ്ടാകണം. സുഗ്രീവന്റെ ആദ്യപരാജയവും ആവര്‍ത്തനപരിശ്രമവും വിജയത്തിനുകാരണമായി. രാമനായിരുന്നു ധര്‍മസങ്കേതം. ചാപല്യവും ശരീരാഭിമാനവും സംഹരിക്കപ്പെട്ടു. ബാലിവധത്തിലൂടെ ശിക്ഷയും രക്ഷയും നല്കുന്ന സന്ദേശം നമുക്കു ലഭിക്കുന്നു. ധര്‍മാധര്‍മവിവേചനം നിഷ്പക്ഷമായിരിക്കണം. പക്വമതിയില്‍ നിന്നാണതു ലഭിക്കേണ്ടത്. സാമ്രാജ്യമോഹിക്കോ, പരാര്‍ഥകാമിക്കോ അതു സാധ്യമാവുകയില്ല. രാമന്‍ ധര്‍മസ്വരൂപനാണ്. അതുകൊണ്ടുതന്നെയാണ് ചാപല്യത്തിലും ശരീരാഭിമാനത്തിലും വന്നുചേര്‍ന്ന ധര്‍മച്യുതിക്കു വിരാമമിടാന്‍ കഴിഞ്ഞത്.
ജടായുവും സമ്പാതിയും സഹോദരന്മാരാണ്. ജടായു രാമസങ്കല്പത്താല്‍ സായൂജ്യം നേടി. അഹന്തയും, അഭിമാനവും അജ്ഞാനത്തിന്റെ രണ്ടു ചിറകുകളാണ്. അതു രണ്ടും സമ്പാതിക്കു നഷ്ടപ്പെട്ടു. അജ്ഞാനത്തിന്റെ രണ്ടു ചിറകുകളും ജ്ഞാനസൂര്യന്റെ ഊഷ്മാവിലാണ് കരിഞ്ഞുവീണത്. എങ്കിലും സഹോദരനായ ജടായുവിന്റെ നാമം സമ്പാതിയില്‍ അന്തര്‍ലീനമായിരുന്ന സാഹോദര്യബന്ധത്തെ ഉണര്‍ത്തി. രാമസ്മരണയും രാമസേവകസ്മരണയും രണ്ടല്ല. തുല്യഗുണമുളവാക്കും. ഉപാസകനും ഉപാസ്യവും ഒന്നായിത്തീരും. ഭക്തനും, ഭക്തദാസനും ഭിന്നഗുണങ്ങളില്ല. അതുകൊണ്ടുതന്നെയാണ് രാമസങ്കല്പം പവിത്രമാക്കിയ ജടായുവിന്റെ നാമം അഹന്തയറ്റ സമ്പാതിക്കു മോചനകരണമായത്.
വൈവിധ്യം നിറഞ്ഞ സഹോദരബന്ധത്തിലൂടെ ധര്‍മാധര്‍മ വിവേചനം നടത്തി മനുഷ്യ ജീവിതത്തിന് മാര്‍ഗനിര്‍ദേശം നല്കുന്ന രാമായണമഹാസങ്കല്പം ഉദാത്തഭാവങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നു. ധര്‍മം മനുഷ്യജീവിതത്തിന്റെ മാത്രം മാര്‍ഗമായല്ല രാമായണം ഉല്‍ഘോഷിക്കുന്നത്. സമസ്തജീവരാശികളേയും ധര്‍മമാര്‍ഗത്തില്‍ ചരിപ്പിക്കുന്നതിന് രാമായണം ബദ്ധശ്രദ്ധമാണ്. തിര്യക്കുകളെപ്പോലും വിട്ടുവീഴ്ചയില്ലാതെ ശിക്ഷിക്കുവാനും അധര്‍മസങ്കേതങ്ങളില്‍ നിന്ന് മുക്തമാക്കുവാനും രാമായണം ശ്രദ്ധിച്ചിട്ടുണ്ട്. ധര്‍മം മനുഷ്യജീവിതത്തിന്റെ മാത്രം ഭാഗികസങ്കല്പമല്ല. പ്രപഞ്ചജീവിതത്തിന്റെ ആകമാനമുള്ള സ്വരൂപഘടന നാനാത്വങ്ങളില്‍ അധിഷ്ഠിതമാണെന്ന് രാമായണം സമര്‍ഥിക്കുന്നു. സമ്പാതിക്കും ബാലിക്കും രാവണനും മാരീചനും നല്കുന്ന ശിക്ഷ മേല്‍പറഞ്ഞ മഹത്തായ ആദര്‍ശത്തെ സാധൂകരിക്കുന്നു. മകരിക്കു കിട്ടിയ ശിക്ഷ മോക്ഷത്തിലാണ് കലാശിച്ചത്. ലങ്കാലക്ഷ്മിക്കു കിട്ടിയ അടിയും സുരസക്കു ലഭിച്ച സ്തുതിയും ഒരേ ധര്‍മസങ്കല്പത്തിന്റെ വിഭിന്നമാര്‍ഗങ്ങളാണ്. നിഗ്രഹവും അനുഗ്രഹവും ധര്‍മത്തിനും മോക്ഷത്തിനും കാരണമായിത്തീരുന്ന സങ്കല്പം രാമായണത്തിലുടനീളമുണ്ട്. അര്‍ഥകാമങ്ങള്‍ ധര്‍മമാര്‍ഗം വിട്ട് ചരിക്കുവാന്‍ രാമായണം അനുവദിക്കുന്നില്ല.punyabhumi

No comments:

Post a Comment