Sunday, August 27, 2017

ചതുര്‍വര്‍ണങ്ങള്‍പോലെ ചതുരാശ്രമങ്ങളും പൂരകങ്ങളാണ്, തുല്യമാണ്.
മനുഷ്യരാശിയിലെ പ്രേരണാവിശേഷങ്ങളെ കണക്കിലെടുത്തുകൊണ്ടാണല്ലോ വ്യക്തികളെ നാലു വിഭാഗ(വര്‍ണ)ങ്ങളായി തിരിച്ച്, അവര്‍ക്കു പരസ്പരപൂരകങ്ങളായ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.
ഈ വിഭജനം കുത്തനെയുള്ള ക്രമങ്ങളേയാകുന്നുള്ളു, വിലങ്ങനെയുള്ള തുംകൂടിയായാലേ സമാജാംഗങ്ങള്‍ പടിപടിയായി മുന്നേറി പൂരകത്വം നേടുകയുള്ളൂ. ഇതെങ്ങനെയെന്നു വിവരിയ്ക്കുന്നതാണ് നാല് ആശ്രമങ്ങളും, അവയുടെ പ്രവര്‍ത്തനനിഷ്ഠകളും.
ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നിങ്ങനെ നാലാണ് ആശ്രമങ്ങള്‍. ഇവ രൂപപ്പെടുത്തിയിട്ടുള്ളത്, ജന്മാനന്തരം വളര്‍ന്നുവന്നു ക്രമത്തില്‍ മരണമടയുന്ന ശരീരത്തേയും, സമാജത്തിന്റെ ബഹുമുഖമായ ആവശ്യങ്ങളേയും കണക്കിലെടുത്തുകൊണ്ടാണ്.
തുടര്‍ന്നു ജനിച്ചുവരുന്ന തലമുറകള്‍ക്ക് അവസരവും പ്രവര്‍ത്തനസ്വാതന്ത്ര്യവും നല്‌കേണ്ടതു മുതിര്‍ന്ന തലമുറകളുടെ ആവശ്യവും നിര്‍ബന്ധവുമാണ്. ഇതനുസരിച്ച് അവരവരുടെ അഭിലാഷങ്ങളും ആവശ്യങ്ങളും ക്രമപ്പെടുത്തിയെടുക്കുക മുതിര്‍ന്നവരിലുണ്ടാകേണ്ട വ്യവസ്ഥതന്നെ.
ജനിച്ചുവീഴുന്ന ഏതു ജീവിയും വളര്‍ന്നുവികസിച്ചശേഷം, ചുരുങ്ങിക്ഷ യിച്ച് ഇല്ലാതാകുന്നതാണ് പ്രകൃതിക്രമം. അപ്പോഴേ പുതിയ ജന്മത്തിനു സൗകര്യവും സ്ഥാനവും ഉണ്ടാകൂവെന്നത് അനിഷേധ്യമാണല്ലോ. ബ്രഹ്മചര്യാദി നാല് ആശ്രമങ്ങളിലൂടെ ഈ ജന്മവൃദ്ധിക്ഷയനാശമെന്ന ആവര്‍ത്തന ക്രമം അന്വര്‍ഥവും ക്രിയാത്മകവുമാകുന്നു.
അധ്യയനച്ചിട്ടകള്‍ ആസ്വാദ്യംതന്നെ
ബ്രഹ്മചര്യം ആര്‍ക്കും ആദ്യമായി കൈവരുന്നതാണ്. ദേഹം വളര്‍ന്നു പ്രായപൂര്‍ത്തിയെത്തി സ്ത്രീയോ പുരുഷനോ ആയി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നതുവരെയുള്ള കാലമാണ് ബ്രഹ്മചര്യം. ദേഹത്തിനു വളരാന്‍ പതിനെട്ടോ ഇരുപത്തൊന്നോ വര്‍ഷം വേണ്ടിവരും. ഭക്ഷണവും തക്ക അന്തരീക്ഷവുമുണ്ടായാല്‍ ഈ വളര്‍ച്ച സ്വാഭാവികമാണുതാനും. അതിനു പ്രത്യേകമായി വേറെയൊന്നും വേണ്ടതില്ല.
ഇക്കാലമത്രയും ഭക്ഷണംകഴിച്ചു കൂടിയാല്‍മാത്രം മതിയോ? അതോ, ദേഹം വളരുന്നതോടൊപ്പം മനസ്സും ബുദ്ധിയും വളരാനുള്ള കാര്യങ്ങളും ഗ്രഹിച്ച് അഭ്യസിയ്‌ക്കേണമോ? അങ്ങനെയാണ് വിദ്യാഭ്യസനത്തിനുകൂടി ബ്രഹ്മചര്യത്തെ പാത്രമാക്കുന്ന വ്യവസ്ഥ നിലവില്‍ വന്നത്.
ജന്മം നല്കിയവര്‍ക്കു വിദ്യാഭ്യാസം നല്കാനാകുമോ? ഭൂരിഭാഗം മാതാപിതാക്കന്മാരും അതിനു ശക്തരല്ല. കുട്ടികള്‍ പഠിയ്ക്കണമെങ്കില്‍, പഠിപ്പിയ്ക്കുന്നവരുടെ കയ്യില്‍ വളരണം. എല്ലാവരും പഠിപ്പിയ്ക്കാന്‍ ശക്തരാകില്ല. ആര്‍ക്ക് അതിനുതക്ക കഴിവുണ്ടോ, അവരുടെ പക്കല്‍ വീട്ടുകാര്‍ കുട്ടികളെ ഉത്തമവിശ്വാസത്തോടെ പറഞ്ഞയയ്ക്കണം.
പണ്ടു കൂട്ടാധ്യാപനം, വിദ്യാലയം, ഹോസ്റ്റല്‍സൗകര്യങ്ങള്‍ എന്നിവയൊന്നും ഇല്ലല്ലോ; എന്നാലും പഠിപ്പു കാര്യക്ഷമമായി നടന്നുപോന്നു. പഠിപ്പിയ്ക്കാനുള്ള കഴിവും മന:സ്ഥിതിയുമുള്ളവര്‍, പരപ്രേരണയില്ലാതെ അതു പ്രകടമാക്കാന്‍ തയ്യാറായി, അവരുടെ ഗൃഹകവാടങ്ങള്‍ വിദ്യയര്‍ഥിച്ചുവരുന്ന കുട്ടികള്‍ക്കു തുറന്നിട്ടു.
ഈ അധ്യാപനവാര്‍ത്തയറിഞ്ഞു പല അച്ഛനമ്മമാരും മമത കൈവെടിഞ്ഞു ശിശുക്കളെ അധ്യാപകഗൃഹങ്ങളില്‍ കൊണ്ടാക്കി. അവിടെ അവര്‍ അന്തേവാസികളും അധ്യേതാക്കളുമായി കഴിഞ്ഞുവന്നു.
ഇന്നത്തെ സ്‌കൂളുകളെപ്പോലെ ക്ലിപ്തമായ അഞ്ചോ ആറോ മണിക്കൂറുള്ള ദിനചര്യയല്ല അന്ന്. താമസസ്ഥലവും വിദ്യാലയവും ഒന്നുതന്നെ. വിദ്യാര്‍ഥികളുടെ എണ്ണം കുറയും, അധ്യാപകന്‍ ഒന്നും. താന്‍ വിദ്യാര്‍ഥിയാണെന്ന അടിസ്ഥാനത്തിലാണ് ഓരോ കുട്ടിയും ഗുരുഗൃഹത്തില്‍ താമസിച്ചു കുളിയും ഊണും മറ്റു ദിനചര്യകളും ഉറക്കവുമൊക്കെ നടത്തിവന്നത്.
അധ്യാപകനുമായി കലവറയില്ലാതെയുള്ള നിരന്തരസമ്പര്‍ക്കത്തോടൊ പ്പം അധ്യാപകപത്‌നിയ്ക്കുള്ള സേവനപ്രവര്‍ത്തനങ്ങളും മുറയ്ക്കു നടന്നുപോന്നു. ആചാര്യന്‍ പഠിപ്പു നല്കും, ആചാര്യപത്‌നി സ്‌നേഹമസൃണമായ പെരുമാറ്റം അഭ്യസിപ്പിയ്ക്കും. സഹപാഠികളുണ്ട് മൈത്രി നല്കാനും വളര്‍ത്താനും.
പഠിപ്പുസമയങ്ങള്‍ക്കു മുമ്പും പിമ്പും ഗൃഹകൃത്യങ്ങളും പാഠശാലക്രമങ്ങളും ശ്രദ്ധിയ്‌ക്കേണ്ടിവരും. കിണറ്റില്‍നിന്നും വെള്ളംകൊണ്ടുവരുക, പുറത്തുപോയി വിറകുകൊണ്ടുവരുക, തൊഴുത്തു വെടുപ്പാക്കുക, പശുക്കളെ കറക്കുക കുളിപ്പിയ്ക്കുക, അവയ്ക്കു തീറ്റകൊടുക്കുക, നിലം അടിച്ചുതുടച്ചുവൃത്തിയാക്കുക, ഭക്ഷണം തയ്യാറാക്കുന്നതില്‍ സഹായിയ്ക്കുക, ഒപ്പം മിതമായ കളിയും ചിരിയും, ഇങ്ങനെ എല്ലാം കൂടിയതായിരുന്നു വിദ്യാര്‍ഥിജീവിതം. ഇതില്‍ ഗുരുപത്‌നിയുടെ പങ്കു നിര്‍ണായകമാണ്.
അധ്യയനകാലം കഴിയുന്നതോടെ വിദ്യാര്‍ഥി കുടുംബഭരണത്തിനും യോഗ്യനായിത്തീരുന്നു, അല്ലെങ്കില്‍ സമാന്തരമായ വാനപ്രസ്ഥസംന്യാസിവൃത്തിയ്ക്കും. പഠിപ്പുകാലത്തില്‍ അതനുസരിച്ച നിയന്ത്രിതക്രമങ്ങളേ അവലംബിച്ചിരുന്നുള്ളു. അതിനാല്‍ മനസ്സിനു വിക്ഷേപമുണ്ടാകാനിടയില്ല, പഠനവ്യഗ്രത തുലോം കൂടുകയും ചെയ്യും.
വിദ്യാര്‍ഥികള്‍ സ്വന്തം വീടുകളില്‍ താമസിച്ചാല്‍ ഇതല്ല സ്ഥിതി. അച്ഛനമ്മമാരുടെ ലാളനയും, അവര്‍ നിസ്സഹായതയാല്‍ ചെയ്തുകൊടുക്കുന്ന അമിതസുഖഭോഗസൗകര്യങ്ങളും അധ്യേതമനസ്സിനെ ദുര്‍ബലമാക്കുന്നതു പതിവാണ്. ഇത് എത്ര ഫലപ്രദമായി ഒഴിവാക്കുന്നുവോ അത്രയും ശിശുക്കളുടെ അധ്യയനജീവിതം സുരക്ഷിതമാകും.
ഗുരുകുലത്തില്‍ അധ്യയനസമയം കഴിഞ്ഞാല്‍, കുട്ടികള്‍ക്കു മാറ്റത്തി (ഡൈവര്‍ഷ)നുവേണ്ട ജോലികള്‍ പലതും കാണും. അവയൊന്നും പഠിപ്പില്‍ വിക്ഷേപം ജനിപ്പിക്കുന്നതല്ലതാനും. അതൊക്കെ അധ്യയനകാലത്തെ വ്രതാനുഷ്ഠാനമായിമാത്രമേ കണ്ടിരുന്നുള്ളു.
പഠിക്കാനുള്ള വിഷയങ്ങളോ, നാലു വേദവും ആറു ശാസ്ത്രവും. ഇതില്‍ ഒരിടത്തുതന്നെ എല്ലാ ശാസ്ത്രവും പഠിപ്പിച്ചെന്നുവരില്ല. ഓരോ ഗുരുവിന്റേയും പ്രത്യേകയോഗ്യതകള്‍ അനുസരിച്ചാകും അവിടെ ലഭ്യമാകുന്ന വിഷയം.
വേദാധ്യയനം എന്നും അടിസ്ഥാനപരമാണ്. സ്വരശുദ്ധിയോടെവേണം വേദം പഠിക്കാന്‍. ഒപ്പം അര്‍ഥവും മനസ്സിലാക്കണം. അങ്ങനെവരുമ്പോള്‍ ലോകത്തിന്റെ നശ്വരതയും, മനസ്സിന്റെ ചാഞ്ചല്യവും, ആത്മാവിന്റെ അനശ്വരതയുമൊക്കെ കുട്ടികള്‍ക്കു വേണ്ടത്ര വെളിപ്പെടും. ഇതു വിവേകസമ്പാദനത്തിനു വഴിവെയ്ക്കുന്നു.
ബുദ്ധിയില്‍ വിവേകമുദിക്കുന്നതോടെ, വിദ്യാര്‍ഥി തന്റെ ജീവിതയാത്ര ഏതു വഴിക്കാകണമെന്നു സ്വയം ആലോചിച്ചുതുടങ്ങും. ഇത് അന്നത്തെ വിശേഷതയാണ്. ഇന്ന് അപൂര്‍വം ചില വിദ്യാസമ്പന്നര്‍ക്കുമാത്രം നേടാനാവുന്ന തത്ത്വവിചാരവും വിവേകവും, പ്രായപൂര്‍ത്തിവരുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് അന്നു ഗുരുകുലവിദ്യാഭ്യാസത്തില്‍ ലഭ്യമായിരുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news695628#ixzz4qzg8FUTk

No comments:

Post a Comment