Sunday, August 06, 2017

സുന്ദരകാണ്ഡത്തിലെ ലങ്കാലക്ഷ്മി സ്തുതിയും അതീവ ഹൃദ്യമാണ്. തുടര്‍ന്ന് യുദ്ധകാണ്ഡത്തില്‍ വിഭീഷണന്റെ ശരണപ്രാപ്തിയ്ക്ക് തൊട്ടുമുമ്പ് രാവണനോടായിക്കൊണ്ട് വിഭീഷണന്‍ ശ്രീരാമതത്ത്വം വളരെ സ്പഷ്ടമായും വ്യക്തമായും അവതരിപ്പിക്കുന്നു.  തുടര്‍ന്ന് രാമസന്നിധിയില്‍ എത്തിച്ചേര്‍ന്ന വിഭീഷണന് അഭയം കൊടുത്ത സമയത്ത് ഭഗവാന്‍ തന്റെ യഥാര്‍ത്ഥസ്വരൂപത്തെ സുഗ്രീവംഗദാതിവാനര പ്രമുഖന്മാര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി കൊടുക്കുന്നു. അവിടെ ഭഗവാന്‍ പറയുന്നു:
” എന്നെ ചതിപ്പതിന്നാരുമില്ലെങ്ങുമേ  ലോകപാലന്മാരെയും മറ്റു കാണായ  ലോകങ്ങളേയും നിമിഷമാത്രം കൊണ്ട്   സൃഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടുവാ  നൊട്ടുമേ ദണ്ഡമെനിക്കില്ല നിശ്ചയം  പിന്നെ ഞാനാരെ ഭയപ്പെടുന്നു മുദാ”
ഇപ്രകാരം വിശ്വേശ്വരനാം നിന്തിരുവടിയായ ഭഗവാന്‍ ഒന്നുതന്നെയാണ് വിശ്വത്തിന്റെ ഉത്ഭവ സ്ഥിതി സംഹാര കാരണനായി വര്‍ത്തിക്കുന്നത്. അവിടുന്നു തന്നെയാണ് ജംഗമാജംഗമ ഭൂതങ്ങളായ സര്‍വ്വത്തിലും അകവും പുറവും ഒരുപോലെ വ്യാപിച്ചിരിക്കുന്നത്. എന്നാല്‍ അനാദിമായയ്ക്ക് വംശവദനായിരിക്കുന്ന ജീവന്‍ പരമാര്‍ത്ഥം അറിയാതെ ഈ ജഗത്ത് സത്യമാണെന്ന് ഭ്രമിച്ച് അതില്‍ മദിച്ച് ജനിച്ചുമരിച്ചു കൊണ്ടേയിരിക്കുന്നു. ഇപ്രകാരം രാമായണത്തിന്റെ ഓരോ ശ്ലോകത്തിലും വരിയിലും വാക്കിലും ഭക്തിയുടെ വിവിധമായ തലങ്ങളെ ചിത്രീകരിക്കുന്നു. ചില ഇടങ്ങളില്‍ ഭക്തി സ്വത്‌സ്വരൂപാനുസന്താനമാകുമ്പോള്‍ മറ്റു ചിലയിടങ്ങളില്‍ പരമപ്രേമരൂപനാകുന്നു.
ആദികാവ്യമായ രാമായണത്തിന്റെ ചുവടുപറ്റി വന്നതാണ് അദ്ധ്യാത്മരാമായണം എങ്കില്‍ക്കൂടിയും അദ്ധ്യാത്മരാമായണത്തില്‍ കേവലം രാമകഥകള്‍ക്കപ്പുറം ജഗത്തിന്റെ ഉപദാനകാരണമായ സ്വപ്രാധാന്യം കൊണ്ട് ജഗത്തിന്റെ നിമിത്ത കാരണമായും വിരാജിക്കുന്ന അഖണ്ഡ പരിപൂര്‍ണ്ണ സച്ചിദാനന്ദ സ്വരൂപമായിരിക്കുന്ന ബ്രഹ്മത്തിന്റെ സ്വരൂപത്തേയും ബ്രഹ്മശക്തിയായിരിക്കുന്ന ബ്രഹ്മാദി അല്ലാത്ത പ്രകൃതിയേയും മൂലപ്രകൃതിയുടെ വികൃതി അവരില്‍ നിന്നുളള ജഗത്തിന്റെ ഉല്‍പത്തിയേയും സവിസ്ഥരം പ്രതിപാദിച്ചിരിക്കുന്നു. ആകയാലീ ഗ്രന്ഥം അദ്ധ്യയനം ചെയ്യുന്നവര്‍ക്ക് മുക്തി സിദ്ധിക്കും എന്ന ഭഗവത് വചനം തന്നെ പ്രമാണമാക്കാം. ജഗത് ഗുരുവായ ഭഗവാന്റെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകാന്‍ കിളി എക്കാലവും പാടട്ടെ എന്നാശിക്കാം.


ജന്മഭൂമി: http://www.janmabhumidaily.com/news684015#ixzz4p15jJPG5

No comments:

Post a Comment