മുഖ്യസൈന്യാധിപതിയായി യോഗ്യനായ വ്യക്തിയെ നിയമിക്കുന്നത് ഒരു രാജ്യത്തിന്റെ സുരക്ഷയും, സുസ്ഥിതിയും, ശ്രേയസ്‌ക്കരമായ അഭിവൃദ്ധിയുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോള്‍ വളരെ പ്രധാനപ്പെട്ട സംഗതിയാണ്. ശ്രീരാമചന്ദ്രപ്രഭു ഭരതനോട് സത്ക്കുലജാതനും, രാജഭക്തിയുള്ളവനും, ബുദ്ധിമാനും, ശൂരനും, സ്ഥിരോത്സാഹിയും, സമര്‍ത്ഥനും, പരിശുദ്ധനും, ദുരാഗ്രഹമില്ലാത്തവനുമായ ഒരാളെ സൈന്യാധിപനായി നിയമിച്ചിട്ടില്ലേ എന്നന്വേഷിക്കുന്നു.
സേനാധിപന്മാരാകട്ടെ യുദ്ധ കുശലന്മാരും, ബലവാന്മാരും, ജയശീലന്മാരും ആവണം. അവര്‍ക്ക് വേണ്ടത്ര ആദരവും പരിഗണനയും നല്‍കണം. തുടര്‍ന്ന് അവര്‍ക്ക് സമയാസമയങ്ങളില്‍ വീഴ്ച വരുത്താതെ വേതനം നല്‍കുന്നില്ലേ എന്നും ചോദിക്കുന്നു. ഇതില്‍ വീഴ്ച വരുത്തിയാല്‍ അവര്‍ ധനാര്‍ജ്ജന വ്യഗ്രതയില്‍ പല ദൂഷ്യങ്ങള്‍ക്കും വിധേയരായിപ്പോകാന്‍ സാധ്യതയുണ്ടെന്ന് താക്കീതു ചെയ്യുന്നു.കോട്ടകളില്‍ ധനവും, ധാന്യവും, ജലവും സംഭരിച്ചു വെക്കാന്‍ ശ്രദ്ധിക്കും പോലെ പാലങ്ങളുടെ യന്ത്രസംവിധാനക്ഷമത പരീക്ഷിച്ചുറപ്പു വരുത്തിയിരിക്കണം.
വേണ്ടത്ര ശില്പികളും വില്ലാളികളും സുസജ്ജരായിരിക്കണം. ദൂതന്മാരെ സംബന്ധിച്ചുള്ള പ്രതിപാദനവും ശ്രദ്ധിക്കാം. പ്രദേശവാസികളും, സമര്‍ത്ഥരും, ശാസ്ത്ര ബോധമുള്ളവരും, സത്യവദനശീലും, പ്രത്യുത്പന്നമതികളും ആയിരിക്കണം ദൂതന്മാര്‍. അങ്ങിനെയുള്ള ദൂതനെ നീ നിയമിച്ചിട്ടില്ലേ എന്ന ചോദ്യത്തിനു ശേഷം ചാരന്മാരെക്കുറിച്ച് അന്വേഷിക്കുന്നു. ശത്രുപക്ഷ രാജാക്കന്മാരുടെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ അവരുടെ പതിനെട്ട് വകുപ്പ് മേലധ്യക്ഷന്മാര്‍ക്ക് പിറകില്‍ ചാരന്മാരെ നിയമിക്കണം.
അന്യോന്യം അറിയാത്ത മൂന്നു സമര്‍ത്ഥര്‍ എന്ന പ്രകാരം പതിനെട്ടു പേര്‍ക്കും ചാരന്മാര്‍ ഉണ്ടായിരിക്കണമത്രേ. (മന്ത്രി, പുരോഹിതന്‍, യുവരാജാവ്, സൈന്യാധിപതി, ദ്വാരപാലാധ്യക്ഷന്‍, അന്തഃപുര കാര്യവാഹകന്‍, അച്ചടക്കനിയമാധ്യക്ഷന്‍, തടവറയുടെ അധികാരി ,ശിക്ഷണാധികാരി, സൈനീകക്ഷേമവകുപ്പ് അദ്ധ്യക്ഷന്‍, വിളംബരാധികാരി, ധനാധ്യക്ഷന്‍, നീതിന്യായ വകുപ്പ് അദ്ധ്യക്ഷന്‍, വ്യവഹാരാധ്യക്ഷന്‍, സഭാധ്യക്ഷന്‍, കടലോരസംരക്ഷകന്‍, പൊതുമരാമത്തുവകുപ്പ് മേധാവി, നഗരാധ്യക്ഷന്‍ നീതിശാസ്ത്രമനുസരിച്ച് ഇത്രയും രാജ്യാധികരികളുണ്ടായിരിക്കണമെന്ന് കണക്കാക്കിയിരിക്കുന്നു.) സ്വന്തം രാജ്യത്തില്‍ പതിനഞ്ചു പേര്‍ക്കേ ചാരന്മാരെ നിയമിക്കാവൂ. (മുഖ്യമന്ത്രി, യുവരാജാവ്, പുരോഹിതന്‍ ഇവര്‍ക്ക് സ്വപക്ഷത്തില്‍ ചാരന്മാര്‍ ഉണ്ടായിക്കൂടാ!ഒരു രാജാവ് സജ്ജനാദരം ഉറപ്പാക്കേണ്ടതുണ്ടെന്നും, അവര്‍ രാജ്യശ്രേയസ്സിന് വേണ്ടി ജീവന്‍ ത്യജിക്കാനും ഉദ്യുക്തരായിരിക്കണമെന്നും ചോദ്യരൂപത്തില്‍ ശ്രീരാമചന്ദ്ര പ്രഭു ശ്രദ്ധയില്‍പ്പെടുത്തുന്നു.
നാസ്തികരോട് പുലര്‍ത്തേണ്ടുന്ന സമീപനം എന്തായിരിക്കണം എന്ന് രഘുകുലനാഥന്‍ ചോദ്യത്തിലൂടെ സംവദിക്കുന്നുണ്ട്. എല്ലാം അറിയാമെന്ന ഔദ്ധത്യബുദ്ധി പുലര്‍ത്തുന്ന അവര്‍ മൂഢന്മാരും അനര്‍ത്ഥമുണ്ടാക്കുന്നതില്‍ കഴിവുറ്റ വരുമാണ്. ശ്രേഷ്ഠങ്ങളായ ധര്‍മ്മശാസ്ത്ര വിഷയങ്ങളില്‍ അല്പജ്ഞരായ ഇവര്‍ അര്‍ത്ഥശൂന്യ കുതര്‍ക്ക വാദ തത്പരരായിരിക്കും. അവരെ അനര്‍ഹമായി മാനിച്ചു കൂടെന്നതാണ് നിര്‍ദ്ദേശം .അയോധ്യയുടെ പൂര്‍വ്വികമായ പ്രൗഢിയും, അപ്രതിരോധ്യതയും, ധര്‍മ്മശ്രദ്ധയും, സദാചാരനിഷ്ഠയും വര്‍ണ്ണിച്ചു കൊണ്ട് പ്രസ്തുത പാരമ്പര്യം അതുപോലെ പരിരക്ഷിക്കുന്നില്ലേ എന്ന് കൗസല്യാനന്ദനന്‍ ചോദിക്കുന്നു. വര്‍ണ്ണാശ്രമധര്‍മ്മ പരിപാലനം പൗരജനത്തിന്റെ ഉത്തരവാദിത്വമാണ്. പുരവാസികള്‍ അത് നിര്‍വ്വഹിക്കുന്നുണ്ടെന്ന് രാജാവ് ഉറപ്പാക്കണം.
ജന്മഭൂമി: http://www.janmabhumidaily.com/news688294#ixzz4pniUA0zn
No comments:
Post a Comment