Monday, August 14, 2017

കവിയും യോഗിയുമായ അരബിന്ദ മഹര്‍ഷി, ഭാരത സ്വാതന്ത്ര്യസമരത്തിന്റെ സേനാപതിയായിരുന്നു. സ്വാതന്ത്ര്യസമരരംഗത്തെ അരബിന്ദന്റെ സംഭാവനയെക്കുറിച്ച് പണ്ഡിറ്റ് നെഹ്‌റു ഇപ്രകാരം പറയുന്നു, ”ഹ്രസ്വമായ ഒരു കാലയളവില്‍ മാത്രമേ അരബിന്ദന്‍ സജീവരാഷ്ട്രീയത്തിലുണ്ടായിരുന്നുള്ളൂ. 1905 മുതല്‍ 1910 വരെ. എന്നാല്‍ അക്കാലമത്രയും ഒരു നക്ഷത്രം കണക്കെ പ്രശോഭിച്ചു…മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലാരംഭിച്ച വലിയ പ്രക്ഷോഭങ്ങള്‍ക്ക് വഴിയൊരുക്കിയത് അരബിന്ദനായിരുന്നുവെന്ന് നിസ്സംശയം പറയാം.”
വിപ്ലവകാരികളുടെ രാജകുമാരനായി വിശേഷിപ്പിക്കപ്പെട്ട അരബിന്ദന്‍ 1910 ല്‍ പുതുച്ചേരിയില്‍ എത്തിച്ചേര്‍ന്നതോടെ ആത്മീയാനേ്വഷകനായിത്തീര്‍ന്നു. 1950 ല്‍ സമാധിയാകുംവരെ 40 വര്‍ഷക്കാലം ആത്മീയസാധനയില്‍ മുഴുകി. ‘ഓറോവില്‍’ അഥവാ ഉദയത്തിന്റെ നഗരത്തിലെ സമാധിമന്ദിരത്തില്‍ അരബിന്ദന്‍ എന്ന ‘അതിമാനുഷന്‍’ അന്ത്യവിശ്രമം കൊള്ളുന്നു.
ആലിപ്പൂര്‍ ബോംബ് കേസില്‍ പ്രതിയാക്കപ്പെട്ട് ജയില്‍ജീവിതം അനുഭവിച്ച അരബിന്ദനെ ലോകമറിയുന്ന ആത്മീയഗുരുവാക്കിയത് പുതുച്ചേരിയിലെ രാപകലുകളാണ്. തന്നെ നാടുകടത്താന്‍ രഹസ്യനീക്കങ്ങള്‍ നടക്കുന്നുവെന്നറിഞ്ഞ വേളയിലാണ് അരബിന്ദോ പുതുച്ചേരിയിലെത്തിയത്. അന്ന് പുതുച്ചേരി ഫ്രഞ്ച് അധീനപ്രദേശമായതിനാല്‍ ബ്രിട്ടീഷുകാരെ ഭയക്കേണ്ടതില്ല. 1924 ലായിരുന്നു അത്. അരബിന്ദന്‍ സ്വപ്‌നം കണ്ട പുതിയ ലോകം സൃഷ്ടിക്കാന്‍ ‘മദര്‍’ എന്നു വിളിക്കുന്ന അദ്ദേഹത്തിന്റെ ശിഷ്യ നടത്തിയ ശ്രമമാണ് ‘ഓഗോവിന്‍’ എന്ന ആഗോളഗ്രാമം.
സാര്‍വദേശീയതയുടെ ആചാര്യനായി അരബിന്ദ മഹര്‍ഷി മാറുന്നതിന് മുമ്പ് അദ്ദേഹം തീവ്രദേശീയവാദിയായിരുന്നു. (വിദേശജാതയും വിവേകാനന്ദശിഷ്യയുമായ നിവേദിതയുടെ ഉറ്റസുഹൃത്തായിരുന്നു അരബിന്ദന്‍). 1900 ല്‍ ബറോഡ കോളേജില്‍ അദ്ദേഹം ഇംഗ്ലീഷ് അധ്യാപകനായി ചേര്‍ന്നു. ‘അരബിന്ദന്‍ എന്ന അധ്യാപകന്‍ കലാലയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ വിജ്ഞാന ഗംഗാപ്രവാഹം ആവിര്‍ഭവിക്കുന്നതായ പ്രതീതി ഞങ്ങള്‍ വിദ്യാര്‍ത്ഥികളിലുണ്ടായിരുന്നു’ എന്നെഴുതിയത് സാക്ഷാല്‍ കെ.എം. മുന്‍ഷിയാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news688810#ixzz4pni18K3v

No comments:

Post a Comment