Tuesday, August 01, 2017

അന്ന് രാജാവിന്റെ ആതിഥ്യം സ്വീകരിച്ചശേഷം അടുത്തനാള്‍ വിശ്വാമിത്രനും സംഘവും മിഥിലയിലേക്കുപോയി. ജനകന്റെ പുരം ഏറ്റവും ഉത്തമമായിരുന്നു. ആ പുരത്തിനു പുറത്ത് പഴയതും ശൂന്യവുമായ ഒരാശ്രമം രാമന്റെ ശ്രദ്ധയില്‍പ്പെട്ടു. അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ രാമന്‍ ബ്രഹ്മര്‍ഷിയോട് അന്വേഷിക്കുകയുണ്ടായി. വിശ്വാമിത്രന്‍ പറഞ്ഞു ‘ഒരുകാലത്ത് സ്വര്‍ഗ്ഗതുല്യമായിരുന്ന ആ ആശ്രമം ഗൗതമഋഷിയുടേതായിരുന്നു. ഒരു ശാപത്തിന്റെ ഫലമായിട്ടാണ് ഇത് ഈ നിലയിലായത്’.
ഇവിടെയായിരുന്നു ഗൗതമനും അദ്ദഹത്തിന്റെ പത്‌നി അഹല്യയും ജീവിച്ചിരുന്നത്. ഒരു നാള്‍ മുനി സ്‌നാനത്തിനായി നദിയില്‍പോയ സമയം ഇന്ദ്രന്‍ ഗൗതമന്റെ രൂപത്തില്‍വന്ന് അഹല്യയെ അവരുടെ സമ്മതത്തോടെ പ്രാപിച്ചു. അഹല്യ ഇന്ദ്രനോട് ഗൗതമന്‍ വരുന്നതിനുമുമ്പ് അവിടെനിന്നും പോകുവാനപേക്ഷിച്ചു. താന്‍ വന്നതുപോലെതന്നെ ആരും കാണാതെ പോവുകയും ചെയ്യാമെന്ന് സംതൃപ്തനായ ഇന്ദ്രന്‍ അഹല്യയോടു പറഞ്ഞു.
ഇതുപറഞ്ഞ് പുറത്തേക്കിറങ്ങിയ ഇന്ദ്രന്‍ ഗൗതമന്റെ കണ്ണില്‍പ്പെട്ടു. തന്റെ ദിവ്യദൃഷ്ടിയിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കിയ ഗൗതമന്‍ ഇന്ദ്രനെ ശപിച്ചു-‘നിന്റെ വൃഷണങ്ങള്‍ അറ്റുപോകട്ടേ’. തുടര്‍ന്ന് അദ്ദേഹം അഹല്യയേയും ശപിക്കുകയുണ്ടായി -‘നീയിവിടെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ ഭക്ഷണവും ജലവുമില്ലാതെ വായുമാത്രം കഴിച്ചും ചാരത്തില്‍ കിടന്നും ആരാലും ശ്രദ്ധിക്കപ്പടാതെ കഴിയുക. ഭാവിയില്‍ ഒരുനാള്‍ ദശരഥപുത്രനായ രാമന്‍ ഇവിടെവരും. അന്നു നിനക്ക് ശാപമോക്ഷം ലഭിക്കുകയും സന്തോഷത്തോടെ എന്റെ അടുത്തെത്തുകയും ചെയ്യാം’. ഇങ്ങനെ ശപിച്ച ശേഷം ഗൗതമന്‍ ആ ആശ്രമംവിട്ട് ഹിമാലയത്തിലേക്കു പോവുകയും ചെയ്തു.


ജന്മഭൂമി: http://www.janmabhumidaily.com/news680879#ixzz4oZ5UoexK

No comments:

Post a Comment