Friday, August 04, 2017

എതിര്‍ക്കുവാന്‍ വന്ന വിശ്വാമിത്രപുത്രന്മാരെ വസിഷ്ഠന്‍ ഭസ്മമാക്കി. വിശ്വാമിത്രന്‍ നിഷ്പ്രഭനായി, ലജ്ജിതനുമായി. ശേഷിച്ച ഒരു പുത്രനെ രാജ്യഭരണം ഏല്പിച്ചിട്ട് വിശ്വാമിത്രന്‍ ഹിമാലയത്തിലേയ്ക്കുപോയി. കിന്നരന്മാരും നാഗന്മാരും വസിച്ചിരുന്ന ഒരുപ്രദേശത്ത് ചെന്ന് ശിവനെ സന്തുഷ്ടനാക്കുവാനായി തപസ്സുചെയ്തു.
വിശ്വാമിത്രന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് എന്തുവരമാണുവേണ്ടത് എന്നുചോദിച്ച ശിവനോട് തനിക്ക് ധനുര്‍വിദ്യയുടെ എല്ലാ രഹസ്യങ്ങളും എല്ലാ അസ്ത്രശസ്ത്രങ്ങളും കരഗതമാകണമെന്ന് അദ്ദേഹം അപേക്ഷിക്കുകയുണ്ടായി. അങ്ങനെയാകട്ടേയെന്ന് ശിവന്‍ അനുഗ്രഹിക്കുകയും ചെയ്തു. ശക്തിയുടെ മദംകൊണ്ടും ഗര്‍വംകൊണ്ടും നിറഞ്ഞ വിശ്വാമിത്രന്‍ വസിഷ്ഠന്റെ ആശ്രമസ്ഥലത്തെത്തി ആശ്രമത്തെ അഗ്‌നിക്കിരയാക്കുവാന്‍ തുടങ്ങി.
ഇതില്‍ ക്രുദ്ധനായ വസിഷ്ഠന്‍ വിശ്വാമിത്രനെ ശപിച്ചു ‘ദീര്‍ഘകാലമായി സംരക്ഷിച്ചുപോരുന്ന എന്റെ ആശ്രമത്തേ നശിപ്പിച്ച ദുഷ്ടനായ വിഡ്ഢീ, നീ എന്താണോ അതല്ലാതായിപ്പോകട്ടേ’ എന്നുപറഞ്ഞ് വസിഷ്ഠന്‍ തന്റെ ദണ്ഡ് ഉയര്‍ത്തിക്കൊണ്ട് അങ്ങിനെ നിന്നു. വിശ്വാമിത്രന്റെ എല്ലാ അസ്ത്രശസ്ത്രങ്ങളും വസിഷ്ഠന്റെ ദണ്ഡിനുമുമ്പില്‍ നിര്‍വീര്യമായി. അവസാനം വിശ്വാമിത്രന്‍ വസിഷ്ഠന്റ നേരെ ബ്രഹ്മാസ്ത്രം പ്രയോഗിച്ചതുകണ്ട് ദേവന്മാരും ഗന്ധര്‍വന്മാരും നാഗന്മാരുമെല്ലാം നിശ്ചേഷ്ടരായിനിന്നു. വസിഷ്ഠന്റെ ദണ്ഡ് ബ്രഹ്മാസ്ത്രത്തെയും നിഷ്പ്രഭമാക്കി.
ബ്രഹ്മാസ്ത്രത്തെ സ്വീകരിച്ച വസിഷ്ഠന്റെ ഓരോ രോമകൂപത്തില്‍നിന്നും തീയും പുകയും പുറത്തുവരുവാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ദണ്ഡ് ഒരു തീക്കനലായി. ലോകാവസാനത്തിലുണ്ടാകുന്ന യമന്റെ അഗ്‌നിപോലെ, പുകയില്ലാത്ത കനല്‍പോലെ.
ഋഷികള്‍ വസിഷ്ഠന്റെ ബ്രാഹ്മണ്യത്തെ വാഴ്ത്തുകയും ഉണ്ടായ അഗ്‌നിയെ ശമിപ്പിക്കണമെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ക്ഷത്രിയബലം അധിക്ഷേപിക്കത്തക്കതാണ്. യഥാര്‍ത്ഥ ബലവും പ്രതാപവും ബ്രാഹ്മണ്യത്തിലാണ്. ഒരൊറ്റ ബ്രഹ്മദണ്ഡിന് എന്റെയെല്ലാ അസ്ത്രശസ്ത്രങ്ങളേയും നിര്‍വീര്യമാക്കുവാന്‍ കഴിഞ്ഞു. മനസ്സിനേയും ഇന്ദ്രിയങ്ങളേയും ശുദ്ധമാക്കി തപസ്സിലൂടെ ഞാന്‍ ഈ ജന്മത്തില്‍ ബ്രാഹ്മണനാകും -വിശ്വാമിത്രന്‍ നിശ്ചയിച്ചുറപ്പിച്ചു.


ജന്മഭൂമി: http://www.janmabhumidaily.com/news682098#ixzz4olg2b0JX

No comments:

Post a Comment