Wednesday, August 16, 2017

ദശരഥ നിയോഗമനുസരിച്ചും ബ്രഹ്മാദികളുടെ ഉപദേശം സ്വീകരിച്ചും ശ്രീരാമാദികള്‍ അയോധ്യയിലേക്കു തിരിച്ചു. വിഭീഷണനും വാനരാദികളുമെല്ലാം കൂടെക്കൂടി. യുദ്ധത്തില്‍ പ്രധാന പങ്കുവഹിച്ച പലരുടേയും മഹത്വങ്ങള്‍ ശ്രീരാമന്‍ സീതാദേവിക്കു വിവരിച്ചു കൊടുത്തു. ഒരു ഘട്ടത്തില്‍ എല്ലാവരും വീണപ്പോള്‍ ഹനുമാന്‍ ഔഷധമല പൊക്കിക്കൊണ്ടു വന്ന ചരിത്രം പ്രത്യേകം എടുത്തു പറഞ്ഞു.
ശ്രീരാമാദികള്‍ വരുന്ന വിവരം മുന്‍കൂട്ടി ഭരത കുമാരനെ അറിയിക്കുന്നതിനായി ശ്രീരാമന്‍ ഹനുമാനെ നിയോഗിച്ചു. ഹനുമാനില്‍ നിന്നു വിവരങ്ങളൊക്കെയറിഞ്ഞ ഭരത കുമാരന്‍ ആനന്ദാശ്രുപൊഴിച്ച് ഹനുമാനെ കെട്ടിപ്പിടിച്ച് രത്‌നപീഠത്തില്‍ ഇരുത്തി സല്‍ക്കരിച്ചു.
ശ്രീരാമാഗമം പ്രമാണിച്ച് പ്രകൃതി പൂത്തുലഞ്ഞു. എല്ലാവരും രാമാഗമത്തിനായി ആകാശത്തിലേക്കു നോക്കി കാത്തു നിന്നു. ദൂരെ നിന്ന് അല്‍പമാത്രമായി ദര്‍ശിച്ചപ്പോഴെ എല്ലാവരും തൊഴുകയ്യുയര്‍ത്തി രാമനാമം ചൊല്ലി സ്വാഗതമോതി.
ആചാരാനുസൃതം എല്ലാവരും പരസ്പരം നമസ്‌കരിച്ചു. വസിഷ്ഠാദികളെ ശ്രീരാമനും നമസ്‌കരിച്ചു. ശ്രീരാമന്റെ പട്ടണപ്രവേശത്തിനായി ഭരതന്‍ തേരു തെളിച്ചു. ശത്രുഘ്‌നന്‍ വെണ്‍ കൊറ്റക്കുട പിടിച്ചു. ലക്ഷ്മണനും വിഭീഷണനും വെഞ്ചാമരം വീശി. സുഗ്രീവാദികള്‍ അകമ്പടി സേവിച്ചു.
രാജധാനിയില്‍ പ്രവേശിച്ച ശ്രീരാമാദികള്‍ ആദ്യം മാതാക്കളെ ചെന്നു വണങ്ങി. തുടര്‍ന്ന് ശ്രീരാമ പട്ടാഭിഷേകം. വസിഷ്ഠന്‍, വാമദേവന്‍, ജാബാലി, കശ്യപന്‍, കാത്യായനന്‍, ഗൗതമന്‍, വിജയന്‍, സുയജ്ഞന്‍ തുടങ്ങിയ മഹര്‍ഷിമാര്‍ ചേര്‍ന്ന് ശ്രീരാമനെ അയോധ്യാധിപതിയായി അഭിഷേകം ചെയ്തു. ഭരതനെ യുവരാജാവായും അഭിഷേകം ചെയ്തു. ലക്ഷ്മണാദികള്‍ സേവകര്‍ മാത്രമായി നില്‍ക്കാനാണ് താല്‍പര്യമെന്നറിയിച്ചു.
ശ്രീരാമ ഭരണകാലത്ത് വ്യാധി ഭയമില്ലാതായി. കള്ളന്മാരില്ല. ആപത്തുകളില്ല. ബാലമരണങ്ങളോ വൈധവ്യമോ ഉണ്ടാകാത്ത വിധം ശ്രേയസു വളര്‍ന്നു വന്നു. എല്ലാവര്‍ക്കും സന്തോഷം. എല്ലാവരും ധര്‍മമനുസരിച്ച് ജീവിച്ചു. എല്ലായിടത്തും രാമമന്ത്രം ജനം അറിഞ്ഞു ജപിച്ചു. എല്ലാവരും സത്യശീലന്മാരായി.
ശ്രീവാത്മീകിയുടെ നിയോഗത്താല്‍ ലവകുശന്മാര്‍ രാമകഥകള്‍ നഗരവീഥികളില്‍ ആലപിച്ചു പ്രചരിപ്പിച്ചു. അതിനുള്ള നിയോഗമായിരുന്നു വാത്മീക്യാശ്രമത്തിലെ താമസത്തിനു സീതാദേവിക്കുണ്ടായ അവസരവും.
വാത്മീകി ഗിരി സംഭൂതാ രാമസാഗരഗാമിനീ
പുനാതി ഭൂവനം പുണ്യാ രാമായണമഹാനദീ
മംഗളം കോസലേന്ദ്രായ മഹനീയ ഗുണാബ്ധയേ
ചക്രവര്‍ത്തി തനൂജായ സാര്‍വഭൗമായ മംഗളം


ജന്മഭൂമി: http://www.janmabhumidaily.com/news689224#ixzz4pvWoXzqU

No comments:

Post a Comment