മര്‍ക്കട രൂപിയായി മാറിയ പുഞ്ജികസ്ഥല, വനത്തില്‍ അലഞ്ഞുതിരിയുമ്പോള്‍, ബലിഷ്ഠനും യുവ കോമളനുമായ കേസരി എന്ന വാനര രാജകുമാരനുമായി കാണാനിടയാകുകയും അവര്‍ പരസ്പരം ആകര്‍ഷിക്കപ്പെട്ട് വിവാഹിതരായി ഏറെനാള്‍ ഭാര്യാഭര്‍ത്താക്കന്മാരായി കഴിയുകയുമുണ്ടായി. ഒരു കുട്ടിയുണ്ടാകാനുള്ള അദമ്യമമായ ആഗ്രഹം സാധിച്ചു കിട്ടുവാനായി ശ്രീപരമേശ്വരനെ ധ്യാനിച്ചുകൊണ്ട് തപസ്സനുഷ്ഠിച്ചു വരുമ്പോഴാണ്, വായുഭഗവാന്‍ കാത്തുസൂക്ഷിച്ചുവന്ന ശിവരേതസ്സ്, അഞ്ജനാ ഗര്‍ഭത്തില്‍ സ്ഥാപിതമായത്.
കണ്ഠാഭരണം
ഒരു വാനരരാജനായ കേസരിയുടെ രാജ്ഞിക്ക്(അഞ്ജന) ദിവ്യഗര്‍ഭമുണ്ടായ വിവരം രഹസ്യമായി മനസ്സിലാക്കിയ വാനരചക്രവര്‍ത്തിയായ ബാലി ഭയചകിതനായിത്തീരുകയുണ്ടായി. ഈ കുട്ടി ജനിച്ചാല്‍ ഒരുപക്ഷേ തനിക്ക് ശത്രുവായിത്തീരുമെന്ന ശങ്കയില്‍, അഞ്ജനയുടെ ഗര്‍ഭത്തെ ഇല്ലാതാക്കുവാന്‍, പഞ്ചലോഹങ്ങള്‍ പ്രത്യേകതരത്തില്‍ ഉരുക്കി ജലരൂപമാക്കി അഞ്ജനയെ കുടിപ്പിക്കുകയുണ്ടായി. ശിവകൃപയാല്‍ ഇത് ഗര്‍ഭസ്ഥനായ കുട്ടിക്ക് കണ്ഠാഭരണമായിത്തീരുകയായിരുന്നു.
ജനനം
ചൈത്രമാസത്തിലെ ചിത്രാ പൗര്‍ണമി ദിനത്തില്‍ അഞ്ജനയ്ക്ക് പുത്രന്‍ ജനിച്ചു. ജനനത്തോടു കൂടിത്തതന്നെ വളര്‍ന്ന ബാലന്‍ ”എനിക്ക് വല്ലാതെ വിശക്കുന്നു എന്ന് അമ്മയോടു പറയുകയും ”ചുറ്റുമുള്ള തിളങ്ങുന്ന വസ്തുക്കള്‍ എത്രയോ നിനക്ക് ആഹരിക്കാനായുണ്ട്” എന്നുപറഞ്ഞുകൊണ്ട് അഞ്ജന ദേവലോകത്തേക്ക് മടങ്ങിപ്പോയി. അതി ബലവാനായ ബാലന്‍, ഉദിച്ചുനില്‍ക്കുന്ന സൂര്യനെ കണ്ടപ്പോള്‍ തനിക്ക് ഭക്ഷിക്കാന്‍ പറ്റിയ ഫലമാകാമെന്ന് കരുതി സൂര്യങ്കലേക്ക് കുതിച്ചുയര്‍ന്നു. മാര്‍ഗ്ഗമദ്ധ്യേ ദേവേന്ദ്ര വാഹനമായ ഐരാവതത്തെ കാണുകയും ഭക്ഷിക്കാന്‍ ശ്രമിക്കുകയുമുണ്ടായി.
തന്റെ വാഹനത്തിനു നേരെ തിരിയുന്ന കേസരീ പുത്രനെ കണ്ട ദേവേന്ദ്രന്‍ തന്റെ വജ്രായുധമെടുത്ത് ശക്തമായി വെട്ടുകയും താടിയില്‍ നല്ല മുറിവുണ്ടായ ബാലന്‍ ഭൂമിയിലേക്ക് സാവധാനം പതിക്കുകയുമുണ്ടായി. ഇതുകണ്ട് സഹിക്കാതെ വായുദേവന്‍ കുട്ടിയേയുമെടുത്തുകൊണ്ട് പാതാളത്തില്‍ പോയി ഒളിച്ചു. ഭൂമിയില്‍ വായു സ്പന്ദനമില്ലാതായതോടെ ത്രിമൂര്‍ത്തികളുടെ നേതൃത്വത്തില്‍ ദേവന്മാരും മഹര്‍ഷിമാരും പാതാളത്തിലെത്തി വായുഭഗവാനെ തൃപ്തനാക്കത്തക്കവിധം ബാലനെ അനുഗ്രഹിച്ചു. താടിയില്‍ മുറിവുണ്ടായതിനാല്‍ ബ്രഹ്മാവ് ബാലന് ‘ഹനുമാന്‍’ എന്നു നാമകരണം ചെയ്യുകയും ചിരഞ്ജീവിയായിരിക്കുമെന്ന് (മരണമില്ലാത്തവന്‍) അനുഗ്രഹിക്കുകയും ചെയ്തു.
ത്രിമൂര്‍ത്തികളും ദേവന്മാരും ഹനുമാന് അപാരശക്തിവിശേഷങ്ങളും അതിവേഗവും അസ്ത്രശസ്ത്രങ്ങളില്‍ നിന്നു രക്ഷയും ഉള്‍പ്പെടെ അനേകം സിദ്ധി-ശക്തി വിശേഷങ്ങള്‍ നല്‍കി അനുഗ്രഹിച്ചു.
സൂര്യഗുരു
ബാലനായ ഹനുമാന്‍ സൂര്യദേവനെ തന്റെ ഗുരുവായി വരിച്ചു. ബാലഖില്യന്മാര്‍ തന്റെ തേരില്‍ ഇരുന്നു പഠനം നടത്തുന്നതിനാല്‍ ഇടം നല്‍കാനാവില്ലെന്നു പറഞ്ഞൊഴിയുവാന്‍ ശ്രമിച്ചപ്പോള്‍, സൂര്യന്റെ മുന്നില്‍ അഭിമുഖമായിനിന്നുകൊണ്ടും സ്വയം പിന്നോട്ടു സഞ്ചരിച്ചും വിദ്യ അഭ്യസിച്ചുകൊള്ളാമെന്ന് സമ്മതിച്ചു.
അറുപതു നാഴികകൊണ്ട് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഗുരുദക്ഷിണ നല്‍കാന്‍ തയ്യാറായ ഹനുമാനോട് തന്റെ പുത്രനായ സുഗ്രീവന്‍ കിഷ്‌ക്കിന്ധയില്‍ ബാലിയെ ഭയന്നു കഴിയുന്നുവെന്നും സുഗ്രീവ രാജസഭയില്‍ മന്ത്രിപദം വഹിച്ച് സേവകനാകുവാനും നിര്‍ദ്ദേശിച്ചു. ശ്രീരാമസ്വാമിയെ സ്വീകരിക്കുന്നതുവരെയും ഹനുമാന്‍ സുഗ്രീവന്റെ മന്ത്രിയായി ജീവിക്കുകയും ബാലിവധത്തിന് ഇടയാക്കുകയും ചെയ്തു. തുടരും.
ജന്മഭൂമി: http://www.janmabhumidaily.com/news694772#ixzz4qoH7INxI
No comments:
Post a Comment