Monday, August 28, 2017

ഏവരുടേയും ഹൃദയത്തില്‍ വസിക്കുന്ന നാരായണന്‍
വിഷ്ണുസ്തു ത്രീണി രൂപാണി
പുരുഷാഖ്യാന്യഥോ വിദുഃ
പ്രഥമം മഹതഃളസഷ്ടൃ
ദ്വിതീയം ത്വണ്ഡസം സ്ഥിതം
തൃതീയാ സര്‍വ്വഭൂതസ്ഥം
താനിജ്ഞാനത്വാ വിമുച്യതേ (സാത്വതതന്ത്രം)
(വ്യാപന ശീലനായ ശ്രീകൃഷ്ണ ഭഗവാന്-വിഷ്ണുവിന്-മൂന്ന് രൂപങ്ങളുണ്ട്. ഒന്ന് മഹത്തരവും സൃഷ്ടിച്ച്, സഹസ്രാക്ഷ സഹസ്രശീര്‍ഷനുമായ മഹാവിഷ്ണു. രണ്ടാമത്തേത്, ഓരോ ബ്രഹ്മാണ്ഡത്തിലും പാലാഴിയില്‍ പള്ളികൊള്ളുന്ന ലക്ഷ്മീ വല്ലഭന്‍. മൂന്നാമത്തേത്, സര്‍വ്വശരീരികളുടെയും ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന നാരായണന്‍.
ഗീതയിലെ 10-ാം അധ്യായത്തിലെ 20-ാം ശ്ലോകത്തിന് ”സര്‍വ്വം ഭൂതാശയ സ്ഥിതഃ” എന്ന് ഭഗവാന്‍ നിര്‍ദ്ദേശിച്ച് നാരായണ വിഭൂതിയാണ്. ഈ മൂന്നു വിഭൂതികളും ഭഗവാനും തമ്മില്‍ രൂപത്തിലെ വ്യത്യസ്തയുള്ളൂ, തേജസ്സിലും പ്രഭാവത്തിലും ഐശ്വര്യത്തിലും തുല്യരാണ്. ഇതിജ്ഞാത്വാ- ഈ മൂന്നു വിഷ്ണുരൂപങ്ങളിലെ ഏതു സ്വരൂപത്തെ ധ്യാനിച്ചാലും ശ്രീകൃഷ്ണ ഭഗവാന്‍ തന്നെയാണ് ധ്യാനിക്കപ്പെടുന്നത്. ഇക്കാര്യങ്ങള്‍ നാം മറക്കരുത്.
ഭഗവാന്‍ തന്റെ വിഭൂതികളെ വിവരിക്കുന്നു (10-21)
ഭഗവാന്റെ വിഭൂതികള്‍ രണ്ടുവിധത്തില്‍ സ്ഥിതിചെയ്യുന്നു. പ്രത്യക്ഷ രൂപമായിട്ടും പരോക്ഷ ഭാവമായിട്ടും ഉദാഹരണമായി പറയാം. വിഷ്ണു, കപിലന്‍, വ്യാസന്‍, വാസുദേവന്‍, രാമന്‍ മുതലായ വിഭൂതികള്‍ രൂപമുള്ളവയാണ്. മനോഭാവങ്ങളിലും പ്രവൃത്തികളിലും ഉള്ള വിഭൂതികള്‍ അപ്രത്യക്ഷമാണ്. ഉദാഹരണം: ”അധ്യാത്മവിദ്യാ, വാദഃ, കാലഃ -മുതലായവയ്ക്ക് രൂപമില്ല എന്ന് ഓര്‍ക്കുക.
(1) ആദിത്യാനാം അഹം വിഷ്ണുഃ
കശ്യപപ്രജാപതിക്ക് അദിതി എന്ന പത്‌നിയില്‍ ജനിച്ച 12 ദേവന്മാര്‍ ആദിത്യന്മാര്‍- എന്ന് പറയപ്പെടുന്നു. ഇവര്‍ ഓരോരുത്തരായി, ഓരോ മാസത്തിലും ഉദിക്കുന്ന സൂര്യഗോളത്തില്‍ അധിഷ്ഠാനം ചെയ്യുന്നു. ദേവതാരൂപത്തില്‍ ഇവര്‍ സ്വര്‍ഗലോകത്തില്‍ വസിക്കുന്നു. ഇവരില്‍ ശ്രീകൃഷ്ണഭഗവാന്റെ ചൈതന്യം ഉള്‍ക്കൊള്ളുന്നുണ്ട്. പക്ഷേ, ‘വിഷ്ണു’ എന്ന് പേരുള്ള ആദിത്യനില്‍ ഭഗവച്ചൈതന്യം കൂടുതലുണ്ട്. അതുകൊണ്ട് വിഷ്ണു എന്ന ആദിത്യന്‍ ശ്രീകൃഷ്ണ ഭഗവാന്റെ വിഭൂതിയാണ്. (ഭഗവാന്റെ വാമനാവതാരം കൂടിയാണ്).
ഈ രീതിയില്‍ത്തന്നെയാണ് ഇനി പറയുന്ന വിഭൂതികളുടെ വിവരണം മനസ്സിലാക്കേണ്ടത്. വിഭൂതികളെ ‘ഭഗവാന്‍ തന്നെ’ എന്ന ബുദ്ധിയോടെ നാം ഉപാസിക്കണം. അതിനുവേണ്ടിയാണ് അര്‍ജ്ജുനന്‍ വിഭൂതികളെ ഉപദേശിക്കാന്‍ ആവശ്യപ്പെട്ടതും ഭഗവാന്‍ വിവരിക്കുന്നതും.


ജന്മഭൂമി: http://www.janmabhumidaily.com/news696075#ixzz4r5gcgr2l

No comments:

Post a Comment