Saturday, August 05, 2017

ദേവീദര്‍ശനം നല്‍കിയ സായുജ്യത്തിന്റെ തിരുമധുരം നുണഞ്ഞുകൊണ്ട് ഹനുമാന്‍ ചൈത്യപ്രാസാദത്തിന്റെ അരികിലുള്ള ഒരു പൊന്നശോകത്തിന്റെ ശിഖരത്തിലെത്തി. ലങ്ക വിടും മുന്‍പ് എന്തെങ്കിലും ക്രൂരത തടയണം. ദേവിയെ കൂടുതല്‍ ശല്യപ്പെടുത്തുന്ന സാഹചര്യമുണ്ടാവരുത്. അല്‍പ്പം നോവിച്ച് രാമസുഗ്രീവന്മാരുടെ ശക്തിയെ ഒന്നു വെളിവാക്കി ലങ്ക വിടാം. കുറച്ചു രാക്ഷസപ്രമുഖരെ കാലപുരിയ്ക്കയച്ചാല്‍ രാവണന്‍ സ്വാദറിയും; അതുവഴി രാക്ഷസന്മാരുടെ യുദ്ധ സാമര്‍ത്ഥ്യത്തെ തിരിച്ചറിയുകയുമാവാം. ഈ പ്രമദവനം എന്ന ഉദ്യാനം തകര്‍ത്താലോ? സ്വര്‍ഗ്ഗത്തിലെ നന്ദനത്തിനു സമമെന്നാണ് ലങ്കാലക്ഷ്മി പറഞ്ഞത്. അതിനു നാശം സംഭവിച്ചാല്‍ രാവണനില്‍ രോഷാഗ്നിയുണരും; ചതുരംഗപ്പടയുമായി ലങ്കേശന്‍ വന്നേക്കാം. അവന്റെ നിശാതായുധങ്ങളെക്കുറിച്ചും യുദ്ധവൈദഗ്ദ്ധ്യത്തെക്കുറിച്ചും ഒരു ധാരണ കൈവരുമല്ലോ…
‘ പിന്നെ, മടിച്ചില്ല, അല്ലേ?’ മുത്തശ്ശി ആരാഞ്ഞു.
‘ഇല്ല. വായുപുത്രന്‍ തന്റെ പിതാവായ പവനദേവനെ സ്മരിച്ചു. ആ മാത്രയില്‍ വായുദേവന്‍ ഒരു കൊടുങ്കാറ്റായി പ്രമദവനത്തിലെത്തി. ആ കൊടുങ്കാറ്റിനു ഒരു കൈത്താങ്ങെന്ന നിലയില്‍ വായുപുത്രന്‍ മരത്തില്‍നിന്നു മരത്തിലേക്ക് ചാടിക്കൊണ്ടിരുന്നു. ചാട്ടത്തിന്റെ ആഘാതത്തിനൊപ്പം കാറ്റിന്റെ കരാളത കൂടിയായപ്പോള്‍ മരങ്ങള്‍ ഒന്നൊന്നായി നിലംപതിച്ചു. നിമിഷവേഗം പ്രമദവനം ഇരുന്നു നോക്കിയാല്‍ നിരന്നു കാണാനാവുംവിധം തകര്‍ന്നു തരിപ്പണമായി. ആ തകര്‍ച്ചയുടെ തനിരൂപം കാണാന്‍ വേണ്ടി വായു പുത്രന്‍ ചൈത്ര പ്രാസാദത്തിന്റെ മുകളില്‍ കയറിയിരുന്നു. അവിടെയിരുന്നാല്‍ പരിസരമെല്ലാം കാണാം; എല്ലാവര്‍ക്കും തന്നേയും കാണാം….
അശോകാവനികയിലെ വൃക്ഷങ്ങള്‍ കടപുഴകുന്ന ശബ്ദവും കൊടുങ്കാറ്റിന്റെ അലര്‍ച്ചയുമെല്ലാം സീതാദേവിയുടെ സംരക്ഷണമേറ്റിരുന്ന രാക്ഷസികളെ ചകിതരാക്കി. അവര്‍ നോക്കുമ്പോള്‍, പ്രമദവനമൊട്ടാകെ നിലംപറ്റിയിരിക്കുന്നു. സീതയിരിക്കുന്നിടത്തെ ശിംശപാവൃക്ഷം മാത്രം കാറ്റത്തു കടപുഴകാതെ നില്‍പ്പുണ്ട്. അപ്പോഴാണ് ഏതോ രാക്ഷസി അതു ശ്രദ്ധിച്ചത്: അതാ, ചൈത്ര പ്രാസാദത്തിന്റെ നെറുകയില്‍ ഒരു പടുകൂറ്റന്‍ വാനരന്‍…
‘അവര്‍ വേഗം ചെന്ന് രാവണനെ വിവരമറിയിച്ചു, അല്ലെ?’ ശ്രീലക്ഷ്മി ചോദിച്ചു.
‘അല്ലാതെന്തു ചെയ്യും?’ മുത്തശ്ശന്‍ തുടര്‍ന്നു: പേടിച്ചരണ്ട അവള്‍ ലങ്കേശന്റെ അരികെ ബോധിപ്പിച്ചു: അശോകവനത്തില്‍ ഭീകരനായ ഒരു കുരങ്ങന്‍ വന്നിട്ടുണ്ട്. അവന്‍ പ്രമദവനം തല്ലിത്തകര്‍ത്തു. സീത ഇരിക്കുന്നയിടം മാത്രം സംരക്ഷിച്ചു നിറുത്തിയിട്ടുണ്ട്. അവനാരെന്നു സീതയ്ക്കറിയാമെന്നു തോന്നുന്നു… അതുകേട്ട രാവണനില്‍ ക്രോധം മുഴുത്തു. ആ കണ്ണുകളില്‍നിന്നു അഗ്നികണങ്ങളോടെ വീഴുന്ന എണ്ണത്തുള്ളികള്‍ പോലെ.
തസ്യക്രുദ്ധസ്യനേത്രാഭ്യാം
പ്രാപതന്നശ്രുബിന്ദവഃ
ദീപ്താദ്യാമിവ ദീപാഭ്യാം
സാര്‍ചിഷഃ സ്‌നേഹബിന്ദവഃ
ഉടനെത്തന്നെ രാവണന്‍, തനിയ്‌ക്കൊത്തവരും വീരന്മാരുമായ കിങ്കരരായ രാക്ഷകരെ ഹനുമാനെ നിഗ്രഹിക്കാനയച്ചു.
‘അപ്പോഴോ?’ ശരത്ത് തിരക്കി.
മുദ്ഗരവും പട്ടസവും ശൂലവും വേലുമൊക്കെയായി കിങ്കരന്മാര്‍ വായുപുത്രനെ വളഞ്ഞു. അന്നേരം വായു പുത്രന്‍, തന്റെ ദേഹം മാമലയ്‌ക്കൊപ്പം വളര്‍ത്തി; അലറുന്ന സ്വരത്തില്‍പ്പറഞ്ഞു: ദാശരഥി രാമന്റെ ദൂതനാണ് ഞാന്‍. സീതാദേവിയെ കട്ടുകൊണ്ടുപോന്ന രാവണനെപ്പോലെ ആയിരം പേര്‍ വന്നാലും എനിക്ക് തുല്യമാവില്ല.

ജന്മഭൂമി: http://www.janmabhumidaily.com/news682782#ixzz4ost3NEZS

No comments:

Post a Comment