Thursday, August 31, 2017

ദൈവീക സ്‌നേഹത്തിന്റെ അടയാളമാണ് ആദരവ്. സ്‌നേഹത്തിലൂടെ ആദരവ് കാട്ടുന്നതാണ് പൂജ. പൂജയെന്നാല്‍ പൂര്‍ണതയില്‍നിന്ന് ജനിക്കുന്നത് എന്നര്‍ത്ഥം. സ്‌നേഹവും കൃതജ്ഞതയും നിറയുമ്പോള്‍ ഏറ്റവും നല്ലതുമാത്രമേ പുറത്തുവരികയുള്ളൂ.
ബോധത്തിലും ഉണ്മയിലും ഈ ഗുണങ്ങള്‍ നിറയുമ്പോള്‍ ഒരാള്‍ ചെയ്യുന്നതെന്തും പൂജയായി ഭവിക്കും. ഈശ്വരന്‍, പ്രകൃതി എല്ലാം നല്‍കി നമ്മെ അനുഗ്രഹിക്കുന്നു. പ്രകൃതി നമ്മെ എങ്ങനെയെല്ലാം അനുഗ്രഹിക്കുന്നുവോ അങ്ങനെയെല്ലാം നാം ഈശ്വരചൈതന്യത്തിനു മുന്നില്‍ സമര്‍പ്പിക്കുകയാണ് പൂജയിലൂടെ.
ആരാധനാ വേളയില്‍ നാം പുഷ്പാര്‍ച്ചന നടത്തുന്നു. സ്‌നേഹത്തിന്റെ അടയാളമാണ് പൂക്കള്‍. ഏതെല്ലാം രൂപത്തിലും ഭാവത്തിലുമാണ് ഈശ്വരന്‍ സ്‌നേഹമായി നമുക്ക് മുന്നില്‍ അവതരിക്കുന്നത്. അമ്മയായി, അച്ഛനായി, ഭാര്യയായി, ഭര്‍ത്താവായി, കുഞ്ഞുങ്ങളായി, കൂട്ടുകാരായി അവസാനമില്ലാത്ത ലിസ്റ്റ്. ഇതേ ഈശ്വരസ്‌നേഹം സദ്ഗുരുവിന്റെ രൂപത്തില്‍ നമുക്ക് മുന്നിലെത്തുന്നു. നമ്മെ ഈശ്വരനോളം എത്തിക്കാന്‍-അതായത് നമ്മുടെ സത്യത്തിലെത്തിക്കാന്‍ എത്ര പൂക്കള്‍ അര്‍പ്പിച്ചാലും ഈ സ്‌നേഹത്തിനു തുല്യമാകുമോ.
നേരിട്ട് പൂജ ചെയ്യാതെ പൂജയില്‍ പങ്കെടുക്കുമ്പോള്‍ കണ്ണുകളടച്ച് ശ്രദ്ധിച്ചിരിക്കണം. ധ്യാനം സംഭവിക്കും. മന്ത്രോപചാരങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ മനസ്സ് ശാന്തമാകും. നാം വെറുതെയിരുന്നാല്‍ മാത്രം മതി ഒരു ശ്രമവും ആവശ്യമില്ല. നന്മ നിറഞ്ഞ തരംഗങ്ങളില്‍ നാം അറിയാതെ മുഴുകിപ്പോകും. അനുകരണവും ആദരവും കളികളും സ്‌നേഹത്തില്‍ അലിയിച്ചതാണ് പൂജ. പൂജയുടെ അവസാനം എല്ലാവരും ദീപാരാധന നടത്തിയ ദീപം തൊട്ടുവന്ദിച്ച് അനുഗ്രഹം സ്വീകരിക്കുന്നു. നന്മയുടെയും സ്‌നേഹത്തിന്റെയും ദീപം ഓരോരുത്തരും ഉള്ളിലേക്ക് സ്വീകരിക്കുന്നു. തീര്‍ത്ഥം പ്രസാദമായി ലഭിക്കുമ്പോള്‍ അത് അനശ്വര സ്‌നേഹത്തിന്റെ അമൃതായി.
സ്‌നേഹത്തിന്റെ ആഴം കൂടുമ്പോള്‍ എന്തെങ്കിലും സമ്മാനിക്കണമെന്ന് തോന്നും. ലൗകീക സ്‌നേഹത്തില്‍ നാം എല്ലാം പിടിച്ചുവയ്ക്കുന്നു. എന്നാല്‍ ദൈവീക സ്‌നേഹത്തില്‍ എല്ലാം നല്‍കുകയാണ് ചെയ്യുന്നത്. ഭൗതികതയില്‍ നാം മറ്റൊരാള്‍ക്ക് വേണ്ടി ചെയ്തതിന്റെ കണക്ക് സൂക്ഷിക്കുന്നതോടൊപ്പം കൂടുതല്‍ കഷ്ടപ്പാടുകളും വരുത്തിവെയ്ക്കുന്നു. എന്നാല്‍ ദൈവീക സ്‌നേഹത്തില്‍ നാം നമ്മെ തന്നെയും സമര്‍പ്പിക്കുന്നു.
നാം സൃഷ്ടിയെ, പ്രപഞ്ചത്തെ ആദരിക്കണം. പ്രകൃതിയിലെ ഓരോന്നിനെയും ബഹുമാനപൂര്‍വ്വം വീക്ഷിക്കണം. ഒരു വൃക്ഷം എത്ര ആദരവും കൃതജ്ഞതയും അര്‍ഹിക്കുന്നു. നാം ഉച്ഛ്വസിച്ച് മലിനമാക്കുന്ന വായുവിനെ അത് പരിശുദ്ധമാക്കി വീണ്ടും നമുക്കായി നല്‍കുന്നു. അതിന്റെ സാന്നിദ്ധ്യംപോലും പലപ്പോഴും നാം ശ്രദ്ധിക്കാറില്ല. ഈ പൂക്കളും പുഴകളും സൂര്യചന്ദ്രന്മാരും താരാഗണങ്ങലും എന്റെതാണ് എന്ന് തോന്നിയിട്ടുണ്ടോ? സൃഷ്ടിയിലെ സമസ്ത ജീവജാലങ്ങളെയും സ്‌നേഹിക്കൂ… ആദരിക്കൂ… നിങ്ങളുടെ സ്വന്തം ശരീരം ഏറെ ആദരവ് അര്‍ഹിക്കുന്നു. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെ ബഹുമാനിക്കണം. ദേഷ്യപ്പെട്ട് വലിച്ചുവാരി ഭക്ഷിക്കരുത്. ശ്രദ്ധാപൂര്‍വ്വം ആഹാരം കഴിക്കണം. കാരണം അത് നിങ്ങളുടെയുള്ളില്‍ വസിക്കുന്ന ഈശ്വരനുള്ള ഭക്ഷണമാണ്. അത്യന്തം സ്‌നേഹ ബഹുമാനപൂര്‍വ്വം ആഹാരം കഴിക്കുന്നതും പൂജയാണ്.
നിങ്ങള്‍ എപ്പോഴെങ്കിലും സ്വന്തം ശ്വാസത്തെ ആദരിച്ചിട്ടുണ്ടോ? എന്തിന് ശ്രദ്ധിച്ചിട്ടുണ്ടോ? ഈ ശ്വാസം എത്ര സുന്ദരമാണ്. അകത്തേക്കും പുറത്തേക്കുമുള്ള ഈ ശ്വാസം ഇല്ലായിരുന്നെങ്കില്‍ എന്നേ എന്നെ വലിച്ചെറിയുമായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ആഴത്തിലുള്ള ഭക്തിയോടെ ശ്വാസം ശ്രദ്ധിക്കൂ. നിങ്ങളിലെ എല്ലാവിധത്തിലുള്ള ജ്വരവും സ്‌നേഹമായി മാറും.
മനസ്സ് എപ്പോഴും ആകര്‍ഷണങ്ങളില്‍ അകപ്പെടുന്നു. ആകര്‍ഷണങ്ങള്‍ മരുപ്പച്ചപോലെയാണ്. എത്തിപ്പെടുമ്പോള്‍ ഇനിയും അകലെയാണെന്ന തോന്നല്‍ ഉളവാക്കുന്നു. ഭക്തി മനസ്സില്‍ നിറയുമ്പോള്‍ ഇത്തരം വ്യഥകള്‍ മെഴുകുപോലെ ഉരുകുന്നു. ഉള്ളിലെ ദീപം കൂടുതല്‍ സത്വത്തില്‍നിന്നു നിങ്ങളെ അകലേക്ക് വലിച്ചുകൊണ്ടുപോകുന്നു. ഭക്തി നിങ്ങളില്‍ സ്‌നേഹം നിറയ്ക്കുന്നു. നിങ്ങളെ കൂടുതല്‍ കൂടുതല്‍ ആത്മസ്വരൂപവുമായി അടുപ്പിക്കുന്നു.
സ്‌നേഹത്തിന്റെ കാത്തിരിപ്പിന് മധുരമേറും. മനസ്സിനെ പൂര്‍ണമായി മാറ്റാന്‍ സ്‌നേഹത്തിനു കഴിയും. ഭക്തിയും സ്‌നേഹവും നിങ്ങളുടെ യഥാര്‍ത്ഥ സ്വരൂപമാണ്. നിങ്ങള്‍ അതായിത്തീരുമ്പോള്‍ സംഘര്‍ഷങ്ങളില്ല. സദ്ഗുരു നിങ്ങളിലെ സംഘര്‍ഷങ്ങളുടെ ഭാരിച്ച ചുമടുകള്‍ എടുത്തുമാറ്റുന്നു. അദ്ദേഹം അതിന് സദാസന്നദ്ധനാണ്. എല്ലാ നിഷേധ വികാരങ്ങളും ചിന്തകളും സദ്ഗുരുവില്‍ സമര്‍പ്പിക്കൂ. എല്ലാ ഭാരവും സമര്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ സ്വതന്ത്രരാകുന്നു. ഒരു പൂവുപോലെ നിര്‍മ്മലവും ഭാരമില്ലാത്തതുമാകുന്നു. നിങ്ങള്‍ക്ക് ഉള്ളിലെ സ്‌നേഹത്തില്‍ നിന്നേ പുഞ്ചിരിക്കാനാവൂ. ഈ നിമിഷത്തില്‍ വിശ്രമിക്കൂ. ആനന്ദിക്കൂ. നിങ്ങള്‍ സ്‌നേഹം മാത്രമാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news697682#ixzz4rNGevXBC

No comments:

Post a Comment