Saturday, August 19, 2017

‘വിഗ്രഹത്തെ ആരാധിക്കുന്നതിനു പകരം വിഗ്രഹം കൊത്തിയ ശില്‍പിയെയല്ലേ ആരാധിക്കേണ്ടത്’ എന്ന് ഒരു മോന്‍ ഈയിടെ ചോദിച്ചു. ദേശീയ പതാക കാണുമ്പോള്‍ അതു തയ്ച്ച ആളെയാണോ നമുക്ക് ഓര്‍മ്മ വരുന്നത്? ആരും അയാളെ ഓര്‍ത്തുകാണുന്നില്ല. ഓര്‍ക്കുന്നത് ആ പതാക പ്രതിനിധാനം ചെയ്യുന്ന രാജ്യത്തെയാണ്. കാമുകി നല്‍കിയ തൂവാല കാമുകന് അമൂല്യമാണ്. കാരണം അതില്‍ അവന്‍ തന്റെ കാമുകിയെയാണ് ദര്‍ശിക്കുന്നത്. അതുപോലെ വിഗ്രഹം കാണുമ്പോള്‍ അതു കൊത്തിയ ശില്‍പിയെയല്ല, ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ ശില്‍പിയായ ഈശ്വരനെയാണു നാം ഓര്‍ക്കുന്നത്.
വിഗ്രഹാരാധനയുടെ തത്ത്വം മനസ്സിലാകണമെങ്കില്‍ അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കണം. ഈശ്വരന് ഒരു പ്രത്യേക പേരോ രൂപമോ സ്ഥാനമോ ഇല്ല. ദേശകാലാതീതമായ അഖണ്ഡ സച്ചിദാനന്ദമാണ് ഈശ്വരന്‍. കേവല സ്വരൂപത്തില്‍ അവിടുന്നു നിര്‍ഗുണമായ ചൈതന്യമാണ്. എന്നാല്‍ ഈശ്വരഭാവത്തില്‍ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ ചെയ്യുമ്പോള്‍ അവിടുന്നു സഗുണനാണ്.
ഈശ്വരന്‍ നാമരൂപങ്ങള്‍ക്കതീതനാണെങ്കിലും അവനവന് ഇഷ്ടമുള്ള ഈശ്വരരൂപത്തില്‍ നമുക്ക് അവിടുത്തെ ആരാധിക്കാം. അതിനുള്ള സ്വാതന്ത്ര്യം സനാതനധര്‍മ്മം എല്ലാവര്‍ക്കും നല്‍കുന്നുണ്ട്. ഒരു വീട്ടില്‍ തന്നെ അച്ഛന് ശിവനെയായിരിക്കാം ഇഷ്ടം, അമ്മയ്ക്ക് കൃഷ്ണനെയായിരിക്കാം, മകന് ദേവിയെയായിരിക്കും ഇഷ്ടം. അങ്ങനെയാണ് ഇഷ്ടദൈവം എന്ന സങ്കല്‍പം വന്നത്. എന്നാല്‍ ഈശ്വരന്‍ ഒന്നു തന്നെ. എല്ലാമായിത്തീര്‍ന്നിരിക്കുന്നതും അവിടുന്നു തന്നെ. സ്വര്‍ണ്ണം കൊണ്ടുതന്നെയാണു വളയും കമ്മലും മാലയും മോതിരവും പണിതിരിക്കുന്നത്. സ്വര്‍ണ്ണമാണ് അടിസ്ഥാനം. അതുപോലെ സര്‍വ്വതിനും അടിസ്ഥാനമായിരിക്കുന്നത് ഈശ്വരനാണ്. ഏതു രൂപത്തില്‍ ആരാധിച്ചാലും ആരാധിക്കുന്നത് ഒരേ ഈശ്വരനെത്തന്നെ. ഒരേ നടന്‍ പല പല വേഷങ്ങള്‍ കെട്ടുന്നതുപോലെയാണിത്.
നാനാത്വത്തില്‍ ഏകത്വമാണു കാണേണ്ടത്. ശിവനായാലും വിഷ്ണുവായാലും മുരുകനായാലും ആ ഏകത്വം ദര്‍ശിക്കണം. എല്ലാ രൂപങ്ങളും ഒരേ ഈശ്വരന്റെ വിവിധ ഭാവങ്ങള്‍ എന്നറിയണം.
സര്‍വ്വവ്യാപിയായ ഈശ്വരചൈതന്യത്തെ യാതൊരു ഉപാധിയുടെയും സഹായം കൂടാതെ ആരാധിക്കുക എന്നതു സാധാരണക്കാര്‍ക്കു പ്രയാസമാണ്. ഇപ്പോള്‍ നമ്മുടെ മനസ് പുറമെയുള്ള പല വസ്തുക്കളിലും അവയോടുള്ള മമതയിലും ബന്ധിച്ചിരിക്കുകയാണ്. അങ്ങനെയുള്ള മനസ്സിനെ ഈശ്വരനില്‍ ഏകാഗ്രമാക്കുവാനും അന്തര്‍മ്മുഖമാക്കുവാനും, നമ്മുടെയുള്ളിലെ ഈശ്വര ചൈതന്യത്തെ അറിയുവാനും വിഗ്രഹാരാധന സഹായിക്കുന്നു.
കണ്ണാടിയില്‍ നമ്മുടെ മുഖം തെളിഞ്ഞു കാണണമെങ്കില്‍, അതിലെ പൊടിയും മറ്റ് അഴുക്കുകളും തുടച്ചുമാറ്റണം. അതേപോലെ മനസ്സില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കിയാല്‍ മാത്രമേ ഈശ്വരനെ ദര്‍ശിക്കാന്‍ കഴിയൂ. വിഗ്രഹാരാധനയിലൂടെ മനസ്സ് ഏകാഗ്രവും നിര്‍മ്മലവുമായിത്തീരുന്നു. അതുകൊണ്ടാണ് ഋഷീശ്വരന്മാര്‍ വിഗ്രഹാരാധനയും ക്ഷേത്രങ്ങളും സനാതനധര്‍മ്മത്തില്‍ വിധിച്ചിട്ടുള്ളത്.
വിഗ്രഹാരാധന താഴ്ന്ന പടിയാണെന്ന് ചിലര്‍ പറയാറുണ്ട്. ഈശ്വരന്‍ ഇന്ന സ്ഥാനത്ത് മാത്രമേയുള്ളൂ, ഈശ്വരന് ഇന്ന രൂപം മാത്രമാണുള്ളത് എന്നു കരുതുമ്പോഴാണ് അത് താഴ്ന്ന പടിയാകുന്നത്. അവിടുന്ന് സര്‍വ്വവ്യാപിയാണ്, സര്‍വ്വവും അവിടുന്നു തന്നെ എന്ന തത്ത്വം മനസ്സിലാക്കി ആരാധിക്കുമ്പോള്‍ വിഗ്രഹാരാധന താഴ്ന്ന പടിയല്ല, ആത്മവികാസത്തിനുള്ള മാര്‍ഗ്ഗമാണത്. വിഗ്രഹങ്ങളെ പൂജിക്കുകയും അതേസമയം സഹജീവികളെ നിന്ദിക്കുകയും ഹിംസിക്കുകയും ചെയ്താല്‍ വിഗ്രഹാരാധന ശരിയായ പ്രയോജനം ചെയ്യില്ല. ഭൗതികമായ ആഗ്രഹങ്ങള്‍ സാധിക്കുവാന്‍വേണ്ടി ഓരോരോ ദേവതകളെ സ്വാര്‍ത്ഥബുദ്ധിയോടെ ഭജിക്കുന്നതും താഴ്ന്നപടി തന്നെ. എന്നാല്‍ നിഷ്‌കാമമായ പ്രേമഭക്തിയോടെ ആരാധിക്കുകയാണെങ്കില്‍ വിഗ്രഹാരാധന പൂര്‍ണ്ണതയിലേക്കു നയിക്കുന്ന ശാസ്ത്രീയമായ മാര്‍ഗ്ഗമാണ്.
‘ദൈവത്തെ മാത്രമേ ആരാധിക്കാവൂ! പിശാചിനെ ആരാധിക്കരുത്’ എന്നു പറയുമ്പോള്‍ ഈശ്വരനെ മാത്രം ലക്ഷ്യമാക്കി ജീവിക്കണം എന്നാണ് അര്‍ത്ഥം. അധാര്‍മ്മികമായ ആഗ്രഹങ്ങള്‍, സ്വാര്‍ത്ഥഭാവങ്ങള്‍ ഇവയൊക്കെയാണ് പിശാചുക്കള്‍. ഈശ്വരസ്മരണയുണര്‍ത്തുന്ന ചിഹ്നങ്ങളെയോ, രൂപങ്ങളെയോ ആരാധിക്കുന്നിടത്തെല്ലാം അറിയാതെയാണെങ്കിലും വിഗ്രഹാരാധനയാണ് സംഭവിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ വിഗ്രഹാരാധനയെ വിമര്‍ശിക്കുന്നവര്‍ തന്നെ വിഗ്രഹാരാധന ചെയ്യുന്നുണ്ടെന്നു വ്യക്തമാകും.
സര്‍വ്വജീവരാശികളെയും സ്‌നേഹിക്കുവാനും ആദരിക്കുവാനുമുള്ള ഹൃദയവിശാലതയാണു വിഗ്രഹാരാധനയിലൂടെ നേടിയെടുക്കേണ്ടത്. വിഗ്രഹത്തില്‍ സര്‍വ്വേശ്വരനെ സങ്കല്‍പിച്ചു പ്രാര്‍ത്ഥിക്കുന്നതിലൂടെ അന്തഃകരണശുദ്ധി കൈവന്ന്, സര്‍വ്വതിലും ഈശ്വരനെ ദര്‍ശിച്ച് ആരാധിക്കാന്‍ കഴിയുന്ന തലത്തിലേക്ക് ഉയരുവാന്‍ സാധിക്കുന്നു. ഇതാണ് വിഗ്രഹാരാധനയുടെ ലക്ഷ്യം.
ശ്രീരാമകൃഷ്ണദേവന്‍, ഭക്തമീര, ആണ്ടാള്‍, കണ്ണപ്പന്‍ തുടങ്ങി വിഗ്രഹാരാധനയിലൂടെ പൂര്‍ണ്ണത നേടിയ എത്രയെത്ര മഹാത്മാക്കളാണുള്ളത്. അതുപോലെ മക്കള്‍ക്കും ആ പരമമായ സത്യത്തിലേയ്ക്ക് ഉയരാന്‍ കഴിയട്ടെ.


ജന്മഭൂമി: http://www.janmabhumidaily.com/news691057#ixzz4qEtP78L1

No comments:

Post a Comment