Sunday, August 20, 2017

ദുഃഖമില്ലെങ്കിൽ സുഖത്തിനെന്തു പ്രസക്തി
ജീവിതമെന്നാൽ സുഖ-ദുഃഖസമ്മിശ്രമാണ്. ദുഃഖം കൂടെനിൽക്കുമ്പോഴേ സുഖത്തിനു വിലയുണ്ടാവൂ. ദുഃഖമില്ലെങ്കിൽ സുഖത്തിന്റെ വിലയെങ്ങനെ അറിയും! ജീവിത സുഖദുഃഖങ്ങൾ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളായി നിലനിൽക്കുമ്പോൾ മാത്രമേ നാം അതിന്റെ യഥാർത്ഥ സുഖമറിയുന്നുള്ളൂ.
പണ്ടുകാലത്ത് നമുക്ക് അനേകം വിഷമതകളുണ്ടായിരുന്നു; ഭക്ഷണത്തിനു ബുദ്ധിമുട്ട്, മറ്റു പല ജീവിതപ്രശ്നങ്ങൾ.... ഇവയിൽനിന്നൊക്കെ മുക്തി ലഭിക്കുമായിരുന്നു, മറക്കാൻ കഴിയുമായിരുന്നു നമ്മുടെ ഓണംപോലുള്ള ആഘോഷങ്ങളിലൂടെ. ഓണത്തിന്റെ കുറച്ചുദിവസങ്ങൾ നല്ല സുഭിക്ഷമായ ഭക്ഷണം, നാടെങ്ങും ആഘോഷം, എല്ലാവരുമൊരുമിച്ചുള്ള കൂട്ടുകൂടൽ... ഇങ്ങനെ രസകരമായിരുന്നു ആ ദിവസങ്ങൾ.
എന്നാൽ ഇന്നോ; ആവശ്യത്തിനുള്ള ചുറ്റുപാടുകളായി, ഇഷ്ടംപോലെ ഭക്ഷണം, ജീവിത ബുദ്ധിമുട്ടുകൾ നല്ലപോലെ കുറഞ്ഞു; പക്ഷെ നമുക്ക് സന്തോഷം ലഭിച്ചുവോ; അതുമാത്രം ഉണ്ടായില്ല. നമ്മുടെ ആഘോഷങ്ങൾ വെറും വേഷംകെട്ടലുകൾ മാത്രമായി; പുറത്ത് നല്ല വസ്ത്രവും ആഭരണങ്ങളുമൊക്കെ അണിഞ്ഞുനടക്കുമ്പോഴും നാം ഉള്ളിൽ കരഞ്ഞുകൊണ്ടേയിരിക്കുന്നു. കുട്ടികൾക്കും അറിയില്ല ആഘോഷങ്ങൾ എന്തിനെന്ന്, അവയുടെ മഹിമയെന്തെന്ന്. നമ്മെപ്പോലെത്തന്നെ അവരും കഥയറിയാതെ ആട്ടംകാണുന്നവരായി മാറി.
അതിനാൽ ആദ്യം നമ്മുടെ കുട്ടികളെ വിഷമതകൾ പഠിപ്പിക്കൂ; അവരെ വിഷമതകളിലൂടെ കടന്നുപോകാനനുവദിക്കൂ; അതിലൂടെ കടന്നുപോയി, പ്രതികൂല ജീവിതസാഹചര്യങ്ങൾ നേരിടാൻ അവർ സ്വയം പക്വപ്പെടട്ടെ. ഭാവിയിൽ വന്നുകൂടിയേക്കാവുന്ന അസുഖങ്ങൾക്ക് (ജീവിതത്തിലെ വിപരീതസാഹചര്യങ്ങൾക്ക്) ഉള്ള നല്ലൊരു വാക്സിനേഷൻ ആയിരിക്കും ഈ പരിശീലനം.
നമ്മുടെ കുട്ടികളെ വിപരീത സാഹചര്യങ്ങളുമായി ഇഴുകിച്ചേരാൻ പരിശീലിപ്പിക്കുക, വിപരീത ജീവിതസാഹചര്യങ്ങളിൽ വളർന്നുവരുന്ന കുട്ടികളോടൊത്ത് അവരെയും വിടുക, അവരുടെ വിഷമതകൾ അറിയുന്നതോടെ നമ്മുടെ കുട്ടികളിലും ജീവിതത്തിൽ വിഷമതകൾ ഉണ്ട്, ഉണ്ടാകും എന്നൊക്കെ അവബോധമുണ്ടാവട്ടെ, അങ്ങനെ അവരും ഇത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ സ്വയം കണ്ടെത്തട്ടെ. യഥാർത്ഥത്തിൽ ഇതല്ലേ ഏറ്റവും മുന്തിയ വിദ്യാഭ്യാസം. അല്ലാതെ ഇല്ലാത്ത പണമുണ്ടാക്കി, ധാരാളം പണക്കാരുടെ മക്കൾ പഠിക്കുന്ന വലിയ പേരെടുത്ത ഇംഗ്ലീഷ് മീഡിയം സ്‌കൂളിലൊക്കെ വിട്ടുപഠിപ്പിച്ച്, നമ്മുടെ കുട്ടികളെ തികച്ചും സ്വാർത്ഥമതികളാക്കി, സമൂഹത്തിനും മാതാപിതാക്കൾക്കും, ഒന്നിനും കൊള്ളരുതാത്തതാക്കി വളർത്തണോ; നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സുഖം മാത്രമേ വരാവൂ, ദുഃഖം വരരുത് എന്ന് ഒരിക്കലും നിർബന്ധം പിടിക്കരുത്. രണ്ടിനെയും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ജീവിതപദ്ധതി; അതിൽ സുഖമുണ്ടാകും, അർത്ഥമുണ്ടാകും, ആനന്ദമുണ്ടാകും.
ദുഃഖം ഭഗവാനിലേക്ക് അടുപ്പിക്കുന്നു; സുഖം ഭഗവാനിൽനിന്നും അകറ്റുകയും ചെയ്യുന്നു. ഭഗവാനിലേക്കെത്താനുള്ള ഒരു സഹായകഘടകമാണ് ദുഃഖം.sudhabharat

No comments:

Post a Comment