ആര്‍ഷാക്ഷരങ്ങള്‍
കുമാരിലഭട്ടരുടെ പ്രിയശിഷ്യനായ മണ്ഡനമിശ്രന്‍ ശോണന നദീതീരത്തുള്ള വിഷ്ണുമിത്രന്റെ മകളായ ഭാരതിയെയാണ് പരിണയിച്ചത്. കന്യാകുബ്ജ ദേശക്കാരനായ മണ്ഡനമിശ്രന്റെ യഥാര്‍ഥ നാമം വിശ്വരൂപന്‍ എന്നായിരുന്നു. മണ്ഡനമിശ്രന്‍ എന്നത് ഒരു ബിരുദമാണ്. ഇദ്ദേഹത്തിന്റെ പിതാവ് ഹിമമിത്രന്‍ കാശ്മീരത്തിലെ രാജഗുരുവായിരുന്നു. ഹിമമിത്രന്‍ കുമാരില ഭട്ടരുടെ സഹോദരീ ഭര്‍ത്താവ് എന്ന് ചില ഗ്രന്ഥങ്ങളില്‍ കാണാം.
കര്‍മകാണ്ഡവേദഭാഗത്തുള്ള മീമാംസാ ശാസ്ത്രത്തിലും ബ്രഹ്മവിദ്യയിലും ഗുരുമുഖത്തു നിന്നുള്ള പാണ്ഡിത്യമാര്‍ജിക്കയാല്‍ ഭാരതി പിന്നീട് ഉഭയഭാരതി എന്ന് അറിയപ്പെടു. അപുര്‍ വമായി കാണപ്പെടുന്ന ‘ഋഷികാ: ‘ എന്ന് വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്ന യോഗിനികളില്‍ ഉഭയഭാരതിയും ഉള്‍പ്പെടും. ഈ സ്ത്രീരത്‌നത്തെ സരസ്വതീ സ്വരൂപമായാണ് ശ്രീശങ്കര ചരിതങ്ങളില്‍ പറയുന്നത്.
ഭാരതീയ ജീവിതസമ്പ്രദായത്തില്‍ ദേവീസങ്കല്പം ശക്തമായ സ്വാധീനം ചെലുത്തുന്നതാകയാല്‍ സ്വാഭാവികമാണത്. തപോനിഷ്ഠമായ ജീവിതം നയിച്ചിരുന്ന, ജനങ്ങളില്‍ ധര്‍മപ്രചരണം നടത്തി അതീതത്തിലെത്തിച്ചേരാനുള്ള ഇച്ഛ അവരില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഈ യോഗിനിമാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഭാരതീയ ആധ്യാത്മിക നഭസ്സിലെ ശുഭ്ര നക്ഷത്രങ്ങളാണ് വേദവിത്തുക്കളായ ഈ ശാരദമാര്‍.
വിശ്വരൂപനും പത്‌നിയും വേദസമ്മതമായ കര്‍മാനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ചുകൊണ്ട് കഴിയുന്ന കാലത്താണ് ശ്രീശങ്കര ഭഗവദ്പാദരുടെ സന്ദര്‍ശനമുണ്ടാകുന്നത്. സ്‌നാനം, സന്ധ്യാ , അഗ്‌നിഹോത്രം, വൈശ്വദേവം മുതലായ ഗ്യഹസ്ഥാശ്രമികള്‍ക്ക് വിധിച്ചിട്ടുള്ള സാധനകള്‍ മുറതെറ്റാതെ അനുഷ്ഠിച്ച് , വലിയൊരു ശിഷ്യസമ്പത്തിനുടമയുമായ മണ്ഡനമിശ്രന്റെ ഭവനത്തില്‍ ആചാര്യസ്വാമികളും ശിഷ്യരുമെത്തിയപ്പോള്‍ ആ മാതൃകാദമ്പതികള്‍ തൃപ്പാദം കഴുകാന്‍ ജലപാത്രത്തോടെ എതിരേറ്റു നിന്നു. പില്‍ക്കാലം ഭാരതദേശം മുഴുവനും നനച്ചു കൊണ്ടൊഴുകിയ ആ ജ്ഞാനഗംഗയെ ഹൃദയത്തില്‍ സ്വീകരിച്ചു.
സംസ്‌ക്കാര സമ്പന്നരായ രണ്ടു വ്യക്തിത്വങ്ങളെ കണ്ട് ആചാര്യ സ്വാമികള്‍ പുഞ്ചിരിച്ചു. വാദത്തിനാണ് താന്‍ വന്നത് എന്ന ആചാര്യവാണി കേട്ട ഭാരതിയുടെ ‘ ഭഗവന്‍, ആദ്യം അന്ന ഭിക്ഷ സ്വീകരിക്കൂ, ‘ എന്ന അപേക്ഷ കൈക്കൊണ്ട ഭഗവദ്പാദര്‍ അന്നം വിളമ്പിത്തന്ന ആ മാതാവിനെ ഒരു ശ്ലോകം ചൊല്ലി സ്തുതിച്ചു.
പിറ്റേന്ന് തന്റെ ഭര്‍ത്താവായ മണ്ഡനമിശ്രനും അതിതേജസ്വിയും വേദവിദ്യാപാരംഗതനും കൗമാരം കടന്നിട്ടില്ലാത്ത ആചാര്യരും തമ്മിലുള്ള വാദസഭയില്‍ തീര്‍പ്പു കല്‍പിക്കാന്‍ ചുമതലപ്പെട്ട നിര്‍ണായക സ്ഥാനത്ത് ഉഭയഭാരതി ഇരുന്നു. മഹാപണ്ഡിതനായ വിശ്വരൂപന്റെ പത്‌നി, സംവാദത്തെക്കുറിച്ച് കേട്ടറിഞ്ഞെത്തിയവര്‍ക്കും ആചാര്യ ശിഷ്യന്മാര്‍ക്കും ജ്ഞാന സരസ്വതിയായിത്തന്നെ തോന്നി.
കാരണം, വേദാര്‍ത്ഥ താല്‍പ്പര്യ നിര്‍ണയത്തിന് ഒരു സ്ത്രീ നിയോഗിക്കപ്പെട്ടതായി മുമ്പെങ്ങും അവര്‍ക്ക് കേട്ടറിവില്ലായിരുന്നു. ഗാര്‍ഗി, മൈത്രേയി, സുലഭ തുടങ്ങിയവര്‍ ബ്രഹ്മവാദിനികളായിരുന്നു. എങ്കിലും അവര്‍ വേദ ചര്‍ച്ചകളില്‍ അധ്യക്ഷ സ്ഥാനത്ത് വര്‍ത്തിച്ചിട്ടില്ല എന്നത് മഹാസഭയില്‍ സന്നിഹിതരായര്‍ക്കറിയാമായിരുന്നു.
പ്രശാന്തവും അഹങ്കാരരഹിതയുമായിരുന്ന ഉഭയഭാരതി സര്‍വജനങ്ങളുടെയും ശ്രദ്ധയെ ആകര്‍ഷിച്ചു കൊണ്ട് വാദമുഖങ്ങളോരോന്നായി സൂക്ഷ്മമായ പരിചിന്തനത്തിന് വിധേയമാക്കി. നീ ശരീരമല്ല, നീ മനസ്സല്ല, തത്വമസി, നീ ശുദ്ധബോധസ്വരൂപമാണ് എന്ന ഭാരതീയ വേദാന്തസ്വരമാധുരി അവിടെയെങ്ങും മുഴങ്ങി.
ജന്മഭൂമി: http://www.janmabhumidaily.com/news695631#ixzz4qzgcE96K
No comments:
Post a Comment