Friday, August 11, 2017

ധര്‍മ്മനിരതനായ ഇക്ഷ്വാകു കുലഗുരുവര്യന്‍ വസിഷ്ഠമാമുനിയെ യഥാവിധി ആദരിക്കുന്നില്ല? എന്നതാണ് ഭരണസംബന്ധിയായ ഒന്നാമത്തെ ചോദ്യം. പൗരാണിക ധര്‍മ്മ പ്രാപ്തി ഇച്ഛിപ്പവര്‍ കുലഗുരുവര്യനെ പൂജിക്കണം എന്നത് പ്രധാന രാജധര്‍മ്മമാകുന്നു.
രണ്ടാമത്തെ ചോദ്യം അമ്മമാരുടെ സൗഖ്യത്തെ സംബന്ധിച്ചായിരുന്നു. മാതൃമനസ്സുകളുടെ സ്വാസ്ഥ്യം ഭരണമികവിന്റെ ലക്ഷണമായി കരുതേണ്ടതുണ്ട്. രാജധര്‍മ്മമനുസരിച്ച്, അതാത് കാലത്ത് ചെയ്യേണ്ടുന്ന യാഗാദ്യനുഷ്ഠാന വിധികള്‍ നിര്‍ദ്ദേശിച്ച് പുരോഹിതന്മാര്‍ രാജാവിനെ അനുഗ്രഹിക്കണം. അത്തരം പുരോഹിതന്മാരും ആയോധന വിദ്യയുടെ ആചാര്യന്മാരും പൂജിക്കപ്പെടുന്നില്ലേ എന്നും രാഘവന്‍ തുടര്‍ന്ന് ചോദിക്കുന്നു.
ഭാരതം ആദ്ധ്യാത്മികതയുടെ നാടാണ്. ലോകോത്തര ദര്‍ശനത്തിന്റെ വിളഭൂമിയാണ്. ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്ന ഉദാരപ്രാര്‍ത്ഥനയുടെ സംസ്‌കാരം പുലര്‍ത്തുന്ന ദേശമാണ്. ഇവിടുത്തെ ധാര്‍മ്മിക-സാംസ്‌കാരിക പാരമ്പര്യം നിലനിര്‍ത്തിപ്പോരുന്നതിന് അനുസൃതമായ അറിവും അനുഷ്ഠാന പദ്ധതിയും അവലംബിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഭരണാധിപന്മാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിക്കൊണ്ട് കുലഗുരുവും പുരോഹിത വൃന്ദവും ഭരണകാര്യങ്ങങ്ങളില്‍ പണ്ട് സജീവ പങ്കാളിത്തം വഹിച്ചിരുന്നു. അവരെ ആദരിക്കുന്ന സമ്പ്രദായം ഭരതന്‍ ലംഘിച്ചിട്ടില്ലല്ലോ എന്ന് ശ്രീരാമചന്ദ്രപ്രഭു അന്വേഷിക്കുന്നു.
ശരിയായ ആദ്ധ്യാത്മികചിന്തയും, ഈശ്വരാരാധനയും, യാഗാദ്യനുഷ്ഠാനങ്ങളും പുലര്‍ത്തുന്നവര്‍ അലസ സമീപനങ്ങള്‍ക്കും ഉദാസീന നിശ്ചയങ്ങള്‍ക്കും വിധേയരായിപ്പോകുമെന്നത് തെറ്റായ മുന്‍ വിധിയാണ്. (ഭാരതത്തെ ഭരണകുശലതയും സമ്പദ്‌സമൃദ്ധി നേടുന്നതിനുള്ള ഉത്പാദന വിതരണ വൈദഗ്ദ്ധ്യവും പഠിപ്പിച്ചത് മുഗളന്മാരും, ബ്രിട്ടീഷുകാരുമാണെന്നൊക്കെയുള്ള ധാരണകളുണ്ട്. ഈ നിരീക്ഷണങ്ങള്‍ മുഴുവന്‍ ശരിയല്ല. അവരില്‍ നിന്നും പലതും ഭാരതം പിന്നീട് സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ പ്രസ്തുത ആക്രമികള്‍ ഭാരതത്തിലേയ്ക്ക് വന്നത് ഇവിടുത്തെ സമ്പദ് സമൃദ്ധി കണ്ടിട്ടാണെന്ന കാര്യം അവഗണിക്കാമോ? അതിശയോക്തിപരമായ അവകാശവാദങ്ങള്‍ അന്യായമാണെന്നതു പോലെ വസ്തുതകളെ പാടെ വിസ്മരിക്കുന്നതും ന്യായമല്ല.)
‘യോഗ്യരായ മന്ത്രിമാരെ നിയമിച്ചിട്ടില്ലേ?’ എന്ന്
സവാത്സല്യം അന്വേഷിച്ചു കൊണ്ട് ശ്രീരാമചന്ദ്രപ്രഭു ‘മന്ത്രോ വിജയ മൂലം ഹി രാജ്ഞാം ഭവതി ‘ (യോഗ്യരായ മന്ത്രിമാരോടൊത്തുള്ള ശരിയായ ആലോചനകളാണ് രാജാക്കന്മാരുടെ വിജയഹേതു.) എന്നിങ്ങനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
മന്ത്രിമാരുടെ ഉറപ്പാക്കപ്പെടേണ്ടുന്ന ഗുണവിശേഷങ്ങളുടെ പട്ടികയും മറ്റും തുടര്‍ന്നുള്ള ചോദ്യങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. ഇപ്പോള്‍ ഭാരതം ജനാധിപത്യ രാഷ്ട്രമാണ്. അതിന്റെ മഹത്വം പ്രകീര്‍ത്തിക്കുന്നതോടൊപ്പം ന്യൂനതകളും അറിഞ്ഞ് തിരുത്തണം. സമ്മതിദാനാവകാശം വിനിയോഗിക്കപ്പെടേണ്ടുന്ന പൗരന് രാഷ്ട്രീയമായ സാമാന്യപ്രബുദ്ധത ഉണ്ടാവേണ്ടതല്ലേ? ആള്‍ക്കൂട്ട മനഃശാസ്ത്രവും സാമ്പത്തിക വാഗ്ദാനങ്ങളും അവരെ സ്വാധീനിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് നീതിയുക്തമാവാതെ പോവുന്നു.
ദേശീയ താല്‍പര്യങ്ങള്‍ സൗകര്യപൂര്‍വ്വം അവഗണിച്ചുകൊണ്ട് സങ്കുചിത ആഗ്രഹങ്ങളെ അവകാശങ്ങളാക്കി ആവേശം കൊള്ളുമ്പോള്‍ രാഷ്ട്രശ്രേയസ്സ് അപകടത്തിലാവുന്നു. ഈ ദുരവസ്ഥ ഭാരതത്തില്‍ വളര്‍ന്നു വരുന്നുണ്ടെന്നതാണ് സജ്ജനവൃന്ദത്തിന്റെ വ്യാകുലത. മന്ത്രിമാര്‍ക്ക് ഭരണകാര്യങ്ങളില്‍ ശരിയായ സാമര്‍ത്ഥ്യം ഉണ്ടായിരിക്കേണ്ടതല്ലേ?


ജന്മഭൂമി: http://www.janmabhumidaily.com/news687053#ixzz4pUbYcHd8

No comments:

Post a Comment