Wednesday, August 30, 2017

സച്ചിദാനന്ദസ്വരൂപനായ പരമാത്മാവാണു ശിവനെന്ന് വ്യക്തമാക്കി. ഇക്കാണായ ലോകങ്ങളെല്ലാം പരമാത്മാവില്‍ ഉണ്ടായിനിലനില്‍ക്കുകയും തിരിച്ച് അതില്‍ത്തന്നെ ലയിക്കുകയും ചെയ്യുന്നതാകയാല്‍ പ്രപഞ്ചവും ശിവന്‍തന്നെയാണെന്നു സ്പഷ്ടീകരിച്ചു. കേശാദിപാദദര്‍ശനത്തില്‍ ആദ്യം കണ്ണില്‍ വീഴുന്നത് ഗംഗയാകുന്നു. ശിവന്റെ തിരുജടയില്‍നിന്നു കുതിച്ചുയര്‍ന്നു എമ്പാടും പ്രവഹിക്കുന്ന ഗംഗാനദിയാണു പ്രണവം അഥവാ ഓങ്കാരം. പ്രപഞ്ചസൃഷ്ടിപ്രക്രിയയില്‍ പരമാത്മാവില്‍ സ്പന്ദിക്കുന്ന ആദ്യനാദമാണ് ഓങ്കാരം. അതു ശക്തിസ്വരൂപംകൂടിയാകുന്നു. കാതിനുവിഷയമായ നാദം ഉണ്മയില്‍ ഊര്‍ജ്ജസ്വരൂപമാണെന്നു മറക്കേണ്ട. മനോബുദ്ധികളില്‍ സ്പന്ദിക്കുന്ന നാദവും അങ്ങനെതന്നെ. ഓങ്കാരമെന്ന ശക്തിസ്പന്ദം ഭിന്ന ആവൃത്തികളിലുള്ള ശക്തിപ്രവാഹമായി അനുക്രമം വികസിക്കുന്നു. തുടക്കത്തില്‍ ശക്തിസ്പന്ദനത്തിനു കാലദേശങ്ങളുടെ പരിധിയില്ല. വികാസത്തിന്റെ ഒരു പ്രത്യേകഘട്ടത്തില്‍ കാലദേശസങ്കല്പങ്ങള്‍ ആവിര്‍ഭവിക്കുന്നു. ഹിരണ്യഗര്‍ഭനിലാണ് അതു സംഭവിക്കുന്നത് എന്നു ഇനി വിശദീകരിക്കും. അതു വീണ്ടും വികസിച്ചു സ്ഥൂലജഗത്തായിത്തീരുന്നു. ഈ പ്രപഞ്ചം ഓങ്കാരത്തില്‍ നിന്നു പരന്നൊഴുകുന്ന ശക്തിസ്പന്ദനങ്ങളാണ്. കണ്ണിനും കാതിനും വിഷയമായ ദൃശ്യങ്ങളായി നാം അറിയുന്നത് ഈ ശക്തി സ്പന്ദനങ്ങളെയാണ്. പ്രണവമന്ത്രത്തെ മന്ദാകിനിയായി കല്പിച്ചതിന്റെ സാംഗത്യം ഇവിടെ തെളിഞ്ഞുകാണാം. മന്ദാകിനി ദേവഗംഗയാണ്. മന്ദമായി വളഞ്ഞൊഴുകുന്നവള്‍ എന്നു വാച്യാര്‍ത്ഥം. സുന്ദരമായ ആകൃതികളുടെ സൃഷ്ടിയെ ആ വളവുകള്‍ സൂചിപ്പിക്കുന്നു.punyabhumi

No comments:

Post a Comment